ജൂലായ് 24ന് കേരളത്തിലെ എന്‍ജിനിയറിങ്, ഫാര്‍മസി, പ്രവേശന പരീക്ഷകള്‍ നടക്കും. ഇതിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ മുന്നിലെത്താന്‍ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ സ്‌കോറിനെപ്പോലെ പ്രാധാന്യമുണ്ട്, പ്ലസ് ടുവിന്റെ രണ്ടാംവര്‍ഷ പരീക്ഷയിലെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയുടെ സമീകരിക്കപ്പെട്ട മാര്‍ക്കുകള്‍ക്ക്. ഇവ രണ്ടിനും തുല്യപരിഗണന നല്‍കിയാണ് എന്‍ജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുക.

ഫാര്‍മസി പ്രവേശനപരീക്ഷ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയുടെ ആദ്യ പേപ്പര്‍ തന്നെയാണ്. അതില്‍ ഫിസിക്‌സില്‍നിന്ന് 72 ചോദ്യങ്ങളും കെമിസ്ട്രിയില്‍നിന്ന് 48 ചോദ്യങ്ങളുമാണ് ചോദിക്കുക. കെമിസ്ട്രി ചോദ്യങ്ങളുടെ എണ്ണം ഫിസിക്‌സ് ചോദ്യങ്ങളുടെ എണ്ണത്തെക്കാള്‍ കുറവാണെങ്കിലും കെമിസ്ട്രിയില്‍ ലഭിക്കുന്ന മാര്‍ക്കിന് കൂടുതല്‍ വെയ്‌റ്റേജ് നല്‍കിയാണ് ഫാര്‍മസി റാങ്ക്പട്ടിക തയ്യാറാക്കുന്നത്. ഇവിടെ പ്ലസ് ടു മാര്‍ക്ക് റാങ്കിങ്ങിന് പരിഗണിക്കപ്പെടാത്തതിനാല്‍, പ്രവേശനപരീക്ഷയിലെ കെമിസ്ട്രി ഭാഗത്ത് പരമാവധി ശരിയുത്തരങ്ങള്‍ വന്നാല്‍ ഫാര്‍മസി പ്രവേശനത്തിന് മെച്ചപ്പെട്ട റാങ്ക് പ്രതീക്ഷിക്കാം.

ചുരുക്കത്തില്‍ പ്രവേശനപരീക്ഷയില്‍ പരമാവധി മാര്‍ക്കുനേടിയാല്‍ റാങ്ക് പട്ടികയില്‍ ഉയര്‍ന്നസ്ഥാനം ലഭിക്കും. അതിനുവേണ്ടിയുള്ള തീവ്രപരിശീലനത്തിലാകണം വിദ്യാര്‍ഥികള്‍.

* സമീപനം വ്യത്യസ്തമാകണം

പ്ലസ്ടു പരീക്ഷയോടുള്ള സമീപനത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ സമീപനമാണ് പ്രവേശനപരീക്ഷകളോട് വേണ്ടത്. വിവരണാത്മകരീതിയിലുള്ള ചോദ്യങ്ങള്‍ക്കാണ് യോഗ്യതാപരീക്ഷയില്‍ മുന്‍ഗണന. ചോയ്‌സും ഉണ്ടാകും. ചോദ്യങ്ങളുടെ എണ്ണം പരിമിതമായിരിക്കും. അതുകൊണ്ടുതന്നെ, എല്ലാ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തിയുള്ള ഒരു ചോദ്യപ്പേപ്പര്‍, യോഗ്യതാപരീക്ഷയില്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ തിരഞ്ഞെടുത്തു പഠിക്കുന്നവര്‍ക്കും അല്പം ഭാഗ്യംകൂടിയുണ്ടെങ്കില്‍, നന്നായി പരീക്ഷ എഴുതാന്‍ കഴിഞ്ഞേക്കും.

പ്രവേശനപരീക്ഷയില്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായതിനാല്‍ വളരെക്കൂടുതല്‍ ചോദ്യങ്ങളുണ്ടാകും. കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍ മാത്തമാറ്റിക്‌സ് പേപ്പറില്‍ 120 ചോദ്യങ്ങളുണ്ടാകും. വളരെയധികം ചോദ്യങ്ങളുള്ളതിനാല്‍ സിലബസിന്റെ വലിയൊരു ഭാഗത്തുനിന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്. ആദ്യപേപ്പറില്‍ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍നിന്ന് യഥാക്രമം 72ഉം 48ഉം ചോദ്യങ്ങളാണുള്ളത്. കണക്കിനെ അപേക്ഷിച്ച് ചോദ്യങ്ങള്‍ കുറവാണെങ്കിലും കെമിസ്ട്രി/ഫിസിക്‌സ് സിലബസ് വ്യാപ്തിയുടെ കാര്യത്തില്‍ മാത്തമാറ്റിക്‌സിനു സമാനമായതായിരിക്കുമെന്ന് ഓര്‍ക്കുക. എന്നാല്‍, കെമിസ്ട്രിയിലും ഫിസിക്‌സിലും ഭൂരിപക്ഷം വിഷയങ്ങളും അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും സിലബസ് മൊത്തത്തില്‍ പഠിച്ച് തയ്യാറെടുപ്പ് നടത്തണം. ചോദ്യങ്ങള്‍ തമ്മില്‍ ചോയ്‌സില്ലാത്തതിനാല്‍ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ തിരഞ്ഞെടുത്തുപഠിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

* നല്ല സ്‌കോറിന് എത്ര ചോദ്യത്തിന് ഉത്തരം നല്‍കണം

പ്രവേശനപരീക്ഷയില്‍ മികച്ച റാങ്കിനുവേണ്ട സ്‌കോര്‍ എത്രയെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഇത്. പരീക്ഷയെഴുതുന്ന കുട്ടികളുടെ നിലവാരം, ചോദ്യങ്ങളുടെ കാഠിന്യം, തയ്യാറെടുപ്പിന്റെ വ്യാപ്തി എന്നിവയൊക്കെ ഇതിനെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ രണ്ടുപേപ്പറിലും പരമാവധി മാര്‍ക്ക് (480 വീതം) നേടുക എന്നതുമാത്രമായിരിക്കണം ലക്ഷ്യം. അതിനുവേണ്ട തയ്യാറെടുപ്പാണ് നടത്തേണ്ടത്.

ഒരു നിശ്ചിതമാര്‍ക്ക് ലക്ഷ്യമിട്ടുകൊണ്ടുള്ള പഠനരീതി അവലംബിക്കരുത്. ഉത്തരംതെറ്റിച്ചാല്‍ മാര്‍ക്ക് നഷ്ടപ്പെടുമെന്നതിനാലും ഒ.എം.ആര്‍. പരീക്ഷയായതിനാല്‍ ഒരിക്കല്‍ രേഖപ്പെടുത്തുന്ന ഉത്തരം മാറ്റാന്‍ കഴിയില്ലെന്നതിനാലും വളരെ ആലോചിച്ചശേഷം മാത്രമേ ഏറ്റവും 'അനുയോജ്യമായ' ഉത്തരം രേഖപ്പെടുത്താവൂ.

* എങ്ങനെ പരിശീലിക്കാം

പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി പരിശീലിക്കണം. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ലഭിക്കുന്ന ഏതു സ്രോതസ്സും ഇതിനായി തേടാം. നല്ല ചോദ്യങ്ങളെന്നോ മോശം ചോദ്യങ്ങളെന്നോ ഒരു വേര്‍തിരിവ് വേണ്ടാ. പരീക്ഷയുടെ സമയമെടുത്തുകൊണ്ട് പരിശീലനം നടത്താം. എങ്കിലേ സമയം ഫലപ്രദമായി എങ്ങനെ ഉപയോഗിക്കണമെന്ന് അറിയൂ.

ജെ.ഇ.ഇ. (മെയിന്‍) തയ്യാറെടുപ്പിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ലഭ്യമാക്കിയിരിക്കുന്ന 'നാഷണല്‍ ടെസ്റ്റ് അഭ്യാസ്' എന്ന ആപ്ലിക്കേഷനും പരിശീലനത്തിനായി പ്രയോജനപ്പെടുത്താം (ജെ.ഇ.ഇ. മെയിനില്‍ നാല് ഓപ്ഷനുകളേ ഓരോ ചോദ്യത്തിനും ഉള്ളൂ. കേരള എന്‍ട്രന്‍സില്‍ ചോയ്‌സുകളുടെ എണ്ണം അഞ്ച് ആണെന്നോര്‍ക്കുക). മുന്‍വര്‍ഷങ്ങളിലെ ചില കീം ചോദ്യപ്പേപ്പറുകള്‍ www.ceekerala.org യില്‍ ഉള്ളതും ഉപയോഗപ്പെടുത്താം.

* ചോദ്യരീതി

ചോദ്യരീതി മനസ്സിലാക്കാന്‍ മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ പരിശോധിക്കണം.

* ചോദ്യം വായിക്കുമ്പോള്‍ ഉത്തരം മനസ്സിലേക്കുവരുന്ന നേരിട്ടുള്ള ചോദ്യങ്ങള്‍: ആശയങ്ങള്‍ വിലയിരുത്തുന്ന ചോദ്യങ്ങള്‍, സൂത്രവാക്യങ്ങള്‍ തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടാം. ആവര്‍ത്തിച്ചുള്ള പഠനത്തില്‍ക്കൂടി ഈഭാഗം നന്നായി കൈകാര്യംചെയ്യാം.

* ക്രിയചെയ്ത് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങള്‍: കൂടുതലും മാത്തമാറ്റിക്‌സ്, ഫിസിക്‌സ് പേപ്പറിലാണ് ഇത് വരുക. ചെയ്ത് പരിശീലിച്ച് പഠിക്കേണ്ട ഭാഗമാണിത്. തെറ്റാനുള്ള സാധ്യത ഈ ഭാഗത്ത് കൂടുതലാണ്. അതുകൊണ്ട് ശ്രദ്ധിച്ച് കൈകാര്യംചെയ്യേണ്ടതാണ് ഈ രീതിയിലെ ചോദ്യങ്ങള്‍. മാര്‍ക്കുകിട്ടിയാല്‍ നേട്ടം വര്‍ധിക്കും, നഷ്ടപ്പെട്ടാല്‍ അന്തിമഫലത്തെ കാര്യമായി ബാധിക്കും.

* ഓപ്ഷനുകള്‍ ഒന്നൊന്നായി ഒഴിവാക്കി ശരിയുത്തരം കണ്ടെത്താവുന്നവ: തെറ്റെന്ന് ഉറപ്പുള്ള ഓപ്ഷനുകള്‍ ഓരോന്നായി ഒഴിവാക്കി ശരിയുത്തരത്തിലെത്തുന്ന രീതി. സിലബസ് നന്നായി പഠിച്ചവര്‍ക്കേ ഇതും സാധ്യമാവുകയുള്ളൂ. കാരണം, ഒഴിവാക്കുന്നതിനുപോലും വിഷയ അറിവുവേണം

* ചിത്രം/ഗ്രാഫ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍: ചിത്രം/ഗ്രാഫ് നന്നായി ഉള്‍ക്കൊണ്ടശേഷം ഉത്തരം നല്‍കണം.

* വ്യക്തിഗതരീതികള്‍ ആകാമോ

ഇവിടെ സൂചിപ്പിച്ച സമീപനമാണ് ഉയര്‍ന്ന സ്‌കോറിന് ഏറ്റവും മികച്ചതെന്ന് ഒരിക്കലും കരുതേണ്ടതില്ല. ഒരു വ്യക്തിക്ക് ഏറ്റവും അനുയോജ്യമായ പഠന, തയ്യാറെടുപ്പുരീതി നിശ്ചയിക്കേണ്ടത് ആ വ്യക്തി തന്നെയാണ്. തന്റെ പദ്ധതിവഴി, ഉദ്ദേശിക്കുന്ന രീതിയില്‍ പഠനം മുന്നോട്ടുപോകുന്നില്ലെന്നു കാണുന്നപക്ഷം, പഠനരീതിയില്‍ യഥാസമയം മാറ്റംവരുത്തുക. ഒരുദിവസം എത്രസമയം പഠിക്കണം, എത്രസമയം ഉറങ്ങണം തുടങ്ങിയവയും വ്യക്തിയധിഷ്ഠിതമാണ്. പഠനസമയം എത്ര തന്നെയായാലും ആസമയം ഫലപ്രദമായി പ്രയോജനപ്പെടുത്തുക. ഉറങ്ങുമ്പോള്‍ പഠനത്തെക്കുറിച്ചു ചിന്തിക്കാതിരിക്കുക. ഇത്തവണ തയ്യാറെടുപ്പിന് വളരെയധികം സമയം ലഭിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഒരുഘട്ടത്തിലൂടെയാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ കടന്നുപോകുന്നത്. ആ ഒരു കാഴ്ചപ്പാടാകണം വിദ്യാര്‍ഥിയെ നയിക്കേണ്ടത്. വരും ആഴ്ചകള്‍ തയ്യാറെടുപ്പ് ശ്രദ്ധാപൂര്‍വം നടത്തി ലക്ഷ്യത്തിലേക്ക് നീങ്ങുക.

Content Highlights: KEAM 2021 preparations for better rank, engineering