സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെ നടക്കുന്ന പ്രവേശനവര്‍ഷത്തെ രണ്ടാം ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിനിന് 8,58,273 പേര്‍ രജിസ്റ്റര്‍ചെയ്തതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. അഡ്മിറ്റ് കാര്‍ഡ് www.nta.ac.inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
നാലുപേജിലായാണ് അഡ്മിറ്റ് കാര്‍ഡും നിര്‍ദേശങ്ങളും. ഒന്നാംപേജില്‍ സെന്റര്‍ വിവരങ്ങളും കോവിഡ് 19 സംബന്ധിച്ച് പരീക്ഷാര്‍ഥി നല്‍കേണ്ട സത്യപ്രതിജ്ഞയും (അണ്ടര്‍ടേക്കിങ്) ആണ്. രണ്ടാംപേജിലാണ് പ്രധാനനിര്‍ദേശങ്ങള്‍. മൂന്നും നാലും പേജുകളില്‍ കോവിഡ് 19 സംബന്ധിച്ച, ഉപദേശസ്വഭാവമുള്ള വിവരങ്ങളാണ്. നാലുപേജും ഡൗണ്‍ലോഡുചെയ്‌തെടുക്കണം.
പരീക്ഷാദിവസം പരീക്ഷാകേന്ദ്രത്തില്‍ ഫ്രിസ്‌കിങ് (പരിശോധന) ഉണ്ടാകും. ഏതെങ്കിലും പ്രത്യേക വസ്ത്രധാരണം നിര്‍ബന്ധിക്കുന്നപക്ഷം അത് ധരിക്കുന്നവര്‍ പരീക്ഷാദിവസം വിശദപരിശോധനയ്ക്ക് നേരത്തേ പരീക്ഷാകേന്ദ്രത്തില്‍ എത്തണം. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ദേഹം തൊടാതെയുള്ള പരിശോധനയുണ്ടാവും.
ആശങ്കവേണ്ടാ, സുരക്ഷിതമായി എഴുതാം
- ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സമയത്തുതന്നെ പരീക്ഷാകേന്ദ്രത്തില്‍ എത്തണം.
- പ്രവേശനകവാടത്തില്‍ ബാര്‍കോഡ് റീഡര്‍ ഉപയോഗിച്ച് അഡ്മിറ്റ് കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യും. ലാബ് നമ്പര്‍ ഈ ഘട്ടത്തില്‍ അറിയിക്കും
- പ്രവേശനകവാടത്തിലും മറ്റുസ്ഥലങ്ങളിലും ഹാന്‍ഡ് സാനിറ്റൈസര്‍ ഉണ്ടാകും
- ഓരോ ഷിഫ്റ്റിനുംമുമ്പ് മോണിറ്റര്‍, കീബോര്‍ഡ്, മൗസ്, വെബ് ക്യാം, ഡെസ്‌ക്, ചെയര്‍ തുടങ്ങിയവ സാനി?െറ്റെസ് ചെയ്യും. കതകിന്റെ പിടി, സ്റ്റെയര്‍ കേസ് റെയിലിങ്ങുകള്‍, ലിഫ്റ്റ് ബട്ടണ്‍ തുടങ്ങിയവ അണുവിമുക്തമാക്കും.
- സീറ്റുകള്‍തമ്മില്‍ നിര്‍ദേശപ്രകാരമുള്ള അകലമുണ്ടാകും.
- ശുചിത്വം ഉറപ്പാക്കാന്‍ ഗ്ലൗസ് ധരിക്കുന്ന ഇന്‍വിജിലേറ്റര്‍, ക്രിയ ചെയ്യാനുള്ള പേപ്പര്‍ പരീക്ഷ ആരംഭിക്കുന്നതിനുമുമ്പ് ഡെസ്‌കില്‍ െവച്ചിരിക്കും. വിശദമായ നിര്‍ദേശങ്ങള്‍ www.nta.ac.in-ല്‍ ലഭിക്കും.
കൈയില്‍ കരുതേണ്ടവ
അഡ്മിറ്റ് കാര്‍ഡ് (നിര്‍ദേശിച്ചരീതിയില്‍ പൂരിപ്പിച്ച കോവിഡ് അണ്ടര്‍ടേക്കിങ് സഹിതം-എ 4 പേപ്പറിലുള്ള തെളിച്ചമുള്ള പ്രിന്റ് ഔട്ട്), ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ് (പാന്‍ കാര്‍ഡ്/ഡ്രൈവിങ് ലൈസന്‍സ്/വോട്ടര്‍ ഐ.ഡി/12-ാം ക്ലാസ് ബോര്‍ഡ് അഡ്മിറ്റ് കാര്‍ഡ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ്/പാസ്‌പോര്‍ട്/ആധാര്‍ കാര്‍ഡ്/ഇ ആധാര്‍/റേഷന്‍ കാര്‍ഡ് - ഏതായാലും ഫോട്ടോ ഉണ്ടായിരിക്കണം.
- ഫോട്ടോകോപ്പി, അറ്റസ്റ്റുചെയ്ത പകര്‍പ്പ്, സ്‌കാന്‍ചെയ്ത ഐ.ഡി. മൊബൈലില്‍ ഉള്ളത് എന്നിവയൊന്നും പറ്റില്ല).
- സാധാരണ ട്രാന്‍സ്പരന്റ്(വെളിച്ചം കടക്കുന്ന) ബോള്‍ പോയന്റ് പേന, അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒട്ടിക്കാനായുള്ള അധിക ഫോട്ടോ, വ്യക്തിപരമായ ഉപയോഗത്തിന് 50 എം.എല്‍.ഹാന്‍ഡ് സാനിട്ടൈസര്‍, ട്രാന്‍സ്പരന്റ് വാട്ടര്‍ ബോട്ടില്‍ എന്നിവയും കൈവശം വെക്കാം. മറ്റൊന്നും അനുവദിക്കില്ല.
- കട്ടിയുള്ള സോള്‍ ഉള്ള ഷൂസ്/ചെരിപ്പ്, വലിയ ബട്ടണുള്ള വസ്ത്രങ്ങള്‍ എന്നിവ പറ്റില്ല.
- ബി.ആര്‍ക്ക് പ്രവേശനത്തിനുള്ള ഡ്രോയിങ് ടെസ്റ്റിന്, ജ്യോമട്രിബോക്‌സ് സെറ്റ്, പെന്‍സിലുകള്‍, ഇറേസര്‍, കളര്‍ പെന്‍സില്‍/ക്രയോണ്‍സ് തുടങ്ങിയവ കൊണ്ടുപോകണം.
- ഭിന്നശേഷിവിഭാഗക്കാര്‍ ഇളവുകള്‍ക്ക് അവകാശവാദം ഉന്നയിച്ചിട്ടുള്ളപക്ഷം ബാധകമായ രേഖകള്‍ കരുതണം.
- ക്രിയചെയ്യാനായി ലഭിക്കുന്ന ഷീറ്റുകള്‍, പൂര്‍ത്തിയാക്കിയ അഡ്മിറ്റ് കാര്‍ഡ് എന്നിവ പരീക്ഷകഴിഞ്ഞ് നിശ്ചിത പെട്ടികളില്‍ നിര്‍ബന്ധമായും നിക്ഷേപിക്കണം.
Content Highlights: JEE Main to begin on 1 September, more than 8.5 lakh candidates registered