മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) ആദ്യറൗണ്ട് അലോട്ട്‌മെന്റ് പ്രഖ്യാപിച്ചു. തുടര്‍നടപടികള്‍ മനസ്സിലാക്കി മുന്നോട്ടുപോകാം.

ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍

ആദ്യറൗണ്ട് അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടാനുള്ള സമയം നവംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ആ അലോട്ട്‌മെന്റ് സ്വീകരിക്കാം; വേണ്ടന്നുവെക്കാം.

സ്വീകരിക്കുന്നപക്ഷം നിര്‍ദേശിച്ചരീതിയില്‍ പ്രവേശനനടപടികള്‍ സമയപരിധിക്കകം പൂര്‍ത്തിയാക്കണം. ഇപ്രകാരം പ്രവേശനം തേടുമ്പോള്‍ രണ്ടാംറൗണ്ടില്‍ പങ്കെടുക്കുന്ന കാര്യത്തിലുള്ള തന്റെ തീരുമാനം ചേരുന്ന സ്ഥാപനത്തില്‍ അറിയിക്കണം. മെച്ചപ്പെട്ട ഒരു സ്ഥാപനത്തിലേക്ക് രണ്ടാം റൗണ്ടില്‍ മാറ്റം ആഗ്രഹിക്കുന്നപക്ഷം 'അപ്ഗ്രഡേഷന്‍' ഓപ്ഷന്‍ സ്ഥാപനത്തില്‍ കൊടുക്കണം.

എങ്കില്‍, രണ്ടാം റൗണ്ട് സമയത്ത് പുതിയ ചോയ്‌സ് നല്‍കി (അവശേഷിക്കുന്ന പഴയ ചോയ്‌സ് നിലനില്‍ക്കില്ല) പ്രക്രിയയില്‍ പങ്കെടുക്കാം. പുതിയ രജിസ്‌ട്രേഷന്‍ വേണ്ടാ. രണ്ടാംറൗണ്ടില്‍ മാറ്റംവന്നാല്‍, ആദ്യസീറ്റ് നഷ്ടമാകും. പുതിയത് സ്വീകരിച്ചില്ലെങ്കില്‍ അതും നഷ്ടമാകും. ഒപ്പം, അടച്ച സെക്യൂരിറ്റി തുകയും നഷ്ടപ്പെടും. രണ്ടാംറൗണ്ടില്‍ മാറ്റംവന്നില്ലെങ്കില്‍ പഴയത് നിലനിര്‍ത്താം.

ഫ്രീ എക്‌സിറ്റ്

രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രഡേഷന്‍ നല്‍കിയശേഷം, ചോയ്‌സ് ഫില്ലിങ് നടത്താതിരുന്നാല്‍ ആദ്യസീറ്റ് നിലനില്‍ക്കും. ആദ്യ അലോട്ട്‌മെന്റ് സ്വീകരിക്കാന്‍ താത്പര്യമില്ലാത്തവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. പ്രവേശനം നേടാതിരുന്നാല്‍ മതി.

ഇതാണ് ഫ്രീ എക്‌സിറ്റ്. ഇവര്‍ക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈ ഘട്ടത്തില്‍ നഷ്ടപ്പെടില്ല. പുതിയ രജിസ്‌ട്രേഷന്‍ നടത്താതെതന്നെ, രണ്ടാം റൗണ്ടില്‍ ഇവര്‍ക്ക് പങ്കെടുക്കാം. ഇവരും രണ്ടാംറൗണ്ടിനായി പുതിയ ചോയ്സ് നല്‍കണം. ആദ്യറൗണ്ടില്‍ അവശേഷിക്കുന്നവ നിലനില്‍ക്കില്ല. രണ്ടാംറൗണ്ടില്‍ സീറ്റ് അനുവദിച്ചാല്‍ സ്വീകരിക്കണം. സ്വീകരിച്ചില്ലെങ്കില്‍ സെക്യൂരിറ്റിതുക നഷ്ടപ്പെടും.

പുതിയ ചോയ്‌സ് നല്‍കാം

ആദ്യറൗണ്ടില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ രണ്ടാംറൗണ്ടില്‍, പുതിയ രജിസ്‌ട്രേഷന്‍ നടത്താതെ പുതിയ ചോയ്‌സ് നല്‍കി പങ്കെടുക്കാം. പഴയ ചോയ്‌സ് നിലനില്‍ക്കില്ല. അലോട്ട്‌മെന്റ് ലഭിച്ചാല്‍ സ്വീകരിക്കണം. ഇല്ലെങ്കില്‍ സെക്യൂരിറ്റി തുക നഷ്ടപ്പെടും. എം.സി.സി. രണ്ടാംറൗണ്ടിനുശേഷം ഈ പ്രക്രിയയില്‍ ഒരു അഡ്മിഷനുള്ളവര്‍ക്ക് രാജ്യത്ത് മറ്റൊരു പ്രവേശനപ്രക്രിയയിലും പങ്കെടുക്കാന്‍ കഴിയില്ല.

രണ്ടാം അലോട്ട്‌മെന്റ് നടപടികള്‍ 18-ന്

എം.സി.സി. രണ്ടാംറൗണ്ട് അലോട്ട്‌മെന്റ് നടപടികള്‍ നവംബര്‍ 18-ന് തുടങ്ങും. ആദ്യറൗണ്ടില്‍ രജിസ്റ്റര്‍ചെയ്യാന്‍ കഴിയാത്തവര്‍ക്ക് രണ്ടാം റൗണ്ടില്‍ പുതിയ രജിസ്‌ട്രേഷന്‍ നടത്തി ഫീസടച്ച് രണ്ടാം റൗണ്ടില്‍ പങ്കെടുക്കാം.

എം.സി.സി. രണ്ടാംറൗണ്ടിനുമുമ്പ്, സ്റ്റേറ്റ് ക്വാട്ട ആദ്യ റൗണ്ട് അലോട്ട്‌മെന്റുണ്ടാകും. ആദ്യറൗണ്ട് ഓള്‍ ഇന്ത്യ ക്വാട്ട സ്വീകരിക്കുന്നവര്‍ക്ക് അത് പിന്നീട് വേണ്ടെന്നുെവച്ച് ആദ്യറൗണ്ട് കേരള സ്റ്റേറ്റ് ക്വാട്ട സ്വീകരിക്കാം. പക്ഷേ, ആദ്യറൗണ്ട് കേരള സ്റ്റേറ്റ് ക്വാട്ട സീറ്റ് ലഭിക്കുന്നവര്‍ അത് സ്വീകരിക്കാത്ത പക്ഷം കേരള അലോട്ട്‌മെന്റ് പ്രക്രിയയില്‍നിന്ന് പുറത്താകും.

Content Highlights: Further process after MCC Allotment, Medical Counselling, MBBS