aവേഷണരംഗത്തെ ‘ശുദ്ധികലശ’ത്തിന്റെ ഭാഗമായി നിലവാരമില്ലാത്ത ഗവേഷണമാസികകളെ ഒഴിവാക്കിക്കൊണ്ട് അംഗീകൃതജേണലുകളുടെ പട്ടിക  യു.ജി.സി. പ്രസിദ്ധീകരിക്കുകയുണ്ടായി. ഭാഷാഗവേഷണ ജേണലുകളുടെ പട്ടിക പരിശോധിക്കുമ്പോൾ എണ്ണത്തിന്റെ കാര്യത്തിൽ മലയാളത്തിന്റെ അവസ്ഥ പരിതാപകരമാണ്. തമിഴിൽ ഇരുപത്തിരണ്ടും സംസ്കൃതത്തിൽ തൊണൂറ്റിയഞ്ചും ഹിന്ദിയിൽ ഇരുനൂറ്റിനാല്പത്തിയഞ്ചും ഇംഗ്ലീഷിൽ മുന്നൂറ്റി എഴുപത്തിയഞ്ചും കന്നഡയിൽ എട്ടും ജേണലുകൾ അംഗീകാരം നേടിയപ്പോൾ മലയാളത്തിൽനിന്ന് വെറും നാല് ഗവേഷണമാസികകളാണ് പട്ടികയിൽ ഇടംനേടിയിട്ടുള്ളത്. മലയാളം ലിറ്റററി സർവേ, സാഹിത്യലോകം, ജേണൽ ഓഫ് മാനുസ്‌ക്രിപ്റ്റ് സ്റ്റഡി, വിജ്ഞാനകൈരളി എന്നിവ.  ഈ പട്ടികയിൽ സർവകലാശാലകളിലെ മലയാളഭാഷാവകുപ്പുകളിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഗവേഷണമാസികകൾ ഇടംനേടിയിട്ടില്ല. ചിന്തിക്കേണ്ട വിഷയമാണിത്. 

നാഷണൽ അസസ്‌മെന്റ് ആൻഡ്‌ അക്രഡിറ്റേഷൻ കൗൺസിലിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിംവർക്കിന്റെയും നേതൃത്വത്തിൽ സർവകലാശാലകൾക്ക് നൽകുന്ന റാങ്കുകളുടെ അടിസ്ഥാനങ്ങളിലൊന്ന് മൗലികഗവേഷണമാണ്‌. ഗവേഷണമാസികകളിലെ പഠനങ്ങൾക്കും അതുവഴി ലഭിക്കുന്ന  ഇംപാക്റ്റ് ഫാക്ടറിനും സവിശേഷപ്രാധാന്യമുണ്ട്. (ഇത്തരമൊരു ഇംപാക്റ്റ് ഫാക്ടർ മലയാളഗവേഷണ രചനകൾക്കില്ലെന്നത് മറ്റൊരു കാര്യം!). അധ്യാപകരുടെ തൊഴിൽക്കയറ്റത്തിനും അധ്യാപകനിയമനത്തിനും ഇനിമുതൽ ‘പബ്ലിഷ്ഡ് വർക്കായി’ പരിഗണിക്കുക യു.ജി.സി. പുതുതായി അംഗീകരിച്ച പട്ടികയിൽപ്പെട്ട മാസികകളിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ മാത്രമായിരിക്കും. 

ഗവേഷണമാസികകൾ യു.ജി.സി.ക്കായി നാമനിർദേശം ചെയ്തവരെയും  യു.ജി.സി. മൂല്യനിർണയ മാനദണ്ഡങ്ങളെയും കുറ്റംപറയുന്നതിനുമുമ്പ് മലയാളഗവേഷണത്തിന്റെ സമകാലികാവസ്ഥയെക്കുറിച്ച് അധ്യാപകരെന്ന നിലയ്ക്ക് നാം പുനരാലോചിക്കേണ്ടതല്ലേ?

അദ്‌ഭുതപ്പെടുത്തുന്ന തെറ്റുകൾ

ഗവേഷണമാസികകളിലെ പ്രബന്ധങ്ങൾ മൂല്യവത്താകണമെങ്കിൽ പിഎച്ച്‌.ഡി. പ്രബന്ധങ്ങൾ, എം.ഫിൽ. പ്രബന്ധങ്ങൾ എന്നിവ നന്നാവണം. ഗവേഷണത്തെ നാം എത്രമാത്രം ലാഘവത്തോടെയാണ് കാണുന്നതെന്നതിന് ഈയിടെ വായിച്ച ഗവേഷണ പ്രബന്ധത്തിൽനിന്നൊരു ഉദാഹരണം:  ‘അച്യുതനുണ്ണി ചാത്തനാണ്’ എന്നും ‘വത്സലൻ വാതുശേരി’യെ ‘വത്സല വാതുശേരി’യെന്നും ഗ്രന്ഥസൂചിയിൽത്തന്നെ അച്ചടിച്ചുവെച്ചിരിക്കുന്നു ആ പ്രബന്ധത്തിൽ.

അങ്ങനെയുള്ളൊരു പിഎച്ച്.ഡി. പ്രബന്ധത്തിന്റെ ഉള്ളടക്കത്തിൽ അനവധാനതകൊണ്ടും അറിവില്ലായ്മകൊണ്ടും വന്നുപെട്ട തെറ്റുകൾ എത്രത്തോളം ഉണ്ടാകുമെന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ. എത്ര തിരുത്തിയാലും പിന്നെയും പ്രബന്ധത്തിൽ കാണുന്ന തെറ്റുകൾ പലപ്പോഴും അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്. ഗവേഷകർ വരുത്തുന്ന തെറ്റുകൾ കൂടാതെ ഡി.ടി.പി. ചെയ്യുന്നവർ വരുത്തുന്ന തെറ്റുകൾ വേറേയുമുണ്ട്. അതിൽ പ്രധാനം വാക്കുകൾക്കിടയിലെ അകലം അർഥവുമായി ബന്ധപ്പെട്ട വസ്തുതയാണെന്ന അറിവില്ലായ്മയാണ്.  അച്ചടിത്തെറ്റ്, വാക്യത്തെറ്റ്, പുനരുക്തിദോഷം, ദ്വയാർഥം, ശൈലീപ്രയോഗവൈകല്യം, ഉദ്ധരണികളുടെ അനൗചിത്യപ്രയോഗം എന്നിവയാണ് പൊതുവേ ഗവേഷണപ്രബന്ധത്തിൽ കാണുന്ന രചനാപരമായ ദോഷങ്ങൾ. മറ്റൊന്ന് ലിപികളുടെ പൊരുത്തമില്ലായ്മയാണ്. ഇവ പരിഹരിക്കാനുള്ള പ്രധാനമാർഗങ്ങൾ കോപ്പി എഡിറ്റിങ്ങിനെക്കുറിച്ച് നല്ലഗ്രന്ഥങ്ങളും കോഴ്‌സുകളും മലയാളത്തിൽ ഉണ്ടാകുക എന്നതാണ്. കോപ്പി എഡിറ്റിങ്ങിലുള്ള പരിശീലനം ഗവേഷകരുടെ കോഴ്‌സ് വർക്കിന്റെ ഭാഗമാക്കണം.

 രൂപരേഖയില്ലാത്ത പ്രബന്ധങ്ങൾ

ഗവേഷണരൂപരേഖപോലുമില്ലാത്ത പിഎച്ച്.ഡി. പ്രബന്ധങ്ങൾക്ക് ബിരുദം നൽകുന്ന സാഹചര്യം മാറേണ്ടതാണ്. ഗവേഷണത്തിന് നിദാനമാകുന്ന ഗവേഷണചോദ്യവും അതിന്റെ താത്കാലിക ഉത്തരമായ പരികല്പനയും പരികല്പനയിൽനിന്ന് രൂപപ്പെടുന്ന പഠനലക്ഷ്യവും ഇല്ലാതെ സമർപ്പിക്കപ്പെടുന്ന പിഎച്ച്.ഡി. പ്രബന്ധത്തിന്റെ ‘ഒന്നാംപ്രതി’ ഗൈഡും ‘രണ്ടാംപ്രതി’ ഡോക്ടറൽ കമ്മിറ്റിയുമാണ്; വിദ്യാർഥി ‘മാപ്പുസാക്ഷി’യും.

ആശയചോരണവും ശൈലീപുസ്തകവും

ആശയചോരണം പരിശോധിക്കാനുള്ള സൗകര്യവും സർവകലാശാലകളിൽ ഉണ്ടായിരിക്കണം. മറ്റൊന്ന് മലയാളഗവേഷണത്തിനുമാത്രമായി ശൈലീപുസ്തകം തയ്യാറാക്കുക എന്നതാണ്‌. പത്രസ്ഥാപനങ്ങൾക്കും മറ്റു പ്രസാധകർക്കും ശൈലീപുസ്തകങ്ങൾ പ്രത്യേകമായി ഉണ്ടെങ്കിലും അവ ലിപിവിന്യാസത്തിലും പ്രയോഗത്തിലും വ്യത്യസ്തസ്വഭാവം പുലർത്തുന്നവയാണ്. അത്‌ ഏകീകരിക്കേണ്ടതാണ്. പത്രസ്ഥാപനങ്ങളുടെ നയവും ശൈലീപുസ്തകവും തമ്മിൽ സ്വത്വപരമായൊരു ബന്ധമുണ്ടെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. 

ഗവേഷണ മാസികകൾ വേണം

മലയാളത്തിലൊരു മൊബൈൽ (സഞ്ചരിക്കുന്ന) ഗവേഷണമാസികയുടെ കാര്യം ആലോചിക്കാവുന്നതാണ്. ഓരോ സർവകലാശാലാവകുപ്പും മാറിമാറി വർഷത്തിൽ ഒന്നോരണ്ടോ ലക്കങ്ങൾ പ്രസിദ്ധീകരിക്കുന്ന തരത്തിൽ മലയാളത്തിലൊരു ഗവേഷണമാസിക ആരംഭിക്കുകയെന്നതാണ് ഇതുകൊണ്ടർഥമാക്കുന്നത്. ഇക്കാര്യം ഇ-ജേണലായും ചെയ്യാവുന്നതാണ്. സാമ്പത്തികബാധ്യത കുറയ്ക്കാനും വ്യത്യസ്ത സർവകലാശാലകളിലെ വിജ്ഞാനസ്രോതസ്സുകൾ വിനിമയംചെയ്യാനും ഇക്കാര്യം പ്രയോജനപ്പെടും. പിഎച്ച്.ഡി., എം.ഫിൽ., ഡി.ലിറ്റ് എന്നീ ബിരുദങ്ങൾക്കായുള്ള ഗവേഷണത്തിന്റെ രൂപരേഖ ഈ ഗവേഷണമാസികയിൽ ഉൾപ്പെടുത്തുന്നത് പലതരത്തിലും ഉപകരിക്കും. കൂടാതെ യു.ജി.സി.പോലുള്ള ഏജൻസികളുടെ സഹായധനത്തോടെ നടക്കുന്ന പ്രോജക്ടുകളുടെ വിവരങ്ങൾ നൽകുന്നതും ഉപകാരപ്പെടും. 

സെമിനാറുകൾ കൊണ്ടെന്തു കാര്യം

ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ജി.സി., സർക്കാർസ്ഥാപനങ്ങൾ മുതലായ ഏജൻസികളിൽനിന്ന് സെമിനാർ നടത്താനുള്ള സഹായധനം ലഭിക്കുന്നത്. ചിട്ടയോടെ സെമിനാറിനെ സമീപിക്കുന്നവർ എത്രപേരുണ്ടാകുമെന്നത് ആലോചിക്കേണ്ട വിഷയമാണ്. പല സംഘാടകരും സെമിനാറിനെക്കുറിച്ചുള്ള അറിയിപ്പുകൾ മുൻകൂട്ടി നൽകുകയോ  പ്രബന്ധസംഗ്രഹം കാലേക്കൂട്ടി ക്ഷണിച്ച്‌ മൂല്യനിർണയം നടത്തുകയോ ചെയ്യാറില്ല; സമയക്രമീകരണത്തിലും ശ്രദ്ധിക്കുന്നില്ല.  വ്യക്തമായ പദ്ധതികളുടെ അഭാവമാണ് പ്രധാനമായ അപര്യാപ്തത.

പല പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കാനാകുന്നില്ല. സെമിനാർ സംഘാടകർക്ക് പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാതിരിക്കുന്നതാണ് പ്രധാനകാരണം. യു.ജി.സി. നിർദേശിക്കുന്ന ഭാഷാകമ്മിറ്റിയാണ് മലയാളത്തിലെ ഗവേഷണജേർണലുകൾ നിർദേശിക്കുന്നത്. സർവകലാശാലകൾക്കും ഗവേഷണമാസികകൾ നിർദേശിക്കാവുന്നതാണ്. ഈ സൗകര്യം സർവകലാശാലകൾ പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഗവേഷണജേണലുകളുടെ മൂല്യം വർധിപ്പിച്ചുകൊണ്ട് കൃത്യമായി അവ പ്രസിദ്ധീകരിക്കാനുള്ള  നടപടിയും സ്വീകരിക്കണം. ഇപ്പോൾ യു.ജി.സി. അംഗീകരിച്ച നാല് ഗവേഷണമാസികകളുടെ നിലവാരവും തീർച്ചയായും ഉയർത്തേണ്ടതാണ്. യു.ജി.സി. ഗവേഷണജേണലുകൾ എന്ന നിലയ്ക്ക് വിദഗ്‌ധസമിതി പരിശോധിച്ച പ്രബന്ധങ്ങൾമാത്രമേ പ്രസിദ്ധീകരിക്കൂ എന്ന നിലപാടാണ് ഈ മാസികകളും ഇനിയങ്ങോട്ട് എടുക്കേണ്ടത്.

മലയാള ഗവേഷണം:പ്രതിസന്ധികൾ

ഗവേഷണത്തിന് പ്രാമുഖ്യംനൽകി അധ്യാപനത്തെ കൂടെക്കൊണ്ടുപോകുകയാണ് സർവകലാശാലകളുടെ ദൗത്യം. അതിനാൽ, ഗവേഷണത്തിന് യു.ജി.സി. വലിയ പ്രാധാന്യം നൽകുന്നുണ്ട്. 
സർവകലാശാലാതലത്തിൽ നടക്കുന്ന ഗവേഷണങ്ങൾ ജനമധ്യത്തിലെത്തിക്കുന്ന ദൗത്യമാണ് ഓരോ വകുപ്പും തനിച്ചോ മറ്റു വകുപ്പുകളുമായിച്ചേർന്നോ  പ്രസിദ്ധീകരിക്കുന്ന ഗവേഷണമാസികകൾക്കുള്ളത്. കേരളത്തിലെ സർവകലാശാലകളിലെ മിക്ക മലയാളവകുപ്പുകൾക്കും ഗവേഷണമാസികകളുണ്ട്. പക്ഷേ, അവ പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ സർവകലാശാല എത്രത്തോളം ശുഷ്കാന്തി കാണിക്കുന്നുണ്ടെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ‘ഇറങ്ങിയാൽ ഇറങ്ങി’ എന്നുപറയാവുന്ന ഉറപ്പേ അവയ്ക്കുള്ളൂ.  

ഗവേഷണാഭിരുചിയും അർപ്പിതമനോഭാവവും കുറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് മലയാളഗവേഷണമാസികകൾ പരിശോധിച്ചാൽ മനസ്സിലാക്കാനാകും. മലയാളഗവേഷണമാസികകളെ സർവകലാശാലകൾ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കുന്നില്ല. പല ഗവേഷണമാസികകളും കൃത്യസമയത്ത് പ്രസിദ്ധീകരിക്കുന്നില്ല. ഇതിന് പ്രധാനകാരണമായി പല അധ്യാപകരും ചൂണ്ടിക്കാണിക്കുന്നത് സർവകലാശാലകളിൽ ഫണ്ടില്ലെന്നതാണ്. ഫണ്ട് ഉണ്ടെങ്കിൽത്തന്നെ അത് വാങ്ങിയെടുക്കാനുള്ള പ്രയാസങ്ങളുമാണ്. ഗൗരവമുള്ള പഠനങ്ങൾ ലഭിക്കുന്നില്ലായെന്ന പരാതിയും കേൾക്കുന്നുണ്ട്. അക്കാദമികകാര്യങ്ങളിൽ അധ്യാപകർ പുലർത്തുന്ന അനാസ്ഥയാണ് മറ്റൊരു കാരണം.

എം.ഫിൽ., പിഎച്ച്‌.ഡി. പ്രബന്ധങ്ങൾ, പ്രോജക്ട് റിപ്പോർട്ടുകൾ, സെമിനാർ പ്രബന്ധങ്ങൾ, എന്നിവയാണ് ഗവേഷണത്തിന്റെ പ്രധാന ആവിഷ്കാരരൂപങ്ങൾ. ഇവയ്ക്ക് എത്രമാത്രം ഗൗരവം കൊടുക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലകളുടെ നിലവാരം നിശ്ചയിക്കപ്പെടുന്നത്. ഇവയുടെ ഗുണഫലങ്ങൾ പൊതുസമൂഹത്തിനുകൂടിയുള്ളതാണെന്ന കാര്യവും ഓർക്കേണ്ടതുണ്ട്. ഗവേഷണത്തട്ടിപ്പുകളെക്കുറിച്ചാണ് ജനങ്ങൾ പെട്ടെന്നറിയുന്നത്.

മികച്ച ഗവേഷണഫലങ്ങളും ഇതേ വേഗത്തിൽ ജനമധ്യത്തിലെത്തണം. അതിനുള്ള പ്രധാന മാധ്യമങ്ങളാണ് ഗവേഷണമാസികകൾ. മൗലികഗവേഷണത്തെ ജനകീയമാക്കുന്നത്  എക്‌സ്റ്റൻഷൻ ആക്റ്റിവിറ്റികളാണ്. പക്ഷേ, മലയാളഗവേഷകർ വേണ്ടത്ര ഗൗരവം ഇക്കാര്യത്തിന് നൽകുന്നില്ല. ഇതിനായി അധ്വാനിക്കുന്ന അധ്യാപകർ നന്നേ കുറവാണ്. മഹാഭാരതപഠനത്തെ ആസ്പദമാക്കി കാലടി സംസ്കൃതസർവകലാശാലയിലെ അധ്യാപകനായ ഡോ. സുനിൽ പി. ഇളയിടം നടത്തുന്ന പഠനപര്യടനം അക്കാദമികഗവേഷണത്തെ ജനകീയമാക്കുന്നതിനുള്ള എക്സ്റ്റൻഷൻ ആക്റ്റിവിറ്റിയുടെ  ഉത്തമമാതൃകയായിട്ടുവേണം കാണാൻ. ഇത്തരം പ്രവർത്തനങ്ങൾ യു.ജി.സി.യുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട കർത്തവ്യം ആ സർവകലാശാലയ്ക്കാണുള്ളത്.  

(മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ മലയാള വകുപ്പധ്യക്ഷനാണ് ലേഖകൻ)