വലിയതോതില്‍ മാനവശേഷി കയറ്റുമതിചെയ്യുന്ന ഒരു സംസ്ഥാനമാണ് കേരളം. അന്താരാഷ്ട്ര നിലവാരത്തിലുള്ള അറിവും വൈദഗ്ധ്യവുമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടത് ഇക്കാര്യത്തില്‍ നമുക്കുള്ള മേല്‍ക്കൈ നിലനിര്‍ത്താനാവശ്യമാണ്. നിലവില്‍ ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായി നടത്തിവരുന്ന ബ്ലന്‍ഡഡ് ലേണിങ്‌പോലുള്ള നിര്‍ദേശങ്ങളെ ഒരവസരമായിക്കണ്ട് നാം മുന്നിട്ടറങ്ങണം

 

2020-ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരം ഉന്നതവിദ്യാഭ്യാസരംഗം ഇന്ത്യയിലാകമാനം ഘടനാപരവും ഗുണപരവുമായ ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഇതോടനുബന്ധിച്ച് ഒട്ടേറെ മാര്‍ഗരേഖകള്‍ കേന്ദ്രവിദ്യാഭ്യാസവകുപ്പും യു.ജി.സി.പോലുള്ള സമിതികളും പുറപ്പെടുവിച്ചുതുടങ്ങിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് യു.ജി.സി. പുറപ്പെടുവിച്ച ബ്ലന്‍ഡഡ് ലേണിങ് സംബന്ധിച്ച മാര്‍ഗരേഖ. നിലവിലെ പഠനസമ്പ്രദായങ്ങളെ അടിമുടി മാറ്റിമറിച്ചേക്കാവുന്ന ഈ പഠനരീതി പ്രതീക്ഷകളും ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. 

നിലവിലെ പഠനരീതികളും വിലയിരുത്തലുകളും

നമ്മളോരോരുത്തരും വ്യത്യസ്തരായിരിക്കുന്നതുപോലെത്തന്നെ നമ്മുടെയെല്ലാം പഠനരീതികളും വ്യത്യസ്തമാണ്. ഒരാള്‍ പഠിക്കാനായി സാധാരണ കേള്‍വി (auditory), കാഴ്ച (visual), തൊട്ടറിവ് (kinesthetic) എന്നിവയ്‌ക്കൊപ്പം വായന-എഴുത്ത് (read-write) എന്നീ മാര്‍ഗങ്ങളും ഉപയോഗിക്കുന്നു. ഉദാഹരണമായി, ചിലര്‍ക്ക് വളരെ സാവധാനത്തില്‍ പലതവണ കണ്ടും കേട്ടുമേ പഠിക്കാനാവൂ. മറ്റുചിലരാകട്ടെ വളരെപ്പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിക്കും. ഇതില്‍ കൈനസ്‌തെറ്റിക് രീതി ശാസ്ത്ര-സാങ്കേതിക പഠനങ്ങള്‍ക്കൊപ്പം കലാപഠനങ്ങളിലും വളരെ പ്രധാനപ്പെട്ടതാണ്. നിലവിലുള്ള പാഠ്യപദ്ധതികളെല്ലാം മേല്‍സൂചിപ്പിച്ച മാര്‍ഗങ്ങളെ ആശ്രയിക്കുന്നവിധത്തില്‍ ശരാശരി പഠനനിലവാരം പുലര്‍ത്തുന്നവര്‍ക്കുവേണ്ടി തയ്യാറാക്കിയവയാണ്.

ബ്ലൂംസ് ടാക്‌സോണമി

1956-ല്‍ ബഞ്ചമിന്‍ ബ്ലൂമും പങ്കാളികളും ചേര്‍ന്ന്, പഠനലക്ഷ്യങ്ങള്‍ വിലയിരുത്താനായി ബ്ലൂംസ് ടാക്‌സോണമി എന്നറിയപ്പെടുന്ന ഒരു ചട്ടക്കൂട് നിര്‍മിക്കുകയുണ്ടായി. പിരമിഡ് ആകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഈ ചട്ടക്കൂട് വിദ്യാഭ്യാസത്തിലൂടെ ഒരു വ്യക്തി ഏതൊക്കെ കഴിവുകളാര്‍ജിക്കണമെന്ന് നിര്‍വചിക്കുന്നു (ചിത്രം കാണുക) പഠിച്ച കാര്യങ്ങള്‍ ഓര്‍മിക്കുക (remember), അതിന്റെ അന്തഃസത്ത മനസ്സിലാക്കുക (understand), പഠിച്ചവിഷയങ്ങള്‍ പ്രയോഗിക്കുക (apply), ആര്‍ജിച്ച അറിവ് വിശകലനങ്ങള്‍ക്കായി ഉപയോഗിക്കുക (analyse), അവ വിലയിരുത്തലുകള്‍ക്കായി ഉപയോഗപ്പെടുത്തുക (evaluate), പുതിയ അറിവുകള്‍ നിര്‍മിച്ചെടുക്കുക (create) എന്നിവയാണ് ബ്ലൂംസ് രീതിയിലെ വിവിധതലങ്ങള്‍.

1990-കള്‍ക്കുശേഷം ലോകം മുഴുവന്‍ ഒറ്റക്കമ്പോളമായി മാറിയശേഷം നമുക്ക് വിവിധ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ തുറന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസംനേടുന്ന ഒരാള്‍ക്ക് ലോകത്തെവിടെച്ചെന്നാലും സ്വീകാര്യത ലഭിക്കേണ്ടത് അത്യാവശ്യമായിവരുന്നു. എന്നാല്‍, ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന ഒരാള്‍ക്ക് പല പാശ്ചാത്യരാജ്യങ്ങളിലും പഠനത്തിനൊത്ത ജോലി ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. മെഡിക്കല്‍, എന്‍ജിനിയറിങ്, മാനേജ്മെന്റ് പോലുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലകളില്‍ ഇത് വളരെ പ്രകടമാണ്. മറുനാടുകളിലേക്ക് പോകുന്ന പ്രൊഫഷണലുകള്‍ അന്നാട്ടില്‍ ജോലിലഭിക്കാനായി വീണ്ടും പഠിക്കേണ്ടിവരിക, തുല്യതാപരീക്ഷകള്‍ പാസാകാനായി കഷ്ടപ്പെടുക എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. നമ്മുടെ നാട്ടില്‍ത്തന്നെ വിദ്യാഭ്യാസംകഴിഞ്ഞ് തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിവുള്ളവരുടെ എണ്ണം കുറവാണെന്ന വാര്‍ത്തകള്‍ ഇതിനോട് ചേര്‍ത്തുവായിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ മറികടക്കാനായി എന്‍ജിനിയറിങ്‌പോലുള്ള മേഖലകളിലെ വിദ്യാഭ്യാസരീതികള്‍ ചില അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പിന്തുടരാമെന്ന് ഉറപ്പുനല്‍കുന്ന വിധത്തില്‍ വാഷിങ്ടണ്‍ അക്കോഡ് പോലുള്ള ചില ഉടമ്പടികള്‍ ഇന്ത്യ ഒപ്പുെവച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അന്താരാഷ്ട്രമാനദണ്ഡങ്ങളില്‍ ബ്ലൂംസ് ടാക്‌സോണമിക്ക് ശക്തമായ സ്വാധീനമുണ്ട്.

പാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് ഏതൊരു വിദ്യാഭ്യാസപദ്ധതിയുടെയും അടിസ്ഥാന ശിലകളിലൊന്നാണ്. ഒരാള്‍ പഠനത്തില്‍ നടത്തിയ പുരോഗതി വിലയിരുത്താന്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴും കോഴ്‌സുകളുടെ അവസാനം നടത്തുന്ന പരീക്ഷകള്‍ പിന്തുടര്‍ന്നുപോരുന്നു. നിലവിലുള്ള പരീക്ഷാസമ്പ്രദായം പ്രധാനമായും പഠിതാവിന്റെ ഓര്‍മശക്തിമാത്രം പരീക്ഷിക്കുന്ന ഒന്നാണ്. സ്വായത്തമാക്കിയ അറിവ് പ്രയോഗത്തില്‍ വരുത്താന്‍ കഴിവുണ്ടോ എന്നത് നിലവില്‍ എവിടെയും പരിശോധിക്കപ്പെടുന്നില്ല. ബ്ലൂംസ് രീതിയനുസരിച്ചുള്ള നിരന്തരമായ മൂല്യനിര്‍ണയവും പാഠ്യപദ്ധതിയില്‍ ഉദ്ദേശിച്ച രീതിയിലുള്ള അറിവിന്റെസ്വാംശീകരണംനടന്നിട്ടുണ്ടോ എന്നുള്ള പരിശോധനകളുമാണ് ലോകത്തെ മികച്ച സ്ഥാപനങ്ങളില്‍ മൂല്യനിര്‍ണയത്തിനായി ആവിഷ്‌കരിച്ചിട്ടുള്ളത്.

ഓണ്‍ലൈന്‍ ലേണിങ്ങും മൂക്കും

ഈ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും പരിചിതമാണല്ലോ. 1999-ല്‍ ടൂബിങ്ങന്‍ സര്‍വകലാശാല അവരുടെ ലക്ചറുകളുടെ വീഡിയോ ഓണ്‍ലൈനായി ലഭ്യമാക്കുന്നതുവഴിയാണ് ഓപ്പണ്‍കോഴ്സ് വെയര്‍ മുന്നേറ്റം ആരംഭിക്കുന്നത്. എം.ഐ.ടി., കാര്‍ണഗി മെല്ലണ്‍ സര്‍വകലാശാലകള്‍ ഓപ്പണ്‍ ലേണിങ് സംരംഭങ്ങള്‍ ആരംഭിച്ചതിനെ പിന്‍തുടര്‍ന്ന് പല സര്‍വകലാശാലകളും ഇത്തരം ഓണ്‍ലൈന്‍ കോഴ്സുകള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തുടങ്ങി. ഇത്തരം വിദ്യാഭ്യാസരീതിക്കുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞ് പല സര്‍വകലാശാലകളും അവരുടെ ക്ലാസ് റൂമുകളും കോഴ്‌സുകളും ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാക്കിയ രീതി മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് (MOOC) എന്നറിയപ്പെടുന്നു. മുന്‍ യോഗ്യതകളൊന്നുമില്ലാതെ ആര്‍ക്കും മൂക്ക്കളില്‍ ചേരുന്നതിനും ചെറിയ ഫീസ് നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുന്നതിനും അവസരമുണ്ട്.

ഹാര്‍വാഡ്, എം.ഐ.ടി., കേംബ്രിജ് പോലുള്ള പ്രശസ്ത സര്‍വകലാശാലകളില്‍ ഒരു കോഴ്‌സ് പഠിക്കുകയെന്നത് ലോകത്തെവിടെയുമുള്ള സാധാരണക്കാര്‍ക്ക് പ്രാപ്യമായി എന്നതാണ് മൂക്കുകളുടെ വരവിനുശേഷം ഉന്നതവിദ്യാഭ്യാസത്തില്‍ സംഭവിച്ചത്. എഡെക്‌സ് (edX), കോഴ്സെറ (Coursera) എന്നിവയൊക്കെ ഈ മേഖലയിലെ ശ്രദ്ധേയമായ സംരംഭങ്ങളാണ്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ പഠനരംഗത്ത് ഇഗ്നോ, എന്‍.പി.ടി.എല്‍. (NPTEL), സ്വയം (SWAYAM) തുടങ്ങിയവ കുറെക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഓണ്‍ലൈന്‍ കോഴ്‌സുകള്‍വഴി വൈദഗ്ധ്യം വര്‍ധിപ്പിക്കാനോ സര്‍ട്ടിഫിക്കേറ്റ് നല്‍കാനോ കാര്യമായ മറ്റുശ്രമങ്ങള്‍ ഉണ്ടായിരുന്നില്ല.

പ്രതീക്ഷകളും പ്രശ്‌നങ്ങളും

കോവിഡ് സമൂഹത്തില്‍ സൃഷ്ടിച്ച അനിശ്ചിതത്വം ഓണ്‍ലൈന്‍ പഠനം വ്യാപകമാക്കിയിട്ടുണ്ട്. എന്നാല്‍, വിഷയപഠനത്തിനപ്പുറം സമപ്രായക്കാരുമായുള്ള ഇടപെടലിലൂടെ കുട്ടികള്‍ ആര്‍ജിക്കേണ്ട സാമൂഹികവും വൈകാരികവുമായ വികാസം ഓണ്‍ലൈന്‍പഠനത്തില്‍ നിഷേധിക്കപ്പെടുന്നു. കോവിഡ് കാലത്തെ ഓണ്‍ലൈന്‍പഠനം വിദ്യാര്‍ഥികളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അനുയോജ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍, സോഫ്റ്റ്വെയറുകള്‍, ഇന്റര്‍നെറ്റ്‌ േഡറ്റ, വേഗമുള്ള നെറ്റ്വര്‍ക്ക്, അനുയോജ്യമായ പാഠപുസ്തകങ്ങളുടെയും മൂല്യനിര്‍ണയരീതികളുടെയും ലഭ്യത എന്നിവയെല്ലാം ബ്ലന്‍ഡഡ് ലേണിങ്ങിനുമുണ്ടായേക്കാം. പഠനം ഓണ്‍ലൈനാകുന്നതില്‍ വലിയ പ്രശ്‌നം നിലനില്‍ക്കാത്തപ്പോഴും പരീക്ഷകളുടെ നടത്തിപ്പ് ഓണ്‍ലൈനാക്കാന്‍ ഒരു വിമുഖത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വ്യാപകമായി ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താന്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് പരിമിതികളുണ്ട്. സാങ്കേതികവിദ്യ, മൂല്യനിര്‍ണയത്തില്‍ വേണ്ടിവരുന്ന വിപ്‌ളവകരമായ മാറ്റങ്ങള്‍, സര്‍വോപരി ചോദ്യങ്ങള്‍ തയ്യാറാക്കുന്നതില്‍ വേണ്ടിവരുന്ന നൂതനമായ രീതികള്‍ ഇവയിലൊക്കെ നമ്മള്‍ പ്രശ്‌നം നേരിടുന്നു. തുറന്ന പുസ്തകങ്ങള്‍വെച്ചുള്ള പരീക്ഷകള്‍, ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാര്‍ഥികള്‍തന്നെ തയ്യാറാക്കുന്ന രീതി, പ്രോജക്ട് അധിഷ്ഠിതമായ പഠനം എന്നിവയൊക്കെ ഇന്ന് നിലവിലുള്ള അന്താരാഷ്ട്ര സമ്പ്രദായങ്ങളാണ്. എങ്കിലും നമ്മുടെ നിലവിലെ സാഹചര്യത്തില്‍ ഇവയെല്ലാം എത്രത്തോളം പ്രായോഗികമായി നടപ്പാക്കാനാവുമെന്ന് കണ്ടറിയണം.

മുഖ്യധാരാ വിദ്യാഭ്യാസസംവിധാനങ്ങള്‍ ഗണിത-യുക്തിക്ക് (logic and mathematical= reasoning) പ്രാമുഖ്യം കൊടുക്കുന്നതാണ്. പഠനത്തിലേക്ക് കടന്നുവരുന്ന ഒരു വിദ്യാര്‍ഥിയെ സമൂഹത്തിന്/വ്യവസായത്തിന് ഉപയോഗപ്പെടുത്താന്‍പാകത്തില്‍ എങ്ങനെ തയ്യാറാക്കാമെന്നതാണ് ഈ സംവിധാനങ്ങളുടെ മുഖ്യലക്ഷ്യം. വിദ്യാര്‍ഥിയുടെ മറ്റുകഴിവുകളും (multiple intelligence) വിദ്യാഭ്യാസ സംവിധാനത്തില്‍ത്തന്നെ പരിപോഷിപ്പിച്ചാല്‍ അത് വ്യക്തിയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് ഒരുപോലെ പ്രയോജനപ്പെടുത്താനാവുമോ എന്നതും ചിന്തിക്കാവുന്നതാണ്.

ബ്ലന്‍ഡഡ് ലേണിങ്ങിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന രീതിയില്‍ നമ്മുടെ പാഠ്യപദ്ധതികളെ അടിയന്തരമായി പരിഷ്‌കരിക്കേണ്ടതുണ്ട് നമുക്ക് സാധ്യമായതെന്താണ്?

നിലവില്‍ അധ്യാപകര്‍ കൂടുതലായും ക്ലാസില്‍ സമയംചെലവഴിക്കുന്നത് ലക്ചറുകള്‍ക്കും പാഠവിവരണങ്ങള്‍ക്കുമാണ്. ബ്ലന്‍ഡഡ് പഠനരീതിയില്‍ സംശയനിവാരണത്തിനും സര്‍ഗാത്മകചര്‍ച്ചകള്‍ക്കും കൂടുതല്‍ സമയം ലഭിക്കുന്നു. ഇത്തരം ബ്ലന്‍ഡഡ് ലേണിങ്ങിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന രീതിയില്‍ നമ്മുടെ പാഠ്യപദ്ധതികളെ അടിയന്തരമായി പരിഷ്‌കരിക്കേണ്ടതുണ്ട്. കുട്ടികളുടെ സാമൂഹികവും മാനസികവും കായികവുമായ വളര്‍ച്ചകളെക്കൂടി ഉള്‍പ്പെടുത്തുന്ന രീതിയിലാവണം ബ്ലന്‍ഡഡ് ലേണിങ്.

വലിയതോതില്‍ മാനവശേഷി കയറ്റുമതിചെയ്യുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അറിവും വൈദഗ്ധ്യവുമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടത് ഇക്കാര്യത്തില്‍ നമുക്കുള്ള മേല്‍ക്കൈ നിലനിര്‍ത്താനാവശ്യമാണ്. നിലവില്‍ ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായി നടത്തിവരുന്ന ബ്ലന്‍ഡഡ് ലേണിങ്‌പോലുള്ള നിര്‍ദേശങ്ങളെ ഒരവസരമായിക്കണ്ട് നാം മുന്നോട്ടിറങ്ങണം.

ലോകമെമ്പാടും സ്വീകരിക്കപ്പെട്ട ബ്ലൂംസ് ടാക്‌സോണമി സ്‌കൂള്‍ വിദ്യാഭ്യാസംമുതല്‍ ഉന്നതവിദ്യാഭ്യാസമേഖലകളില്‍വരെ വ്യത്യസ്തരൂപങ്ങളില്‍ ഉപയോഗിക്കപ്പെട്ടുവരുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ വിദ്യാഭ്യാസമേഖല ഇപ്പോഴും ഊന്നല്‍ നല്‍കുന്നതും വിദ്യാര്‍ഥികളെ വിലയിരുത്തുന്നതും ഇതിന്റെ അടിസ്ഥാനതലങ്ങളില്‍ ഊന്നിമാത്രമാണ്. വസ്തുതകളെ താരതമ്യംചെയ്യുക, വിമര്‍ശനാത്മകമായി സ്വയം വിലയിരുത്തുക എന്നീ ഉയര്‍ന്നതലങ്ങള്‍ കടന്ന് അറിവുത്പാദിപ്പിക്കുക എന്ന ഏറ്റവും ഉയര്‍ന്ന തലത്തിലേക്കെത്താന്‍ നമുക്കാവാത്തതിനാല്‍ ഒരു വിജ്ഞാനസമൂഹമായി മാറാന്‍ നമുക്ക് കഴിയുന്നില്ല. കേവലമായ അറിവിന്റെ സ്വാംശീകരണത്തില്‍നിന്ന് പരസ്പരം അറിവുത്പാദനത്തിന് പ്രേരണനല്‍കുന്ന ഒരു സമൂഹത്തിലേക്ക് മുന്നേറാന്‍ ബ്ലന്‍ഡഡ് പഠനരീതി ഒരു നിമിത്തമാവട്ടെ.

വലിയതോതില്‍ മാനവശേഷി കയറ്റുമതിചെയ്യുന്ന ഒരു സംസ്ഥാനമാണ് കേരളം. അന്താരാഷ്ട്ര നിലവാരത്തിലുള്ള അറിവും വൈദഗ്ധ്യവുമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടത് ഇക്കാര്യത്തില്‍ നമുക്കുള്ള മേല്‍ക്കൈ നിലനിര്‍ത്താനാവശ്യമാണ്. നിലവില്‍ ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായി നടത്തിവരുന്ന ബ്ലന്‍ഡഡ് ലേണിങ്‌പോലുള്ള നിര്‍ദേശങ്ങളെ ഒരവസരമായിക്കണ്ട് നാം മുന്നിട്ടറങ്ങണം.

എന്താണ് ബ്ലന്‍ഡഡ് ലേണിങ്

പലരും ബ്ലന്‍ഡഡ് ലേണിങ്ങിനെ ഓണ്‍ലൈന്‍ ലേണിങ്മാത്രമായിട്ടാണ് കാണുന്നത്. എന്നാല്‍, ക്ലാസ്മുറികള്‍ക്കൊപ്പം ഓണ്‍ലൈന്‍ മള്‍ട്ടിമീഡിയ സങ്കേതങ്ങളില്‍ ലഭ്യമായ കോഴ്‌സുകളും ഒരു നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത പഠന രീതിയെയാണ് ബ്ലെന്‍ഡഡ് അഥവാ ഹൈബ്രിഡ് ലേണിങ് എന്ന് വിശേഷിപ്പിക്കുന്നത്. ഓരോ ക്ലാസും മുഖാമുഖപഠനത്തിനൊപ്പം ഡിജിറ്റല്‍ സങ്കേതങ്ങളും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ചൈനയിലെ വന്‍മതിലിനെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ത്തന്നെ അധ്യാപകന് വിദ്യാര്‍ഥിയെ വന്‍മതിലിലൂടെ ഒരു വെര്‍ച്വല്‍ടൂറിന് വിടാനാകും. ഓഡിയോ, വീഡിയോ, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സങ്കേതങ്ങള്‍ ഓണ്‍ലൈന്‍ പാഠങ്ങള്‍ക്കൊപ്പം ക്ലാസിലേക്ക് സന്നിവേശിപ്പിക്കാനാകും.

സമീപകാലത്ത് ക്ലാസ്‌റൂം സങ്കേതങ്ങളെയും ഓണ്‍ലൈന്‍ കോഴ്‌സുകളെയും ശ്രദ്ധാപൂര്‍വം മിശ്രണംചെയ്ത് വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്ന ഈ പഠനരീതി വിദേശങ്ങളില്‍ പ്രചാരത്തിലായിവരുന്നുണ്ട്. ക്ലാസ്മുറികളില്‍നിന്ന് ലഭിക്കുന്ന വ്യക്തിപരമായ ശ്രദ്ധയും ഓണ്‍ലൈന്‍ വിഷയങ്ങളുടെ വിശാലതയും കൂട്ടിച്ചേര്‍ക്കുന്ന ബ്ലന്‍ഡഡ് പനം എല്ലാ പഠനനിലവാരത്തിലുള്ളവര്‍ക്കും യോജിച്ചതാണ്. ഓരോരുത്തരുടെയും കഴിവും അഭിരുചിയും അനുസരിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിനും ആഴത്തില്‍ പഠിക്കുന്നതിനും ഇത്തരം ബ്‌ളന്‍ഡഡ് രീതി ഉപയോഗിക്കാന്‍പറ്റും. ഇത്തരം ഡിജിറ്റല്‍ സംവിധാനങ്ങളെ ഏകീകരിച്ച് വിദ്യാര്‍ഥിയുടെ പഠനവഴിയിലൂടെ കൂടെ സഞ്ചരിക്കുന്ന ഒരു ഫെസിലിറ്റേറ്റര്‍ എന്ന നിലയിലേക്ക് അധ്യാപകന്റെ റോള്‍ മാറും.

വിദേശത്തും ഇന്ത്യയില്‍ ഐ.ഐ.ടി., ഐ.ഐ.എം. പോലുള്ള പ്രശസ്ത സ്ഥാപനങ്ങളിലും പഠനത്തിനായി ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അവര്‍ പഠിക്കാനായി ചേര്‍ന്ന വിഷയത്തില്‍ ഏകദേശം നാല്പതുശതമാനം കോഴ്സുകളേ (പേപ്പറുകള്‍) പഠിക്കേണ്ടതുള്ളൂ. നാല്പതുശതമാനം അവര്‍ക്കിഷ്ടമുള്ള കോഴ്സുകള്‍ പഠിച്ച് ക്രെഡിറ്റുനേടാം. പിന്നീടുള്ള ഇരുപതുശതമാനം ഗവേഷണപ്രോജക്ടുകളും മറ്റും ചെയ്ത് ബിരുദം കരസ്ഥമാക്കാം. ഇതില്‍ ഉള്‍പ്പെടുന്ന കോഴ്‌സുകളും പ്രോജക്ടുകളും സ്വന്തം സ്ഥാപനത്തില്‍ത്തന്നെ ചെയ്യണമെന്നില്ല.

ഒരു ബിരുദപ്രോഗ്രാമിനെ ബ്ലന്‍ഡഡ് രീതിയിലേക്ക് പരിവര്‍ത്തനംചെയ്യുമ്പോള്‍ രണ്ടുസാധ്യതകളാണ് മുന്നിലുള്ളത്-പഠിക്കേണ്ട പേപ്പറുകളില്‍ മുഖാമുഖ ക്ലാസുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ സാധ്യതകള്‍കൂടി ഉള്‍പ്പെടുത്തി പഠനമേഖല വിപുലമാക്കുന്നതും അനുയോജ്യമായ ചില പേപ്പറുകള്‍ പൂര്‍ണമായും ഓണ്‍ലൈനായി പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നതും. ബ്ലന്‍ഡഡ് ലേണിങ് എന്നത് നിലവിലുള്ള സിലബസിന്റെ റെക്കോഡ് ചെയ്ത ക്ലാസുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കുക എന്നതല്ല. മറിച്ച്, മുഖാമുഖപഠനത്തിന്റെ ൈജവികത നിലനിര്‍ത്തിക്കൊണ്ടുതന്നെ, വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠിക്കാനാകുന്ന ചില പാഠഭാഗങ്ങള്‍ ഓണ്‍ലൈന്‍പഠനത്തിനുവേണ്ടി ക്രമീകരിക്കുന്ന രീതിയില്‍ പാഠ്യപദ്ധതി നവീകരിക്കപ്പെടേണ്ടതുണ്ട്. ബിരുദതലത്തില്‍ നാല്പതുശതമാനം ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ യു.ജി.സി.യുടെ മാര്‍ഗരേഖ നിര്‍ദേശിച്ചിരിക്കുന്നു. പാഠ്യപദ്ധതിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന രീതിയില്‍ മുഖാമുഖ-ഓണ്‍ലൈന്‍ പാഠ്യപദ്ധതിയുടെ ശതമാനം വിഷയാധിഷ്ഠിതമായിട്ടുവേണം നിര്‍ണയിക്കേണ്ടത്.

(ആറ്റിങ്ങല്‍ കോളേജ് ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പലാണ് സുനില്‍ തോമസ്

കാസര്‍കോട് ഗവ. കോളേജ് അസി. പ്രൊഫസറാണ് ജിജോ പി. ഉലഹന്നാന്‍)

content highlights : Importance of blended learning and MOOC