യു.എസിലെ കാലിഫോര്‍ണിയയിലുള്ള യൂട്യൂബ് ആസ്ഥാനം സന്ദര്‍ശിച്ച് മേധാവിയുമായി കൂടിക്കാഴ്ച നടത്താന്‍ കോഴിക്കോട് എന്‍.ഐ.ടി.യിലെ നാലാംവര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥി ആഷിക് അബ്ദുള്‍ ഹമീദ് 2019 ജനുവരിയില്‍ പുറപ്പെടും. 

ആദ്യമായാണ് കംപ്യൂട്ടര്‍ സയന്‍സ് മേഖലയില്‍നിന്നല്ലാത്ത ഒരാളെ ഗൂഗിള്‍ ഈ സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നത്. 750 യു.എസ്. ഡോളറാണ് (ഏകദേശം 55,000 രൂപ) സ്‌കോളര്‍ഷിപ്പ് തുക. കൂടാതെ പ്രാദേശികമായി കംപ്യൂട്ടര്‍ സയന്‍സ് മേഖലയില്‍ വിനിയോഗിക്കാന്‍ 225 ഡോളറിന്റെ സഹായംകൂടി ലഭിക്കും. ഗൂഗിള്‍ നല്‍കുന്ന വെങ്കട് പഞ്ചാപകേശന്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് നേടിയാല്‍ നിങ്ങള്‍ക്കും അതിന് അവസരമുണ്ട്. 

വേറിട്ട പ്രവര്‍ത്തനം

ഓഗ്മെന്റഡ് റിയാലിറ്റിയില്‍ നടത്തിയ ഗവേഷണം, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് വെര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനു റോബോട്ടുകളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതു സംബന്ധിച്ച് ഡല്‍ഹി ഐ.ഐ.ടി.യില്‍ അവതരിപ്പിച്ച പ്രബന്ധം, ബയോടെക്നോളജിയും കംപ്യൂട്ടര്‍ സയന്‍സും ബന്ധപ്പെടുത്തിയുള്ള പഠനം, മലബാര്‍ ഭാഗത്തെ സ്‌കൂളുകളിലെയും കോളേജുകളിലെയും കുട്ടികളെ ഉള്‍പ്പെടുത്തി 'ഇന്റര്‍ഫേസ്' എന്ന പേരില്‍ സംഘടിപ്പിച്ച ഉച്ചകോടിയുടെ ഭാഗമായത്, ഫെയ്സ്ബുക്കിന്റെ പരിശീലനപരിപാടിയായ 'സ്‌കൂള്‍ ഓഫ് ഇന്നൊവേഷന്‍സി'ല്‍ പങ്കാളിയായത് എന്നിവ സ്‌കോളര്‍ഷിപ്പ് നേടാന്‍ സഹായിച്ചതായി ആഷിക് പറഞ്ഞു. 

തയ്യാറെടുപ്പ് 

കംപ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിങ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ലക്ഷ്യത്തിലെത്തിച്ചേരുന്നതിനിടെ തിരിച്ചടികള്‍ ഉണ്ടാകുകയും കഠിനപരിശ്രമത്തിലൂടെ അത് മറികടക്കുകയും ചെയ്തവരാണോ? കംപ്യൂട്ടര്‍ സയന്‍സ് മേഖലയില്‍ വളരാന്‍ അതിയായ ആഗ്രഹം ഉണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വര്‍ഷത്തില്‍ ആറു പേരെയാണ് ഗൂഗിള്‍ പരിഗണിക്കുക. അടുത്ത വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനു ജൂലായിലാണ് അപേക്ഷ നല്‍കേണ്ടത്.

  • ഇന്ത്യയിലെ ഏതെങ്കിലും കോളേജിലോ സര്‍വകലാശാലയിലോ ബിരുദ വിദ്യാര്‍ഥിയാവണം 
  • ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം 
  • ലോകം കൂടുതല്‍ സുസ്ഥിരമാക്കുന്നതിനു കംപ്യൂട്ടര്‍ സയന്‍സ് എങ്ങനെ ഉപയോഗപ്പെടുത്തും? ലക്ഷ്യം കൈവരിക്കാന്‍ സ്‌കോളര്‍ഷിപ്പ് എങ്ങനെ പ്രയോജനപ്പെടുത്തും. എന്നീ വിഷയങ്ങളില്‍ 300 വാക്കില്‍ കവിയാതെ ഉപന്യാസം തയ്യാറാക്കണം. എന്തൊക്കെ തിരിച്ചടികളാണ് ഉണ്ടായത്. അത് എങ്ങനെ ബാധിച്ചു. അവയെ മറികടക്കുന്നതിനു എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്നതില്‍ 250 വാക്കില്‍ കവിയാതെ ഉപന്യാസം തയ്യാറാക്കണം.
  • സ്‌കോളര്‍ഷിപ്പ് ആവശ്യമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ. പരമാവധി ഒരു മിനിറ്റ് മാത്രം. വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തശേഷം ലിങ്ക് അപേക്ഷയോടൊപ്പം നല്‍കണം.
  • കംപ്യൂട്ടര്‍ സയന്‍സിലെ പരിചയവും നേതൃപാടവവും വിവരിച്ചുകൊണ്ടുള്ള ബയോഡേറ്റ 
  • അധ്യാപകരോ, മേലുദ്യോഗസ്ഥരോ നിങ്ങളെ പരിചയപ്പെടുത്തുന്ന രണ്ടു കത്ത് 

വെറുമൊരു എന്‍ജിനീയറല്ല

വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയാണ് ആഷിക്കിന്റെ ഇഷ്ടവിഷയങ്ങള്‍. വെറുമൊരു എന്‍ജിനീയറായിട്ടു കാര്യമില്ലെന്നും നാടിന് ഉപകാരപ്പെടുന്ന എന്തെങ്കിലുമൊക്കെ ചെയ്താലേ ഡിഗ്രികൊണ്ടു പ്രയോജനമുള്ളൂവെന്നും ആഷിക് പറയുന്നു. മൂന്നു മാസത്തോളമാണ് സ്‌കോളര്‍ഷിപ്പിനായി തയ്യാറെടുപ്പു നടത്തിയത്. അവസാന ഒരു മാസം കഠിനപരിശ്രമം വേണ്ടിവന്നു. സ്‌കോളര്‍ഷിപ്പിനു നമ്മെ പരിഗണിക്കാന്‍ കഴിവിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനായി ചെയ്ത കാര്യങ്ങള്‍ കൂടി ഗൂഗിള്‍ പരിഗണിക്കുമെന്ന് ആഷിക്കിന്റെ അനുഭവം.