ത്താം ക്ലാസ് പരീക്ഷ (എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.) യ്ക്കു ശേഷം പ്ലസ്ടുവിന് ഏത് ഗ്രൂപ്പ് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും ഏറെ സംശയങ്ങളുണ്ട്.

വിദ്യാർഥിയുടെ താത്‌പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയ കോമ്പിനേഷനുകൾ കണ്ടെത്തണം. സയൻസിൽ താത്‌പര്യമില്ലെങ്കിൽ ഹ്യുമാനിറ്റീസ്, കോമേഴ്സ് ഗ്രൂപ്പെടുക്കാൻ ശ്രമിക്കണം. പ്ലസ്ടുവിനു ശേഷം ഏത് കോഴ്സ് പഠിക്കാനാണ് താത്‌പര്യം എന്നിവ വിലയിരുത്തിയാകണം സെലക്ഷൻ. തീരെ താത്‌പര്യമില്ലാത്ത വിദ്യാർഥികളെക്കൊണ്ട് ബയോമാത്സ് എടുപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. ബയോളജി വിഷയങ്ങളിലാണ് താത്‌പര്യമെങ്കിൽ കണക്ക് ഒഴിവാക്കണം. ബയോളജിയിൽ താത്‌പര്യമില്ലെങ്കിൽ കണക്കിനോടൊപ്പം കംപ്യൂട്ടർ സയൻസുമെടുക്കാം.

നീറ്റ് പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥി മാത്തമാറ്റിക്സ് ഒഴിവാക്കി ബയോളജിയും ലാംഗ്വേജും എൻജിനിയറിങ്ങിന് താത്‌പര്യമുള്ളവർക്ക് കണക്കും കംപ്യൂട്ടർ സയൻസുമെടുക്കാം.

സിവിൽ സർവീസസ് പരീക്ഷ ലക്ഷ്യമിടുന്നവർക്ക് ഹ്യുമാനിറ്റീസ് മികച്ചതാണ്. സയൻസ് സ്ട്രീമെടുത്ത് പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കിയവർക്കും സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാം. ബാങ്കിങ്, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ തൊഴിലിന് താത്‌പര്യമുള്ളവർക്കും അക്കൗണ്ടിങ്, ആക്ച്വറിയൽ സയൻസ് എന്നിവയിൽ അഭിരുചിയുള്ളവർക്കും കൊമേഴ്സ്/ബിസിനസ് സ്റ്റഡീസ് കോമ്പിനേഷനെടുക്കാം. മാനേജ്മെന്റിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവർക്കും ഇത് യോജിക്കും.

ഐസർ, നൈസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിൽ ബി.എസ്./എം.എസ്. കോഴ്സുകൾക്ക് താത്‌പര്യപ്പെടുന്നവർക്ക് ബയോമാത്സ് എടുക്കാം. സയൻസ് വിദ്യാർഥികൾ നീറ്റ്, ജെ.ഇ.ഇ., കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ, അഖിലേന്ത്യാ കാർഷിക പ്രവേശന പരീക്ഷ, ഐസർ, നൈസർ, ബിറ്റ്സാറ്റ്, കെ.വി.പി.വൈ. എന്നിവ ലക്ഷ്യമിട്ട് പഠിക്കണം. ഏത് പ്ലസ്ടു പൂർത്തിയാക്കിയവർക്കും ക്ലാറ്റ്, ഐ.ഐ.ടി., ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, എൻ.ഐ.എഫ്.ടി. ഡിസൈൻ, ഫാഷൻ ടെക്നോളജി, യുസീഡ്, എൻ.ഐ.ഡി. ഡിസൈൻ, ഇഫ്ലു, ജെ.എൻ.യു., ഡൽഹി യൂണിവേഴ്സിറ്റി, ഐ.ഐ.എം. ഇൻഡോർ തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാം.

സയൻസ് വിദ്യാർഥികൾ പ്ലസ് ടു കാലയളവിൽ എൻട്രൻസ് പരിശീലനത്തിനുകൂടി സമയം കണ്ടെത്തുമ്പോൾ ചിട്ടയായ ടൈംടേബിളനുസരിച്ച് തയ്യാറെടുക്കണം. ഫൗണ്ടേഷന് പ്രാധാന്യം നൽകണം. ഓൺലൈൻ വഴി കോച്ചിങ് ഉപയോഗപ്പെടുത്തുന്നതും നല്ലതാണ്. ഡിപ്ലോമ, ഐ.ടി.ഐ., വി.എച്ച്.എസ്.ഇ. പ്രോഗ്രാമുകൾക്ക് താത്‌പര്യമനുസരിച്ച് കോഴ്സ് കണ്ടെത്തണം.

Content Highlights: How to chose plus two combination