പ്രവേശനപരീക്ഷാ കമ്മിഷണര്‍ വഴിയുള്ള 2021-ലെ പ്രൊഫഷണല്‍ കോഴ്സ് പ്രവേശന നടപടികളെല്ലാം https://cee.kerala.gov.in വഴിയാണ് നടക്കുന്നത്.

കോഴ്‌സുകളെ നാലു സ്ട്രീമുകളിലായി തിരിച്ചിട്ടുണ്ട് -എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്‍ഡ് അലൈഡ്, ഫാര്‍മസി. അപേക്ഷാര്‍ഥി താത്പര്യമുള്ള, പരിഗണിക്കപ്പെടേണ്ട, സ്ട്രീമുകള്‍മാത്രം ഇപ്പോള്‍ തിരഞ്ഞെടുത്താല്‍ മതി. എന്‍ജിനിയറിങ്ങിലെ ബ്രാഞ്ചുകള്‍, മെഡിക്കല്‍ ആന്‍ഡ് അലൈഡ് വിഭാഗത്തിലെ പ്രോഗ്രാമുകള്‍ എന്നിവ ഇപ്പോള്‍ തിരഞ്ഞെടുക്കേണ്ടതില്ല.

അര്‍ഹതയ്ക്കുവിധേയമായി ഒരാള്‍ക്ക് ഒന്നോ, കൂടുതലോ സ്ട്രീമുകളിലേക്ക് (പരമാവധി നാല്) അപേക്ഷിക്കാം. ഒരു സ്ട്രീമില്‍മാത്രം അപേക്ഷിച്ചാലും ഒന്നില്‍ക്കൂടുതല്‍ സ്ട്രീമുകളില്‍ അപേക്ഷിച്ചാലും ഒരൊറ്റ അപേക്ഷയേ നല്‍കേണ്ടതുള്ളൂ. ഏതൊക്കെ സ്ട്രീമില്‍ പരിഗണിക്കണമെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തണം. എന്‍ജിനിയറിങ് പ്രവേശനപരീക്ഷയുടെ ആദ്യ പേപ്പര്‍, ഫാര്‍മസി പ്രവേശനപരീക്ഷകൂടിയാണ്. എന്നാല്‍, എന്‍ജിനിയറിങ്ങിന് അപേക്ഷിക്കുന്ന ഒരാളെ സ്വമേധയാ ഫാര്‍മസി റാങ്ക് പട്ടികയിലേക്ക് പരിഗണിക്കില്ല. അപേക്ഷ നല്‍കുമ്പോള്‍ ഫാര്‍മസി സ്ട്രീം തിരഞ്ഞെടുക്കുന്നവരെമാത്രമേ ഫാര്‍മസി റാങ്കിങ്ങിനായി പരിഗണിക്കുകയുള്ളൂ.

വെബ്‌സൈറ്റിലുള്ള പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ വായിക്കുക. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ വേണം. അപേക്ഷാര്‍ഥിയുടെ ഫോട്ടോ, ഒപ്പ് എന്നിവ jpeg/jpg ഫോര്‍മാറ്റില്‍, നിശ്ചിത അളവില്‍ തയ്യാറാക്കിവെക്കണം. അപ്ലോഡ് ചെയ്യേണ്ട സര്‍ട്ടിഫിക്കറ്റുകള്‍, പി.ഡി.എഫ്. ഫോര്‍മാറ്റില്‍ ആയിരിക്കണം. അപേക്ഷ www.cee.kerala.gov.in വഴി നല്‍കാം.

• അപ്ലോഡ് ചെയ്യേണ്ട രേഖകള്‍

അവകാശവാദങ്ങള്‍ തെളിയിക്കാന്‍ ബാധകമായ രേഖകള്‍ അപ്ലോഡ് ചെയ്യണം:

നേറ്റിവിറ്റി (നിര്‍ബന്ധമാണ്)

ജനനത്തീയതി തെളിയിക്കുന്ന രേഖ (നിര്‍ബന്ധമാണ്)

എസ്.ഇ.ബി.സി. സംവരണം/ഒ.ഇ.സി. ആനുകൂല്യം

എസ്.സി./എസ്.ടി. സംവരണം

മിശ്രവിവാഹിതരുടെ മക്കള്‍ക്ക് എസ്.ഇ. ബി.സി., എസ്.സി./എസ്.ടി. സംവരണത്തിന്

ഇ.ഡബ്ല്യു.എസ്. സംവരണം

വിദ്യാഭ്യാസാനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ള വിഭാഗക്കാരുടെ (അനുബന്ധം X(a) നോക്കുക) ജാതി/ വരുമാന സര്‍ട്ടിഫിക്കറ്റ്

വിശേഷാല്‍സംവരണം രേഖ

വാര്‍ഷിക കുടുംബവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് ആനുകൂല്യം/സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് പരിഗണിക്കപ്പെടാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ്

എന്‍.ആര്‍.ഐ. രേഖകള്‍

ന്യൂനപക്ഷസമുദായ ക്വാട്ട പരിഗണനയ്ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ്

കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് (സംസ്‌കൃതപഠനം, വി.എച്ച്.എസ്.ഇ./എച്ച്.എസ്.ഇ. നിശ്ചിത വിഷയം പഠിച്ചവര്‍ക്കുള്ള സംവരണത്തിന്)/ മാര്‍ക്ക് ഷീറ്റ് (കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍). വിവരങ്ങള്‍ക്ക്: www.cee.kerala.gov.in

രജിസ്ട്രേഷന്‍ -പേര്, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, പാസ്‌വേര്‍ഡ്‌ (മൊബൈല്‍ നമ്പര്‍,

ഇ-മെയില്‍ വിലാസം, പാസ്‌വേര്‍ഡ്‌ എന്നിവ കണ്‍ഫേം ചെയ്യണം), അക്‌സസ് കോഡ് എന്നിവ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.

പേര് ഇനീഷ്യല്‍വെച്ച് തുടങ്ങരുത്. പേര്, ഇനീഷ്യല്‍ എന്നിവയ്ക്ക് ഇടയില്‍ കുത്ത് (.) ഇടരുത്. പകരം സ്‌പേസ് ഇടുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സിസ്റ്റംവഴി കിട്ടുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ കുറിച്ചുവെക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ അപേക്ഷാര്‍ഥി കടന്നുചെല്ലുന്നത് തന്റെ 'ഹോം പേജി'ലേക്കാണ്. തുടര്‍നടപടികള്‍ ഹോം പേജിലാണ് പൂര്‍ത്തിയാക്കേണ്ടത്.

അപേക്ഷ പൂരിപ്പിക്കല്‍ -അപേക്ഷയില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കണം. ഈ ഘട്ടത്തിലാണ് പരിഗണിക്കപ്പെടേണ്ട കോഴ്സുകള്‍/ സ്ട്രീമുകള്‍ (എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്‍ഡ് അലൈഡ്/ഫാര്‍മസി), പരീക്ഷാകേന്ദ്രം (കേരളത്തില്‍ 14 കേന്ദ്രങ്ങള്‍, മുംബൈ, ന്യൂഡല്‍ഹി, ദുബായ്) തുടങ്ങിയവ തിരഞ്ഞെടുക്കേണ്ടത്. തിരഞ്ഞെടുക്കുന്ന ജില്ലയിലെ ഒരു താലൂക്കുകൂടി തിരഞ്ഞെടുത്തുനല്‍കണം.

വ്യക്തിഗത, വിദ്യാഭ്യാസ വിവരങ്ങള്‍ നല്‍കണം. അര്‍ഹതയ്ക്കുവിധേയമായി വിവിധ സംവരണ ആനുകൂല്യങ്ങള്‍ക്കുള്ള അവകാശവാദമുന്നയിക്കണം. വിവരങ്ങള്‍ നല്‍കിയശേഷം, അവ സേവ് ചെയ്ത്, പ്രീ വ്യൂ നടത്തി ശരിയെന്ന് ഉറപ്പാക്കി, ഡിക്ലറേഷന്‍ അംഗീകരിച്ച്, സേവ് ആന്‍ഡ് ഫൈനലൈസ് ക്ലിക്ക് ചെയ്ത്, രണ്ടാംഘട്ടം പൂര്‍ത്തിയാക്കണം. ഇതുകഴിഞ്ഞാല്‍ വിവരങ്ങള്‍ മാറ്റാന്‍ കഴിയില്ല.

അപേക്ഷാഫീസ് അടയ്ക്കല്‍ -ഓണ്‍ലൈന്‍ (നെറ്റ് ബാങ്കിങ് / ക്രഡിറ്റ് /ഡെബിറ്റ് കാര്‍ഡ് വഴി) ആയോ ഇ-ചലാന്‍ വഴി (അപേക്ഷ നല്‍കുമ്പോള്‍ ചലാന്‍ പ്രിന്റ് ചെയ്യാം) തിരഞ്ഞെടുത്ത ഹെഡ് / സബ് പോസ്റ്റ് ഓഫീസില്‍ പണമായോ അടയ്ക്കാം. അപേക്ഷാഫീസ് ഇപ്രകാരം: എന്‍ജിനിയറിങ്/ഫാര്‍മസി - ഇവയിലൊന്നിനോ രണ്ടിനുമോ അപേക്ഷിക്കാന്‍ 700 രൂപ. ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ -ഇവയില്‍ ഒന്നിനോ രണ്ടിനുമോ അപേക്ഷിക്കാന്‍ -500 രൂപ. സൂചിപ്പിച്ചവയില്‍ മൂന്നോ/നാലോ സ്ട്രീമുകള്‍ക്ക് അപേക്ഷിക്കാന്‍ -900 രൂപ. പട്ടികജാതി വിഭാഗക്കാര്‍ക്ക് ഇത് യഥാക്രമം 300 രൂപ, 200 രൂപ, 400 രൂപ. പട്ടികവര്‍ഗ വിഭാഗം അപേക്ഷകര്‍ക്ക് അപേക്ഷാഫീസില്ല. ദുബായ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്താല്‍ അപേക്ഷാഫീസിനുപുറമേ 12,000 രൂപ കൂടി അടയ്ക്കണം.

ഫോട്ടോ, ഒപ്പ് ഇമേജുകള്‍, അവകാശവാദങ്ങള്‍ സ്ഥാപിക്കുന്നതിനാവ ശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ്. പകര്‍പ്പ് എന്നിവ അപ്ലോഡ് ചെയ്യണം. ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, ജനനത്തീയതി രേഖ എന്നിവ ജൂണ്‍ 21-നകം അപ്ലോഡ് ചെയ്യണം. മറ്റുരേഖകള്‍ ജൂണ്‍ 30-ന് വൈകീട്ട് അഞ്ചിനകം അപ്ലോഡ് ചെയ്യണം.

അക്‌നോളജ്‌മെന്റ് പ്രിന്റിങ് -നല്‍കിയ വിവരങ്ങളടങ്ങിയ അക്‌നോളജ്‌മെന്റ് പേജിന്റെ പ്രിന്റ്ഔട്ട്, ഭാവിയിലെ റഫറന്‍സിനായി എടുത്തുസൂക്ഷിക്കണം. ഇത് എന്‍ട്രന്‍സ് ഓഫീസിലേക്ക് അയക്കേണ്ടതില്ല. നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഹോം പേജില്‍നിന്നും ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്.

Content Highlights: KEAM Entrance Exam