ഹൈദരാബാദ്: മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല, ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സെയ്ദ് അക്ബറുദ്ദീന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി, പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ... ഇപ്പറഞ്ഞവരെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇവരെല്ലാം പഠിച്ചിറങ്ങിയത് ഒരേ സ്‌കൂളില്‍നിന്നാണെന്ന കാര്യം അറിയാവുന്നവര്‍ ചുരുക്കമായിരിക്കും. 

ഹൈദരാബാദ് പബ്ലിക് സ്‌കൂളിലെ (എച്ച്.പി.എസ്) പൂര്‍വ വിദ്യാര്‍ഥികളാണ് മേല്‍പ്പറഞ്ഞവരെല്ലാം. മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ അജയ് ബംഗ, അഡോബി സിസ്റ്റംസിന്റെ സി.ഇ.ഒ ശാന്തനു നാരായണ്‍ എന്നിവരും എച്ച്.പി.എസിലെ പൂര്‍വ വിദ്യാര്‍ഥികളാണ്.

പ്രശസ്തമായ എറ്റന്‍ കോളേജ് ഓഫ് ബ്രിട്ടണില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഹൈദരാബാദിലെ അവസാനത്തെ നൈസാമായിരുന്ന മിര്‍ ഒസ്മാന്‍ അലി ഖാന്‍ 1923-ലാണ് ഹൈദരാബാദ് പബ്ലിക് സ്‌കൂള്‍ നിര്‍മിച്ചത്. സമൂഹത്തില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്നവരുടെയും ധനികരുടെയും മക്കള്‍ക്കുവേണ്ടിയായിരുന്നു നൈസാം സ്‌കൂള്‍ സ്ഥാപിച്ചത്. 

സ്വാതന്ത്ര്യാനന്തരം 1951ലാണ് സ്‌കൂള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. എന്നാല്‍ അപ്പോഴും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെയും വ്യാപാരികളുടെയും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും മക്കളാണ് കൂടുതലായും പ്രവേശനം നേടിയത്. പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചത് 1984 മുതല്‍ക്ക് മാത്രമാണ്.

1923ല്‍ വെറും ആറ് വിദ്യാര്‍ഥികളുമായി ആരംഭിച്ച എച്ച്.പി.എസില്‍ ഇന്ന് 3000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഹൈദരാബാദിലെ പഴയ എയര്‍പോര്‍ട്ടിനടുത്തായി ബീഗംപേട്ടില്‍ 130 ഏക്കറിലാണ് കാമ്പസ് പ്രവര്‍ത്തിക്കുന്നത്. 

എച്ച്.പി.എസില്‍ നിന്നുള്ള പ്രഗത്ഭരുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. കോബ്ര ബിയര്‍ കമ്പനിയുടെ സ്ഥാപകനും യു.കെ പാര്‍ലമെന്റ് അംഗവുമായ ബില്ലിമോറിയ, മുന്‍ ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി, ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസി, മുന്‍ ക്രിക്കറ്റന്‍ വെങ്കട്പതി രാജു, തെലുഗ് സിനിമാതാരങ്ങളായ നാഗാര്‍ജുന, റാണ ദഗ്ഗുബാട്ടി എന്നിവരെല്ലാം 96 വര്‍ഷം പഴക്കമുള്ള സ്‌കൂളിന്റെ സംഭാവനയാണ്. 

Content Highlights: From Satya Nadella to Jagan Mohan Reddy; This School has Contributed Talented Persons to Various Fie