ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (JEE, മെയിന്‍,അഡ്വാന്‍സ്ഡ്) എന്നീ പരീക്ഷകള്‍ എന്‍ജിനീയറിങ്/ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍/പ്ലാനിങ് ബിരുദതല പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശനപ്പരീക്ഷയാണ്. എന്നാല്‍ ചില സ്ഥാപനങ്ങളില്‍ സയന്‍സ്, ഫാര്‍മസി കോഴ്‌സുകള്‍ക്കും ഈ പരീക്ഷയുടെ റാങ്ക് പരിഗണിക്കാറുണ്ട്. 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും (എന്‍.ഐ.ടി.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും (ഐ.ഐ.ടി) ഒട്ടേറെ നാലുവര്‍ഷ, അഞ്ചുവര്‍ഷ സയന്‍സ് കോഴ്‌സുകളുണ്ട്. ഇവയിലെ പ്രവേശനം JEE, മെയിന്‍/അഡ്വാന്‍സ്ഡ് വഴിയാണ്. ചില ഐ.ഐ.ടി.കളില്‍ കെമിസ്ട്രി, എര്‍ത്ത് സയന്‍സസ്, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ് ആന്‍ഡ് സയന്റിഫിക് കംപ്യൂട്ടിങ്, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ നാല് വര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ് പ്രോഗ്രാമുകളുണ്ട്. അഞ്ച് വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് സയന്‍സ്മാസ്റ്റര്‍ ഓഫ് സയന്‍സ് ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളുമുണ്ട്. 

ബയോളജിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ അപ്ലൈഡ് ജിയോളജി, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ആന്‍ഡ് കംപ്യൂട്ടിങ്, ഫിസിക്‌സ് എന്നീ വിഷയങ്ങളിലെ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമും ഐ.ഐ.ടിയിലുണ്ട്. ഫാര്‍മസിയില്‍ അഞ്ച് ഇന്റഗ്രേറ്റഡ് എം.ഫാം (ഡ്യുവല്‍ ഡിഗ്രി), നാല് വര്‍ഷത്തെ ബി.ഫാം പ്രോഗ്രാമുകളും ലഭ്യമാണ്. ഇതിലൊക്കെ പ്രവേശനത്തിന് JEE (മെയിന്‍) ഒന്നാം പേപ്പര്‍ എഴുതി, JEE (അഡ്വാന്‍സ്ഡ്) എഴുതാന്‍ യോഗ്യത നേടണം. ഐ.ഐ.ടി.യിലെ ആര്‍ക്കിടെക്ചര്‍ ബാച്ചിലര്‍ പ്രോഗ്രാം പ്രവേശനം തേടുന്നവരും JEE (മെയിന്‍) പേപ്പര്‍ എഴുതി JEE (അഡ്വാന്‍സ്ഡ്) അഭിമുഖീകരിക്കണം. 

എന്‍.ഐ.ടി.യിലും ചില വിഷയങ്ങളില്‍ അഞ്ച് വര്‍ഷത്തെ ഇന്‍ഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളും ബി.എഡ്എം.എഡ്. ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളും ലഭ്യമാണ്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ഡ്യുവല്‍ ഡിഗ്രി, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുമുണ്ട്. ലൈഫ് സയന്‍സസില്‍ ഇന്റഗ്രേറ്റഡ് എം.എസ് സി പ്രോഗ്രാമും എന്‍.ഐ.ടി. നല്‍കുന്നുണ്ട്. പാലക്കാട് ഐ.ഐ.ടി.യിലും കോഴിക്കോട് എന്‍.ഐ.ടി.യിലും സയന്‍സ് പ്രോഗ്രാമുകള്‍ ഇല്ല.

ഐ.ഐ.എസ്.ഇ.ആറില്‍ JEE (അഡ്വാന്‍സ്ഡ്) റാങ്ക് പരിഗണിക്കും. ഐ.ഐ.എസ്.സി.യില്‍ JEE (മെയിന്‍) \JEE (അഡ്വാന്‍സ്ഡ്) സ്‌കോര്‍ പരിഗണിക്കും. ഐ.ഐ.എസ്.ഇ.ആറില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജിക്കല്‍ സയന്‍സസ്, എര്‍ത്ത്, ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സസ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ബയോളജി, കെമിസ്ട്രി, എര്‍ത്ത് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ്, മെറ്റീരിയല്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളും പഠിക്കാന്‍ അവസരമുണ്ട്. 

(JEE മെയിന്‍ പരീക്ഷക്ക് ജനവരി ഒന്നുവരെ അപേക്ഷിക്കാം. ഓഫ്‌ലൈന്‍ രീതിയിലും (പേനപേപ്പര്‍ രീതി), ഓണ്‍ലൈന്‍ (കമ്പ്യൂട്ടര്‍) രീതിയിലും പരീക്ഷയുണ്ട്. ഓഫ് ലൈന്‍ പരീക്ഷ ഏപ്രില്‍ എട്ടിനും ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ 15, 16 തീയതികളിലുമാണ്. പരീക്ഷ പരമാവധി മൂന്നുതവണയേ എഴുതാനാവൂ. 

വിവരങ്ങള്‍ക്ക്: www.jeemain.nic.in, www.jeeadv.ac.in