കേരളത്തിലെ എന്‍ജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ പ്ലസ് ടു രണ്ടാംവര്‍ഷ പരീക്ഷയുടെ മാര്‍ക്ക് അപ്‌ലോഡ്‌ ചെയ്യാന്‍ സെപ്റ്റംബര്‍ 10 വരെ പ്രവേശനപരീക്ഷാകമ്മിഷണര്‍ സമയം നല്‍കിയിട്ടുണ്ട് (കെമിസ്ട്രി പഠിക്കാത്തവര്‍ പ്രോസ്പക്ടസ് അനുസരിച്ച് ബാധകമായ വിഷയത്തിലെ മാര്‍ക്കാണ് നല്‍കേണ്ടത്).

റാങ്കിങ് രീതി

പ്രവേശനപരീക്ഷയില്‍ 960-ല്‍ ലഭിക്കുന്ന മാര്‍ക്ക് 300-ല്‍ കണക്കാക്കിയും മൂന്നു സയന്‍സ് വിഷയങ്ങളിലെ അപ്‌ലോഡ്‌ ചെയ്യുന്ന മാര്‍ക്ക് പ്രോസ്‌പെക്ടസ് വ്യവസ്ഥപ്രകാരം നോര്‍മലൈസ് ചെയ്ത് 300-ല്‍ കണക്കാക്കിയതും ചേര്‍ത്ത് 600- ല്‍ ലഭിക്കുന്ന മാര്‍ക്കാണ് കേരള എന്‍ജിനിയറിങ് റാങ്ക് നിര്‍ണയത്തിനാധാരം. പ്രവേശനപരീക്ഷാ മാര്‍ക്കിനും മൂന്ന് സയന്‍സ് വിഷയങ്ങളിലെ പ്ലസ്ടു രണ്ടാം വര്‍ഷ മാര്‍ക്കിനും തുല്യപരിഗണന നല്‍കുന്ന റാങ്കിങ് രീതിയാണ് കേരളത്തിലേത്.

മാര്‍ക്ക് ക്രമീകരണം എന്തിന്

പല ബോര്‍ഡുകളില്‍ക്കൂടി യോഗ്യതാപരീക്ഷ അഭിമുഖീകരിച്ചവരാണ് കീം പരീക്ഷാര്‍ഥികള്‍. വിവിധ ബോര്‍ഡുകളില്‍ നിലനില്‍ക്കുന്ന വ്യവസ്ഥകള്‍, ചട്ടങ്ങള്‍, മൂല്യനിര്‍ണയരീതി തുടങ്ങിയവയൊക്കെ ഒരു പരീക്ഷാര്‍ഥിയുടെ അന്തിമമാര്‍ക്കിനെ ബാധിക്കാം. ഇപ്രകാരം ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ഒഴിവാക്കി, വിവിധ ബോര്‍ഡുകളിലെ മാര്‍ക്കുകള്‍ താരതമ്യം ചെയ്യാവുന്ന ഒരു തലത്തിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് മാര്‍ക്ക് നോര്‍മലൈസേഷന്‍ അഥവാ മാര്‍ക്ക് ക്രമീകരണം.

പരിഗണിക്കുന്ന മൂല്യങ്ങള്‍

മൂന്നുവിഷയങ്ങളില്‍ പ്ലസ്ടു രണ്ടാംവര്‍ഷ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് കൂടാതെ രണ്ടുതലങ്ങളിലെ രണ്ടു മൂല്യങ്ങള്‍വീതമാണ് മാര്‍ക്ക് ക്രമീകരണത്തിന് പരിഗണിക്കുന്നത്. ഒരുതലത്തിലേത് ഗ്ലോബല്‍ മീന്‍, ഗ്ലോബല്‍ സ്റ്റാന്‍ഡേഡ് ഡീവിയേഷന്‍ എന്നിവയാണ്. ഇവ കണക്കാക്കാന്‍ നാല് ബോര്‍ഡുകളിലെ (കേരള ഹയര്‍സെക്കന്‍ഡറി, കേരള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, സി.ബി.എസ്.ഇ., സി.ഐ.എസ്.സി.ഇ.) ബാധകമായ വിഷയങ്ങളുടെ നിശ്ചിത കാലയളവിലെ മാര്‍ക്കുവിവരങ്ങളാണ് ഉപയോഗിക്കുന്നത്. 2009-2020 കാലയളവില്‍ (12 വര്‍ഷം), രണ്ടാംവര്‍ഷ പ്ലസ് ടു പരീക്ഷയില്‍, ഈ നാലു ബോര്‍ഡുകളിലായി ഒരു വിഷയത്തില്‍ ജയിച്ച കുട്ടികളുടെ 100-ലെ മാര്‍ക്കിന്റെ ശരാശരി മാര്‍ക്കായിരിക്കും ആ വിഷയത്തിലെ ഗ്ലോബല്‍ മീന്‍ അഥവാ ആഗോള ശരാശരി.

ഇതേ മാര്‍ക്കുകളില്‍ ഉള്ള വേരിയേഷന്‍/വ്യതിയാനമാണ്, ഗ്ലോബല്‍ സ്റ്റാന്‍ഡേഡ് ഡീവിയേഷന്‍ അഥവാ ആഗോളവ്യതിയാനം. 
രണ്ടാമത്തേത്, വിദ്യാര്‍ഥി പരീക്ഷയെഴുതിയ ബോര്‍ഡുമായി ബന്ധപ്പെട്ട, പരീക്ഷ എഴുതിയ വര്‍ഷത്തെ ബോര്‍ഡ്-അധിഷ്ഠിത മൂല്യങ്ങളാണ്.

ബാധകമായ വിഷയങ്ങളുടെ മാര്‍ക്കിന്റെ, മീന്‍, സ്റ്റാന്‍ഡാര്‍ഡ് ഡീവിയേഷന്‍ എന്നിവയാണ് ഈതലത്തില്‍ പരിഗണിക്കുന്നത്. വിദ്യാര്‍ഥി രണ്ടാംവര്‍ഷ പരീക്ഷ എഴുതിയ വര്‍ഷത്തെ പരീക്ഷയില്‍, ഒരുവിഷയത്തില്‍ ആ ബോര്‍ഡില്‍നിന്നും ജയിച്ച കുട്ടികളുടെ 100-ലെ മാര്‍ക്കിന്റെ ശരാശരി മാര്‍ക്കായിരിക്കും ആ വിഷയത്തിലെ ആ വര്‍ഷത്തെ ബോര്‍ഡ് മീന്‍ അഥവാ ബോര്‍ഡ് അധിഷ്ഠിത ശരാശരി. ഇതേ മാര്‍ക്കുകളില്‍ ഉള്ള വേരിയേഷന്‍/വ്യതിയാനമാണ് ബോര്‍ഡ് സ്റ്റാന്‍ഡേഡ് ഡീവിയേഷന്‍ അഥവാ ബോര്‍ഡ് അധിഷ്ഠിത വ്യതിയാനം.

ഓരോ വിഷയത്തിന്റെയും ഈ നാലു മൂല്യങ്ങളും മൂന്നു സയന്‍സ് വിഷയങ്ങളില്‍ വിദ്യാര്‍ഥിക്ക് രണ്ടാംവര്‍ഷ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കും പരിഗണിച്ചാണ് മാര്‍ക്ക് ക്രമീകരണം നടത്തുന്നത്. പ്രവേശനപരീക്ഷാ ഫലപ്രഖ്യാപനവേളയില്‍ മാര്‍ക്ക് ക്രമീകരണത്തിന് ഉപയോഗിച്ച നാലു മൂല്യങ്ങള്‍ പ്രവേശനകമ്മിഷണര്‍ പ്രഖ്യാപിക്കും. സാംഖ്യികതത്ത്വങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള നോര്‍മലൈസേഷന്‍ സൂത്രവാക്യം, കീം 2020 പ്രോസ്പക്ടസ്, ക്ലോസ് 9.7.4-ല്‍ (പേജ് 34) നല്‍കിയിട്ടുണ്ട്.

പ്രവേശനപരീക്ഷയില്‍ യോഗ്യത നേടണം

ഇത്തവണത്തെ ഒരു പ്രത്യേകത എന്‍ട്രന്‍സ് സ്‌കോര്‍ പ്രസിദ്ധപ്പെടുത്തുന്നതിന് മുമ്പുതന്നെ മാര്‍ക്ക് അപ്‌ലോഡിങ്‌ നടത്തുന്നു എന്നതാണ്. മുന്‍വര്‍ഷങ്ങളില്‍ സ്‌കോര്‍ പ്രസിദ്ധപ്പെടുത്തിയശേഷം, യോഗ്യതനേടുന്നവര്‍മാത്രം മാര്‍ക്ക് അപ്‌ലോഡിങ്‌ നടത്തിയാല്‍ മതിയായിരുന്നു. എന്‍ട്രന്‍സിന്റെ ഓരോ പേപ്പറിലും പത്തുമാര്‍ക്ക് എങ്കിലും നേടിയാലേ (പട്ടികവിഭാഗക്കാര്‍ക്ക് ഈ മാര്‍ക്ക് വ്യവസ്ഥയില്ല. അവര്‍ ഓരോ പേപ്പറിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നല്‍കിയാല്‍മതി) ഒരു പരീക്ഷാര്‍ഥി എന്‍ജിനിയറിങ് പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയതായി കണക്കാക്കുകയുള്ളൂ. ഇവരെമാത്രമേ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കുകയുള്ളൂ.

ഈവര്‍ഷം മാര്‍ക്ക് അപ്‌ലോഡിങ്‌, എന്‍ജിനിയറിങ് പ്രവേശനപരീക്ഷയുടെ രണ്ടു പേപ്പറും അഭിമുഖീകരിച്ച എല്ലാവരും നടത്തണമെങ്കിലും റാങ്ക് പട്ടിക തയ്യാറാക്കാന്‍ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടുന്നവരെമാത്രമേ പരിഗണിക്കൂ. റാങ്ക്പട്ടിക വരുമ്പോള്‍മാത്രമേ താന്‍ യോഗ്യത നേടിയിട്ടുണ്ടോ എന്ന് വിദ്യാര്‍ഥിക്ക് അറിയാന്‍ കഴിയൂ.

Content Highlights: Kerala Engineering Ranking: Everything You Need to Know