ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) നടത്തുന്ന ഐ.ഐ.ടി.-എൻ.ഐ.ടി. വിഭാഗ, സംയുക്ത അലോക്കേഷൻ പ്രക്രിയയിൽ പങ്കെടുക്കുന്നവർക്ക് ഒക്ടോബർ 15-ന് വൈകീട്ട് അഞ്ചുവരെ https://josaa.nic.in/ വഴി ചോയ്സ് ഫില്ലിങ് നടത്താം. ഒക്ടോബർ 12, 14 തീയതികളിൽ രാവിലെ 10-ന് മോക്ക് സീറ്റ് അലോക്കേഷൻ പ്രഖ്യാപിക്കും. ആദ്യത്തേത്, ഒക്ടോബർ 11-നും രണ്ടാമത്തേത് ഒക്ടോബർ 13-നും വൈകീട്ട് അഞ്ചുവരെ ലഭിക്കുന്ന ചോയ്സുകൾ പരിഗണിച്ചാണ്. ഈ സമയപരിധിയ്ക്കകം ചോയ്സ് ഫില്ലിങ് നടത്തിയാൽ അതുവരെയുള്ള നിലവെച്ചുള്ള സാധ്യതകൾ മനസ്സിലാക്കാൻ പ്രക്രിയയിൽ പങ്കെടുക്കുന്നവർക്കു കഴിയും. അതിന്റെ അടിസ്ഥാനത്തിൽ ചോയ്സുകൾ പുനഃക്രമീകരിക്കാൻ അവസരം ലഭിക്കും.

രജിസ്ട്രേഷൻ

വെബ്സൈറ്റിലെ 'ഓൺലൈൻ രജിസ്ട്രേഷൻ ആൻഡ് ചോയ്സ് ഫില്ലിങ്' ലിങ്കിൽ വിദ്യാർഥിയുടെ ജെ.ഇ.ഇ. (മെയിൻ) അപേക്ഷാനമ്പർ, പാസ്വേഡ്, സ്ക്രീനിൽ കാണുന്ന സെക്യൂരിറ്റി പിൻ എന്നിവ നൽകിയാണ് ലോഗിൻ ചെയ്യേണ്ടത്. ജെ.ഇ.ഇ. അഡ്വാൻസ്ഡ് 2020-ന് രജിസ്റ്റർ ചെയ്തവർ ജെ.ഇ.ഇ. അഡ്വാൻസ്ഡ് 2020-ന്റെ അവരുടെ പാസ്വേഡാണ് നൽകേണ്ടത്. തുടർന്ന് കാണുന്നത് നിർദേശങ്ങൾ ഉള്ള പേജാണ്.

അവിടെ നൽകിയിട്ടുള്ള വിവരങ്ങൾ വായിച്ച് മനസ്സിലാക്കി 'ഐ എഗ്രി' (ഞാൻ സമ്മതിക്കുന്നു) എന്നതിനു നേരെയുള്ള ബട്ടൺ ക്ലിക് ചെയ്ത് മുന്നോട്ടുപോകാം. തുടർന്ന് ലഭിക്കുന്നത് ജോസ 2020 ഓൺലൈൻ രജിസ്ട്രേഷൻ പേജാണ്.

അവിടെ വിദ്യാർഥി അപേക്ഷയിൽ നൽകിയ വിവരങ്ങളും ബാധകമായ റാങ്ക് പട്ടികകളിലെ റാങ്കും (കാറ്റഗറി സംവരണമുണ്ടെങ്കിൽ കാറ്റഗറി റാങ്കും) കാണാം. ജൻഡർ, നാഷണാലിറ്റി, പന്ത്രണ്ടാം ക്ലാസ് ജയിച്ച സ്ഥലം (ഇത് തിരഞ്ഞെടുക്കണം), സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റി എന്നിവ തെളിയും. താഴെയുള്ള ഡിക്ലറേഷൻ നൽകി രജിസ്ട്രേഷൻ, കൺഫേം ചെയ്യണം.

ചോയ്സ് ഫില്ലിങ് പേജ്/ലിങ്ക്

രജിസ്ട്രേഷനു ശേഷമാണ് ചോയ്സ് ഫില്ലിങ് നടത്തുന്ന മേഖലയിൽ/പേജിൽ എത്തുക. അവിടെ ഇടതുഭാഗത്ത്, കാൻഡിഡേറ്റ് പ്രൊഫൈൽ, ചോയ്സസ് അവേലബിൾ, ചോയ്സ് ഫില്ലിങ്, ചോയ്സ് ലോക്കിങ് എന്നീ ലിങ്കുകൾ കാണാം. വലതുഭാഗത്ത് 'കറന്റ് ചോയ്സ് ഫില്ലിങ് സ്റ്റാറ്റസ്' (ചോയ്സ് ഫില്ലിങ്ങിന്റെ നിലവിലുള്ള സ്ഥിതി) യാണ് കാണുക. അവിടെ വിദ്യാർഥിക്ക് താൻ ഉൾപ്പെട്ടിരിക്കുന്ന റാങ്ക് പട്ടിക/പട്ടികകൾ എന്നിവപ്രകാരം മൊത്തം ലഭ്യമായ ചോയ്സുകളുടെ എണ്ണം, ഫിൽഡ് ചോയ്സസ് (തിരഞ്ഞെടുത്തവയുടെ എണ്ണം), അൺഫിൽഡ് ചോയ്സസ് (ഇനിയും തിരഞ്ഞെടുക്കാവുന്നവയുടെ എണ്ണം), ചോയ്സ് ലോക്കിങ് സ്റ്റാറ്റസ് (ഡിഫോൾട്ട്-അൺലോക്ഡ്) എന്നീ തലക്കെട്ടുകൾ കാണാം.

ലഭ്യമായ ചോയ്സുകൾ

ഇടതുഭാഗത്തെ 'ലഭ്യമായ ചോയ്സുകൾ' ലിങ്കു വഴി പോയാൽ ഒന്നിനു താഴെ മറ്റൊന്നായി ക്രമനമ്പർ, സ്ഥാപനം, പ്രോഗ്രാം എന്നിവ വ്യക്തമാക്കിയ അർഹതയുള്ള എല്ലാ ചോയ്സുകളും കാണാൻ കഴിയും (താഴേക്ക് സ്ക്രോൾ ചെയ്ത് ഇവ കാണാം). താത്‌പര്യമുള്ള, നിശ്ചിത ഇൻസ്റ്റിറ്റിയൂഷൻ ടൈപ്പ് (ഐ.ഐ.ടി., എൻ.ഐ.ടി. എന്നിങ്ങനെ), നിശ്ചിത ഇൻസ്റ്റിറ്റിയൂഷൻ (ഉദാ: ഐ.ഐ.ടി. പാലക്കാട്, എൻ.ഐ.ടി. കോഴിക്കോട്, ഐ.ഐ.ഐ.ടി. കോട്ടയം തുടങ്ങിയവ), എന്നിവ ബന്ധപ്പെട്ട കളത്തിൽ കൂടി ഫിൽട്ടറിങ് നടത്തി കണ്ടെത്താം. ഒരു നിശ്ചിത പ്രോഗ്രാം ഉള്ള സ്ഥാപനങ്ങളും ഫിൽട്ടർ ചെയ്ത് കണ്ടെത്താം.

ചോയ്സ് ഫില്ലിങ്

ചോയ്സ് ഫില്ലിങ് ലിങ്ക് വഴി ചോയ്സ് നൽകാനുള്ള പേജിലേക്കു പോകാം. അവിടെ പേജിന്റെ ഇടതുഭാഗത്ത് ലഭ്യമായ ചോയ്സുകളുണ്ടാകും. താത്‌പര്യമുള്ളവ തിരഞ്ഞെടുക്കാൻ 'ആഡ്' (ചേർക്കുക) ബട്ടൺ ക്ലിക് ചെയ്താൽ മതി. ഒന്നാം പരിഗണന കിട്ടേണ്ടത് ആദ്യം ക്ലിക് ചെയ്യണം. അത് ലഭിക്കാതെ പോയാൽ പരിഗണിക്കേണ്ടത് രണ്ടാമതായി ക്ലിക് ചെയ്യണം. ഇപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവ ആ ക്രമത്തിൽ വലതു ഭാഗത്ത് ഒരു പട്ടികയായി 'ഫിൽഡ് ചോയ്സസ്' (തിരഞ്ഞെടുത്തവ) എന്ന തലക്കെട്ടിനു താഴെ കാണാൻകഴിയും.

അതോടൊപ്പം, തിരഞ്ഞെടുത്ത ഓരോ ചോയ്സിന്റെയും വലതു ഭാഗത്ത് 'റിമൂവ്' (ഒഴിവാക്കുക) ബട്ടണും ഉണ്ടാകും. ഒപ്പം 'അപ്', 'ഡൗൺ' എന്നീ ബട്ടണുകളും കാണാം. തിരഞ്ഞെടുത്ത ചോയ്സ് ഒഴിവാക്കാൻ 'റിമൂവ്' ബട്ടൺ ക്ലിക് ചെയ്യണം. അതിന്റെ സ്ഥാനം മുകളിലേക്കാക്കാൻ 'അപ്' ബട്ടണും താഴേക്കാക്കാൻ 'ഡൗൺ' ബട്ടണും ക്ലിക് ചെയ്യണം. അതുവഴി മുൻഗണനയിൽ മാറ്റംവരുത്താം. വിവരങ്ങൾ സേവ് ചെയ്യാൻ ശ്രദ്ധിക്കണം. ഫീൽഡുകൾ ഫിൽട്ടർ ചെയ്തും ചോയ്സ് ഫില്ലിങ് നടത്താം. ഇപ്രകാരം ചോയ്സ് ഫില്ലിങ് പൂർത്തിയാക്കി പേജിൽനിന്ന് ലോഗ് ഔട്ട് ചെയ്യണം.

ചോയ്സുകൾ മാറ്റാം

ഒരിക്കൽ തിരഞ്ഞെടുക്കുന്ന ചോയ്സുകൾ രജിസ്ട്രേഷൻ ആൻഡ് ചോയ്സ് ഫില്ലിങ് നടത്താവുന്ന സമയപരിധിക്കുള്ളിൽ എത്രതവണ വേണമെങ്കിലും പുനഃക്രമീകരിക്കാം. ഈ പ്രക്രിയയിലെ എല്ലാ ഘട്ടത്തിലേക്കും പരിഗണിക്കപ്പെടേണ്ട ചോയ്സുകൾ ഇപ്പോൾ നൽകണം. ഇപ്പോൾ ഉൾപ്പെടുത്താത്തവ ഒന്നും പിന്നെ ചേർക്കാൻ കഴിയില്ല. മുൻഗണനയും ഇപ്പോൾത്തന്നെ നിശ്ചയിക്കണം. കിട്ടിയാൽ പോകുമെന്ന് ഉറപ്പുള്ളവമാത്രം നൽകുക. സീറ്റ് അലോക്കേഷൻ ലഭിച്ച് അത് സ്വീകരിക്കാതിരുന്നാൽ ജോസ പ്രക്രിയയിൽനിന്ന് പുറത്താകും. ചോയ്സുകൾ അന്തിമമാക്കിയ ശേഷമേ ലോക്കിങ് നടത്താവൂ. ലോക് ചെയ്താൽ പിന്നെ അത് പുനഃക്രമീകരിക്കാൻ കഴിയില്ല. ട്രയൽ കഴിഞ്ഞ് ഒക്ടോബർ 15-ന് വൈകിട്ട് അഞ്ചിനകം ലോക് ചെയ്താൽ മതി. അതിനകം ലോക് ചെയ്യാതിരുന്നാൽ സിസ്റ്റം ഈ സമയപരിധിയാകുമ്പോൾ ചോയ്സ് ലോക് ചെയ്യും. ഇപ്പോൾ ലോക്കിങ് ഭാഗത്ത് ഒന്നും ചെയ്യേണ്ടതില്ല. കോട്ടയം ഐ.ഐ.ഐ.ടി.യിൽ നിലവിലുള്ള കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചിനുപുറമേ ഈ വർഷം ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് പ്രോഗ്രാമും ലഭ്യമാണ്.

Content Highlights: JoSAA choice filling procedures