കൊച്ചി: മലയാളം പഠിക്കാന്‍ അവസരമൊരുക്കി ജര്‍മന്‍ സര്‍വകലാശാല. പഠിപ്പിക്കുന്നതാകട്ടെ ജര്‍മന്‍ സ്വദേശിയും. അക്ഷരമാല മുതല്‍ മലയാളത്തിലെ സാഹിത്യവും ചരിത്രവുമെല്ലാം ഈ ക്ലാസ് മുറികളില്‍ ചര്‍ച്ചയാകുന്നു.

ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയിലെ വിന്റര്‍ സീസണ്‍ കാമ്പസിലാണ് ക്ലാസ്. ജര്‍മന്‍ സ്വദേശിനി ഹെയ്‌ക്കെ ഒബെര്‍ലിന്‍ ആണ് മലയാളത്തെ ജര്‍മനിയിലെ ക്ലാസ് മുറികളിലെത്തിക്കുന്നത്. മലയാളം ഫോര്‍ ബിഗിനേഴ്‌സ് എന്ന പേരിലാണ് ക്ലാസുകള്‍.

heyke
ഹെയ്‌ക്കെ ഒബെര്‍ലിന്‍

മലയാളത്തെക്കുറിച്ച് ഒന്നുമറിയാത്തവര്‍ക്ക് ഇന്ത്യയിലെ ദ്രാവിഡ ഭാഷകളിലൊന്നായ ഭാഷയെ പരിചയപ്പെടാനുള്ള അവസരമാണ് ഒരുക്കുന്നത്. പഴയതും പുതിയതുമായി ലിപികളും പ്രാഥമിക വ്യാകരണവും ഉച്ചാരണവും എഴുത്തുശൈലിയുമെല്ലാം പഠിപ്പിക്കും. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന. പുറത്തുള്ളവര്‍ക്കും ഫീസടച്ച് ചേരാം. കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈനായും ക്ലാസിലെത്താം.

95-97 കാലത്ത് കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും പഠിക്കാന്‍ കലാമണ്ഡലത്തിലെത്തിയതാണ് ഹെയ്‌ക്കെ ഒബെര്‍ലിന്‍ എന്ന പ്രിയ. ഇവിടെ വെച്ച് മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പഠിച്ചു. പിന്നീട് ജര്‍മനിയിലെത്തി ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ എം.എ. ഇന്‍ഡോളജി പഠിച്ചു.

മലയാളത്തോടുള്ള പ്രണയം സഹപാഠികളെയും മറ്റും മലയാളം പഠിപ്പിക്കുന്നതിലേക്ക് നയിച്ചു. പുതിയ ഭാഷയെ ഉള്‍ക്കൊള്ളാന്‍ സര്‍വകലാശാല തയ്യാറായതോടെ ഇന്‍ഡോളജി വകുപ്പിനു കീഴില്‍ മലയാളം ക്ലാസുകള്‍ ആരംഭിച്ചു. അവിടെ മലയാളം ക്ലാസുകള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2015 മുതല്‍ തുഞ്ചത്തെഴുത്തച്ഛന്‍ സര്‍വകലാശാലയുമായി സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്.

മലയാളം സര്‍വകലാശാലയുമായുള്ള സഹകരണത്തോടെ ഗുണ്ടര്‍ട്ട് ചെയര്‍ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ ആരംഭിച്ചു. മികച്ച മലയാളം ഇംഗ്ലീഷ് നിഘണ്ടുവും വ്യാകരണവുമൊക്കെ രചിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ വിപുലമായ മലയാളം ഗ്രന്ഥശേഖരം ഡിജിറ്റൈസ് ചെയ്ത് ലോകത്തിനു സമര്‍പ്പിച്ചതും ഹെയ്‌ക്കെയുടെ നേതൃത്വത്തില്‍ ടൂബിങ്ങന്‍ സര്‍വകലാശാലയാണ്.

ഡോ. സ്‌കറിയ സക്കറിയ, പ്രൊഫ. ടി. അനിതകുമാരി, എം. ശ്രീനാഥന്‍, രാജന്‍ ഗുരുക്കള്‍, കേശവന്‍ വെളുത്താട്ട് തുടങ്ങിയവര്‍ സര്‍വകലാശാലയില്‍ ക്ലാസുകളെടുക്കുന്നുണ്ട്.

Content Highlights: German university to teach malayalam