കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് ജൂൺ 21 വരെ അപേക്ഷിക്കാം. അപേക്ഷാസമർപ്പണവുമായി ബന്ധപ്പെട്ടുലഭിച്ച സംശയങ്ങളിൽ പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിനൽകുന്നു.

ഞാൻ ഒ.ബി.സി. വിഭാഗത്തിൽപ്പെടുന്നു. കീം അപേക്ഷ നൽകുമ്പോൾ ഒ.ബി.സി. തിരഞ്ഞെടുക്കാൻ പറ്റുന്നില്ല. അതെന്താണ്?

കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിൽ ഒ.ബി.സി. സംവരണമില്ല. സോഷ്യലി ആൻഡ് എജ്യുക്കേഷണലി ബാക്ക് വേഡ് (എസ്.ഇ.ബി.സി.) സംവരണമാണുള്ളത്. ഈ വിഭാഗത്തിലെ സംവരണത്തിന് അർഹതയുള്ള സമുദായങ്ങളുടെ പട്ടിക കീം 2021 പ്രോസ്പക്ടസ് അനുബന്ധം XI-ൽ നൽകിയിട്ടുണ്ട്. നിങ്ങൾക്കു ബാധകമായ സമുദായം അതിൽ ഉൾപ്പെടുന്നപക്ഷം, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന് അർഹതയുണ്ടെങ്കിൽ, എസ്.ഇ.ബി.സി. സംവരണത്തിന് നിങ്ങൾക്ക് അവകാശവാദമുന്നയിക്കാം. ബാധകമായ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. കേരളത്തിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള സർട്ടിഫിക്കറ്റ് വാങ്ങിനൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.

എനിക്ക് എസ്.ഇ.ബി.സി. സംവരണത്തിന് അർഹതയുണ്ട്. വാർഷിക കുടുംബവരുമാനം ഒരുലക്ഷം രൂപയിൽ താഴെയാണ്. സാമ്പത്തിക സംവരണത്തിന് അപേക്ഷിക്കാമോ?

സംവരണ ആനുകൂല്യമില്ലാത്ത ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്ന അപേക്ഷകർക്കുമാത്രമേ വ്യവസ്ഥകൾക്കു വിധേയമായി ഇക്കണോമിക്കലി വീക്കർ ഡെക്ഷൻസ് (ഇ.ഡബ്ല്യു.എസ്.) സംവരണത്തിന് അർഹത ലഭിക്കുകയുള്ളൂ. നിങ്ങൾക്ക് എസ്.ഇ. ബി.സി. സംവരണമുള്ളതിനാൽ വരുമാനം എത്രതന്നെയായാലും ഇ.ഡബ്ല്യ.എസ്. സംവരണത്തിന് അർഹതയില്ല.

ഞാൻ സി.ബി.എസ്.ഇ. ബോർഡിൽ 2020-'21 ൽ 12-ാം ക്ലാസ് വിദ്യാർഥിയാണ്. പരീക്ഷ റദ്ദുചെയ്തതിനാൽ പരീക്ഷ ജയിച്ചോ എന്ന ചോദ്യത്തിന് ജയിച്ചു എന്നുനൽകണോ?

നിങ്ങളുടെ പരീക്ഷമാത്രമാണ് റദ്ദുചെയ്തത്. പരീക്ഷ നടത്തുന്നില്ലെങ്കിലും നിങ്ങൾക്ക് പ്ലസ് ടു കോഴ്സിന്റെ ഒരു റിസൽട്ടുണ്ടാകും. ആ പരീക്ഷാഫലം ഇതുവരെ വന്നിട്ടില്ല. അതിനാൽ നിങ്ങൾ പരീക്ഷ ഇതുവരെയും ജയിച്ചിട്ടില്ല. ഇപ്പോഴും ഫലം കാത്തിരിക്കുന്ന ഒരാളാണ്. അതിനാൽ ഫലം നൽകേണ്ടിടത്ത് അപ്പിയറിങ് എന്നുനൽകുക. പ്ലസ് ടു ജയിച്ചു എന്നുനൽകുന്നവർ പ്ലസ്ടു മാർക്ക് ഷീറ്റ് നൽകേണ്ടതുണ്ട്.

ഞാൻ 2020-ൽ നീറ്റ് എഴുതി യോഗ്യത നേടിയിരുന്നു. കീം 2020-ൽ രജിസ്റ്റർചെയ്തു. പക്ഷേ, അലോട്ട്മെന്റ് ഒന്നുംകിട്ടിയില്ല. പഴയ കീം രജിസ്ട്രേഷൻ വെച്ച് കീം 2021-ന് അപേക്ഷിക്കാമോ? നീറ്റ് വീണ്ടും എഴുതണോ?

2020-ലെ കീം രജിസ്ട്രേഷൻ 2021-കീം പ്രവേശനത്തിന് ബാധകമല്ല. അതിനാൽ 2021-ലെ പ്രവേശനപ്രക്രിയയിൽ പങ്കെടുക്കാൻ, ബാധകമായ അപേക്ഷാഫീസ് അടച്ച് പുതിയ രജിസ്ട്രേഷൻ നടത്തണം. 2020-ലെ നീറ്റ് ഫലം, വിദേശ മെഡിക്കൽപഠനത്തിനൊഴികെ 2021-ലെ ഇന്ത്യയിലെ മെഡിക്കൽ പ്രവേശനത്തിന് ബാധകമല്ല. അതിനാൽ 2021-ൽ ഇന്ത്യയിൽ മെഡിക്കൽപഠനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ 2021-ലെ നീറ്റ് യു.ജി. എഴുതി യോഗ്യത നേടണം.

എനിക്ക് കേരള കാർഷികസർവകലാശാലയിലെ ബി. എസ്സി. (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് പ്രോഗ്രാമിൽ മാത്രമാണ് താത്‌പര്യമുള്ളത്. പക്ഷേ, കീം അപേക്ഷ നൽകാൻ നോക്കിയപ്പോൾ ആ കോഴ്സ് തിരഞ്ഞെടുക്കാൻ പറ്റുന്നില്ല. ഈ കോഴ്സിലെ പ്രവേശനത്തിന് കേരള കാർഷിക സർവകലാശാലയിലേക്കാണോ അപേക്ഷിക്കേണ്ടത്?

ഇപ്പോൾ കീം പ്രവേശനപ്രക്രിയയിൽ ഉൾപ്പെട്ട സ്ട്രീമുകൾക്കാണ് അപേക്ഷിക്കേണ്ടത്. അത് എൻജിനിയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് അലൈഡ്, ഫാർമസി എന്നിങ്ങണ നാലെണ്ണം മാത്രമാണുള്ളത്. ഇവയിൽ മെഡിക്കൽ ആൻഡ് അലൈഡ് വിഭാഗത്തിലാണ് ഒട്ടേറെ പ്രോഗ്രാമുകളുള്ളത്.

എൻജിനിയറിങ് സ്ട്രീമിൽ വിവിധ ബ്രാഞ്ചുകളുണ്ട്. അപേക്ഷ നൽകുമ്പോൾ മെഡിക്കൽ ആൻഡ് അലൈഡ് വിഭാഗത്തിലെ പ്രോഗ്രാമുകളോ എൻജിനിയറിങ് സ്ട്രീമിലെ ബ്രാഞ്ചുകളോ ഏതെങ്കിലും സ്ട്രീമിലെ/ കോഴ്സിലെ കോളേജുകളോ തിരഞ്ഞെടുക്കേണ്ടതില്ല. അതെല്ലാം റാങ്ക് പട്ടികകൾ പ്രസിദ്ധപ്പെടുത്തിയശേഷം അലോട്ട്മെന്റ് ഘട്ടത്തിൽമാത്രം ചെയ്താൽ മതി.

നീറ്റ് യു.ജി. 2021-ലെ മാർക്ക്/റാങ്ക് പ്രകാരമാണ് മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ബി.എസ്സി. (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് പ്രോഗ്രാം ഉൾപ്പെടുന്നത്.

മെഡിക്കൽ അലൈഡ് വിഭാഗത്തിലെ റാങ്ക് പട്ടികയിൽ നിങ്ങൾ ഉൾപ്പെടുന്നപക്ഷം ഈ പ്രോഗ്രാമിലേക്ക് അന്ന് ഓപ്ഷൻ കൊടുക്കാം. കേരള കാർഷികസർവകലാശാലയിലേക്ക് ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല.

ഞാൻ കേരളത്തിലല്ല ജനിച്ചത്. പക്ഷേ, അമ്മ കേരളത്തിലാണ് ജനിച്ചത്. അമ്മയുടെ എസ്.എസ്.എൽ.സി. വെച്ച് കേരളീയനായി സംവരണം കിട്ടാൻ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നു. അനുബന്ധരേഖയായി നൽകുന്ന എന്റെ ബോർഡ് പരീക്ഷാസർട്ടിഫിക്കറ്റിലുള്ള അമ്മയുടെ പേരും അമ്മയുടെ എസ്.എസ്.എൽ.സി.യിലെ പേരും വ്യത്യസ്തമാണ്. എന്തുചെയ്യണം?

നേറ്റിവിറ്റിക്കായി അനുബന്ധരേഖ നൽകുമ്പോൾ ആരുടെ സർട്ടിഫിക്കറ്റാണോ നൽകുന്നത്, അതിലെയും ബന്ധം സ്ഥാപിക്കുന്ന രേഖയിലെ ആ വ്യക്തിയുടെ പേരും ഒന്നുതന്നെയായിരിക്കണം. അതിൽ വ്യത്യാസമുണ്ടെങ്കിൽ ഈ രണ്ടുരേഖകളിലെയും വ്യക്തികൾ ഒരാൾ തന്നെയാണെന്നു സാക്ഷ്യപ്പെടുത്തുന്ന, വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് (വൺ ആൻഡ് ദി സേം) വാങ്ങിനൽകി പ്രശ്നം പരിഹരിക്കാം.

ഞാൻ മെഡിക്കൽ വിഭാഗത്തിൽ കീം അപേക്ഷ നൽകാൻ ശ്രമിച്ചു. പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ പറ്റുന്നില്ല. എന്താണ് കാരണം?

കേരള പ്രവേശനപരീക്ഷാകമ്മിഷണർ മെഡിക്കൽ വിഭാഗത്തിലും ആർക്കിടെക്ചർ വിഭാഗത്തിലും പരീക്ഷ നടത്തുന്നില്ല. അതുകൊണ്ട് ഈ രണ്ടുകോഴ്സുകൾക്കുമാത്രം അപേക്ഷിക്കുന്നവർ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. നീറ്റ് യു.ജി./നാറ്റ അഭിമുഖീകരിക്കാനുള്ള പരീക്ഷാകേന്ദ്രം, നീറ്റ് - യു.ജി./നാറ്റ അപേക്ഷയിൽ തിരഞ്ഞെടുക്കാവുന്നതാണ്.

പി.ഡബ്ല്യു.ഡി. വിദ്യാർഥിയാണ്. മെഡിക്കൽ ബോർഡിന്റെ പി.എച്ച്. സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ട ലിസ്റ്റിൽ കാണുന്നില്ല. എന്താണ്?

ഭിന്നശേഷിവിഭാഗത്തിൽ അവകാശവാദമുന്നയിക്കുന്നവർ ഇപ്പോൾ ആ അവകാശവാദം അപേക്ഷയിൽ ഉന്നയിച്ചാൽമാത്രം മതി. പി.എച്ച്. സർട്ടിഫിക്കറ്റ് ഇപ്പോൾ അപ് ലോഡ് ചെയ്യേണ്ടതില്ല.

പരീക്ഷയ്ക്കുശേഷം ഈവിഭാഗക്കാരുടെ മെഡിക്കൽ പരിശോധനയ്ക്കായി രൂപവത്‌കരിച്ച സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിവിഭാഗ സംവരണത്തിന് അർഹത നേടുന്നവരുടെ പട്ടിക തയ്യാറാക്കി അലോട്ട്മെന്റ് നൽകുന്നത്. ആ മെഡിക്കൽ ബോർഡിന്റെ മുന്നിൽ ഹാജരാകുമ്പോൾ സർട്ടിഫിക്കറ്റ് നൽകിയാൽ മതിയാകും.

Content Highlights: KEAM 2021 Doubts and answers