ലയാള ഭാഷ വാസ്തവത്തില്‍ പ്രതിസന്ധിയിലാണോ? അതോ ഈ പ്രതിസന്ധി ചില ഭാഷാകാല്പനികരുടെ ഭാവന മാത്രമാണോ? എന്താണ് മാതൃഭാഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍? ആദ്യമേ പറയട്ടെ, പ്രതിസന്ധി മലയാള ഭാഷയ്ക്കല്ല, മലയാളിക്കാണ്. ആശങ്കകള്‍ മലയാളത്തെക്കുറിച്ചല്ല മലയാളിയെക്കുറിച്ചാണ്. ഒരു ജൈവഭാഷ എന്നനിലയ്ക്ക് ശബ്ദസമൃദ്ധിയിലും പദസമ്പത്തിലും ആവിഷ്‌കാരക്ഷമതയിലും മലയാളത്തിന് മറ്റേതൊരു ലോക ഭാഷയോടും സമശീര്‍ഷമായി നില്‍ക്കാനാവും. അത് ഇവിടെ വിവരിക്കുന്നില്ല; അത് പുതുതായി സമര്‍ഥിക്കേണ്ട ആവശ്യവുമില്ല. മലയാളത്തിന്റെ സുവിദിതമായ ഈ മികവ് ഒരു വസ്തുതയായിരിക്കേ, ഈ ഭാഷ മാതൃഭാഷയായിരിക്കേ, യുക്തിരഹിതമായ നിര്‍ബന്ധബുദ്ധിയോടെയും ബുദ്ധിശൂന്യമായ മുന്‍വിധികളോടെയും സ്വന്തം ഭാഷയില്‍നിന്ന് അകന്നുനില്‍ക്കുന്നവരെക്കുറിച്ചാണ് ആശങ്കകളും ആകുലതകളും.

ഇംഗ്ലീഷ് ഭാഷയോട് നമുക്കു തോന്നുന്ന ആദരവും ആ ഭാഷയുടെ സര്‍വാധിപത്യം അംഗീകരിക്കാനുള്ള വ്യഗ്രതയും ദീര്‍ഘകാലത്തെ കൊളോണിയല്‍ ഭരണത്തിന്റെ ഫലമായി സമൂഹമനസ്സില്‍ രൂപപ്പെട്ട വിധേയത്വമാണെന്ന വിലയിരുത്തല്‍ വ്യാപകമാണ്. ആ നിഗമനത്തിന് ചരിത്രപരമായ സാധൂകരണവുമുണ്ട്. എന്നാല്‍, സ്വാതന്ത്ര്യംനേടി എഴുപതുവര്‍ഷം കഴിഞ്ഞിട്ടും ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷപത്രമാണ് ഈ മനോഭാവം എന്ന ആശയം വിചാരണ ചെയ്യപ്പെടാതിരുന്നുകൂടാ. മറ്റെന്തൊക്കെയോ പ്രേരണകളാണ് ഇംഗ്ലീഷ് വിധേയത്വത്തിനുപിന്നില്‍.

ഉപരിപ്ലവകരമായ ന്യൂനീകരണം

നവസാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന ആധുനികലോകത്ത് മലയാള ഭാഷാപഠനംകൊണ്ട് പ്രയോജനമില്ലെന്നു വിശ്വസിക്കുന്നവരുടെ എണ്ണം നിസ്സാരമല്ല. ഇവിടെ 'പ്രയോജനം' എന്ന വാക്ക് സൂക്ഷ്മപരിശോധനയ്ക്കു വിധേയമാവണം. ഉന്നതവിദ്യാഭ്യാസം നേടുക, ജോലികിട്ടുക, വിദേശത്തു പോവുക എന്നിവയാണ് സാധാരണയായി വിവക്ഷിക്കപ്പെടുന്ന പ്രയോജനം. ഈ പറയുന്ന നേട്ടങ്ങള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്ന ആശയം സമ്മതിച്ചുകൊടുത്താല്‍പ്പോലും മലയാളം പഠിക്കാതിരിക്കുന്നതുകൊണ്ട് നേടുന്ന അധിക പ്രയോജനം എന്താണെന്ന് അജ്ഞാതം. ഇംഗ്ലീഷ് പഠിക്കാന്‍ പാടില്ലെന്ന് ഒരു ഭാഷാസ്‌നേഹിയും പറയുന്നില്ലല്ലോ. പക്ഷേ, മാതൃഭാഷയറിഞ്ഞുകൂടാത്ത വിദ്യാസമ്പന്നനാകണമോ, മലയാളവും അറിയാം ഇംഗ്ലീഷും അറിയാം എന്ന് അവകാശപ്പെടാനാവുന്ന വിദ്യാസമ്പന്നനാകണമോ ? അതാണ് പ്രശ്‌നം. പ്രയോജനം എന്ന ആശയത്തെ തികച്ചും ഉപരിപ്ലവമായി ന്യൂനീകരിക്കുന്നതിന്റെ ഭവിഷ്യത്താണിത്.

അസമര്‍ഥരാവുന്ന കുട്ടികള്‍

ചെറിയ ക്‌ളാസുകള്‍മുതല്‍ മാതൃഭാഷയില്‍നിന്ന് അകറ്റപ്പെടുന്ന കുട്ടികള്‍, പാഠപുസ്തകങ്ങളില്‍നിന്ന് ആര്‍ജിക്കുന്ന അറിവുകള്‍ തങ്ങളുടെ ചുറ്റുപാടുകളുമായി ബന്ധപ്പെടുത്താന്‍ അസമര്‍ഥരായിത്തീരുന്നു. ആ അറിവുകളെല്ലാം അമൂര്‍ത്തമായി മാത്രം മനസ്സില്‍ ഇടംനേടുന്നു. പ്രായോഗികതലത്തില്‍ അവയ്ക്ക് സാംഗത്യമുള്ളതായി മനസ്സിലാക്കാതെ ഉയര്‍ന്ന ക്ലാസുകളിലേക്കു പോകുന്ന കുട്ടികള്‍ പരീക്ഷയില്‍ നല്ല മാര്‍ക്കുവാങ്ങി അവരുടെ സ്‌കൂളിനും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും അഭിമാനം നല്‍കും. എന്നാല്‍, പരീക്ഷയുടെ അതിരുകള്‍ക്കപ്പുറത്തേക്കു പോകാനോ, പഠിച്ച വിഷയങ്ങളില്‍ ആസക്തരാകാനോ അന്വേഷകരാകാനോ പലപ്പോഴും കുട്ടികള്‍ക്ക് സാധിക്കാതെപോകുന്നു. ജീവിതവുമായി ബന്ധപ്പെടുത്തി ആശയങ്ങള്‍ ഗ്രഹിക്കുന്നതിനു അനിവാര്യമായ മാതൃഭാഷയുടെ മധ്യസ്ഥത കുട്ടിക്ക് ലഭിക്കുന്നില്ല. അങ്ങനെയുള്ള കുട്ടികള്‍ ജീവിതത്തില്‍ വിജയിക്കില്ലെന്നല്ല; അവര്‍ക്ക് മാതൃഭാഷയുടെ അനുഗ്രഹം കൂടിയുണ്ടായിരുന്നെങ്കില്‍ എത്തിപ്പെടുമായിരുന്ന ഔന്നത്യത്തിന്റെ പകുതിയോളംമാത്രമേ അവര്‍ എത്തുന്നുള്ളൂ.

നൊബേല്‍ സമ്മാനവും മറ്റ് ആഗോള അംഗീകാരങ്ങളും നമ്മുടെ സര്‍വകാലാശാലാ ഗവേഷണങ്ങളെത്തേടി വരാത്തതിന്റെ കാരണവും അറിവും ജീവിതവുമായി തുടക്കംമുതലേ നിലവില്‍വരുന്ന ഈ വിടവാണ്. ഇംഗ്ലണ്ടിലും ജപ്പാനിലും അമേരിക്കയിലും ഫ്രാന്‍സിലും ജര്‍മനിയിലും നിന്നൊക്കെ നൊബേല്‍ സമ്മാനജേതാക്കള്‍ എല്ലാവര്‍ഷവും ഉണ്ടാകുമ്പോള്‍ ഓര്‍ക്കേണ്ടത്, അവരൊക്കെ ഇംഗ്ലീഷില്‍ കാര്യങ്ങള്‍ ഗ്രഹിച്ചതുകൊണ്ടല്ല, അവരുടെ മാതൃഭാഷയില്‍ മനസ്സിലാക്കിയതുകൊണ്ടാണ് സാഹസികമായ ബൗദ്ധികാന്വേഷണങ്ങള്‍ ഏറ്റെടുക്കാന്‍ സജ്ജരാകുന്നത് എന്നതത്രേ.

നമ്മുടെ കുഞ്ഞുങ്ങള്‍ ലോകത്തിന്റെ ബൗദ്ധിക നേതൃത്വത്തിലേക്ക് ഉയരണമെങ്കില്‍ അറിവും അനുഭവവും തമ്മിലുള്ള അകലം ആരംഭംമുതല്‍ ഇല്ലാതാകണം. അതിനു മാതൃഭാഷയിലൂടെയല്ലാതെ സാധിക്കുകയില്ല എന്നത് തെളിയിക്കപ്പെട്ട സത്യം. 'പ്രയോജനം', എന്ന ആശയത്തെ ധീരമായി അപനിര്‍മിക്കാനും പുനര്‍നിര്‍വചിക്കാനും സമയം അതിക്രമിച്ചു. മാതൃഭാഷയെ അവഗണിക്കുന്നവര്‍ വാസ്തവത്തില്‍ നമ്മുടെ കുഞ്ഞുങ്ങളോട് അനീതി പുലര്‍ത്തുന്നു, സദുദ്ദേശ്യത്തോടെയാണെങ്കിലും.

മാതൃഭാഷ അറിയാത്ത ഒരു വിദ്യാര്‍ഥിക്ക് സംഭവിക്കുന്ന വൈജ്ഞാനികമായ അപൂര്‍ണതയെക്കുറിച്ചും അറിവിലെ വിടവുകളെക്കുറിച്ചും രക്ഷിതാക്കള്‍ തിരിച്ചറിയുന്നില്ല. യഥാര്‍ഥ പ്രയോജനത്തെയും നേട്ടത്തെയും താത്കാലികമായ നേട്ടത്തിനു മുന്നില്‍ അടിയറവെക്കുകയാണ് മലയാളത്തോടുള്ള അടിസ്ഥാനരഹിതമായ നമ്മുടെ താത്പര്യമില്ലായ്മ

എന്തുചെയ്യണം...

1 കേരളത്തിലെ ഒരു സ്ഥാപനവും പ്രീ പ്രൈമറി തലത്തില്‍ മലയാളം പഠിപ്പിക്കാതിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നിയമമുണ്ടാവണം. (മറ്റു ഭാഷകള്‍ മാതൃഭാഷയായിട്ടുള്ള വിഭാഗങ്ങള്‍ ആ ഭാഷ പഠിക്കട്ടെ.) ഏതു മീഡിയത്തില്‍ കുട്ടികളെ പഠിപ്പിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കാണ് എന്ന ഒരു കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ഇവിടത്തെ 'ഇന്റര്‍നാഷണല്‍ സ്‌കൂളുകളും' പഞ്ചനക്ഷത്ര എല്‍.കെ.ജി.കളും മലയാളത്തെ പടിക്കുപുറത്തു നിര്‍ത്തിയിരിക്കുന്നത്. മാതൃഭാഷ പഠിപ്പിക്കരുതെന്നല്ല, ആ വിധിയുടെ താത്പര്യം. അങ്ങനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ട്. മാതൃഭാഷ പഠിക്കുന്നതിന്റെ ശാസ്ത്രീയത സംശയരഹിതമായി സ്ഥാപിക്കപ്പെട്ടിരിക്കേ അതു കുട്ടികള്‍ പഠിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പുതിയൊരു നിയമം ഒരു കോടതിവിധിക്കും എതിരല്ല. അതു കോടതിയലക്ഷ്യം ആയിരിക്കുമെന്ന പ്രചാരണത്തിനു അടിത്തറയില്ല .

2 സ്റ്റേറ്റ് സിലബസായാലും സി.ബി.എസ്.ഇ. അല്ലെങ്കില്‍ ഐ.സി.എസ്.ഇ. ആയാലും പത്താം ക്ലാസുവരെയുള്ള പാഠ്യപദ്ധതിയില്‍, മലയാളം ഒരു വിഷയമായി കുട്ടികള്‍ പഠിക്കുകയും മലയാളകവിതയും കഥയും സാഹിത്യത്തിന്റെ മറ്റു ശാഖകളും പരിചയപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം. തമിഴ്‌നാട്ടില്‍ ഇതു കര്‍ശനമായി നടപ്പാക്കുന്നു. കേരളത്തിലെ ഒരു സി.ബി.എസ്.ഇ. സ്‌കൂളിനോട് ഇതു പറഞ്ഞാല്‍ എന്തോ വലിയൊരു ഭാരം കുട്ടികളുടെ തലയില്‍ കയറ്റിവെക്കുകയാണെന്ന ഭാവമായിരിക്കും. സ്‌കൂളിന്റെ ഔദാര്യമല്ല, കുട്ടിയുടെ ഭാവിയും സംസ്‌കാരവുമാണ് പ്രധാനം. എഴുത്തച്ഛനെന്നും കുഞ്ചന്‍ നമ്പ്യാരെന്നും സി.വി. രാമന്‍പിള്ളയെന്നും ചങ്ങമ്പുഴയെന്നും തകഴിയെന്നും ബഷീര്‍ എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ 'Who are these guys?' എന്ന് വിദ്യാസമ്പന്നരായ നമ്മുടെ കുഞ്ഞുങ്ങള്‍ ചോദിക്കേണ്ടിവരുന്ന അവസ്ഥയിലെത്തിക്കുന്ന വിദ്യാഭ്യാസ വൈകല്യം ഇനിയും അനുവദിച്ചുകൊടുക്കാമോ? സര്‍ക്കാരിന് മാത്രമേ രക്ഷിക്കാനാവൂ.

3 ഔദ്യോഗികഭാഷ മലയാളമാക്കുന്നതിനും അത് ത്വരപ്പെടുത്തുന്നതിനും മാത്രമേ സര്‍ക്കാരില്‍ ഒരു വകുപ്പുള്ളൂ. മലയാളഭാഷയുടെ വികസനത്തിനും ലക്ഷ്യവേധിയായ പരിപാടികള്‍ ഏറ്റെടുക്കുന്നതിനും ഇന്ന് കേരളസര്‍ക്കാരില്‍ ഒരു 'മലയാള ഭാഷാ' വകുപ്പില്ല. ഭാഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് ഔദ്യോഗിക ഭാഷാവകുപ്പിലും വിദ്യാഭ്യാസ വകുപ്പിലും സാംസ്‌കാരികകാര്യ വകുപ്പിലും ഭരണപരിഷ്‌കാര വകുപ്പിലുമെല്ലാം ഭ്രമണം ചെയ്യാറാണ് പതിവ്. ഈ ഉടയനില്ലായ്മ സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ സര്‍ക്കാരിനുതന്നെ തടസമുണ്ടാക്കുന്നുണ്ട്. മറ്റുപല സംസ്ഥാനങ്ങളിലും ഭാഷയ്ക്കുവേണ്ടി പ്രത്യേകവകുപ്പുണ്ട്. ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭ നിയോഗിച്ച കോമാട്ടില്‍ അച്യുതമേനോന്‍ കമ്മിറ്റി പറഞ്ഞ പല കാര്യങ്ങളും ഇപ്പോഴും നടപ്പാകാത്തതില്‍ അദ്ഭുതമില്ല. കാലത്തിന്റെ ആവശ്യമായ ഒരു 'മലയാളഭാഷാവകുപ്പ്' ഇനിയും വൈകിക്കൂടാ.

Content Education: Importance of Malayalam in Education