കേരളത്തിലെ എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ(KEAM 2020)യുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനായി മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിച്ച വെബിനാറിലെ പ്രസക്ത ഭാഗങ്ങള്‍. കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ എ. ഗീത, ഐ.എ.എസ്, പ്രവേശനപരീക്ഷാ മുന്‍ ജോയിന്റ് കമ്മീഷണര്‍ ഡോ. എസ്. സന്തോഷ് എന്നിവര്‍ വെബിനാറില്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കി.
കീമിന്റെ പ്രസക്തി
ജെ.ഇ.ഇ ഉള്‍പ്പടെയുള്ള പരീക്ഷകള്‍ ഐ.ഐ.ടി., എന്‍.ഐ.ടി., തുടങ്ങിയ ദേശീയ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായുള്ളതാണ്. ഇതിനായി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയവും അധ്വാനവും വേണ്ടിവരുന്നുണ്ട്. സ്റ്റേറ്റ് സിലബസ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമാനമായ മത്സരപരീക്ഷയ്ക്കും അതുവഴി ഉന്നതപഠനത്തിനുള്ള അവസരമൊരുക്കാനുമാണ് കീം പരീക്ഷ നടത്തുന്നത്. സര്‍ക്കാര്‍ കോളേജുകളില്‍ കൂടുതലായി ഡിമാന്‍ഡ് വരുമ്പോള്‍ മത്സരപരീക്ഷ അനിവാര്യമാണ്.
പരീക്ഷയ്ക്ക് രണ്ട് പേപ്പറുകള്‍
ഫിസിക്‌സ്/ കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിങ്ങനെ രണ്ടു പേപ്പറുകളാണ് കീം പ്രവേശന പരീക്ഷയ്ക്കുള്ളത്. രണ്ടു പേപ്പറിലും 120 ചോദ്യങ്ങള്‍ വീതമുണ്ടായിരിക്കും. പേപ്പര്‍ I-ല്‍ 72 ചോദ്യങ്ങള്‍ ഫിസിക്‌സില്‍നിന്നും 48 ചോദ്യങ്ങള്‍ കെമിസ്ട്രിയില്‍നിന്നും ഉള്ളവയായിരിക്കും. എന്‍ജിനീയറിങിന് രണ്ടുപേപ്പറും ഫാര്‍മസി കോഴ്‌സ് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഒന്നാം പേപ്പര്‍ മാത്രവും എഴുതിയാല്‍മതി. വിശദമായ സിലബസ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ബെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്.
പരീക്ഷയ്ക്കുശേഷം
എന്‍ജിനീയറിങിനും ഫാര്‍മസിക്കും വെവ്വേറെ സ്‌കോര്‍ പ്രസിദ്ധീകരിക്കും. പിന്നീട് വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന യോഗ്യതാപരീക്ഷകളുടെ മാര്‍ക്കുകള്‍കൂടി കൂട്ടിച്ചേര്‍ത്ത് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതിനുശേഷം വിവിധ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് നടക്കും. വിവിധ കോഴ്‌സുകള്‍ക്ക് അഖിലേന്ത്യാ ക്വാട്ടയിലുള്ള സീറ്റുകള്‍ക്ക് പ്രവേശനപരീക്ഷാ കമ്മീഷണര്‍ അലോട്ട്‌മെന്റ് നല്‍കില്ല.
കേരളത്തില്‍ താമസിക്കുന്നവര്‍ക്ക് അലോട്ട്‌മെന്റില്‍ പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 30 ശതമനവും എസ്.സി. വിദ്യാര്‍ഥികള്‍ക്ക് എട്ട് ശതമാനവും എസ്.ടി വിദ്യാര്‍ഥികള്‍ക്ക് രണ്ട് ശതമാനവും സംവരണമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റു സംവരണങ്ങളില്ലാത്തവര്‍ക്ക് 10 ശതമാനവും അംഗപരിമിതര്‍ക്ക് അഞ്ച് ശതമാനവും സംവരണമുണ്ട്.
കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളതിനാല്‍ ക്ലാസുകള്‍ തുടങ്ങാന്‍ വൈകിയേക്കാം. നിലവിലെ സാഹചര്യമനുസരിച്ച് റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ഒക്ടോബറെങ്കിലും ആവേണ്ടിവന്നേക്കാം. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അതിനുമുന്‍പു തന്നെ ആരംഭിക്കും.
കോവിഡ് കാലത്തെ പരീക്ഷ
കോവിഡുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ട സാഹചര്യത്തിലേക്കാണ് നമ്മുടെ സംസ്ഥാനം പോയ്‌ക്കൊണ്ടിരിക്കുന്നത്. പരീക്ഷ മാറ്റിവെച്ചാല്‍ ഒരുപക്ഷേ പിന്നീട് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നടത്താന്‍ പറ്റാതെ വന്നേക്കാം. പരീക്ഷാകേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും തയ്യാറാണ്. പ്രത്യേക യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഹാളില്‍ 20 പേരെയാണ് പരീക്ഷയ്ക്ക് ഇരുത്തുക.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
- അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ പരീക്ഷയ്ക്ക് കഴിവതും നേരത്തെ എത്തുക.
- പരീക്ഷയ്ക്ക് വരുന്ന കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
- പ്രത്യേകം ഡ്രസ്‌കോഡ് ഇല്ല
- അഡ്മിറ്റ് കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വാട്ടര്‍ ബോട്ടില്‍, റൈറ്റിങ് ബോര്‍ഡ്, നീല/ കറുപ്പ് ബോള്‍ പോയിന്റ് പേന എന്നിവ പരീക്ഷാഹാളില്‍ കൊണ്ടുപോകാം.
- പരീക്ഷാസമയത്ത് OMR ഷീറ്റ് പൂരിപ്പിക്കുമ്പോള്‍ അത് കൃത്യമായ രീതിയില്‍ ബബിള്‍ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുതരത്തിലുള്ള ഉത്തരം രേഖപ്പെടുത്തലുകള്‍ അനുവദിക്കില്ല.
- നെഗറ്റിവ് മാര്‍ക്കിങ് ഉള്ളതിനാല്‍ അറിയാത്ത ചോദ്യങ്ങള്‍ വിട്ടുകളയുന്നത് നല്ലതാണ്.
- പരീക്ഷാ ഹാളില്‍ അനുവദിക്കാത്ത വസ്തുക്കളുടെ വിവരങ്ങള്‍ അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുണ്ട്.
- ഉച്ചഭക്ഷണവും കുടിക്കാനുള്ള വെള്ളവും പരമാവധി വീട്ടില്‍നിന്ന് കൊണ്ടുവരാന്‍ ശ്രദ്ധിക്കണം.
- വിദ്യാര്‍ഥികളെ പരീക്ഷാകേന്ദ്രത്തില്‍ വിട്ടശേഷം മാതാപിതാക്കള്‍ക്ക് മടങ്ങാം. പിന്നീട് പരീക്ഷ കഴിഞ്ഞ് കൂട്ടാന്‍ വന്നാല്‍മതി.
- ക്വാറന്റീനിലുള്ള/ രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം പരീക്ഷാഹാള്‍ അനുവദിക്കും.
സംശയദൂരീകരണത്തിനായി വിദ്യാര്‍ഥികള്‍ക്ക് അതാത് ജില്ലയിലെ ലൈസണ്‍ ഓഫീസറുമായി ബന്ധപ്പെടാം. ഇതിനായുള്ള ഫോണ്‍ നമ്പര്‍ അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ 0471-2525300 എന്ന നമ്പരിലും ബന്ധപ്പെടാം.
Content Highlights: KEAM 2020: Know these things before taking exam