2018-ലെ പ്രൊഫഷണൽ കോഴ്‌സ്‌ പ്രവേശനത്തിന്റെ ഭാഗമായി മെഡിക്കൽ പ്രവേശനത്തിന്‌ ഒരു സമയപ്പട്ടിക പ്രസിദ്ധീകരിച്ചത്‌ സാധാരണമായി നടക്കേണ്ട ഒരു നടപടിയാണെങ്കിലും അത്‌ മുൻകൂട്ടി പ്രസിദ്ധീകരിച്ചതിനെ സ്വാഗതംചെയ്യുന്നു. നല്ല തുടക്കമാണിത്‌. കാരണം, അങ്ങനെയൊന്ന്‌ ഇവിടെ വർഷങ്ങളായി ഇല്ലല്ലോ.

കഴിഞ്ഞവർഷത്തെ അനുഭവങ്ങളിൽനിന്ന്‌ പാഠങ്ങൾ പഠിച്ചും കോടതിനിർദേശത്തിന്റെ വെളിച്ചത്തിലുമാണ്‌ ഈ മാറ്റം വന്നത്‌. താളംതെറ്റിയ സമയക്രമവും അനിശ്ചിതമായി തുടർന്ന ഫീസിലെ അവ്യക്തതയും അടുത്ത വർഷം ഉണ്ടാകില്ലെന്നത്‌ വിദ്യാർഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ച്‌ ആശ്വാസം നൽകും. ഫീസിന്റെ കാര്യത്തിൽ മുൻകൂട്ടിയുള്ള ഒരു തീരുമാനം വരുന്നു എന്നതാണ്‌ ഇതിൽ, കൂടുതൽ ആശ്വാസം നൽകുന്നത്‌.

കോഴ്‌സിൽ ചേർന്നാൽ ഇത്ര തുക ഫീസായി നൽകേണ്ടിവരും എന്ന അറിവോടെ ഒാപ്‌ഷൻ കൊടുക്കാനാവുന്നത്‌ ഒരു വിദ്യാർഥിക്കുള്ള അവകാശമാണ്‌, ഔദാര്യമല്ല. തുകയെക്കുറിച്ച്‌ അഭിപ്രായവ്യത്യാസമുണ്ടാകാം. പക്ഷേ, അതിലൊരു തീരുമാനമുള്ളത്‌ പ്രതീക്ഷനൽകുന്നു. 

ട്യൂഷൻ ഫീസിനൊപ്പം സ്പെഷ്യൽ ഫീസ് സംബന്ധിച്ചും തീരുമാനമെടുക്കാൻ ഈ സമിതിയോട് മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നുള്ള വാർത്തയും സ്വാഗതാർഹമാണ്. ഒരു നിയന്ത്രണവുമില്ലാതെ പല ഇനങ്ങളിലായി വലിയ തുകയാണ് കോളേജുകൾ വാങ്ങുന്നതെന്ന് പൊതുവെ പരാതിയുണ്ട്. അതിലൊരു നിയന്ത്രണം വരുന്നത് നല്ലതാണ്. പ്രവേശന ഫീസിലും ഒരു ഏകീകൃത സ്വഭാവം വേണം. 

സമയക്രമമനുസരിച്ച്‌ ഫീസ്‌, സീറ്റ്‌ സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന വിജ്ഞാപനം ജൂൺ പത്തിന്‌ സർക്കാർ പുറപ്പെടുവിക്കും. ഇതും നല്ലതാണ്‌. സീറ്റ്‌ വിഭജനം ഫീസ്‌ നിർണയംപോലെ സങ്കീർണമായ ഒരു വിഷയമല്ല. പ്രത്യേകിച്ച്‌ എല്ലാ സീറ്റിലേക്കും സർക്കാർതലത്തിൽ അലോട്ട്‌മെന്റ്‌ നടത്തുന്ന സാഹചര്യത്തിൽ. അതിനുള്ള ചർച്ചകൾ ഇപ്പോൾത്തന്നെ തുടങ്ങണം. സർക്കാർ അതിന്‌ മുൻകൈയെടുക്കണം. 

പ്രവേശനം സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു പ്രോസ്പെക്ടസ്‌ ഏവരുടെയും സ്വപ്നമാണ്‌. അതിലേക്കുള്ള ആദ്യശ്രമമായി ഈ നീക്കത്തെ കാണാം. ഇതൊക്കെയാണെങ്കിലും സ്വാശ്രയ കോളേജിൽ  കുറച്ചുപേർക്കെങ്കിലും കുറഞ്ഞ ഫീസിൽ എം.ബി.ബി.എസ്‌./ബി.ഡി.എസ്‌. പഠിക്കാനുള്ള അവസരം തിരികെവരുമെന്ന്‌ പ്രതീക്ഷിക്കാം.

അതിനുള്ള ശ്രമവും സർക്കാർഭാഗത്തുനിന്ന്‌ ഉണ്ടാകണം. ചില സംസ്ഥാനങ്ങളിൽ സ്വാശ്രയ കോളേജിലെ സർക്കാർ സീറ്റിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ അവിടത്തെ കുട്ടികൾക്ക്‌ കഴിയുന്നുണ്ട്‌. കേരളത്തിലും അത്തരത്തിലൊരു നീക്കം അടുത്തവർഷം വീണ്ടും ഉണ്ടാകണം. അതിന്റെ വിവിധവശങ്ങൾ സർക്കാർ പഠിച്ച്‌ 2016 വരെ ഉണ്ടായിരുന്ന ആ സൗകര്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കണം. 

കോളേജുകൾക്ക്‌ ന്യായമായ വാർഷികഫീസ്‌ വർധന കമ്മിറ്റി നൽകിയിട്ടുണ്ട്‌ എന്നാണ്‌ വിലയിരുത്തൽ. അത്‌ കോളേജുകൾ സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കാം. എം.ബി.ബി.എസ്‌./ബി.ഡി.എസ്‌. കോഴ്‌സുകളുടെ കാര്യത്തിലെന്നപോലെ മെഡിക്കൽ അനുബന്ധ കോഴ്‌സുകളുടെ കാര്യത്തിലും ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഒരു സമയപ്പട്ടികയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടുപോകണം. ഈ കോഴ്‌സുകളുടെ പ്രാധാന്യം ഒട്ടും കുറച്ചുകാണരുത്‌. എൻജിനീയറിങ്‌ /ആർക്കിടെക്‌ചർ ഫീസ്‌ നിർണയവും സമയബന്ധിതമായി പൂർത്തീകരിക്കണം. 

ഫീസിനും സീറ്റിനും ജൂൺ 10 എന്ന സമയപരിധി മെഡിക്കൽ /മെഡിക്കൽ അനുബന്ധ/ എൻജിനീയറിങ്‌/ആർക്കിടെക്‌ചർ റാങ്ക്‌ പട്ടികകളുടെ അടിസ്ഥാനത്തിൽ പ്രവേശനപരീക്ഷ കമ്മിഷണർ പ്രവേശനം നൽകുന്ന എല്ലാ കോഴ്‌സുകൾക്കും ബാധകമാക്കിയാൽ ഒരേ പ്രക്രിയവഴി എല്ലാ കോഴ്‌സിലേക്കും പ്രവേശനം നടത്താൻ കഴിയും. ഒന്നിൽക്കൂടുതൽ റാങ്ക്‌ പട്ടികകളിലുള്ളവർക്ക്‌ അത്‌ വലിയൊരു ആശ്വാസമായിരിക്കും.  ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിലെ പ്രവേശനപ്രക്രിയയും സമയബന്ധിതമായി പൂർത്തീകരിക്കാൻ അതുവഴി കഴിയും. ഇത്‌ അസാധ്യമാണെന്ന്‌ തോന്നുന്നില്ല. ആ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട്‌ സർക്കാർ പ്രവർത്തിക്കുമെന്ന്‌ കരുതാം.