കേരളത്തിലെ  ഒരു വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർഥിനി സ്കൂൾകെട്ടിടത്തിൽനിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപികമാരുടെ പേരിൽ പ്രേരണക്കുറ്റത്തിന് പോലീസ് കേസെടുത്തിരിക്കുന്നു. ആന്ധ്രയിലെയും തെലങ്കാനയിലെയും വിവിധ മത്സരപ്പരീക്ഷാ പരിശീലനകേന്ദ്രങ്ങളിൽ പഠിക്കുന്ന അമ്പതോളം കുട്ടികൾ ആത്മഹത്യ ചെയ്ത കാര്യം കഴിഞ്ഞദിവസം പത്രങ്ങൾ  റിപ്പോർട്ടു ചെയ്യുകയുണ്ടായി. അധ്യയനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ അനുഭവിക്കുന്ന കടുത്ത മാനസികപ്രയാസങ്ങളിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നത്. 

മനസ്സു മടുക്കുമ്പോൾ

കുട്ടികൾ നന്നായി പഠിച്ച് ഉയർന്ന ഗ്രേഡു വാങ്ങണമെന്നല്ലാതെ വിദ്യാലയം അവരുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നു ചിന്തിക്കുന്ന രക്ഷാകർത്താക്കളുടെ എണ്ണം ചുരുങ്ങും. താൻ വിദ്യാലയത്തിൽ അരക്ഷിതനും നിസ്സഹായനുമാണെന്ന തോന്നലോ ബോധ്യമോ കുട്ടിയിൽ മാനസികസമ്മർദവും സംഘർഷവും സൃഷ്ടിക്കുന്നു.

 
ഭാരമേറിയ പാഠ്യപദ്ധതിയും വിരസമായ അധ്യാപനരീതിയും മൂലം പഠിതാക്കളിൽ പലർക്കും പഠനം പീഡനമായി മാറുന്നുമുണ്ട്.  പഠനസന്നദ്ധതയുടെ അഭാവത്തിൽ അടിച്ചേല്പിക്കുന്ന വിദ്യാഭ്യാസം പഠിതാവിന്റെ മാനസികസുസ്ഥിതിയെയും വ്യക്തിത്വത്തെയും ദോഷകരമായി ബാധിക്കുന്നു. ലോകത്താകെ കുട്ടികൾക്കിടയിലുള്ള മനോരോഗാതുരതയുടെ തോത് അടിക്കടി ഉയരുന്നതിൽ അവരുടെ വിദ്യാലയജീവിത സമ്മർദത്തിന് കാര്യമായ ഒരു പങ്കുണ്ട്.

 
ജിജ്ഞാസയും പ്രേരണയും സഹപാഠികളും അധ്യാപകരുമായുമുള്ള നല്ല ബന്ധവും അർഥപൂർണമായ പാഠ്യപദ്ധതിയും ഉണർവേകുന്ന മനോ-ഭൗതിക സാഹചര്യങ്ങളുമുള്ള വിദ്യാലയം പഠനം ആസ്വാദനവും അന്വേഷണവുമാക്കുകയും മനോസമ്മർദം കുറയ്ക്കുകയും ചെയ്യും.

മസ്തിഷ്കത്തിൽ സൗമ്യജാഗ്രതയുടെ ആൽഫാ തരംഗങ്ങൾ നിറയുമ്പോഴേ ശരിയായ പഠനപ്രക്രിയ നടക്കുകയുള്ളൂവെന്നാണ് പഠനത്തിന്റെ നാഡീമനഃശാസ്ത്രം കണ്ടെത്തിയിട്ടുള്ളതും. പഠിതാവിന്റെ സന്തോഷത്തിന് പഠനമികവുമായി ആനുപാതികമായ ബന്ധമുണ്ടെന്നും അത് പഠിതാവിന്റെ സുസ്ഥിതിയും ഉയർത്തുന്നുവെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ യുനെസ്കോയുടെ പുതിയ വിദ്യാഭ്യാസ ഇടപെടലായ ഹാപ്പി സ്കൂൾ പ്രോജക്ടിന് വലിയ പ്രസക്തിയുണ്ട്. 

ഹാപ്പി സ്കൂൾ പ്രോജക്ട്

വിദ്യാഭ്യാസത്തിലും വിദ്യാഭ്യാസത്തിലൂടെയും സന്തുഷ്ടി വളർത്തിയെടുക്കാനാവുമെന്ന ആശയമാണ് സന്തുഷ്ടവിദ്യാലയ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. യുനെസ്കോ ബാങ്കോക്കിന്റെ നേതൃത്വത്തിൽ 2014-ൽ ആരംഭിച്ച ഇതിന്റെ പ്രവർത്തന പരിധിയിൽ ഏഷ്യാ-പസിഫിക് പ്രദേശത്തെ  ഇന്ത്യയടക്കം മൊത്തം 31 രാജ്യങ്ങളാണ് ഉൾപ്പെടുന്നത്.

പഠിതാക്കളുടെ സുസ്ഥിതിയും സമഗ്രവികാസവും ഉറപ്പാക്കുന്ന വിദ്യാലയാനുഭവങ്ങൾ ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2016-ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ സന്തുഷ്ട വിദ്യാലയ നിർമിതിക്കുവേണ്ടി 22 മാനദണ്ഡങ്ങളുള്ള ഒരു ചട്ടക്കൂടും നിർദേശിച്ചിട്ടുണ്ട്. പഠനപ്രക്രിയ, അതിലുൾപ്പെടുന്ന ആളുകൾ, സ്ഥലം എന്നിവയിലൂന്നിയ ഈ ചട്ടക്കൂട് വിദ്യാഭ്യാസത്തെ സന്തോഷകരമായ ഒരനുഭവമാക്കാനുള്ള  പ്രായോഗിക നിർദേശങ്ങൾ ഉൾക്കൊള്ളുന്നു. 

പഠനത്തിന്റെ നാലു തൂണുകളിൽ പെടുന്ന ‘ഒരുമിച്ചു ജീവിക്കാൻ പഠിക്കൽ’, ‘ആകുവാൻ പഠിക്കൽ’ എന്നിവയും സർഗാത്മക മനഃശാസ്ത്രത്തിന്റെ ധാരണകളുമാണ് സന്തുഷ്ട വിദ്യാലയ പദ്ധതിയുടെ സൈദ്ധാന്തിക അടിത്തറ. പഠനപ്രക്രിയയുടെ മനോ, സാമൂഹിക, വൈകാരിക വശങ്ങൾക്ക് അതു പ്രാധാന്യം നൽകുന്നു. വ്യക്തിത്വരൂപവത്‌കരണ കാലമായ ബാല്യ-കൗമാരങ്ങൾ മാനസിക സമ്മർദത്തിന്റെയും ഉത്‌കണ്ഠയുടെയും ഭയാശങ്കകളുടേതുമാണെങ്കിൽ അതു വിദ്യാഭ്യാസത്തെ മാത്രമല്ല വ്യക്തിത്വത്തെയും ജീവിതവീക്ഷണത്തെയും ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ തന്നെയും സ്വാധീനിക്കും.


നമ്മുടെ സ്കൂൾ വിദ്യാഭ്യാസരംഗത്ത് വളരെയേറെ പ്രസക്തമായ ഒരാശയമാണ് ഇത്‌. കുട്ടികൾക്കിടയിലെ മാനസികാരോഗ്യപ്രശ്നങ്ങൾ കേരളത്തിലും കൂടിവരുന്നുണ്ട്. ഉത്‌കണ്ഠാ രോഗങ്ങൾ, വിഷാദം, ആത്മഹത്യ, വ്യക്തിത്വ തകരാറുകൾ എന്നിവ കൗമാരക്കാർക്കിടയിൽ ഉയർന്നതോതിൽ കണ്ടുവരുന്നു.

മത്സരവും സുരക്ഷാപ്രശ്നങ്ങളും അമിത അച്ചടക്കവുമൊക്കെ കാരണം മനോസമ്മർദത്തിന്റെ പ്രഷർകുക്കറുകളായി വിദ്യാലയങ്ങൾ മാറിയിട്ടുണ്ട്. ഹയർ സെക്കൻഡറിതലത്തിലാണ് കുട്ടികൾ കൂടുതൽ മാനസികസമ്മർദവും പിരിമുറുക്കവും അനുഭവിക്കേണ്ടിവരുന്നത്. കേരളത്തിലെ ഹയർസെക്കൻഡറി പഠിതാക്കളിൽ നടത്തിയ ഒരു സർവേയിൽ, ഉത്‌കണ്ഠാരോഗങ്ങളുടെ വ്യാപനം 56.8 ശതമാനം ആണെന്നു കാണുകയുണ്ടായി. ഉയർന്നതോതിലുള്ള മാനസികസമ്മർദമാണ് ഈ ഉത്‌കണ്ഠാരോഗങ്ങൾക്കു നിദാനമായി കണ്ടെത്തിയത്. പെൺകുട്ടികളിൽ ഇവയുടെ സാന്നിധ്യം കൂടുതലാണ്. 

പരമപ്രധാനം സന്തുഷ്ടി

തത്ത്വശാസ്ത്രത്തിനും മനഃശാസ്ത്രത്തിനും സന്തുഷ്ടി എക്കാലവും ഒരു സവിശേഷ പഠനവിഷയമായിരുന്നു. മാർട്ടിൻ സെലിഗ്‌മാന്റെ നേതൃത്വത്തിൽ 1990-കളിൽ ഉയർന്നുവന്ന പൊസിറ്റീവ് സൈക്കോളജി പ്രസ്ഥാനം ഊന്നുന്നതും അതിൽത്തന്നെ. സന്തോഷം പഠിച്ചെടുക്കാനും പഠിപ്പിച്ചെടുക്കാനും കഴിയുന്ന ഒന്നാണ്. സർഗാത്മകത, പരിശ്രമശീലം, സഹാനുഭൂതി, സംഘപ്രവർത്തനം തുടങ്ങിയവ സന്തുഷ്ടി വർധിപ്പിക്കുന്നു. സന്തോഷവും പഠനവും തമ്മിലുള്ള പരസ്പരബന്ധത്തെപ്പറ്റി ജൊഹാൻ പെസ്റ്റലോസി ഗഹനമായി മനസ്സിലാക്കിയിരുന്നു.

ജീവിതത്തിലുടനീളം അനുഭവിക്കുന്ന അർഥപൂർണമായ സന്തുഷ്ടിയാണ് എല്ലാ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെയും ആത്യന്തിക ലക്ഷ്യമെന്ന് പ്രഖ്യാപിച്ച  ഐക്യരാഷ്ട്ര സംഘടന അതിന്റെ സുസ്ഥിര വികസനലക്ഷ്യങ്ങളിൽ സുസ്ഥിതി എന്ന ആശയത്തിന് പ്രാധാന്യം നൽകുകയും ചെയ്തു. 
സന്തോഷം രാജ്യങ്ങളുടെ വിദ്യാഭ്യാസ നയത്തിലും അതിന്റെ സ്വാധീനം പ്രകടമാക്കിയിരിക്കുന്നു. ഭൂട്ടാൻ സന്തോഷത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസം ആവിഷ്കരിച്ചു കഴിഞ്ഞു.

തങ്ങളുടെ യുവാക്കളും കൗമാരക്കാരുമാണ് സന്തോഷത്തിൽ ലോകത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നതെന്നു മനസ്സിലാക്കി റിപ്പബ്ലിക് ഓഫ് കൊറിയ ഹാപ്പി എജുക്കേഷൻ ആരംഭിച്ചു. യു.എ.ഇ. സ്കൂളുകളിൽ ഹാപ്പിനെസ് പോളിസി നടപ്പാക്കി എന്നു മാത്രമല്ല മിനിസ്റ്റർ ഫോർ ഹാപ്പിനെസ് എന്ന മന്ത്രിസ്ഥാനവും സൃഷ്ടിച്ചിരിക്കുന്നു. ബ്രിട്ടനിലെ സ്കൂളുകളിൽ മാനസികാരോഗ്യപരിശീലന പരിപാടികൾ നടപ്പാക്കിക്കഴിഞ്ഞു.


മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്ന ഒട്ടേറെ വിദ്യാലയപീഡന സംഭവങ്ങൾ സൂചിപ്പിക്കുന്നത് നമ്മുടെ രാജ്യത്തെ സ്കൂളുകൾ അധികവും വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം സന്തോഷകരമല്ലെന്നു മാത്രമല്ല ഭയജനകവുമാണെന്നാണ്. യുനെസ്കോയുടെ ഹാപ്പി സ്കൂൾ പദ്ധതി പുതിയ കാലത്തിന്റെ സന്തുഷ്ടജീവിതസങ്കല്പത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചുവടു വെപ്പായിരിക്കും.

(വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ലേഖകൻ മനശ്ശാസ്ത്രജ്ഞനുമാണ്‌)