IISERSശാസ്ത്രവിഷയങ്ങളില്‍ സമര്‍ത്ഥരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ഐസറുകളില്‍) പഞ്ചവത്സര ബിഎസ്- എംഎസ് ഇരട്ട ബിരുദകോഴ്സുകളില്‍ പഠനാവസരം. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണവും അദ്ധ്യാപനവും സമന്വയിപ്പിച്ചുള്ള പാഠ്യപദ്ധതിയാണിവിടെയുള്ളത്.

തിരുവനന്തപുരം, തിരുപ്പതി, പൂണൈ, മൊഹാലി, ഭോപാല്‍,  ബര്‍ഹാംപൂര്‍, കോല്‍ക്കത്ത എന്നിവിടങ്ങളിലുള്ള ഐസറുകളില്‍ ഇക്കൊല്ലം നടത്തുന്ന ബി.എസ്-എംഎസ് ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്  ഇനി പറയുന്ന യോഗ്യതയുള്ളവരെയാണ് പരിഗണിക്കപ്പെടുക. 

ശാസ്ത്രവിഷയങ്ങളില്‍ പന്ത്രണ്ടാംക്ലാസ് ബോര്‍ഡ് പരീക്ഷ 2015-ല്‍ വിജയിച്ചവര്‍ക്കും 2016-ല്‍ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ ഇനി പറയുന്ന ഏതെങ്കിലും യോഗ്യതകൂടി നേടിയിരിക്കണം. പ്രാബല്യത്തിലുള്ള കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (KVPY) ഫെലോഷിപ്പ് അല്ലെങ്കില്‍ IIT-JEE Advanced  2016-ല്‍ നേടുന്ന യോഗ്യത (പ്ലസ്ടു / തുല്യപരീക്ഷയില്‍ 60% മാര്‍ക്കില്‍ കുറയാതെ  വേണം. അല്ലെങ്കില്‍ സ്റ്റേറ്റ്/സെന്‍ട്രല്‍ ബോര്‍ഡ് പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം. സ്റ്റേറ്റ്/സെന്‍ട്രല്‍ ബോര്‍ഡ് പരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന അപേക്ഷാര്‍ത്ഥികള്‍ ഐസറുകള്‍ ദേശീയതലത്തില്‍ നടത്തുന്ന അഭിരുചി പരീക്ഷയില്‍കൂടി യോഗ്യത നേടണം.

പ്രവേശനം സംബന്ധിച്ച സമഗ്രവിവരങ്ങള്‍ www.iiseradmission.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. അപേക്ഷ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ 2016 മേയ് നാലാം വാരം സജ്ജമാകും. നിര്‍ദ്ദേശങ്ങള്‍  പാലിച്ച് വേണം അപേക്ഷാസമര്‍പ്പണം നടത്തേണ്ടത്.

അപേക്ഷാഫീസ് 1500 രൂപയാണ്. പട്ടികജാതി / വര്‍ഗക്കാര്‍ക്ക് 750 രൂപ മതി. പൂര്‍ണമായും റസിഡന്‍ഷ്യല്‍ പ്രോഗ്രാമായതിനാല്‍ പ്രവേശനം ലഭിക്കുന്നവരെല്ലാം ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണം. 

സ്‌പോര്‍ട്സ്, മെഡിക്കല്‍, റിക്രിയേഷന്‍ സൗകര്യങ്ങള്‍  ഇവിടെ ലഭിക്കും.ബിഎസ്-എംഎസ് കോഴ്സില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  KVPY അല്ലെങ്കില്‍ INSPIRE സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും.  പ്രതിമാസം 5000 രൂപ വീതമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

പത്ത് സെമസ്റ്ററുകളായുള്ള 5 വര്‍ഷത്തെ കോഴ്സില്‍ ആദ്യത്തെ രണ്ട് വര്‍ഷം പൊതുവായിട്ടുള്ള കോര്‍ കോഴ്സുകളിലാണ് പഠനം. മൂന്നും നാലും വര്‍ഷങ്ങളില്‍ ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിലൊന്ന് മുഖ്യമായി തിരഞ്ഞെടുത്ത് പഠിക്കാനാവും. 

അഞ്ചാമത്തെ വര്‍ഷം ഗവേഷണ പഠനമാണ്. കൂടുതല്‍ വിവരങ്ങള്‍ അതത് ഐസറുകളുടെ വെബ്സൈറ്റില്‍ നിന്നോ www.iiseradmission.in എന്ന വെബ്സൈറ്റില്‍ നിന്നോ സമാഹരിക്കാം. തിരുവനന്തപുരം ഐസറിന്റെ വെബ്സൈറ്റ് www.iisertvm.ac.in, തിരുപ്പതി www.iisertirupathi.ac.in, പൂണെ www.iiserpune.ac.in, മൊഹാലി www.iisermohali.ac.in, കോല്‍ക്കത്ത www.iiserkol.ac.in,  ഭോപാല്‍ www.iiserb.ac.in എന്നിവയാണ് മറ്റ് ഐസറുകളുടെ വെബ്സൈറ്റുകള്‍.