വീട്ടില്‍ ഇരിക്കുന്ന സമയത്തു മികച്ച സര്‍വകലാശാലകളുടെ കോഴ്സുകള്‍ സൗജന്യമായി ഓണ്‍ലൈനില്‍ ചെയ്യുന്നതിനെക്കുറിച്ചു മുഖ്യമന്ത്രി മാര്‍ച്ച് 31-ലെ പത്രസമ്മേളനത്തില്‍ സൂചിപ്പിക്കുകയുണ്ടായി - വിജ്ഞാനം വര്‍ധിപ്പിക്കാന്‍ ഉതകുന്ന ഒരു അവസരമായി ഈ ലോക്ഡൗണ്‍ സമയത്തെ കാണാവുന്നതാണെന്ന്. മുഖ്യമന്ത്രി സൂചിപ്പിച്ചപോലെ ഹാര്‍വാഡ്, സ്റ്റാന്‍ഫോഡ് തുടങ്ങിയ സര്‍വകലാശാലകളുടെ കോഴ്സുകള്‍ സൗജന്യമായി ഓണ്‍ലൈനില്‍ ലഭ്യമാണ്.
ലോകത്തെ എല്ലാവര്‍ക്കും എവിടെയിരുന്നും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ചെയ്യാവുന്ന കോഴ്‌സുകള്‍ മൂക് (മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സസ്) എന്ന പേരില്‍ ലോകത്തെ പ്രശസ്തമായ സര്‍വകലാശാലകള്‍ കോഴ്‌സുകള്‍ നല്കുന്നുണ്ട്. ലോകചരിത്രം, സാഹിത്യം, തത്വശാസ്ത്രം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി എങ്ങനെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാം എന്നുവരെയുള്ള കോഴ്സുകള്‍ ഓണ്‍ലൈനായി ലഭ്യമാണ്. ഈ കോഴ്‌സുകള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലോ, courseera, udemy, edX, Udacity തുടങ്ങിയ പ്ലാറ്റ്ഫോംസ് വഴിയോ കോഴ്‌സുകളില്‍ ചേരാം. മിക്കവാറും കോഴ്‌സുകള്‍ സൗജന്യമായാണ് നല്‍കുന്നതെങ്കിലും, കോഴ്‌സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പണം നല്‍കേണ്ടിവന്നേക്കാം. ഇന്ത്യന്‍ സര്‍ക്കാരിന്റെ സ്വയം, മൂകുംഇത്തരത്തിലുള്ള നിരവധി കോഴ്‌സുകള്‍ നല്‍കുന്നുണ്ട്.
ഇത്തരം കോഴ്‌സുകളില്‍ ചേരുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ കോഴ്‌സുകളില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള പഠിതാക്കള്‍ പങ്കെടുക്കുന്നുണ്ട് എന്നതാണ്. അതിനാല്‍ നമ്മള്‍, ചര്‍ച്ചയിലും മറ്റും പങ്കെടുക്കുമ്പോള്‍, പ്രാദേശിക സൂചികകളെ ക്ര്യത്യമായി വിശദമാക്കേണ്ടിവരും. ഉദാഹരണത്തിന് പഞ്ചായത്തിരാജ് എന്നത് ഇന്ത്യയിലെ ആളുകള്‍ക്ക് മനസ്സിലാകുമെങ്കിലും, ഇന്ത്യക്കു പുറത്തുള്ളവര്‍ക്ക് പിടികിട്ടണമെന്നില്ല. അതുപോലെ, പഠിതാവ് എന്ന നിലയില്‍ പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ - ചര്‍ച്ചകളിലെ പങ്കാളിത്തം, അസൈന്‍മെന്റുകള്‍, ക്വിസ് - സമയ ബന്ധിതമായി പൂര്‍ത്തിയാക്കലും ആവശ്യമാണ്. ഏതു പ്രായത്തിലും തനിക്കു ഇഷ്ട്ടമുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സഹായിക്കുന്ന ഉപാധിയാണ് മൂക് കോഴ്‌സുകള്‍. പല കോഴ്സുകള്‍ക്കും അടിസ്ഥാന യോഗ്യത എന്നൊന്നില്ല; പഠിക്കാനുള്ള താത്പര്യം മാത്രം മതി.
മിക്കവാറും കോഴ്‌സുകള്‍ ഇംഗ്ലീഷിലാണെങ്കിലും, ഇംഗ്ലീഷ് ഭാഷയിലൂടെ പരിജ്ഞാനം ഒരു പരിമിതിയല്ല. സത്യം പറഞ്ഞാല്‍ പഠനത്തിന് ഭാഷ ഒരു പരിമിതി അല്ല. പല കോഴ്‌സുകളും വായിക്കാനുള്ള ഭാഗങ്ങള്‍, അധ്യാപകന്റെ ക്ലാസ്സിന്റെ വീഡിയോ, യൂട്യൂബ് ഉള്‍പ്പടെയുള്ള മറ്റു വിഡിയോകള്‍, പവര്‍പോയിന്റ് പ്രെസെന്റഷനുകള്‍് തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങള്‍ പഠിതാക്കളുമായി സംവദിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍തന്നെ പഠനം എളുപ്പമാണ്, രസകരവും. പ്രായപരിധി ഇല്ലാത്തതിനാല്‍ എല്ലാവര്‍ക്കും ഒരുമിച്ചു കോഴ്‌സുകള്‍ ചെയ്യാം. ഉദാഹരണത്തിന്, സ്‌കൂളില്‍ പഠിക്കുന്ന മോളും, നാല്‍പതു വയസുള്ള അമ്മയും, എണ്‍പതു വയസുള്ള മുത്തശ്ശിക്കും ഒരുമിച്ചു റോബോട്ടിന്റെ പ്രവര്‍ത്തങ്ങളെക്കുറിച്ചുള്ള ഒരു കോഴ്‌സ് ഒരുമിച്ചിരുന്ന് ഓണ്‍ലൈനില്‍ പഠിക്കാം.
ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകള്‍ മനസിലാക്കുന്നതിനോടൊപ്പം, പഠനത്തെയും, വിജ്ഞാനത്തെയും പരമ്പരാഗത നിര്‍വചനങ്ങളില്‍നിന്ന് വിപുലീകരിച്ചു പുതിയ അറിവുകളും, നൈപുണിങ്ങളും നേടാനും ഈ അവധിക്കാലം ഉപയോഗിക്കാവുന്നതാണ്. നമ്മുടെ ഔദ്യോഗിക വിദ്യാഭാസ സമ്പ്രദായങ്ങളില്‍ പലപ്പോഴും നഷ്ടപ്പെട്ടുപോകുന്ന അതിജീവന കഴിവുകള്‍ നേടിയെടുക്കുന്നതും വിദ്യാഭ്യാസംവഴി തന്നെയാണ്.
ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്, കേരളത്തിലെ ഒരു സര്‍വകലാശാലാ അധ്യാപകന്‍ എന്ന നിലയില്‍ വിദ്യാര്‍ഥികളുടെ കമ്മ്യൂണിറ്റി ക്യാമ്പ് നടത്തുകയായിരുന്നു. വിദ്യാര്‍ഥകള്‍ തന്നെയാണ് ഗ്രൂപ്പ് തിരിഞ്ഞു ഭക്ഷണം പാചകം ചെയ്യുന്നതും മറ്റും. വിറകടുപ്പില്‍ തീ പിടിപ്പിക്കാന്‍ അറിയാത്ത ഇരുപതു വയസായ വിദ്യാര്‍ഥികള്‍, സാമ്പാറില്‍ എന്തൊക്കെ പച്ചക്കറികള്‍ വേണം, അവയൊക്കെ എങ്ങനെ അരിയണം എന്ന് അധ്യാപകനോട് ചോദിക്കുന്നവര്‍. നിത്യജീവിതത്തില്‍ നിലനില്‍ക്കുന്നതിന് ആവശ്യമായ പലകാര്യങ്ങളും നമ്മുടെ പുതുതലമുറയ്ക്ക് കിട്ടാതെ പോകുന്നുവെന്നത് ഒരു സത്യമാണ്. (ഗ്യാസ് അടുപ്പിന്റെ കാലത്ത്, വിറകുകൊണ്ട് തീ കത്തിക്കാന്‍ പഠിക്കുന്നതിന്റെ ആവശ്യം ഇല്ല എന്ന മറുവാദം ഉണ്ടാകാം; ഏതൊരാവസ്ഥയിലും അതിജീവിക്കാനുള്ള നൈപുണ്യം മക്കള്‍ ആര്‍ജിക്കേണ്ടിയിരിക്കുന്നുവെന്നതായിരിക്കാം അതിനുള്ള മറുപടി) ജീവിതത്തില്‍ അടിസ്ഥാനമായി ആവശ്യമായ നൈപുണ്യങ്ങള്‍ (ലൈഫ് സ്‌കില്‍സ്) വളര്‍ത്തിയെടുക്കാനുള്ള അവസരമായി കൂടി ഈ ലോക്‌ഡോണ്‍ സമയത്തെ കാണാവുന്നതാണ്. ആശയവിനിമയം, പ്രസംഗ പരിശീലനം, അഭിനയം, പാചകം, കായിക പ്രവൃത്തികള്‍, സൃഷ്ടിപരമായ കാര്യങ്ങള്‍, സാഹിത്യ സൃഷ്ടികള്‍, അറ്റകുറ്റപണികള്‍, കുടുംബചരിത്രപഠനം എന്നിങ്ങനെ നിരവധി മേഖലകളില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അറിവും അനുഭവവും സാധ്യമാക്കാനുള്ള അവസരമായിക്കൂടി ഈ സമയത്തെ കാണേണ്ടിയിരിക്കുന്നു.
വീട്ടിലിരിക്കുന്ന സമയത്തു ചെയ്യുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തികളുടെ ചിത്രങ്ങളും വിഡിയോകളും പ്രസ്തരായ വ്യക്തികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. അതിലൊന്നില്‍, ഒരു സിനിമാനടന്‍ മക്കള്‍ക്കൊപ്പം വീടിനു പുറത്ത് ഓലയും കമ്പും വെച്ച് ചെറിയ വീട് കെട്ടി ഇരിക്കുന്ന ചിത്രംകണ്ടു. വേനലിലെ സ്‌കൂള്‍ അവധിക്കാലത്തും ഞങ്ങള്‍ അങ്ങനെ കെട്ടിയിരുന്ന 'കുഞ്ഞിപ്പുര', ടീംവര്‍ക്കും (പണി എടുക്കാത്തവന് കുഞ്ഞിപ്പുരയില്‍ വെച്ച പായസം കുറച്ചേ കൊടുക്കൂ), റിസോഴ്‌സ് മൊബിലൈസേഷനും (അപ്പച്ചനെ കാണാതെ ഓല വെട്ടിയെടുക്കുക), ക്രീയേറ്റിവിറ്റിയും (പച്ചില കൊണ്ടുള്ള കോളാമ്പി മൈക്ക്) മറ്റും വളര്‍ത്തിയെടുക്കുന്നതിനു സഹായിക്കുന്നതാണ്.
കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനെ വിളിച്ചു ലോക്ഡൗണ്‍ സമയം എങ്ങനെ പോക്കുന്നുവെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, വീട്ടിലെ എല്ലാ അംഗവും ഓരോ ദിവസവും ഓരോ വിഷയങ്ങളെകുറിച്ച് ക്ലാസെടുക്കുമെന്ന്. ഭാര്യയും ഭര്‍ത്താവും കോളേജില്‍ പഠിക്കുന്ന രണ്ടും ഹൈസ്്കൂളില്‍ പഠിക്കുന്ന ഒന്നും മക്കള്‍ അടങ്ങിയ അവരില്‍ ഒരാള്‍, അവര്‍ക്കിഷ്ടപ്പെട്ടതോ, അറിയാവുന്നതുമായ വിഷയത്തെക്കുറിച്ചും അരമണിക്കൂര്‍ ക്ലാസ് എടുക്കും. തന്റെ നിര്‍ദേശത്തെ മക്കള്‍ കുറച്ചുകൂടി പൊലിപ്പിച്ചു, അവര്‍ പവര്‍പോയിന്റ് വെച്ചായി പ്രസന്റേഷന്‍. ഇനി വീട്ടിലെ എല്ലാവരും കൂടിയിരുന്നു കഥ പറയാം. ഒരിടത്ത് ഒരു രാജാവും രജ്ഞിയും ജീവിച്ചിരുന്നു എന്ന് പറഞ്ഞു 'അമ്മ തുടക്കമിട്ടാല്‍ മതി പതിനഞ്ചു മിനിറ്റിനുള്ളില്‍, എല്ലാവരും കൂടി ആരും കേള്‍ക്കാത്ത കഥയിലേക്ക് നമ്മെ എത്തിക്കും. ഭാവനയ്ക്കും ക്രീയാത്മകതയ്ക്കും വളരാനുള്ള അവസരമാണിത്. ഇനി (മുഖ്യമന്ത്രി നിര്‍ദേശിച്ചതുപോലെ) ഒരു ദിവസം അമ്മ (അതോ ആരാണോ അടുക്കള കൈകാര്യം ചെയ്യുന്നത്) അടുക്കളയില്‍ നിന്ന് മാറി നില്‍ക്കട്ടെ. ഇത് വരെ ഒന്നും പാചകം ചെയ്യാത്ത മകനോ മകളോ യൂട്യൂബില്‍ നോക്കിയോ മറ്റോ കുറച്ചു വിഭവങ്ങള്‍ ഉണ്ടാകട്ടെ. അതൊക്കെ കുളമായാലും വേണ്ടില്ല, തെറ്റുപറ്റിയാണ് നമ്മളൊക്കെ പഠിക്കുന്നത്. പുതിയ തലമുറയില്‍ പരമ്പരാഗത ലിംഗാധിഷ്ഠിത തൊഴില്‍ ധര്‍മ്മങ്ങള്‍ മാറിവരികയാണ്. അതിനാല്‍ ആണും പെണ്ണും എന്ന വ്യത്യാസമില്ലാതെ പാചകവും മറ്റും പഠിക്കേണ്ടത് അനിവാര്യമായിക്കൊണ്ടിരിക്കയാണ്.
ദേശീയ അവാര്‍ഡ് നേടിയ സിനിമാനടി പറമ്പില്‍ തൂമ്പയെടുത്തു കിളക്കുന്ന പടവും ഈ ദിവസങ്ങളില്‍ പത്രത്തില്‍ കണ്ടു. എല്ലാവരും കുറച്ചു ദിവസം മണ്ണില്‍ പണിയെടുക്കട്ടെ. മണ്ണിനോട് മല്ലിടുമ്പോഴാണ്, പ്രകൃതി ഫലഭൂയിഷ്ടമാകുന്നതെന്നു മനസിലാക്കാനുള്ള അവസരം കൂടിയാണിത്. ഒരു ചെടി വളരുന്നത് രണ്ടാഴ്ചക്കാലം നിരീക്ഷിക്കുന്നതില്‍ നിന്നും കിട്ടുന്ന ജ്ഞാനവും, സംതൃപ്തിയും ഒരു ക്ലാസ്സില്‍നിന്നും കിട്ടില്ല. ഒരു ദിവസത്തേക്ക് വീട്ടിലെ മോട്ടോര്‍ ഓഫാക്കിയിട്ടീട്ടു പഴയ ബക്കറ്റും കയറും എടുത്ത് എല്ലാവരുംകൂടി കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനെക്കുറിച്ചും ആലോചിക്കാം. കപ്പിയിലൂടെ വെള്ളം കോരുമ്പോള്‍ ഭാരം കുറയുന്നത് എങ്ങനെയെന്ന് ഒരു ചര്‍ച്ചയുമാകാം. ഫിസിക്്‌സ് എങ്ങനെ നിത്യജീവിതത്തിന്റെ ഭാഗമാകുന്നുവെന്നു മക്കള്‍ക്ക് ബോധ്യമാകും.
മക്കളോട് അച്ഛന്റെയും അമ്മയുടെയും ജന്മദിനങ്ങള്‍ അറിയാമോ എന്ന് ചോദിച്ചു നോക്കൂ. ഇനി അവര്‍ക്കു മുത്തച്ഛന്റേയും മുത്തശ്ശിയുടെയും ജന്മദിനങ്ങള്‍ അറിയാമോ? അച്ഛന്റെയും അമ്മയുടെയും കുടുംബത്തില്‍ എത്ര തലമുറ വരെയുള്ളവരുടെ പേരും, വയസും ജനന മരണ വര്‍ഷങ്ങളും അറിയാം? കുടുംബത്തിന്ന്‌റെ അഞ്ചു തലമുറ വരെയുള്ള വംശാവലി ചരിത്രം ഉണ്ടാക്കാന്‍ ഒരു പ്രൊജക്റ്റ് കൊടുക്കാം. അത് വഴി സ്വന്തക്കാരെയും ബന്ധുക്കളെയും വിശദമായി പരിചയപ്പെടുകയും ചെയാം. പഠനം എന്നത് ക്ലാസ്മുറിയിലും, വിദ്യാഭാസ സ്ഥാപനത്തില്‍ നിന്നും മാത്രം ലഭിക്കുന്നതാണെന്ന ധാരണ മാറ്റി, വിദ്യാഭാസം നിത്യജീവിതവുമായി ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവിലേക്ക് വളരാന്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ സഹായിക്കും. അതിലുപരി ഇതുവഴി നേടുന്നത്, വിദ്യാലങ്ങളില്‍നിന്നും കിട്ടാനിടയില്ലാത്ത അതിജീവനത്തിന്റെ പാഠങ്ങള്‍ കൂടിയാണ്.
കാനഡയില്‍ ഞാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല സാങ്കേതികമായി പൂട്ടിയിരിക്കുകയാണെങ്കിലും, ക്ലാസുകള്‍ (ഞങ്ങളുടെ സോഷ്യല്‍ വര്‍ക്ക് പ്രോഗാമിലെ ഫീല്‍ഡ് വര്‍ക്ക് ഉള്‍പ്പടെ) ഓണ്‍ലൈനായി നടക്കുകയാണ്. സ്‌കൂളിലെ ക്ലാസ്സുകളും ഓണ്‍ലൈനായി നടക്കുന്നുണ്ട്. ഇന്റര്‍നെറ്റ് സാധ്യതകള്‍വഴി അദ്ധ്യാപകന് വിദ്യാര്‍ഥികളുമായി തത്സമയം സംവദിച്ചുകൊണ്ട് പഠിപ്പിക്കാനുള്ള അവസരങ്ങള്‍ വരെയുണ്ട്. ഞാന്‍ പഠിപ്പിക്കുന്ന ഒരു കോഴ്‌സിന്റെ മൂന്നിലൊന്നു ക്ലാസുകള്‍ മുന്‍പേതന്നെ ഓണ്‍ലൈനാണ്. പൂര്‍ണമായും ഓണ്‍ലൈനില്‍ ചെയ്യാവുന്ന കോഴ്‌സുകള്‍ ലോകത്തിന്റെ പല ഭാഗത്തും ലഭ്യമാണ്. (നേരിട്ട് ക്ലാസ്സില്‍ ഇരുന്നു പഠിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ എന്ന് ചില അനുഭവസ്ഥര്‍; എന്റെ അനുഭവവും തഥൈവ).
നാട്ടിലെ സാങ്കേതികവിദ്യയും വിദ്യാഭ്യാസവും ഓണ്‍ലൈന്‍ സാധ്യതകളെ പരമാവധി ഉപയോഗിക്കേണ്ടതിനെക്കുറിച്ചു ചിന്തിക്കാന്‍ നമ്മളെ ഈ ലോക്ഡൗണ്‍ സഹായിക്കട്ടെ. ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകുമ്പോള്‍ നമുക്ക് വീട്ടിലിരുന്നു മട്ടുപ്പാവിലെ കൃഷിയെക്കുറിച്ചു പഠിക്കാന്‍ കാര്‍ഷിക സര്‍വകലാശാലയും, സംസ്‌കൃതം പഠിക്കാന്‍ സംസ്‌കൃത സര്‍വകലാശാലയും, കേരളത്തിന്റെ നാട്ടറിവുകളെക്കുറിച്ചു മലയാളം സര്‍വകലാശാലയും, വീട്ടില്‍ കിട്ടുന്ന ഉപകരണങ്ങള്‍ കൊണ്ട് ചെറിയ റോബോട്ട് ഉണ്ടാക്കുന്നതിനെക്കുറിച്ചു സാങ്കേതിക സര്‍വകലാശാലയും, ഒരു സെന്റില്‍ എങ്ങനെ മത്സ്യക്കൃഷി ചെയ്യാമെന്ന് കുഫോസും, രണ്ടാഴ്ചകൊണ്ട് രണ്ടുകിലോ തടി കുറക്കുന്നതിനെക്കുറിച്ചു ആരോഗ്യ സര്‍വകലാശാലയും -അത്തരത്തില്‍ ഓരോ സര്‍വകലാശാലയും, സ്വതന്ത്ര വിദ്യാഭാസ സ്ഥാപങ്ങളും - സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കാനുള്ള പ്രാപ്തിയിലേക്കു വളരട്ടെയെന്നു നമുക്ക് പ്രതീക്ഷിക്കാം.
(കാനഡയില്‍ എഡ്മണ്‍റ്റണിലെ മാക്ഇവാന്‍ യൂണിവേഴ്‌സിറ്റിയില്‍ സോഷ്യല്‍ വര്‍ക്ക് അധ്യാപകനാണ് ലേഖകന്‍. സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ന്റെ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപെട്ട ആദ്യ മലയാളികൂടിയാണ്. കാലടി സര്‍വകലാശാലയില്‍നിന്നും സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റ് നേടി. ആലുവക്കടുത്ത് കാഞ്ഞൂര്‍ സ്വദേശിയാണ്.)
Content Highlights: How to make this lock down period for personal and academic development