ജെ.ഇ.ഇ. മെയിൻ/അഡ്വാൻസ്ഡ് അടിസ്ഥാനമാക്കിയുള്ള ആദ്യ സീറ്റ് അലോട്മെന്റ്'ജോയന്റ്സീറ്റ് അലോക്കേഷൻ അതോറിറ്റി' (ജോസ) josaa.nic.in-ൽ പ്രഖ്യാപിച്ചു. അലോട്ട്മെന്റ്ഉള്ളവർ അവരുടെ ഹോം പേജിൽനിന്ന് 'പ്രൊവിഷണൽ സീറ്റ് അലോക്കേഷൻ ലെറ്റർ' ഡൗൺലോഡ് ചെയ്തെടുക്കണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി സീറ്റ് സ്വീകരിക്കണം.
സീറ്റ് അക്സപ്റ്റൻസ് ഫീസ് അടയ്ക്കൽ, തുടർറൗണ്ടുകളിൽ അവശേഷിക്കുന്ന ഓപ്ഷനുകൾ എങ്ങനെ പരിഗണിക്കപ്പെടണമെന്ന കാര്യത്തിന്റെ തീരുമാനം എടുക്കൽ, രേഖകളുടെ അപ്ലോഡിങ് എന്നിവ ഓൺലൈനായി പൂർത്തിയാക്കണം. സീറ്റ് അക്സപ്റ്റൻസ് ഫീസ്, പട്ടികജാതി/പട്ടികവർഗ/ഭിന്നശേഷി വിഭാഗക്കാർക്ക് 15,000 രൂപ. മറ്റുവർക്ക് 35,000 രൂപ (ഇതിൽ ജോസ പ്രോസസിങ് ഫീസായ 2000 രൂപയും ഉൾപ്പെടും. ഇതൊഴിച്ചുള്ള തുക അഡ്മിഷൻ ഫീസിൽ വകവെക്കും). നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, എസ്.ബി.ഐ. ഇ-ചലാൻ വഴി തുകയടയ്ക്കാം.
ഫ്രീസ്, സ്ലൈഡ്, ഫ്ലോട്ട് ഓപ്ഷനുകൾ
അവശേഷിക്കുന്ന ചോയ്സുകൾ തുടർറൗണ്ടുകളിൽ എങ്ങനെ പരിഗണിക്കണമെന്ന് ഓൺലൈനായി അറിയിക്കണം. മാറ്റം വേണ്ടെന്നു തീരുമാനിക്കുന്നവർ 'ഫ്രീസ്' ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. ഇവരെ തുടർറൗണ്ടുകളിലേക്ക് പരിഗണിക്കില്ല. സ്വീകരിച്ച ചോയ്സ് നിലനിൽക്കും.
അലോട്മെന്റ്ലഭിച്ച സ്ഥാപനത്തിൽനിന്നും മാറ്റംവേണ്ടാത്ത പക്ഷേ, അതേ സ്ഥാപനത്തിലെ കൂടുതൽ താത്‌പര്യമുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു ചോയ്സിൽ തുടർറൗണ്ടിലും പരിഗണിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ 'സ്ലൈഡ്' ഓപ്ഷൻ തിരഞ്ഞെടുക്കണം. സ്ഥാപനത്തിലെ അവരുടെ അവശേഷിക്കുന്ന ചോയ്സുകൾ തുടർറൗണ്ടിൽ പരിഗണിക്കും. സ്ഥാപനത്തിനുപുറത്തുള്ളവ പരിഗണിക്കില്ല.
അവശേഷിക്കുന്ന എല്ലാ ചോയ്സുകളും (അലോട്മെന്റ് ലഭിച്ച സ്ഥാപനത്തിലെയും മറ്റുസ്ഥാപനങ്ങളിലെയും) തുടർറൗണ്ടുകളിൽ പരിഗണിക്കപ്പെടേണ്ടവർ 'ഫ്ലോട്ട്' ഓപ്ഷനാണ് നൽകേണ്ടത്. അവശേഷിക്കുന്ന ചോയ്സുകളെല്ലാം തുടർറൗണ്ടിൽ പരിഗണിക്കും.
സ്ലൈഡ്, ഫ്ലോട്ട് നൽകുന്നവർക്ക് അടുത്തറൗണ്ടിൽ മാറ്റംവരുന്നില്ലെങ്കിൽ നേരത്തേ സ്വീകരിച്ച അലോട്മെന്റ് നിലനിൽക്കും. മാറ്റംവന്നാൽ അത് സ്വീകരിക്കണം. മുന്റൗണ്ടിലെ സ്വീകരിച്ച ചോയ്സ് നഷ്ടപ്പെടും. പുതിയത് സ്വീകരിച്ചില്ലെങ്കിൽ അതും നഷ്ടപ്പെടും. പ്രക്രിയയിൽനിന്ന് പുറത്താകും. തുടർ റൗണ്ടുകളിൽ അവശേഷിക്കുന്ന ചോയ്സുകളിലേക്കുള്ള താത്‌പര്യമനുസരിച്ച് ഫ്ലോട്ട് ഓപ്ഷൻ, സ്ലൈഡ് ആക്കുകയോ ഫ്രീസ് ആക്കുകയോ ചെയ്യാം. അതുപോലെ സ്ലൈഡ് ഓപ്ഷൻ ഫ്രീസ് ആയും മാറ്റാം.
അപ്ലോഡ്ചെയ്യേണ്ട രേഖകൾ
അപ്ലോഡ്ചെയ്യേണ്ട രേഖകൾ ഏതൊക്കെയെന്ന് https://josaa.nic.in ലെ ബിസിനസ് റൂൾസ് അനുബന്ധം മൂന്നിലുണ്ട്. ഐ.ഐ.ടി. വിഭാഗം അലോട്മെന്റ് ലഭിച്ചവരും എൻ.ഐ.ടി. + സിസ്റ്റം വിഭാഗം (എൻ.ഐ.ടി., ഐ.ഐ.ഐ.ടി., ജി.എഫ്.ടി.ഐ.) അലോട്മെന്റ് ലഭിച്ചവരും അപ് ലോഡ് ചെയ്യേണ്ട രേഖകളുടെ പട്ടിക ഇവിടെ പ്രത്യേകമായി നൽകിയിട്ടുണ്ട്. നടപടികളെല്ലാം പൂർത്തിയാക്കിയശേഷമേ പരിശോധനയ്ക്കും അന്തിമ കൺഫർമേഷനുമായി റിപ്പോർട്ടിങ് അധികൃതർക്ക് വിദ്യാർഥി തന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ പാടുള്ളൂ. രേഖകൾ പരിശോധിച്ച് സ്ഥാപനങ്ങൾ വിദ്യാർഥിക്ക് അനുവദിച്ച സീറ്റ് കൺഫേം ചെയ്യും. അത് പോർട്ടൽവഴി അറിയിക്കും. ആവശ്യമെങ്കിൽ പുതിയ രേഖകൾ അപ്ലോഡ് ചെയ്ത് വ്യക്തതവരുത്തണം. ഇല്ലെങ്കിൽ അലോട്മെന്റ് നഷ്ടപ്പെടും. പ്രക്രിയയിൽനിന്ന് പുറത്താകും.
അലോട്മെന്റ് ലഭിച്ചവർ സീറ്റ് സ്വീകരിക്കാഞ്ഞാൽ (അക്സപ്റ്റൻസ് ഫീസ് അടയ്ക്കാതിരിക്കുക, രേഖകൾ അപ്ലോഡ് ചെയ്യാതിരിക്കുക, സംശയങ്ങൾക്ക് പ്രതികരിക്കാതിരിക്കുക, തുടങ്ങിയവവഴി) അത് നഷ്ടപ്പെടും. പ്രക്രിയയിൽനിന്ന് പുറത്താകും. ആദ്യറൗണ്ട് അലോട്മെന്റിൽ ഓൺലൈൻ റിപ്പോർട്ടിങ് നടപടികൾ പൂർത്തിയാക്കാൻ 19 വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. സംശയങ്ങൾക്ക് മറുപടി നൽകാൻ 20 വൈകീട്ട് അഞ്ചുവരെ അവസരമുണ്ടാകും.
Content Highlights: Joint Seat Allocation Authority Admission Procedures