രാജ്യത്തെ എന്‍ജിനിയറിങ്/ടെക്‌നോളജി/ആര്‍ക്കിടെക്ചര്‍/പ്ലാനിങ്/ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. jeemain.nta.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. ഒട്ടേറെ പ്രത്യേകതകളുണ്ട് 2021-ലെ ജെ.ഇ.ഇ മെയിന്‍ പരീക്ഷയ്ക്ക്. അതെന്തൊക്കെയാണെന്ന് നോക്കാം. 

വര്‍ഷത്തില്‍ നാല് തവണ: സാധാരണ വര്‍ഷത്തില്‍ രണ്ട് സെഷനായാണ് ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടത്താറുള്ളത്. എന്നാല്‍ ഇത്തവണ നാല് സെഷനുകളായി പരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചിട്ടുണ്ട്. ആദ്യ സെഷന്‍ ഫെബ്രുവരി 23 മുതല്‍ 26 വരെയാകും നടക്കുക. ബാക്കി സെഷനുകള്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലും നടക്കും. 2021-ലെ ആദ്യ ജെ.ഇ.ഇ മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 16 വരെയാണ്. 

കൂടുതല്‍ പ്രാദേശിക ഭാഷകളില്‍:  പ്രാദേശിക ഭാഷയില്‍ പരീക്ഷ നടത്താനുള്ള തീരുമാനമാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളെക്കൂടാതെ മലയാളം, തമിഴ്, ആസാമീസ്, ബംഗാളി, കന്നട, മറാഠി, ഒഡിയ, പഞ്ചാബി, തെലുങ്ക്, ഉര്‍ദു, തുടങ്ങിയ ഭാഷകളിലും ഇക്കുറി പരീക്ഷ നടക്കും. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഏത് ഭാഷവേണമെന്ന് തിരഞ്ഞെടുക്കണമെന്നും ഇത് പിന്നീട് മാറ്റാന്‍ സാധിക്കില്ലെന്നും എന്‍.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. 

പരീക്ഷാഘടനയിലും മാറ്റം: ഇതുകൂടാതെ പരീക്ഷാഘടനയിലും കാതലായ മാറ്റങ്ങള്‍ ഇക്കുറി വരുത്തിയിട്ടുണ്ട്. ബി.ടെക്ക് പ്രവേശനത്തിനായുള്ള പരീക്ഷയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങളില്‍ നിന്ന് 30 വീതം ആകെ 90 ചോദ്യങ്ങളാണുണ്ടാവുക. ഇതില്‍ 75 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയാല്‍ മതി. ചോദ്യങ്ങള്‍ എ, ബി എന്നീ സെക്ഷനുകളായി തിരിച്ചിട്ടുണ്ടായിരിക്കും. സെക്ഷന്‍ എയില്‍ ഓരോ വിഷയത്തില്‍ നിന്നും 20 ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാകും. സെക്ഷന്‍ ബിയിലെ ഓരോ വിഷയത്തില്‍ നിന്നുമുള്ള 10 ചോദ്യങ്ങളില്‍ അഞ്ച് എണ്ണത്തിന് മാത്രം ഉത്തരം നല്‍കിയാല്‍ മതിയാകും. തെറ്റുത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടാകില്ല. 

കോവിഡ്-19നെത്തുടര്‍ന്ന് സി.ബി.എസ്.ഇ ഉള്‍പ്പെടെ പല ബോര്‍ഡുകളും സിലബസ് വെട്ടിക്കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും എഴുതാന്‍ സാധിക്കുന്ന തരത്തിലാകും ചോദ്യഘടനയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

Content Highlights: JEE Main Exam 2021 registration started, Regional languages, Engineering admission