തിരുവനന്തപുരം: 'ഉമ്മതരാനെന്നമ്മ... കാര്യം നോക്കാനെന്നച്ഛൻ, മേൽനോട്ടത്തിന് മുത്തച്ഛൻ... കടയിൽപ്പോകാൻ കൊച്ചേട്ടൻ, മുറ്റമടിക്കാൻ കൊച്ചേച്ചി...'

അങ്കണവാടി കുട്ടികളെ പഠിപ്പിക്കാനുള്ള 'അങ്കണത്തൈമാവ്' എന്ന കൈപ്പുസ്തകത്തിൽ കയറിക്കൂടിയ പാട്ടാണിത്. സ്ത്രീകൾ ചെയ്യേണ്ടത് വീട്ടിലെ പണികൾ. കാര്യങ്ങൾ നോക്കാൻ ആണുങ്ങൾ. തീരെച്ചെറിയ പ്രായത്തിൽത്തന്നെ പഠിപ്പിക്കുന്ന ഇത്തരം പാഠങ്ങൾ തിരുത്താൻ തയ്യാറെടുക്കുകയാണ് കേരള സർക്കാർ.

ആദ്യഘട്ടമായി അങ്കണവാടികളിലെ പുസ്തകങ്ങളും പഠനസാമഗ്രികളും ജെൻഡർ ഓഡിറ്റിനു വിധേയമാക്കാനുള്ള സമിതി പ്രവർത്തനം തുടങ്ങി. പാഠങ്ങൾ വായിച്ച് അതിൽ കടന്നുകൂടിയിരിക്കുന്ന സ്ത്രീവിരുദ്ധത തിരുത്തുകയാണ് ലക്ഷ്യം. അതോടൊപ്പം, ചെറുപ്രായത്തിൽത്തന്നെ ലിംഗസമത്വത്തെക്കുറിച്ച് ബോധമുണ്ടാക്കുന്നതരത്തിലുള്ള പാഠങ്ങളും ഉൾപ്പെടുത്തും.

സമിതി പ്രവർത്തനം തുടങ്ങി

സർക്കാരിന്റെ ജെൻഡർ ഉപദേശക ഡോ. ടി.കെ. ആനന്ദിയാണ് സമിതിയുടെ അധ്യക്ഷ. പോണ്ടിച്ചേരി സർവകലാശാലയിൽനിന്ന് വിരമിച്ച ഡോ. വി.ടി. ഉഷയും ഡോ. അമൃത് രാജും വിദഗ്ധ അംഗങ്ങൾ. കാസർകോട് ചെറിയകര ഗവ. എൽ.പി. സ്കൂൾ അധ്യാപകൻ മഹേഷ് കുമാർ, കാസർകോട് ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത് (കൺവീനർ) എന്നിവരാണ് മറ്റംഗങ്ങൾ.

സീതയ്ക്ക് കരിവള, രാമന് പന്ത്

അങ്കണവാടികളിൽ മാത്രമല്ല, എല്ലാ തലത്തിലും പാഠഭാഗങ്ങളിൽ വീടിനുള്ളിലെയും സമൂഹത്തിലെയും ലിംഗപദവികളെക്കുറിച്ചും തൊഴിൽ വിഭജനത്തെക്കുറിച്ചും തെറ്റായ ധാരണയുണ്ടാക്കുന്ന പാഠഭാഗങ്ങൾ കടന്നുകൂടിയിട്ടുണ്ടെന്ന് ഡോ. ടി.കെ. ആനന്ദി പറഞ്ഞു.

കണക്ക് പുസ്തകത്തിൽപ്പോലുമുണ്ട്. സീത അഞ്ചുരൂപയ്ക്ക് അഞ്ച് കരിവള വാങ്ങി. രാമൻ പത്തുരൂപയ്ക്ക് രണ്ട് പന്തുവാങ്ങി. അങ്ങനെപോവും കണക്ക്. പെൺകുട്ടികൾക്ക് കരിവള, ആൺകുട്ടികൾക്ക് കളിപ്പാട്ടം എന്ന ധാരണ ഉറപ്പിക്കുന്നതാണിത് -ടി.കെ. ആനന്ദി പറഞ്ഞു.

ഒരുവർഷത്തിനകം എല്ലാതലത്തിലെയും പാഠപുസ്തകങ്ങൾ പരിശോധിച്ച് തിരുത്തൽ വരുത്താനാണ് ഉദ്ദേശ്യം. മെഡിക്കൽ, നിയമ പുസ്തകങ്ങളും ജെൻഡർ ഓഡിറ്റിന് വിധേയമാക്കാനുള്ള നിർദേശം മന്ത്രി ആർ. ബിന്ദുവിനുമുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlights: Gender Neutral words, Kerala Government to Revamp textbooks