നീറ്റ് യു.ജി. 2020 റാങ്ക് പരിഗണിച്ചു തയ്യാറാക്കിയ കേരള മെഡിക്കൽ, മെഡിക്കൽ അനുബന്ധ റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്മെന്റിന്റെ ഓപ്ഷൻ രജിസ്ട്രേഷൻ നടപടികൾ www.cee.kerala.gov.in -ൽ ആരംഭിച്ചു. നവംബർ 15 വൈകീട്ട് 5 മണിവരെ ഓപ്ഷൻ നൽകാം.

കീം 2020 പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തിയിട്ടുള്ള കോഴ്സുകളിൽ എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിലേക്കും (മെഡിക്കൽ റാങ്ക്പട്ടിക അടിസ്ഥാനമാക്കിയാകും അലോട്ട്മെന്റ്), വെറ്ററിനറി, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി എന്നീ കോഴ്സുകളിലേക്കും (അലോട്ട്മെന്റ് മെഡിക്കൽ അലൈഡ് റാങ്ക് പട്ടിക പ്രകാരം) ഇപ്പോൾ ഓപ്ഷൻ നൽകാം.

ബി.എച്ച്.എം.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്. എന്നിവയിലേക്കും ആയുർവേദ റാങ്ക് പട്ടിക അടിസ്ഥാനമാക്കിയുള്ള ബി.എ.എം.എസ്. കോഴ്സിലേക്കും ഇപ്പോൾ ഓപ്ഷൻ വിളിച്ചിട്ടില്ല. അത് പിന്നീട് വിളിക്കും. പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോഴ്സിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകാം.

അലോട്ട്മെന്റിൽ ഉൾപ്പെടുന്ന കോളേജുകൾ

എം.ബി.ബി.എസ്.-ഗവൺമെന്റ്-10, സ്വകാര്യ സ്വാശ്രയം-18; ബി.ഡി.എസ്.-6, 17; അഗ്രിക്കൾച്ചർ: ഗവ.-4, ഫോറസ്ട്രി-1, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്-1, വെറ്ററിനറി-2, ഫിഷറീസ്-1.

ഓപ്ഷൻ നൽകാൻ: വൈബ്സൈറ്റിൽ കീം 2020 കാൻഡിഡേറ്റ് പോർട്ടലിൽ ഹോം പേജിൽ പ്രവേശിക്കണം. അവിടെ ഇടതുഭാഗത്ത് കാണുന്ന 'ഓപ്ഷൻ രജിസ്ട്രേഷൻ' ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ആ പേജിൽ എത്തും. പേജ് സ്ക്രീൻ രണ്ടായി തിരിച്ച് കാണാം. ഇടതുഭാഗത്ത് 'ലഭ്യമായ ഓപ്ഷനുകൾ', കോഴ്സ് അനുസരിച്ച് ഒന്നിനു താഴെ മറ്റൊന്നായി കാണാൻ കഴിയും. കോളേജിന്റെ പേര്, കോഴ്സിന്റെ പേര്, കോഴ്സ് കോഡ്, കോളേജ് ടൈപ്പ് (ഗവ/എയ്‌ഡഡ് അല്ലെങ്കിൽ സ്വകാര്യ സ്വാശ്രയം), ട്യൂഷൻ ഫീസ് തുടങ്ങിയ കാര്യങ്ങൾ അവിടെ കാണാം. ഈ ഘടകങ്ങൾ ചേരുന്നതാണ് ഒരു ഓപ്ഷൻ.

അവയിൽ നിന്ന് മുൻഗണനക്രമത്തിൽ 'സെലക്ട്' ബട്ടൺ ക്ലിക്കു ചെയ്ത് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ആദ്യ പരിഗണന വേണ്ടത് ആദ്യം. തിരഞ്ഞെടുക്കപ്പെടുന്നവ ക്രമത്തിൽ 1, 2, 3 എന്ന ക്രമനമ്പർ കാണിച്ച് വലതുഭാഗത്ത് 'നിലവിൽ തിരഞ്ഞെടുത്തവ' എന്ന തലക്കെട്ടിനുതാഴെ വരും. ആദ്യം പരിഗണിക്കേണ്ട ഓപ്ഷനാണ് ഒന്നാം ഓപ്ഷനായി തിരഞ്ഞെടുക്കേണ്ടത്. താത്‌പര്യമുള്ളത്ര ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.

മൈനോറിറ്റി ക്വാട്ട

എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകൾക്ക് സ്വകാര്യ സ്വാശ്രയ കോളേജുകളിൽ മൈനോറിറ്റി/ കമ്യൂണിറ്റി/ട്രസ്റ്റ് ക്വാട്ട (ബാധകമായ കോളേജുകളിൽ) അർഹതയുള്ളവർക്ക് ഗവ. ക്വാട്ടയ്ക്കുള്ള ഒരു ഓപ്ഷനുപുറമേ അതിനു താഴെത്തന്നെ മൈനോറിറ്റി ക്വാട്ട ഓപ്ഷനും കാണാൻ കഴിയും. രണ്ടിന്റെയും ഫീസ് ഒന്നുതന്നെയായിരിക്കും. പക്ഷേ, രണ്ടും രണ്ട് ഓപ്ഷനായാണ് പരിഗണിക്കുക. മൈനോറിറ്റി ക്വാട്ടയിൽ പരിഗണിക്കപ്പെടാൻ മൈനോറിറ്റി ക്വാട്ട ഓപ്ഷൻ ഗവ. ക്വാട്ട ഓപ്ഷനു താഴെ നൽകണം. മൈനോറിറ്റി ക്വാട്ട ഓപ്ഷൻ നൽകിയില്ലെങ്കിൽ ഗവ. ക്വാട്ട ഓപ്ഷനിലേക്കേ പരിഗണിക്കൂ.

എൻ.ആർ.ഐ.

സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജുകളിൽ എൻ.ആർ.ഐ. (എല്ലാ കോളേജുകളിലും) ക്വാട്ട അർഹതയുള്ളവർക്ക് ഗവ. ഓപ്ഷനുപുറമേ ഉയർന്ന ഫീസുള്ള എൻ.ആർ.ഐ. ഓപ്ഷനും തൊട്ടുതാഴെ കാണാൻ കഴിയും. ഫീസ് കുറവായ ഗവ. ക്വാട്ട ഓപ്ഷനുകൾ നൽകിയശേഷം കൂടിയ ഫീസുള്ള എൻ.ആർ.ഐ. ഓപ്ഷൻ നൽകാം. മറ്റൊരു രീതിയിൽ/ മുൻഗണനാക്രമത്തിൽ ഈ ഓപ്ഷനുകൾ നൽകുന്നതിനും തടസ്സമില്ല.

ഓപ്ഷൻ സ്ഥാനം മാറ്റാൻ

തിരഞ്ഞെടുക്കപ്പെടുന്ന ഓപ്ഷനുകളുടെ മുൻഗണനക്രമം മാറ്റാനും വലതുഭാഗത്ത് സൗകര്യമുണ്ട്. ഒരു സ്ഥാനം മുകളിലേക്കു മാറ്റാൻ 'അപ് ആരോ'യും താഴേക്കു മാറ്റാൻ 'ഡൗൺ ആരോ'യും ക്ലിക്കു ചെയ്യണം. നിശ്ചിത സ്ഥാനത്തേക്കു മാറ്റാൻ 'മൂവ് ടു' ക്ലിക്ക് ചെയ്ത് സ്ഥാനനമ്പർ തിരഞ്ഞെടുക്കണം. തിരഞ്ഞെടുക്കപ്പെട്ട ഒരു ഓപ്ഷൻ ഒഴിവാക്കാൻ അതിന്റെ വല്ലതുഭാഗത്തെ 'ഡിലിറ്റ്' ബട്ടൺ ക്ലിക്ക് ചെയ്താൽ മതി. അങ്ങനെ ചെയ്യുമ്പോൾ ഒഴിവാക്കപ്പെട്ട ഓപ്ഷൻ ഇടതുഭാഗത്തേക്കു മാറും. പിന്നീട് വേണമെങ്കിൽ അതുതന്നെ വീണ്ടും തിരഞ്ഞെടുക്കാം. അപ്പോൾ അത് വലതുഭാഗത്തേക്ക് മാറും.

തിരഞ്ഞെടുത്ത ഓപ്ഷനുകൾ 'സേവ്' ചെയ്യാനുള്ള ലിങ്ക് മുകളിൽ ഇടതുഭാഗത്തുണ്ട്. നിർദേശങ്ങളും അവിടെ ലഭിക്കും. ഓപ്ഷൻ നൽകിക്കഴിഞ്ഞ് 'പ്രിന്റ് ഓപ്ഷൻ ലിസ്റ്റ്' ക്ലിക്ക് ചെയ്ത് പ്രിന്റ്ഔട്ട് എടുത്തുവെക്കാം. അതായിരിക്കും ഓപ്ഷൻ പട്ടിക. അതിൽ കോളേജ് ടൈപ്പ്, കോഴ്സ്, കോളേജിന്റെ പേര് മുതലായവ ഓപ്ഷന്റെ മുൻഗണനയനുസരിച്ച് കാണാൻ കഴിയും. ഓരോതവണ പേജിൽ കയറുമ്പോഴും നടപടികൾ പൂർത്തിയാകുമ്പോൾ 'ലോഗ് ഔട്ട്' ചെയ്യണം.

നവംബർ 15 വൈകുന്നേരം അഞ്ചിനകം ഓപ്ഷനുകൾ എത്രതവണ വേണമെങ്കിലും പുനഃക്രമീകരിക്കാം. സമയപരിധി കഴിയുമ്പോൾ പേജിലുള്ള ഓപ്ഷനുകളാകും പരിഗണിക്കുക. ഇതിൽ ഏതെങ്കിലും ഒരു ഓപ്ഷൻ അനുവദിച്ചാൽ താഴെയുള്ളവ പരിഗണിക്കുകയില്ല.

ലഭ്യമായ ഓപ്ഷനുകളിൽ എല്ലാത്തിലേക്കും പരിഗണിക്കപ്പെടണമെങ്കിൽ മാത്രം എല്ലാ ഓപ്ഷനുകളും നൽകാം. റാങ്ക് എത്രയായാലും രജിസ്റ്റർ ചെയ്തിട്ടുള്ള ഓപ്ഷനുകളിലേക്കു മാത്രമേ പരിഗണിക്കുകയുള്ളൂ. അനുവദിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ളവമാത്രമേ ഓപ്ഷൻ നൽകാവൂ. കാരണം, ഓപ്ഷൻ സ്വീകരിച്ചില്ലെങ്കിൽ അലോട്ട്മെന്റ് നഷ്ടപ്പെടും. ആ സ്ട്രീമിൽനിന്നും പുറത്താവും.

ഈ ഓപ്ഷനുകളായിരിക്കും തുടർറൗണ്ടുകളിലും പരിഗണിക്കുക. രജിസ്റ്റർ ചെയ്യാത്തവ തുടർറൗണ്ടിൽ കൂട്ടിച്ചേർക്കാൻ പറ്റില്ല. എന്നാൽ, ആദ്യ റൗണ്ടിൽ ഇല്ലാതിരുന്ന ഓപ്ഷനുകൾ പിന്നീട് വരുന്നപക്ഷം ഓപ്ഷൻ പട്ടികയിൽ ഇഷ്ടമുള്ള സ്ഥാനത്ത് ഉൾപ്പെടുത്താം.

മെഡിക്കൽ, മെഡിക്കൽ അനുബന്ധ റാങ്ക് പട്ടികകളിലുള്ളവർ എൻജിനിയറിങ്/ഫാർമസി/ ആർക്കിടെക്ചർ അലോട്ട്മെന്റിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ഈ വിഭാഗങ്ങളിലെ അവരുടെ അവശേഷിക്കുന്ന ഓപ്ഷനുകൾ ഹോം പേജിൽ കാണാം. ഈ പട്ടികയിൽ ഇഷ്ടമുള്ള മുൻഗണനാസ്ഥാനത്ത് അവർക്ക് മെഡിക്കൽ, മെഡിക്കൽ അനുബന്ധ ഓപ്ഷനുകൾ ചേർക്കാം.

17 മുതൽ ഫീസടയ്ക്കാം

അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് 17 മുതൽ 21 വരെ ഫീസ് അടയ്ക്കാം. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 6.32 മുതൽ 7.65 വരെ ലക്ഷമാണ് വാർഷിക ഫീസ്. എൻ.ആർ.ഐ. സീറ്റുകളിൽ 20 ലക്ഷം. ഡെന്റൽ കോളേജുകളിൽ 3.21 ലക്ഷം രൂപ. എൻ.ആർ.ഐ.യ്ക്ക് ആറുലക്ഷം. വിശദവിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ.

Content Highlights: Keam Medical allotment option registration started, MBBS,BDS