വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധയോടെ നടപടികള്‍ പൂര്‍ത്തിയാക്കണം. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യാജ ഏജന്‍സികളും വ്യക്തികളുമുണ്ടെന്ന് തിരിച്ചറിയണം. ചതിക്കുഴികള്‍ ഏറെയുണ്ട്.
വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ സ്വന്തമായി പൂര്‍ത്തിയാക്കാവുന്നതേയുള്ളൂ. ഒപ്പം ഇക്കാര്യങ്ങളും ശ്രദ്ധിക്കാം.
- പഠനമേഖലയ്ക്ക് അനുസരിച്ച് രാജ്യങ്ങളും സര്‍വകലാശാലകളും തിരഞ്ഞെടുക്കാം. പഠിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ ആഗോള റാങ്കിങ് മനസ്സിലാക്കണം. സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് വിലയിരുത്തരുത്. വെബ്സൈറ്റില്‍ റാങ്കിങ് നിലവാരം തെറ്റായി രേഖപ്പെടുത്തും.
- അവിടെ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ഥികളെ കണ്ടെത്തി ആശയവിനിമയം നടത്തുക.
- സ്‌കോളര്‍ഷിപ്പ്-ഫെലോഷിപ്പുകള്‍ പോകുന്നതിനുമുമ്പേ ഉറപ്പാക്കുക.
- എല്ലാ രാജ്യത്തെയും ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതത് രാജ്യത്തിന്റെ ഇന്ത്യയിലുള്ള വിദ്യാഭ്യാസ പ്രൊമോഷന്‍ ഓഫീസുകളില്‍നിന്ന് ലഭിക്കും. കൂടാതെ ഔദ്യോഗിക വിദ്യാഭ്യാസ ഏജന്‍സികളുമായി ബന്ധപ്പെടുക. യു.എസ്.ഐ.ഇ.എഫ്. (യു.എസ്.- http://www.usief.org.in/), ബ്രിട്ടീഷ് കൗണ്‍സില്‍ (യു.കെ.- https://www.britishcouncil.org/) , കാമ്പസ് ഫ്രാന്‍സ് (ഫ്രാന്‍സ് - https://www.inde.campusfrance.org/), ഡാഡ് (ജര്‍മനി - https://www.daad.in/en/) ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍വഴി വിവരം ശേഖരിച്ച് പഠിക്കുന്ന സ്ഥാപനത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക.
- പ്രവേശനനടപടികളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഇവരുമായി ബന്ധപ്പെടാം.
Also Read: വിദേശത്ത് പഠിക്കാന്‍ ഏകദേശം എന്ത് ചിലവ് വരും?
- ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുക. കോഴ്സ് പൂര്‍ത്തിയാക്കിയ ഉടനെ തൊഴില്‍ ചെയ്യാനുതകുന്ന പോസ്റ്റ് സ്റ്റഡിവര്‍ക്ക് വിസയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുക.
- അക്കാദമിക് നിലവാരം, പരീക്ഷാസ്‌കോറുകള്‍ (TOEFL/IELTS, GRE, SAT) Statement of purpose
- റഫറന്‍സ് കത്തുകള്‍, പ്രവൃത്തിപരിചയം മുതലായവ പ്രവേശനത്തിന് വിലയിരുത്തപ്പെടും. ഇതില്ലാതെ പ്രവേശനം നേടാമെന്ന വാഗ്ദാനത്തില്‍ വീഴരുത്. നിലവാരമില്ലാത്ത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ TOEFL/IELTS ഒഴിവാക്കി അഡ്മിഷന്‍ നല്‍കാന്‍ തയ്യാറാകും.
- ബയോഡേറ്റ വസ്തുനിഷ്ഠമായ രീതിയില്‍ തയ്യാറാക്കണം. വ്യാജ ഏജന്‍സികളുടെ പ്രലോഭനത്തില്‍ വീഴരുത്. ഇവര്‍ വ്യാജ അഡ്മിഷന്‍ അറിയിപ്പും വിസയ്ക്കുള്ള അപേക്ഷയും അയച്ചുതരും. മുന്‍കൂര്‍ വിസ ഫീസ് വാങ്ങുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക.
- ജീവിതച്ചെലവ് കുറവാണെന്ന വാഗ്ദാനത്തില്‍ വീഴാതിരിക്കുക. പഠിക്കാനുള്ളതും മറ്റു ചെലവുകളും അതത് രാജ്യങ്ങളുടെ ഔദ്യോഗിക ഏജന്‍സികളിലൂടെ അറിയാം. പാര്‍ട്ട് ടൈം തൊഴില്‍ ഉടന്‍ ലഭിക്കുമെന്നും ഇതിലൂടെ തുക മിച്ചംവെക്കാമെന്നുമുള്ള പ്രലോഭനങ്ങളില്‍ വീഴരുത്.
Content Highlights: Study Abroad, Higher Education