ത്തു കഴിഞ്ഞ് പ്ലസ്ടു/ ഹയര്‍സെക്കന്‍ഡറി/വി.എച്ച്.എസ്.സിക്കു ബയോളജി എടുക്കാതെ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് കോമ്പിനേഷന്‍ എടുത്തവര്‍ക്ക് ചില പാരാമെഡിക്കല്‍/അലൈഡ് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകള്‍ക്ക് തുടര്‍ പഠനത്തിനായി പോകാന്‍ സാധിക്കും. അത്തരത്തിലുള്ള മേഖലകളെ നമുക്ക് പരിചയപ്പെടാം :

1. ഓഡിയോളജി ആന്‍ഡ് സ്പീച്ച് പാതോളജി

കേള്‍വി ശക്തി പരിശോധിക്കുകയും ആവശ്യമായ ശ്രവ്യ ഉപകരണങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന സ്‌പെഷ്യലിസ്റ്റാണ് ഓഡിയോളജിസ്റ്റ്. ബി.എ. എസ്.എല്‍.പി (ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി) എന്ന നാല് വര്‍ഷ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി ആര്‍.സി.ഐ (റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ)യില്‍ രജിസ്റ്റര്‍ ചെയ്താല്‍ സ്പീച് തെറാപ്പിസ്റ്റായോ ഓഡിയോളജിസ്റ്റായോ പ്രാക്ടീസ് ചെയ്യാം. സ്പീച്ചിലാണ് കൂടുതല്‍ താല്പര്യമെങ്കില്‍ സംസാര വൈകല്യങ്ങള്‍ പരിഹരിക്കുന്ന തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യാം. നല്ല ക്ഷമയും കുറച്ചൊക്കെ ക്രിയാത്മക ചിന്തയുമുള്ളവര്‍ക്കാണ് ഈ രംഗത്ത് ശോഭിക്കാനാവുക.

എവിടെ പഠിക്കാം?

തെക്കന്‍ ഏഷ്യയിലെ തന്നെ അറിയപ്പെടുന്ന ഗവേഷണ പഠന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ ഓള്‍  ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിങ്, (AIISH, മൈസൂര്‍), അലി യാവര്‍ ജംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങ് ഡിസബിലിറ്റിസ്, മുംബൈ, സി.എം.സി വെല്ലൂര്‍, ഡല്‍ഹി എയിംസ്, PGMIER,ചണ്ഡീഗഢ് പിജിമെര്‍, പോണ്ടിച്ചേരി ജിപ്‌മെര്‍, എം.സി.എച്ച്.പി മണിപ്പാല്‍, തിരുവനന്തപുരത്തെ നിഷ് (NISH), കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയാണ് ഈ രംഗത്തെ പഠനത്തിനായി ഇന്ത്യയില്‍ തിരഞ്ഞെടുക്കാവുന്ന ചില സ്ഥാപനങ്ങള്‍. 

തൊഴിലവസരങ്ങള്‍

ബി.എ. എസ്.എല്‍.പിക്കാര്‍ക്ക് ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് മുതലായ രാജ്യങ്ങളില്‍ വലിയ ഡിമാന്‍ഡ് ആണിപ്പോള്‍. സ്പീച്ച് തെറാപ്പിസ്റ്റിന് യു.കെ, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ വലിയ തോതില്‍ തൊഴില്‍ അവസരങ്ങളുണ്ട്. ഇന്ത്യയില്‍ രണ്ടു രംഗത്തും അവസരങ്ങള്‍ ധാരാളം. സ്പീച്ച് തെറാപ്പിസ്റ്റിന് പുനരധിവാസ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, എന്നിവടങ്ങളില്‍ ജോലി ചെയ്യുന്നതിന് പുറമെ സ്വതന്ത്രമായി ക്ലിനിക് തുടങ്ങുകയുമാവാം. ഓഡിയോളജിസ്റ്റിന് ശ്രവണ ഉപകരണ നിര്‍മാണ കമ്പനികളില്‍ നല്ല ശമ്പളത്തോടൊപ്പം വില്പനക്കനുസരിച്ച് പ്രോത്സാഹന വേതനവും ലഭിക്കും.

തുടര്‍ പഠനത്തിന് ബിരുദാനന്തര തലത്തില്‍ ഏതെങ്കിലും ഒരു മേഖലയില്‍ മാത്രമായോ (എം.എ.എസ്.എല്‍.പി) അല്ലെങ്കില്‍ ഓഡിയോളജി, സ്പീച്ച് തെറാപ്പി മാത്രമായോ പി.ജി എടുക്കാം. അത് കഴിഞ്ഞും അക്കാദമിക താല്പര്യമുള്ളവര്‍ക്ക് ഗവേഷണത്തിലേക്കോ അധ്യാപനത്തിലേക്കോ തിരിയാം. ഇന്ത്യയില്‍  പ്രാക്ടീസ് ചെയ്യാന്‍ നാല് വര്‍ഷ ഡിഗ്രി മതിയെങ്കിലും ചില വിദേശ രാജ്യങ്ങളില്‍ ബിരുദാനന്തര ബിരുദം നിര്‍ബന്ധമാണ്.

2. പ്രോസ്‌തെറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ് (Prosthetics & Orthotics)

കൃത്രിമ അവയവങ്ങളുമായി ബന്ധപ്പെട്ട പ്രായോഗിക പഠനമാണ് നാലര വര്‍ഷത്തെ ബി.പി.ഒ (ബാച്ചിലര്‍ ഓഫ് പ്രോസ്‌തെറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ് കോഴ്‌സ്. കൃത്രിമ അവയവങ്ങളും ചേര്‍ത്തു കെട്ടുന്ന ഉപകരണങ്ങളും (braces) ഉണ്ടാക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍, ഓര്‍ത്തോ സ്‌പെഷ്യാല്‍റ്റി ആശുപത്രികള്‍, പുനരാധിവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ രംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യത.  

പഠനം

കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള എന്‍.ഐ.എല്‍.ഡി-കൊല്‍ക്കത്ത, എസ്.വി.എന്‍.ഐ.ആര്‍.ടി.എ.ആര്‍- ഒറീസ, പി.ഡി.യു.എന്‍.ഐ.പി.പി.ഡി-ഡല്‍ഹി, എന്‍.ഐ.പി.എം.ഡി-ചെന്നൈ എന്നിവയും  ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനമായ മൊബിലിറ്റി ഇന്ത്യയും ബി.പി.ഒ കോഴ്‌സ് പഠിക്കാന്‍ മികച്ചയിടങ്ങളാണ്.

തുടര്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് എം.പി.ഒ, പി.എച്ച്.ഡി എന്നിവ ചെയ്യാവുന്നതാണ്. ഓര്‍ത്തോട്ടിസ്റ്റ്, പ്രോസ്‌തെറ്റിക്‌സ് എന്നീ നിലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല കൈവഴക്കം അഭികാമ്യമാണ്. എന്നാല്‍ മാര്‍ക്കറ്റിംഗ് രംഗത്താണ് ജോലി ചെയ്യാന്‍ താല്പര്യമെങ്കില്‍ നല്ല ആശയ വിനിമയ ശേഷിയാണ് അനിവാര്യം. വളരെ കുറച്ച് സ്ഥാപനങ്ങളില്‍ മാത്രം ഈ കോഴ്‌സ് ഉള്ളതിനാല്‍ തൊഴില്‍ സാധ്യത ഏറെയാണ്. 

3. ബാച്ചിലര്‍ ഓഫ് ഒപ്‌റ്റോമെട്രി

നേത്ര രോഗങ്ങള്‍ കണ്ട് പിടിക്കുന്നതിനും അവയ്ക്ക് ചികിത്സ നല്‍കുന്നതിനും ഓപ്ത്താല്‍മോളജിസ്റ്റിനെ സഹായിക്കുകയാണ് ഒപ്‌ടോമെട്രീഷ്യന്റെ ജോലി. കണ്ണിന്റെ കാഴ്ച ശക്തി പരിശോധിച്ചു അനുയോജ്യമായ ലെന്‍സ് നിര്‍ദ്ദേശിച്ചു തരുന്നതിന് പുറമേ കണ്ണിന് മറ്റു വിഷമമുള്ളവരുടെ വിഷന്‍ തെറാപ്പിസ്റ്റ്, കാഴ്ച സ്ഥിരമായി മങ്ങി ചികിത്സയിലൂടെ വീണ്ടെടുക്കാന്‍ പറാത്തവര്‍ക്ക് ലോ വിഷന്‍ റിഹാബിലിറ്റഷന്‍, കോണ്‍ടാക്ട് ലെന്‍സ് കണ്‍സള്‍ട്ടന്‍സി എന്നിവയും ഇവരുടെ തൊഴില്‍ പരിധിക്കുള്ളില്‍ വരുന്നവയാണ്. 

ഈ മേഖലയിലെ നാല് വര്‍ഷ ബിരുദ കോഴ്‌സ് ആണ് ബാച്ചിലര്‍ ഓഫ് ഒപ്‌റ്റോമെട്രി.  കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് ആന്‍ഡ് അലൈഡ് സയന്‍സസ് (KUHAS) ഈ കോഴ്‌സിന് ചേരാന്‍ പ്ലസ് ടു തലത്തില്‍ ബയോളജി നിബന്ധമാണെന്ന നിബന്ധന വെച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന് പുറത്തെ പല യൂണിവേഴ്‌സിറ്റികളിലും പ്ലസ്ടുവിനു ബയോളജി പഠിക്കാതെ മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി കോമ്പിനേഷനില്‍ സയന്‍സ് സ്ട്രീം എടുത്തവരെയും ഈ കോഴ്‌സിന് പ്രവേശിപ്പിക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ എം.സി.എച്ച്.പി- മണിപ്പാല്‍, എസ്.ആര്‍.എം യൂണിവേഴ്‌സിറ്റി- ചെന്നൈ എന്നിവിടങ്ങളിളും ഉത്തരേന്ത്യയില്‍ അമിറ്റി യൂണിവേഴ്‌സിറ്റിയിലും ഇത്തരക്കാര്‍ക്ക് ബാച്ചിലര്‍ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സിന് ചേരാം.

ഈ കോഴ്‌സിന് ശേഷം പി.ജി. ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷത്തെ എം.ഓപ്‌റ്റോം ഉണ്ട്. ഗവേഷണത്തിനും അധ്യാപനത്തിനും താല്പര്യമുള്ളവര്‍ക്ക് ആ വഴിക്കു നീങ്ങാം. ചെന്നൈയിലെ പ്രശസ്തമായ ശങ്കര നേത്രാലയത്തിനു കീഴിലുള്ള എലൈറ്റ് സ്‌കൂള്‍ ഓഫ് ഓപ്‌റ്റോമെട്രിയില്‍  ബാച്ചിലര്‍ കോഴ്‌സിന് ചേര്‍ന്നാല്‍ അവിടെ പ്രഗല്‍ഭരായ പ്രൊഫഷനലുകളുടെ മേല്‍നോട്ടത്തില്‍ പ്രവൃത്തി പരിചയം ലഭിക്കും.  ഹൈദരാബാദിലെ എല്‍.വി പ്രസാദ് ഐ ഇന്‍സ്റ്റിറ്റ്യൂട്ട് പതിനെട്ടു മാസത്തെ പി.ജി ഡിപ്ലോമ ഇന്‍ ഓപ്‌റ്റോമെട്രി ആന്‍ഡ് വിഷന്‍ സയന്‍സ് കോഴ്‌സ് നടത്തുന്നുണ്ട്. ഈ കോഴ്‌സിന് സര്‍ക്കാര്‍/യൂണിവേഴ്‌സിറ്റി അംഗീകാരം ഇല്ലെങ്കിലും അവിടെ നിന്നു ലഭിക്കുന്ന ഹാന്‍ഡ്‌സ് ഓണ്‍ പരിശീലനം  വിദ്യാര്‍ഥികള്‍ക്ക് തൊഴിലിടങ്ങളില്‍ മികച്ച അവസരങ്ങള്‍ നേടിക്കൊടുക്കുന്നുണ്ട്.

ജോലി സാധ്യത:

ഓപ്ത്താല്‍മോളജിസ്റ്റിന് (നേത്ര രോഗ വിദഗ്ധനായ ഡോക്ടര്‍) കീഴില്‍ ക്ലിനിക്കില്‍, കണ്ണട ഷോപ്പ്, ലെന്‍സ് ഫാക്ടറി, മാര്‍ക്കറ്റിങ് എന്നിവിടങ്ങളില്‍ അവസരങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനു ശേഷം താല്പര്യമുള്ളവര്‍ക്ക് അധ്യാപനവും ഗവേഷണവും തെരഞ്ഞെടുക്കാം. ഉത്തരേന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ഓപ്‌റ്റോമെട്രിസ്റ്റുകള്‍ക്ക് അവസരങ്ങള്‍ അനവധിയുണ്ട്.

4. ഡി.ഫാം, ബി.ഫാം, എം.ഫാം, ഫാംഡി 

മരുന്നുമായി ബന്ധപ്പെട്ട മേഖലകളില്‍ താത്പര്യമുള്ള പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്‌സ് എടുത്തു പാസായവര്‍ക്ക് രണ്ടു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സായ ഡി.ഫാം, നാല് വര്‍ഷ ഡിഗ്രി കോഴ്‌സായ ബി.ഫാം എന്നിവയ്ക്ക് പോകാം. ഡി.ഫാം പാസായവര്‍ക്ക് ബി.ഫാം കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടി മൂന്ന് വര്‍ഷം കൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കാം. 

ഡിഗ്രിക്ക് ശേഷം പി.ജി. കോഴ്‌സ് ആയ രണ്ടു വര്‍ഷത്തെ എം.ഫാമിന് ചേരാം. അതിനു ശേഷം താല്‍പര്യമുള്ളവര്‍ക്ക് റിസര്‍ച്ചിനും അധ്യാപന മേഖലയിലേക്കും തിരിയാം. ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചേരാനാണ് ആറു വര്‍ഷത്തെ ഫാംഡി കോഴ്‌സിന് അപേക്ഷിക്കാം. പ്ലസ്ടുക്കാര്‍ക്ക് ഈ കോഴ്‌സിന് നേരിട്ട് ചേരാവുന്നതാണ്. ബി.ഫാം കഴിഞ്ഞവരാണെങ്കില്‍ ഫാംഡി കോഴ്‌സിന് മൂന്നാം വര്‍ഷം ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടാം.

ഫാംഡി കഴിഞ്ഞാല്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റാവാം. പേരിന് മുമ്പില്‍ ഡോക്ടര്‍ എന്ന ടൈറ്റില്‍ എഴുതാനും സാധിക്കും. ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് സാധാരണ ഫാര്‍മസിസ്റ്റുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു നോക്കാം. 

ചികില്‍സിക്കുന്ന ഡോക്ടര്‍ രോഗനിര്‍ണയം നടത്തിക്കഴിഞ്ഞാല്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട മരുന്ന് കൊടുക്കുന്നത്, അതിന്റെ ശരിയായ ഡോസേജ്,  നല്‍കുന്ന മരുന്നുകളുടെ ഗുണനിലവാരം, മരുന്ന് നല്‍കുന്നത് തികച്ചും നിയമ വിധേയമാണ് എന്നീ കാര്യങ്ങള്‍ ഉറപ്പു വരുത്തുക, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, മരുന്നുകള്‍ സൂക്ഷിക്കേണ്ട വിധം എന്നിവ വിവരിക്കുക, തുടങ്ങിയവയെല്ലാമാണ് സാധാരണ ഫാര്‍മസിസ്റ്റിന്റെ ജോലി. ഇത് കൂടാതെ ഔഷധ കമ്പനികളില്‍ ഉത്പാദനം,  ഗുണമേന്മ നിയന്ത്രണം, വിപണനം, ഗവേഷണം, ഫാര്‍മസികളില്‍ മരുന്നുകള്‍ ശരിയായ ഊഷ്മാവിലും രീതിയിലും സൂക്ഷിക്കുക,  അവ വിതരണം  ചെയ്യുക എന്നിവയും സാധാരണ ഫാര്‍മസിസ്റ്റിന്റെ തൊഴില്‍ മേഖലകളാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ഫാര്‍മസിസ്റ്റിന് പുറമേ ഡ്രഗ് ഇന്‍സ്‌പെക്ടര്‍, ഡ്രഗ് കണ്‍ട്രോളര്‍ എന്നീ തസ്തികകളുമുണ്ട്.
 
പല വികസിത രാജ്യങ്ങളിലും ഡോക്ടര്‍ രോഗനിര്‍ണയം നടത്തിയ ശേഷം  രോഗികള്‍ കഴിക്കേണ്ട മരുന്നുകളുടെ ബ്രാന്‍ഡും അളവും നിശ്ചയിക്കുന്നതും, അവയുടെ പാര്‍ശ്വഫലങ്ങള്‍ തിട്ടപ്പെടുത്തുന്നതും ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് എന്ന പ്രൊഫഷനലുകളാണ്. ഇന്ത്യയില്‍ ഫാംഡി ആണ് അതിനുള്ള കുറഞ്ഞ യോഗ്യത. അവര്‍ ഡോക്ടറുടെ കൂടെ തന്നെ ഒരു ടീമായി  ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുകയും അവരുടെ മരുന്ന് സംബന്ധമായ എല്ലാ കാര്യങ്ങളിലും നിരന്തരം ഇടപെടുകയും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണ്ട മരുന്നു/ഡോസു മാറ്റങ്ങള്‍  സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുന്നു.  

എന്നാല്‍ ഇന്ത്യയില്‍ ക്ലിനിക്കല്‍ ഫാര്‍മസി സേവനങ്ങള്‍ അത്ര വളര്‍ച്ച പ്രാപിച്ചിട്ടില്ല. ഇവിടെ വളരെ കുറച്ചു ആശുപത്രികള്‍ മാത്രമാണ് ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇതുവരെ പഠിച്ചിറങ്ങിയ ഫാംഡിക്കാര്‍ക്ക് തങ്ങളുടെ ചെലവേറിയ നീണ്ട കാല പഠനത്തിനൊടുവില്‍ അര്‍ഹിക്കുന്ന തരം തൊഴിലിടങ്ങള്‍ വേണ്ടത്ര ലഭ്യമല്ല എന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമായി നമ്മുടെ മുമ്പിലുണ്ട്. ഔഷധ  നിര്‍മ്മാണ വ്യവസായ വ്യാപാര മേഖലയില്‍ ജോലി  ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എം.ബിഎ (pharmaceutical management) കൂടി ചെയ്യുന്നത് മെച്ചപ്പെട്ട പോസ്റ്റിങിന് സഹായകമായേക്കും.

എവിടെ പഠിക്കണം? 

ഇവയാണ്. ജാമിയ ഹംദര്‍ദ്-ഡല്‍ഹി, പഞ്ചാബ് യൂണിവേഴ്‌സിറ്റി-ചണ്ഡീഗഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മ്യൂട്ടിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നിപര്‍), മൊഹാലി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി-മുംബൈ, ബിറ്റ്‌സ്- പിലാനി തുടങ്ങിയവയാണ് കേന്ദ്ര വിദ്യാഭാസ മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ഫ്രെയിംവര്‍ക്ക് (NIRF) പട്ടികയില്‍ രാജ്യത്തെ ഏറ്റവും മികച്ച ഫാര്‍മസി വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍. കേരളത്തിലും പുറത്തുമായി അനവധി സ്ഥാപനങ്ങള്‍ വേറെയുമുണ്ട്. 

5. കാര്‍ഷിക പഠനം

കേരളത്തിലെ കോളേജുകളില്‍  ബയോളജി ഒരു വിഷയമായി പഠിച്ചവര്‍ക്കാണ് കൃഷി ബിരുദ (ബി.എസ് സി അഗ്രികള്‍ച്ചര്‍) പ്രവേശനത്തിന് യോഗ്യത. മെഡിക്കല്‍ കോഴ്‌സ് പ്രവേശന പരീക്ഷയായ നീറ്റിന് ലഭിക്കുന്ന മാര്‍ക്ക് അടിസ്ഥാനപ്പെടുത്തിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതിന് പുറമേ സംസ്ഥാന-കേന്ദ്ര യൂണിവേഴ്‌സിറ്റികളിലെ സീറ്റില്‍ 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയാണ്. അതില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) നടത്തുന്ന അഖിലേന്ത്യാ മത്സര പരീക്ഷ പാസാവണം.  പ്ലസ്ടുവിന് ബയോളജി പഠിക്കാത്ത മാത്‌സ്, കെമിസ്ട്രി, ഫിസിക്‌സ് കോമ്പിനേഷനില്‍ സയന്‍സ് പാസായവര്‍ക്കും എഴുതാം. നാലു വര്‍ഷമാണ് ബി.എസ്‌സി. ഡിഗ്രി കോഴ്‌സിന്റെ കാലാവധി. അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍, ജെനറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിംഗ്, സോയില്‍ സയന്‍സ്, പ്ലാന്റ് പാത്തോളജി തുടങ്ങി അനവധി മേഖലകള്‍ ഉപരി പഠനത്തിന് തെരഞ്ഞെടുക്കാം. 

കാര്‍ഷിക പ്രധാന രാജ്യമായ ഇന്ത്യയില്‍ കൃഷി വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ എല്ലാ വിധ പ്രോത്സാഹനങ്ങളും അതിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ യിലെ മികച്ച കാര്‍ഷിക യൂണിവേഴ്‌സിറ്റികളും കോളേജുകളും പരിശോധിച്ചാല്‍ അവയൊക്കെത്തന്നെ സര്‍ക്കാര്‍ മേഖലയിലുള്ളതാണെന്നു കാണാം. കേരള കാര്‍ഷിക സര്‍വ്വകലാശാലക്കും അഖിലേന്ത്യാ തലത്തില്‍ നല്ല റാങ്കിങ് ഉണ്ട്. 

കേരള കാര്‍ഷിക സര്‍വകലാശാല, ജി.ബി പന്ത് യൂണിവേഴ്‌സിറ്റി- ഉത്തരാഖണ്ഡ്, ബി.എച്ച്.യൂ- വാരണാസി, യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് (യു.എ.എസ്)-ധാര്‍വാഡ്, ബാംഗ്ലൂര്‍, റായിച്ചുര്‍ ക്യാമ്പസുകള്‍, തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, ഹൈദരാബാദിലെ പി.ജെ.ടി.എസ്.യു, എ.എന്‍.ജി.ആര്‍.എ.യു മുതലായവ ഡിഗ്രി പഠനത്തിന്  ദേശീയ തലത്തില്‍ മികച്ച് നില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ചിലതാണ്. അഖിലേന്ത്യാ തലത്തിലുള്ള ഐ.സി.എ.ആര്‍ എന്‍ട്രന്‍സ് പ്രവേശന പരീക്ഷ മുഖേനയാണ് ഇവിടെ പ്രവേശനം. എന്‍ട്രസ് പ്രവേശനം ലഭിക്കാത്തവര്‍ക്ക് സ്വകാര്യ സര്‍വകലാശാലകളിലും പ്രവേശനം നേടാം. ഐ.സി.എ.ആര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കോഴ്‌സിന് അംഗീകാരമുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം വേണം പ്രവേശനം നേടാന്‍. 

തൊഴിലവസരങ്ങള്‍

കാര്‍ഷിക മേഖലയില്‍ ജോലിസാധ്യത കൂടുതലും സര്‍ക്കാര്‍ തലത്തിലാണ്. ഫീല്‍ഡ് ലെവല്‍ ഉദ്യോഗസ്ഥരായും ശാസ്ത്രജ്ഞരായും അനവധി പോസ്റ്റുകളാണ് സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കാര്‍ഷിക വിദഗ്ധരെ കാത്തിരിക്കുന്നത്. കേരളത്തില്‍ ഓരോ തദ്ദേശ സ്ഥാപനത്തിലുമായി ആയിരത്തിലധികം കൃഷി ഭവനുകളുണ്ട്. കൂടാതെ കൃഷി വകുപ്പിന്റെ കീഴിലുള്ള കൃഷിത്തോട്ടങ്ങള്‍, സീഡ് ഫാമുകള്‍, കോളേജ്, യൂണിവേഴ്‌സിറ്റി മുതലായ സ്ഥാപനങ്ങളിലും ഇന്ത്യന്‍ സിവില്‍ സര്‍വീസിന് സമാനമായ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസിലും അവസരങ്ങളുണ്ട്. 

സര്‍ക്കാര്‍ സര്‍വീസ് കൂടാതെ സ്വകാര്യ വന്‍കിട ഫാമുകള്‍, അഗ്രി കെമിക്കല്‍, വിത്ത് വ്യവസായം, ടിഷ്യൂ കള്‍ച്ചര്‍ ഉള്‍പ്പെടെയുള്ള ബയോടെക്‌നോളജി മേഖല, ബാങ്കുകളിലെ കാര്‍ഷിക വായ്പകള്‍ കൈകാര്യം ചെയ്യുന്ന ഓഫീസര്‍മാര്‍, വന്‍ എന്‍.ജി.ഒകള്‍  (സര്‍ക്കാരേതര സംഘടനകള്‍) എന്നിവടങ്ങളിലും കൃഷി ബിരുദധാരികള്‍ക്കു ആകര്‍ഷകമായ ശമ്പളത്തോട് കൂടി ജോലി ലഭിക്കും. 

(മുന്‍ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറും നിലവില്‍ അസാപ് കരിയര്‍ കൗണ്‍സിലറും സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുമാണ് ലേഖകന്‍)

Content Highlights: Higher education courses after plus two for Science stream students