ഓച്ചിറ : അര്‍ബുദം കീഴടക്കിയ വോളിബോള്‍ കോച്ചും കായികാധ്യാപകനുമായിരുന്ന തഴവ കുതിരപ്പന്തി കണ്ണംപള്ളില്‍ ജെ.മാത്യൂസിന് മരണാനന്തരം ഡോക്ടറേറ്റ്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.

വോളിബോള്‍ പരിശീലനത്തെ ആസ്പദമാക്കിയായിരുന്നു ഗവേഷണം. ഡോക്ടറേറ്റ് നേടണമെന്ന ആഗ്രഹത്തോടെ, രോഗത്തോടു മല്ലടിച്ചാണ് മാത്യൂസ് പ്രബന്ധം തയ്യാറാക്കിയത്.

2019 ഓഗസ്റ്റ് ഏഴിന് സമര്‍പ്പിച്ചു. പത്തുദിവസത്തിനുശേഷം 18ന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിച്ചു. 48 വയസ്സായിരുന്നു. പ്രബന്ധം സമര്‍പ്പിച്ചശേഷം നടത്താറുള്ള 'ഓപ്പണ്‍ ഡിഫന്‍സ്' അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് അക്കാദമിക്ക് കൗണ്‍സില്‍ ഒഴിവാക്കി.

കണ്ണൂര്‍ സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അനില്‍ രാമചന്ദ്രന്റെ കീഴിലായിരുന്നു ഗവേഷണം.

നിരവധിവര്‍ഷം മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പുരുഷ, വനിതാ ടീമുകളുടെ മാനേജരും പരിശീലകനുമായിരുന്നു. 2017ല്‍ കണ്ണൂരില്‍ നടന്ന അഖിലേന്ത്യ അന്തസ്സര്‍വകലാശാല വോളിബോള്‍ ടൂര്‍ണമെന്റില്‍ മഹാത്മാഗാന്ധി സര്‍വകലാശാല കിരീടം നേടുമ്പോള്‍ മാത്യൂസായിരുന്നു പരിശീലകന്‍.

എറണാകുളം മഹാരാജാസ് കോളേജ്, മൂന്നാര്‍ ഗവ. കോളേജ് എന്നിവിടങ്ങളിലെ സേവനത്തിനുശേഷം ചവറ ഗവ. കോളേജില്‍ അസി. പ്രൊഫസറായി ജോലിനോക്കുമ്പോഴാണ് മരണം.

കുതിരപ്പന്തി പരിഷ്‌കാര ഗ്രന്ഥശാലയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പരിശീലന ക്യാമ്പുകളിലൂടെ ഒട്ടേറെ വോളിബാള്‍ പ്രതിഭകളെ കണ്ടെത്തി.

ഇടക്കാലത്ത് നഷ്ടമായ കുതിരപ്പന്തിയുടെ വോളിബോള്‍ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചപ്പോഴാണ് മരണം മാത്യൂസിനെ തട്ടിയെടുത്തത്. സോജി സാറാ ജോയിയാണ് ഭാര്യ. ജ്യുവല്‍ മാത്യു, ജോഷ് മാത്യു എന്നിവരാണ് മക്കള്‍.

Content Highlights: J. Mathews, a volleyball coach and sports teacher  posthumously awarded a doctorate