പാലക്കാട്ടൊരു കൊച്ച് ഇന്ത്യയുണ്ട്. ഭാവി ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടവര്‍. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമുണ്ടിവിടെ. ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിന് തിലകക്കുറിയാവുന്ന പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ആദ്യബാച്ച് ഈ വര്‍ഷം പുറത്തിറങ്ങും. അതില്‍ അമ്പത് ശതമാനത്തിലേറെ കുട്ടികള്‍ക്ക് ഇപ്പോള്‍ത്തന്നെ ജോലിയായി. നിയമന കൂടിക്കാഴ്ചകള്‍ നടക്കുന്നതിനാല്‍ കോഴ്‌സ് പൂര്‍ത്തിയാവുമ്പോഴേക്കും ബാക്കിയുള്ളവര്‍ക്കും ജോലിയാവും.

കഞ്ചിക്കോട് അഹല്യയിലെ താത്കാലിക ക്യാമ്പസില്‍നിന്ന് രണ്ട് ബാച്ച് വിദ്യാര്‍ഥികള്‍ അടുത്തമാസത്തോടെ കഞ്ചിക്കോട്ടെ സ്വന്തം കാമ്പസ്സിലേക്ക് മാറും. 70 കോടിയോളം ചെലവിട്ടാണ് ട്രാന്‍സിറ്റ് ക്യാമ്പസ് ഒരുക്കിയത്. ക്ലാസ് മുറികളും ലാബും മുന്നൂറോളം കുട്ടികള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റലും ഒരുങ്ങി. കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിന് പിറകിലായാണ് ഇത്. റോഡിന് മറുഭാഗത്താണ് പൂര്‍ണമായ ക്യാമ്പസ് വരിക. രൂപരേഖയും വിശദ പദ്ധതിറിപ്പോര്‍ട്ടും ഒക്കെ തയ്യാറായി. 1,200കോടിയോളം അനുവദിച്ചിട്ടുണ്ട്. ആകെ 504 ഏക്കറിലാണ് ഐ.ഐ.ടി. ക്യാമ്പസ്. ഇതില്‍ വനംവകുപ്പില്‍നിന്ന് 44 ഏക്കറും ചില സ്വകാര്യവ്യക്തികളില്‍നിന്ന് 42 ഏക്കറും വിട്ടുകിട്ടാനുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കയാണ്. 2020-ഓടെ ക്യാമ്പസ് യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷ.

പ്രധാന കോഴ്‌സുകള്‍ നാല് 

മൂന്നാംതലമുറ ഐ.ഐ.ടി.യാണ് 2015-ല്‍ ആരംഭിച്ച പാലക്കാട് ഐ.ഐ.ടി. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍, കമ്പ്യുട്ടര്‍ സയന്‍സ് ആന്‍ഡ്  എന്‍ജിനീയറിങ് എന്നിങ്ങനെ നാല് പ്രധാന എന്‍ജിനീയറിങ് കോഴ്‌സുകളാണ് ഉള്ളത്. നാല് ബാച്ചുകളിലായി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍. ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവയിലും നാല് എന്‍ജിനീയറിങ് വിഭാഗങ്ങളിലും ഗവേഷണസൗകര്യമുണ്ട്. ഇക്കണോമിക്‌സ്, ഫിലോസഫി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലും പി.എച്ച്.ഡി.ക്ക് അവസരമുണ്ട്. 62 അധ്യാപകര്‍ നിലവിലുണ്ട്.

അടുത്തവര്‍ഷം എം.എസ്സി. ഫിസിക്‌സ്, മാത്സ്, കെമിസ്ട്രി, എം.ടെക്., ജിയോ ടെക്‌നോളജി, മാനുഫാക്ചറിങ് ആന്‍ഡ് മെറ്റീരിയല്‍സ് എന്നീ കോഴ്‌സുകള്‍ തുടങ്ങും. 

നാല് എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്കൊപ്പം ആര്‍ക്കിടെക്ചര്‍ കോഴ്‌സുകൂടി ആംഭിക്കാന്‍ ആവുമോ എന്ന് താല്പര്യം ചോദിച്ചിട്ടുണ്ട്. പുതിയ ക്യാമ്പസില്‍ അടിസ്ഥാനസൗകര്യമാവുന്നതോടെ ഇതും പരിഗണിക്കാനാവും.


പുതിയ ബാച്ചില്‍ 20 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍

പാലക്കാട് ഐ.ഐ.ടി.യിലെ പുതിയ ബാച്ചില്‍മാത്രം 20 സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുണ്ട്. കശ്മീര്‍മുതല്‍ തമിഴ്‌നാടുവരെയും അരുണാചല്‍പ്രദേശ് മുതല്‍ ഗുജറാത്തുവരെയും എല്ലാ ദിക്കുകളില്‍നിന്നുമുള്ളവരുമുണ്ട്. തെലങ്കാനയില്‍നിന്നാണ് കൂടുതല്‍പേര്‍, 40. കേരളം 23, ആന്ധ്രപ്രദേശ് 19, രാജസ്ഥാന്‍ 17, ഉത്തര്‍പ്രദേശ് 10, മധ്യപ്രദേശ് 10, ഹരിയാന 4, മഹാരാഷ്ട്ര 4, കര്‍ണാടക 3, തമിഴ്‌നാട് 3, ബീഹാര്‍ 3, ഡല്‍ഹി 3, ചണ്ഡീഗഡ് 2, ജാര്‍ഖണ്ഡ് 2, ഛത്തീസ്ഗഡ് 2, ഗുജറാത്ത് 2, പശ്ചിമബംഗാള്‍ 2, അരുണാചല്‍ പ്രദേശ് 1, ത്രിപുര 1, ജമ്മു ആന്‍ഡ് കശ്മീര്‍ 1. 

എല്ലാംകൂടി ഇപ്പോള്‍ 550പേരാണുള്ളത്. 2021-ഓടെ വിദ്യാര്‍ഥികളുടെ എണ്ണം 1200-ഉം 2027-ഓടെ 2500-ഉം ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ചുവര്‍ഷത്തിനകം ശ്രദ്ധേയമാകും

dr. pb sunilkumarഅടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെ ആയിവരുന്നതേയുള്ളൂ. അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ ശ്രദ്ധേയമായ ഐ.ഐ.ടി.ആയി മാറാന്‍ പാലക്കാടിനാവുമെന്നാണ് പ്രതീക്ഷ. മികച്ച റാങ്കുകളുള്ള കുട്ടികള്‍ അപ്പോള്‍ കൂടുതലായെത്തും. 15 ശതമാനത്തോളം മലയാളികളുണ്ട്. ദേശീയതലത്തില്‍ പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനത്തില്‍ അത് മികച്ച നിരക്കാണ്.
-ഡോ. പി.ബി. സുനില്‍കുമാര്‍, ഡയറക്ടര്‍ ഐ.ഐ.ടി. പാലക്കാട്.

2020 പ്രതീക്ഷയുടെ വര്‍ഷം

IIT Palakkad
ഐഐടി ട്രാന്‍സിറ്റ് ക്യാമ്പസിന്റെ പണി പുരോഗമിക്കുന്ന ഭാഗം

പാലക്കാട് ഐ.ഐ.ടി. പൂര്‍ണമായും സ്വന്തം കാമ്പസില്‍ 2020-ല്‍ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. വികസനം പൂര്‍ണമാവുമ്പോഴേക്കും 3000 കോടിയോളം ചെലവുവരും. 

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍. പാലക്കാട് ഐ.ഐ.ടി.യുടെ അടിസ്ഥാനസൗകര്യവികസനത്തിന് ഇപ്പോള്‍ 1200 കോടി അനുവദിച്ചിട്ടുണ്ട്.

ഗ്രാമലക്ഷ്മി മുദ്രാലയത്തിനരികിലൂടെയുള്ള റോഡില്‍ ഇടതുഭാഗത്ത് 30 ഏക്കറിലാണ് ഇപ്പോള്‍ ട്രാന്‍സിറ്റ് കാമ്പസ് പൂര്‍ത്തിയായിട്ടുള്ളത്.  ഫെബ്രുവരിയോടെ രണ്ട് ബാച്ചുകളെ ഇവിടേക്ക് മാറ്റാനാവും. റോഡിന്  വലതുഭാഗത്തുള്ള 474 ഏക്കറിലാണ് സമ്പൂര്‍ണ കാമ്പസ് വരുക. ഇത് പൂര്‍ത്തിയാവുന്നതോടെ ട്രാന്‍സിറ്റ് ക്യാമ്പസില്‍നിന്ന് ക്ലാസുകളും ലാബുകളും മാറ്റും. ഇപ്പോള്‍ പൂര്‍ത്തിയായ കാമ്പസ് ഗസ്റ്റ് ഹൗസ്, കണ്‍വൈന്‍ഷന്‍ സെന്റര്‍, ഇന്‍കുബേഷന്‍ സെന്റര്‍ തുടങ്ങിയവയായി മാറും.

നിലവില്‍ ഐ.ഐ.ടി.യുടെ പ്രവര്‍ത്തനം അഹല്യ ക്യാമ്പസിലും ട്രാന്‍സിറ്റ് ക്യാമ്പസിലുമായി തുടരും. അടുത്തവര്‍ഷം തുടങ്ങാനുദ്ദേശിക്കുന്ന കോഴ്‌സുകള്‍ അഹല്യയിലെ താത്കാലിക കാമ്പസിലാവും.

Content Highlights: IIT Palakkad, Higher Education, IIT in Kerala