വിദ്യാഭ്യാസ ഭൂപടത്തിലെ പ്രിയ ഇടങ്ങളിലൊന്നാണ് ബ്രിട്ടന്‍. ഓരോ വര്‍ഷവും 4,38,000 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി ആ രാജ്യത്ത് എത്തുന്നുണ്ടെന്നാണ് കണക്ക്. ഓക്‌സ്ഫഡ്, കേംബ്രിജ് തുടങ്ങി പ്രമുഖ യൂണിവേഴ്‌സിറ്റികള്‍ ഏറെയുണ്ട് ബ്രിട്ടന് അവകാശപ്പെടാന്‍. യൂണിവേഴ്‌സിറ്റികളുടെ ആകെ എണ്ണം 160ലേറെ വരും. ഇവയെല്ലാം വൈവിധ്യമാര്‍ന്ന ഒട്ടേറെ കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍നിന്നും താത്പര്യത്തിനിണങ്ങുന്ന മികച്ച കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. 

അടുത്തിടെ ബ്രിട്ടീഷ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സ്റ്റഡി യു.കെ. പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ബ്രിട്ടനില്‍ ഉപരിപഠനത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. 

മികച്ച വിദ്യാഭ്യാസനിലവാരവും അനുബന്ധ സൗകര്യങ്ങളും തന്നെയാണ് ബ്രിട്ടന്റെ പ്രിയം കൂട്ടുന്നത്. പ്രവേശനം നേടുന്നതിന് മുന്‍പ്  ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് പറയുകയാണ് ബ്രിട്ടനിലെ ആബര്‍ട്ടെ യൂണിവേഴ്‌സിറ്റിയുടെ ദക്ഷിണേഷ്യന്‍ വിദ്യാര്‍ഥി റിക്രൂട്ട്‌മെന്റിന്റെ ചുമതലയുള്ള ജാനിസ് ഗ്രാന്റ്. സ്റ്റഡി യു.കെ. പ്രദര്‍ശനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളോട് സംവദിക്കാനാണ് ജാനിസ് കൊച്ചിയിലെത്തിയത്.   

ശ്രദ്ധവേണം ഈ കാര്യങ്ങളില്‍

അംഗീകൃത യൂണിവേഴ്‌സിറ്റികളുടെയും കോളേജുകളുടെയും പട്ടിക ബ്രിട്ടീഷ് സര്‍ക്കാര്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കാറുണ്ട്. പ്രവേശനത്തിന് മുന്‍പ് ഈ ലിസ്റ്റ് പരിശോധിക്കണം. പല സര്‍വകലാശാലകളും ഇന്ററാക്ടീവ് മാതൃകയിലുള്ള പഠനരീതികളാണ് പിന്തുടരുന്നത്. അധ്യാപകരുമായി സംവദിച്ചും അത്യാധുനികസങ്കേതങ്ങള്‍ ഉപയോഗിച്ചും പഠിക്കാനുള്ള അവസരമുണ്ടാകും. ഇന്റേണ്‍ഷിപ്പ് പോലുള്ള സൗകര്യങ്ങളും പലരും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. 

പഠനത്തിനുശേഷം ജോലിക്കുള്ള സാധ്യതകളുമുണ്ട്. തിരഞ്ഞെടുക്കുന്ന കോഴ്‌സിന്റെയും അവ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ജോലിസാധ്യത. പഠനത്തിനെത്തുന്നവര്‍ക്ക് സ്റ്റുഡന്റ് വിസയാണ് അനുവദിക്കുന്നത്. 

സാധാരണ സ്റ്റുഡന്റ് വിസകള്‍ക്ക് പുറമേ ഷോര്‍ട്ട് ടേം സ്റ്റഡി വിസകളും ബ്രിട്ടന്‍ വിദേശവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. ആറുമാസം മുതല്‍ 11 മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ചെയ്യുന്നതിനാണിത്. പഠനത്തിനൊപ്പം ജോലിചെയ്യാന്‍ പല വിദ്യാഭ്യാസസ്ഥാപനങ്ങളും അനുവദിക്കുന്നുണ്ട്. കോഴ്‌സിന് പ്രവേശനം നേടുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം. 

സ്‌കോളര്‍ഷിപ്പ്

ഭാരിച്ച പഠനച്ചെലവാണ് പലര്‍ക്കും തടസ്സമാകുന്നത്. ഇതിനുള്ള പരിഹാരമാണ് സ്‌കോളര്‍ഷിപ്പുകള്‍. കോഴ്‌സിനുശേഷം സ്‌കോളര്‍ഷിപ്പ് അന്വേഷിച്ച് നടന്നാല്‍ പലപ്പോഴും കിട്ടിയെന്ന് വരില്ല. പ്രവേശനം ലഭിക്കുന്നതിനുമുന്‍പുതന്നെ സ്‌കോളര്‍ഷിപ്പിന്റെ സാധ്യതകള്‍ കണ്ടെത്തണം. പ്രവേശന നടപടിക്രമങ്ങള്‍ക്കൊപ്പം സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കുന്നത് ഗുണംചെയ്യും. വിദേശ വിദ്യാര്‍ഥികള്‍ക്കായി ഒട്ടേറെ സ്‌കോളര്‍ഷിപ്പുകള്‍ ബ്രിട്ടനിലെ സര്‍വകലാശാലകള്‍ നല്‍കുന്നുണ്ട്. ബ്രിട്ടീഷ് കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ ഇതിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. 

പ്രത്യേകതകള്‍

കോഴ്‌സുകളുടെ നിലവാരം തന്നെയാണ് പ്രത്യേകത. അന്താരാഷ്ട്രതലത്തില്‍ വിലമതിക്കുന്നതാണ് ബ്രിട്ടനിലെ പല സര്‍വകലാശാലകളുടെയും കോഴ്‌സുകള്‍. പഠനത്തിനൊപ്പം ജോലി ചെയ്യാനുള്ള സൗകര്യവും സര്‍വകലാശാലകള്‍ ഒരുക്കി നല്‍കുന്നുണ്ട്. വിദേശവിദ്യാര്‍ഥികള്‍ക്ക് ജീവിതച്ചെലവ് കണ്ടെത്താനുള്ള മാര്‍ഗം കൂടിയാണിത്.   

വ്യത്യസ്തമായ കോഴ്‌സുകളില്‍ ഉപരിപഠനത്തിനുള്ള സാധ്യതയും ബ്രിട്ടനിലെ സര്‍വകലാശാലകള്‍ ഒരുക്കുന്നുണ്ട്. എത്തിക്കല്‍ ഹാക്കിങ്, കംപ്യൂട്ടര്‍ ഗെയിംസ്, സംരംഭകത്വവികസനം എന്നിവ ഇതില്‍ ചിലതാണ്. ആര്‍ട്ട് ആന്‍ഡ് ഡിസൈനിലെല്ലാം ഒട്ടേറെ കോഴ്‌സുകള്‍ ലഭ്യമാണ്. പഠനശേഷമുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശത്തിന് കരിയര്‍ വിദഗ്ധരുടെ സഹായവും പല കോളേജുകളും നല്‍കുന്നുണ്ട്.

മിസ് ചെയ്യില്ല നാട്

ഇന്ത്യക്കാര്‍ ഏറെയുണ്ട് ബ്രിട്ടനില്‍. ഇന്ത്യന്‍ ഭക്ഷണശാലകളും പലയിടങ്ങളില്‍ കാണാം. ഓണവും ദീപാവലിയും ഉള്‍പ്പെടെയുള്ളവയും വിപുലമായി ആഘോഷിക്കും. ഇത്തരം ദിവസങ്ങളില്‍ ധരിക്കുന്നതിനായി ഇന്ത്യന്‍ വസ്ത്രങ്ങള്‍ കരുതണമെന്ന് വിദ്യാര്‍ഥികളോട് നേരത്തേതന്നെ നിര്‍ദേശിക്കാറുണ്ട്. കോളേജുകളില്‍ പാട്ടിനും ഡാന്‍സിനും സ്‌പോര്‍ട്‌സിനുമെല്ലാമായി വിവിധ ക്ലബ്ബുകളുണ്ടാകും. ഫിറ്റ്‌നസിന്റെ ഭാഗമായി പല കോളേജുകളും യോഗ ക്ലാസുകളും നടത്താറുണ്ട്. 

പിറന്നാള്‍ സ്‌കോളര്‍ഷിപ്പ്

ബ്രിട്ടീഷ് കൗണ്‍സിലിന് ഇന്ത്യയിലിത് എഴുപതാം വര്‍ഷമാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്‌കോളര്‍ഷിപ്പുകള്‍ക്കായി വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് അപേക്ഷിക്കാനാകില്ല.  ബ്രിട്ടനിലെ വിദ്യാഭ്യാസസ്ഥാപനങ്ങളാണ് വിദ്യാര്‍ഥികളെ ഈ സ്‌കോളര്‍ഷിപ്പിനായി നിര്‍ദേശിക്കുക. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ബ്രിട്ടനില്‍ ഉന്നതപഠനത്തിനാണ് സ്‌കോളര്‍ഷിപ്പ്. 

മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് ലഭിച്ച അപേക്ഷകളില്‍നിന്ന് അര്‍ഹരെന്ന് തോന്നുന്നവരെ അതത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിര്‍ദേശിക്കും. 2018'19 അധ്യയനവര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ്. സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ എവിടെ നിന്നുള്ളവര്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും. അരുണാചല്‍ പ്രദേശ്, അസം, മണിപ്പുര്‍, മേഘാലയ, മിസോറം, നാഗാലന്‍ഡ്, സിക്കിം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്.