ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ രണ്ടാം പരീക്ഷയും കഴിഞ്ഞു. ആദ്യപരീക്ഷ ജനുവരിയിലാണ് നടന്നത്. അതിൽ പരീക്ഷാർഥികൾക്ക് ലഭിച്ച പെർസന്റൈൽ സ്കോർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 

അഡ്വാൻസ്ഡ് അർഹത

ബി.ഇ./ബി.ടെക്. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാനുള്ള അർഹതയും എൻ.ടി.എ. പ്രഖ്യാപിക്കും. ഈ പരീക്ഷയിൽ, വിവിധ വിഭാഗങ്ങളിൽനിന്നായി മുന്നിലെത്തുന്ന 2,50,000 പേർക്കാണ് ഐ.ഐ. ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത കിട്ടുക. ഇവർ https://jeeadv.ac.in വഴി രജിസ്റ്റർചെയ്ത് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ അഭിമുഖീകരിക്കണം.

 സെപ്‌റ്റംബർ 12 മുതൽ 17-ന് വൈകീട്ട് അഞ്ചുവരെ രജിസ്ട്രേഷന് സൗകര്യം ഉണ്ടാകും. രജിസ്റ്റർചെയ്തവർ സെപ്‌റ്റംബർ 18-ന് വൈകീട്ട് അഞ്ചിനകം ഫീസ് (പെൺകുട്ടികൾക്കും പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്കും 1400 രൂപ, മറ്റെല്ലാവർക്കും 2800 രൂപ) അടയ്ക്കണം. സെപ്‌റ്റംബർ 27-ന് നടത്തുന്ന ജെ.ഇ.ഇ. അഡ്വാൻസ്ഡിന് മൂന്ന് മണിക്കൂർവീതം ദൈർഘ്യമുള്ള രണ്ടുപേപ്പർ ആണുള്ളത്. രണ്ടിലും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ മൂന്നു ഭാഗങ്ങൾ ഉണ്ടാകും. 

പരീക്ഷകഴിഞ്ഞ് പരീക്ഷാർഥിയുടെ റെസ്പോൺസ്, ഉത്തരസൂചിക എന്നിവ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. പരാതി നൽകാൻ അവസരമുണ്ടാകും. കാറ്റഗറി അനുസരിച്ച് ഓരോ വിഷയത്തിലും മൊത്തത്തിലും നിശ്ചിത കട്ട് ഓഫ് മാർക്ക് വാങ്ങുന്നവർക്കേ ജെ.ഇ. ഇ. അഡ്വാൻസ്ഡ് റാങ്ക് പട്ടികയിൽ സ്ഥാനം കിട്ടുകയുള്ളൂ. 

ഐ.ഐ.ടി. -ബി.ആർക്

ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പട്ടിക വന്നശേഷം (ഒക്ടോബർ അഞ്ചിന് പ്രതീക്ഷിക്കാം), അതിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക്, ഐ.ഐ.ടി.കളിലെ ബി.ആർക്. പ്രവേശനത്തിൽ താത്‌പര്യമുണ്ടെങ്കിൽ ആർക്കിടെക്ചർ അഭിരുചിപരീക്ഷയ്ക്ക് രജിസ്റ്റർചെയ്ത് അഭിമുഖീകരിച്ച് യോഗ്യത നേടണം. ഇതിന്റെ രജിസ്ട്രേഷൻ ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ നടത്താം. പരീക്ഷ ഒക്ടോബർ എട്ടിന്. ഫലം ഒക്ടോബർ 11-ന് പ്രഖ്യാപിക്കും. യോഗ്യത നേടുന്നവരെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ച് ഐ.ഐ.ടി.യിലെ ബി. ആർക്. പ്രവേശനത്തിന് പരിഗണിക്കും. റൂർക്കി, ഖരഗ്‌പുർ, വാരാണസി എന്നിവിടങ്ങളിലാണ് ബി.ആർക്. പ്രോഗ്രാം ഉള്ളത്.

അലോട്ട്മെന്റ് ജോസ വഴി 

ജെ.ഇ.ഇ. അഡ്വാൻസ്ഡ് ഫലംകൂടി വന്നശേഷം ജെ.ഇ. ഇ. മെയിൻ/അഡ്വാൻസ്ഡ് റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിൽ ഐ.ഐ.ടി.കളിലേക്കും എൻ.ഐ. ടി. വിഭാഗത്തിലേക്കും (എൻ.ഐ.ടി., ഐ.ഐ.ഐ.ടി., ഗവ.ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്സ്) സംയുക്ത കൗൺസലിങ് നടത്തും. ജോയൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റി(ജോസ)ക്കായിരിക്കും ഇതിന്റെ ചുമതല. വിവരങ്ങൾ https://josaa.nic.in -ൽ പിന്നാലെ വരുന്നതാണ്‌.

പെർസന്റൈൽ സ്കോർ

രണ്ടാംപരീക്ഷയിൽ ലഭിച്ച ചോദ്യങ്ങളും അവർ മാർക്ക് ചെയ്ത ഉത്തരങ്ങളും ചോദ്യങ്ങളുടെ ഔദ്യോഗിക ഉത്തരസൂചികയും നാഷണൽ ടെസ്റ്റിങ് ഏജൻസി താമസിയാതെ ജെ. ഇ.ഇ. വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. അതിന്മേൽ പരാതിനൽകാൻ സമയം നൽകും. താത്‌പര്യമുള്ളവർ നിശ്ചിത ഫീസടച്ച് സമയപരിധിക്കകം അപ്പീൽ നൽകാൻ ശ്രദ്ധിക്കണം. 
തുടർന്ന്, അന്തിമ ഉത്തരസൂചികയനുസരിച്ചുള്ള പരീക്ഷാർഥികളുടെ പെർസന്റൈൽ സ്കോർ എൻ.ടി.എ. പ്രസിദ്ധപ്പെടുത്തും. അതോടൊപ്പം, പരീക്ഷയുടെ റാങ്ക് പട്ടികയും. ഏതെങ്കിലും ഒരു പരീക്ഷമാത്രം എഴുതിയവരുടെ കാര്യത്തിൽ അതിലെ പെർസന്റൈൽ സ്കോറും രണ്ടും എഴുതിയവരുടെ കാര്യത്തിൽ തമ്മിൽ ഭേദപ്പെട്ട പെർസന്റൈൽ സ്കോറും പരിഗണിച്ചാണ് റാങ്ക് പ്രഖ്യാപിക്കുക. സെപ്‌റ്റംബർ 11-ന് ഫലപ്രഖ്യാപനം ഉണ്ടായേക്കാം. മൂന്ന് റാങ്ക്പട്ടികകൾ ഉണ്ടാകും. ബി.ഇ./ബി.ടെക്., ബി.ആർക്., ബി.പ്ലാനിങ് എന്നിവയ്ക്ക്. 

Content Highlights: JEE Main Allotment Process, JEE Main 2020