ചേര്‍ത്തല: വിളിപ്പാടകലെയാണ് സ്‌കൂള്‍മുറ്റമെങ്കിലും ഇക്കുറിയും നാല്‍വര്‍ സംഘത്തിനു പ്രവേശനോത്സവം വീട്ടില്‍ തന്നെ. പുതിയ കൂട്ടുകാരെ നേരിട്ടുകാണാന്‍ കൊതിയുണ്ടെങ്കിലും അച്ഛന്റെ മൊബൈലിലൂടെ അവരെയും കാണാനുള്ള ഒരുക്കത്തിലാണിവര്‍.

ഉഴുവ ഗവ. യു.പി. സ്‌കൂളിലേക്കാണ് നാലുപേരും ഒരുമനസ്സുമായി ചൊവ്വാഴ്ച ഒന്നാം തരത്തിലേക്കെത്തുന്നത്. പട്ടണക്കാട് പുതിയകാവ് വടാത്തോടത്ത് ശാന്തിനികേതനില്‍ കെ.ജി. ശശികുമാറിന്റെയും അജിതയുടെയും മക്കളായ ആര്യയും ഐശ്വര്യയും ആദര്‍ശും അദൃശ്യയുമാണ് ഒന്നിച്ച് ഒന്നാംതരത്തില്‍ പ്രവേശിക്കുന്നത്. 2015 ഡിസംബറിലായിരുന്നു ഒറ്റപ്രസവത്തില്‍ നാലുകണ്‍മണികളുടെ ജനനം. രണ്ടുവര്‍ഷം മുന്‍പ് ഇതേ സ്‌കൂളില്‍ നാലുപേരും എല്‍.കെ.ജി.യില്‍ ചേര്‍ന്നു സ്‌കൂളിനെ കണ്ടറിഞ്ഞിരുന്നു. തുടര്‍ന്നു കോവിഡ് വ്യാപനത്തില്‍ യു.കെ.ജി. പഠനം അച്ഛന്റെ മൊബൈല്‍ വഴിയായി.

ഇക്കുറിയും സ്‌കൂളധികൃതര്‍ പാഠപുസ്തകങ്ങളുംമറ്റും നേരത്തെതന്നെ വീട്ടിലെത്തിച്ചു നല്‍കിയിരുന്നു. ഒരു ഫോണില്‍ തന്നെയാണ് നാലുപേരുടെയും പഠനം. ഒന്നാംതരത്തിലെത്തിയതിന്റെയും പുതിയ പാഠങ്ങളുടെയും സന്തോഷമുണ്ടെങ്കിലും സ്‌കൂളിലേക്കെത്താനുള്ള ആഗ്രഹത്തിലാണ് നാലുപേരും. ഓണ്‍ലൈനിലാണ് പഠനമെന്നതിനാല്‍ നാലുപേരെയും ഒരേപോലെ പഠിപ്പിക്കുമ്പോള്‍ സ്‌കൂളുപോലെതന്നെയാണ് ശാന്തിനികേതന്‍വീടെന്ന് ശശികുമാര്‍ പറഞ്ഞു. സ്‌കൂളധികൃതരും വലിയ പരിഗണന നല്‍കുന്നുണ്ട്.

Content Highlights: Kerala School Admissions 2021