കേരളത്തിലെ എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ സ്‌കോർവന്നു. യോഗ്യത നേടിയവർ റാങ്ക് നിർണയത്തിനായി അവരുടെ പ്ലസ്ടു രണ്ടാം വർഷപരീക്ഷയിലെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ മാർക്ക് പ്രവേശനപരീക്ഷാ കമ്മിഷണറെ അറിയിക്കേണ്ട സമയമാണിപ്പോള്‍. തുടർന്ന് ഈ മൂന്നുവിഷയങ്ങളിലെ ഏകീകരിച്ചതിനുശേഷമുള്ള മൊത്തം മാർക്കിനും പ്രവേശനപരീക്ഷാ മാർക്കിനും തുല്യപരിഗണന നൽകിയാണ് എൻജിനീയറിങ് റാങ്ക്പട്ടിക തയ്യാറാക്കുക.

മാർക്ക് സമീകരണം 

വ്യത്യസ്ത ബോർഡുകളിൽനിന്നും യോഗ്യതാപരീക്ഷ ജയിക്കുന്നവരാണ് എൻജിനീയറിങ് പ്രവേശനം തേടുന്നത്. ചോദ്യപ്പേപ്പറുകളുടെ നിലവാരം മൂല്യനിർണയ വ്യവസ്ഥകളിലെ വ്യത്യാസങ്ങൾ, പരീക്ഷാവർഷം എന്നിവയൊക്കെ വിദ്യാർഥിയുടെ അന്തിമ മാർക്കിനെ ബാധിക്കാം. ഇക്കാരണങ്ങളാൽ വിവിധ ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളുടെ മാർക്കിൽ വന്നേക്കാവുന്ന അന്തരം ഇല്ലാതാക്കുക എന്നതാണ് മാർക്ക് സമീകരണംകൊണ്ട് ലക്ഷ്യമിടുന്നത്.

ആദ്യപരിഗണന കിട്ടിയമാർക്കിന്

രണ്ടാംവർഷ ബോർഡ് പരീക്ഷയിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്കാണ് ആദ്യം പരിഗണിക്കുക. ഈ മാർക്ക് ഓരോന്നും 100-ൽ ആക്കും.

ഏകീകരണത്തിനു പരിഗണിക്കുന്ന മൂല്യങ്ങൾ

ഗ്ലോബൽ മീൻ, ഗ്ലോബൽ സ്റ്റാൻഡേഡ്‌ ഡീവിയേഷൻ എന്നീ രണ്ടു സാംഖിക (സ്റ്റാറ്റിസ്റ്റിക്കൽ) മൂല്യങ്ങൾ ഏകീകരണ പ്രക്രിയയിൽ ആദ്യം പരിഗണിക്കും. കേരള ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ., സി.ഐ.എസ്.സി.ഇ. എന്നീ നാല് ബോർഡുകളിൽനിന്നും 2009 മുതൽ 2019 വരെയുള്ള കാലയളവിൽ (11 വർഷം) രണ്ടാംവർഷ പ്ലസ്ടു പരീക്ഷ ഒരു വിഷയത്തിൽ ജയിച്ച കുട്ടികളുടെ 100-ലെ മാർക്കിന്റെ ശരാശരി മാർക്കായിരിക്കും ആ വിഷയത്തിലെ ഗ്ലോബൽ മീൻ അഥവാ ആഗോള ശരാശരി. ഇതേ മാർക്കുകളിലുള്ള വേരിയേഷൻ/വ്യതിയാനമാണ് ഗ്ലോബൽ സ്റ്റാൻഡേഡ്‌ ഡീവിയേഷൻ അഥവാ ആഗോളവ്യതിയാനം.

2018-ൽ ബാധകമായിരുന്ന ഈ മൂല്യങ്ങൾ (2009 മുതൽ 2018 വരെയുള്ള ഫലത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയത്) മാത്തമാറ്റിക്‌സിന് 61.5471 (ഗ്ലോബൽ മീൻ), 19.7775 (ഗ്ലോബൽ സ്റ്റാൻഡേർഡ് ഡീവിയേഷൻ). ഫിസിക്‌സിന് 67.4684, 15.1675. കെമിസ്ട്രിക്ക്‌ 69.2726, 15.9067 എന്നിങ്ങനെയായിരുന്നു.

രണ്ടാമതായി പരിഗണിക്കുക വിദ്യാർഥി പരീക്ഷയെഴുതിയ വർഷത്തെ തന്റെ ബോർഡിലെ ഈ മൂന്നു വിഷയങ്ങളിലോരോന്നിലും രണ്ടാംവർഷ പരീക്ഷയിൽ ജയിച്ച വിദ്യാർഥികളുടെ 100-ലെ മാർക്കിന്റെ മീൻ, സ്റ്റാൻഡേഡ്‌ ഡീവിയേഷൻ എന്നിവയാണ്. 2018-ൽ കേരള ഹയർ സെക്കൻഡറിയിൽ ഇത് ഇപ്രകാരമായിരുന്നു. മാത്തമാറ്റിക്‌സ്: 62.4503, 20.5422. ഫിസിക്‌സ്: 67.9110, 16.1479. കെമിസ്ട്രി: 67.0739, 16.2999. ഈ മൂല്യങ്ങളും ഒരുവിഷയത്തിൽ രണ്ടാംവർഷ പരീക്ഷയിൽ 100-ൽ ലഭിച്ച മാർക്കും പരിഗണിച്ചാണ് ആ വിഷയത്തിലെ മാർക്ക് സമീകരണം നടത്തുക.

സ്റ്റാൻഡേഡൈസേഷൻ സൂത്രവാക്യം?

സാംഖിക തത്ത്വങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഏകീകരണ സൂത്രവാക്യം കീം 2019 പ്രോസ്പക്ടസിൽ ക്ലോസ് 9.7.4 ൽ (പേജ് 28) നൽകിയിട്ടുണ്ട്. വിദ്യാർഥിക്ക്‌ ലഭിച്ച മാർക്ക് ആദ്യം നോർമലൈസ് ചെയ്യും. ഒരു വിഷയത്തിൽ ലഭിച്ച മാർക്കും ആവർഷത്തെ തന്റെ ബോർഡ് പരീക്ഷയിലെ ആ വിഷയത്തിലെ ശരാശരി മാർക്കും തമ്മിലുള്ള വ്യത്യാസത്തെ ആ വർഷത്തെ ബോർഡ് പരീക്ഷയിലെ ആ വിഷയത്തിലെ സ്റ്റാൻഡേഡ്‌ ഡീവിയേഷൻകൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നമൂല്യം ആദ്യം കണ്ടെത്തും. ഉദാ: കേരള ഹയർസെക്കൻഡറിയിൽ പഠിച്ച ഒരുകുട്ടിക്ക് കണക്കിൽ 100-ൽ 90 മാർക്കുണ്ടെന്നു കരുതുക. മുകളിൽ കൊടുത്തിട്ടുള്ള മാത്തമാറ്റിക്സിലെ, ബോർഡ് മൂല്യങ്ങൾ അതേപടി പരിഗണിച്ചാൽ ഈ മൂല്യം [(90-62.4503) /20.5422]=1.3411 ആയിരിക്കും. ഈ കിട്ടുന്ന തുകയെ മാത്തമാറ്റിക്സ്‌ ഗ്ലോബൽ സ്റ്റാൻഡേഡ് ഡീവിയേഷൻ കൊണ്ട് ഗുണിക്കും [19.7775 x 1.3411=26.5236]. ഇപ്രകാരം കിട്ടുന്ന തുക മാത്തമാറ്റിക്സ്‌ ഗ്ലോബൽ മീനിനോടു കൂട്ടും [61.5471+26.5236=88.0707]. അങ്ങനെ കിട്ടുന്ന മൂല്യമാണ്‌ ആ വിഷയത്തിലെ പരീക്ഷാർഥിയുടെ ഏകീകരിക്കപ്പെട്ട മാർക്ക്‌. ഈ കുട്ടിയുടെ മാത്തമാറ്റിക്സിലെ സമീകരിച്ച മാർക്ക്‌ 88.0707 ആയിരിക്കും. (ഉദാഹരണത്തിനാണ് ഇവിടെ മൂല്യങ്ങൾ പരിഗണിച്ചിരിച്ചിരിക്കുന്നത്. ഈ വർഷത്തെ ഗ്ലോബൽ, ബോർഡ് മൂല്യങ്ങളിൽ മാറ്റമുണ്ടാകുമെന്നോർക്കുക)

ഇതേരീതിയിൽ ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലെയും ഏകീകരിക്കപ്പെട്ട മാർക്ക് കണക്കാക്കും. കെമിസ്‌ട്രി പഠിക്കാത്തവരുടെ കാര്യത്തിൽ പ്രോസ്പെക്ടസ്‌ വ്യവസ്ഥ പ്രകാരം മറ്റ്‌ അനുവദനീയമായ വിഷയങ്ങൾ പകരം പരിഗണിക്കും. ഇതു മൂന്നും കൂട്ടുമ്പോൾ 300-ലെ ഏകീകരിക്കപ്പെട്ട മൊത്തം മാർക്ക് ലഭിക്കും. ഈ മൊത്തം മാർക്കാണ് റാങ്ക് നിർണയത്തിൽ പ്ലസ്ടു മാർക്കായി എടുക്കുക. (A). എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയവരുടെ രണ്ടുപേപ്പറിലുംകൂടി 960-ൽ കിട്ടിയ മാർക്ക് 300-ലേക്കു മാറ്റും (B). ഇത് 300-ൽ ആക്കിയ പ്ലസ്ടു സ്‌കോറിനൊപ്പം ചേർക്കുമ്പോൾ (A+B) 600-ൽ കിട്ടുന്ന മാർക്കാണ് എൻജിനീയറിങ് റാങ്ക് നിർണയത്തിന് പരിഗണിക്കുക. നാല്‌ ദശാംശസ്ഥാനം പരിഗണിച്ചാണ്‌ മാർക്ക്‌മാറ്റം നടപ്പാക്കുക. 

2018-ൽ ഇതിനായി പരിഗണിച്ച മൂല്യങ്ങൾ www.cee-kerala.org എന്ന സൈറ്റിൽ keam 2018 ലിങ്കിൽ റിസൽട്ട്‌സ്‌ ഉപലിങ്കിൽ കിട്ടും.

Content Highlights: KEAM 2019, KEAM Results, KEAM Rank LIst, Kerala Engineering Entrance Exam