കോവിഡിന്റെ പശ്ചാത്തലത്തില്‍ ആശങ്കകള്‍ പരിഹരിക്കുന്നതും വരാന്‍പോകുന്ന പരീക്ഷകളെ ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കാന്‍ കഴിയുന്നതുമായ പരീക്ഷയാണ് മലയാളം ഒന്നാംപേപ്പര്‍. മുമ്പ് നിശ്ചയിച്ചപ്രകാരം ആകെ 80 സ്‌കോറിന്റെ ചോദ്യങ്ങളാണ് നല്‍കിയത്. 60 സ്‌കോറിന്റെ ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍നിന്നും 20 സ്‌കോറിന്റെ ചോദ്യങ്ങള്‍ മറ്റു പാഠഭാഗങ്ങളില്‍നിന്നുമായിരുന്നു. പരമാവധി സ്‌കോര്‍ നാല്‍പ്പതും. അധിക ചോദ്യങ്ങളില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒന്നുമുതല്‍ ആറുവരെയുള്ള ചോദ്യങ്ങള്‍ മോഡല്‍ പരീക്ഷയുടേതുപോലെ ബഹുവികല്പ മാതൃക പിന്തുടരുന്നതായിരുന്നു.

രണ്ടുമാര്‍ക്കിന്റെ അഞ്ചുചോദ്യങ്ങളില്‍ നാലും ഫോക്കസ് ഏരിയയെ മുന്‍നിര്‍ത്തിയാണ്. ഉള്ളടക്കത്തിന് പ്രാധാന്യംനല്‍കുന്ന ചോദ്യങ്ങളായിരുന്നു ഇവയെല്ലാം. അര്‍ഥവ്യത്യാസം വരാതെ രണ്ടുവാക്യങ്ങളാക്കാനുള്ള ഒന്‍പതാം ചോദ്യം 'മെത്രാന്‍ ആ സമയത്ത് കുനിഞ്ഞുനിന്നു. അദ്ദേഹം കൊട്ട തടത്തില്‍ വീണതുകൊണ്ട് കേടുവന്ന ഒരു പൂച്ചെടിയെ സൂക്ഷിച്ചുനോക്കി വ്യസനിക്കുകയായിരുന്നു' എന്നെഴുതി കുറഞ്ഞ സമയംകൊണ്ട് രണ്ടുമാര്‍ക്ക് ഉറപ്പാക്കാം.

രണ്ട് സ്‌കോറിന്റെ ചോദ്യങ്ങളില്‍ ലഘുവാക്യങ്ങളാക്കാനുള്ള ചോദ്യമൊഴികെ ബാക്കിയുള്ളവ കഥാസന്ദര്‍ഭവുമായി ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ സമയബന്ധിതമായി ഉത്തരങ്ങള്‍ ക്രമീകരിക്കേണ്ടതുണ്ട്.

12 മുതല്‍ 21 വരെയുള്ള നാല് സ്‌കോറിന്റെ ചോദ്യങ്ങളില്‍ ആറെണ്ണം ഫോക്കസ് ഏരിയയെ കേന്ദ്രീകരിച്ചാണ്. ഋതുയോഗത്തില്‍നിന്നുവന്ന രണ്ടുചോദ്യങ്ങളില്‍ 'ഹൃദയമേ ഇനി ആശ്വസിക്കാം' എന്നു തുടങ്ങുന്ന ചോദ്യം മോഡല്‍പരീക്ഷയുടെ ആവര്‍ത്തനമായതിനാല്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ എഴുതാനാകും. ഫോക്കസ് ഏരിയ ഒഴിച്ചുള്ള ചോദ്യങ്ങളും താരതമ്യേന ലളിതമായിരുന്നു. നാലുമാര്‍ക്കിന്റെ ചോദ്യങ്ങളില്‍ വിശകലനക്കുറിപ്പുകള്‍ക്കായിരുന്നു അധിക പ്രാധാന്യം. താരതമ്യചോദ്യങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.

ആറുമാര്‍ക്കിന്റെ നാലു ചോദ്യങ്ങളും ഫോക്കസ് ഏരിയയെ മുന്‍നിര്‍ത്തിയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. പ്രഭാഷണം, എഡിറ്റോറിയല്‍, ഉപന്യാസം, കഥാപാത്രനിരൂപണം തുടങ്ങിയ വിവിധഭാഷാരൂപങ്ങള്‍ക്ക് പ്രാധാന്യം ലഭിച്ചു. എഴുത്തച്ഛന്റെ തത്ത്വോപദേശങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രഭാഷണം തയ്യാറാക്കാനുള്ള ചോദ്യം ഉപന്യാസമായി മോഡല്‍പരീക്ഷയ്ക്ക് എഴുതി ശീലിച്ചതിനാല്‍ സമയബന്ധിതമായി ഉത്തരം എഴുതാം. പാവങ്ങള്‍ എന്ന പാഠഭാഗത്തെ മുന്‍നിര്‍ത്തി 'സ്‌നേഹത്തിന്റെ വഴിയിലൂടെ നന്മയിലേക്ക്' എന്ന വിഷയത്തെക്കുറിച്ച് എഡിറ്റോറിയല്‍ തയ്യാറാക്കാനുള്ള ചോദ്യം കാലികപ്രസക്തിയുള്ളതായിരുന്നു.

എഡിറ്റോറിയലിന്റെ ഭാഷയും ഘടനയുംകൂടി ശ്രദ്ധിച്ചാല്‍ മുഴുവന്‍ സ്‌കോറും ഉറപ്പാക്കാം. 'മഹാമാരിക്കാലത്തെ കുടുംബബന്ധങ്ങള്‍' എന്ന വിഷയത്തെക്കുറിച്ചുള്ള ഉപന്യാസരചനയും സമകാലികമാണ്. കോവിഡ് കാലത്തെ അതിജീവനത്തിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്ക് സാഹചര്യങ്ങളെയും സ്വാനുഭവങ്ങളെയും മുന്‍നിര്‍ത്തി ചിന്തോദ്ദീപകമായും വിമര്‍ശനാത്മകമായും ഉത്തരമെഴുതാം.

ഉത്തരങ്ങളുടെ രൂപഘടന പാലിച്ചുകൊണ്ട് ഉചിതമായ ഭാഷയില്‍ സമയം ക്രമീകരിച്ച് എഴുതിയാല്‍ മുഴുവന്‍ സ്‌കോറും നേടാന്‍ കഴിയുന്ന ചോദ്യങ്ങളായിരുന്നു ഇവയെല്ലാം. ഫോക്കസ് മേഖലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഇരട്ടി സ്‌കോറിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ എല്ലാവിഭാഗം കുട്ടികള്‍ക്കും സൗഹൃദത്തോടെ പരീക്ഷയെ നേരിടാനായി. 20 മിനിറ്റ് സമാശ്വാസസമയം അനുവദിച്ചതിനാല്‍ എഴുതേണ്ട ഉത്തരങ്ങള്‍ കൃത്യമായി ക്രമപ്പെടുത്താനും കുട്ടികള്‍ക്ക് സാധിച്ചു.

വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകളും ഒപ്പം റിവിഷന്‍ക്ലാസുകളും ചോദ്യോത്തരസെഷനുകളുമെല്ലാം വേണ്ടവണ്ണം പ്രയോജനപ്പെടുത്തിയ കുട്ടികള്‍ക്ക് മുഴുവന്‍ സ്‌കോറും ലഭിക്കാനുള്ള സാധ്യത ഏറെയാണ്. കുട്ടികളെ അനുഭാവപൂര്‍വം പരിഗണിച്ചുകൊണ്ടുള്ള ഒരു നല്ല പ്രാരംഭമായി മലയാളം ഒന്നാംപേപ്പര്‍.

(എ.ജെ.ജോണ്‍ മെമ്മോറിയല്‍ ഗവ. ജി.എച്ച്.എസ്.എസ്, തലയോലപ്പറമ്പിലെ അധ്യാപികയാണ് ലേഖിക)

Content Highlights: Kerala SSLC question paper analysis, Malayalam exam