Footwearനുഷ്യന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സ്റ്റൈലിന്റെ ഭാഗമായ പാദരക്ഷകൾ. അതിനാൽ വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായ മേഖലയാണ് പാദരക്ഷകളുടെത്. അതിനൊപ്പം തൊഴിലവസരങ്ങളും വളർന്നുകൊണ്ടിരിക്കുന്നു. വ്യത്യസ്തആശയങ്ങളും സാങ്കേതികമികവുമുണ്ടെങ്കിൽ ഈ രംഗത്ത് ശോഭിക്കാം. ഈ മേഖലയിലെ കോഴ്‌സുകൾക്കും ഇന്ന് വൻ ഡിമാൻഡാണ്. വിദഗ്ധരായ തൊഴിലാളികളെ തേടുകയാണ് ഇന്ത്യയിലെ പാദരക്ഷാ വ്യവസായം. 

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഫുട്ട്‌വെയർ ഡിസൈൻ ആൻഡ്‌ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI), പാദരക്ഷകളുടെ രൂപകല്പന, ഉത്‌പാദനം, വിപണനം എന്നിവയിലൊക്കെ ബിരുദ, ബിരുദാനന്തര ബിരുദ പഠനാവസരങ്ങൾ നൽകുന്നുണ്ട്.

FDDI യുടെ വിവിധ കാമ്പസുകളിലായി 2017-18 വർഷം ആരംഭിക്കുന്ന ബി.എസ്‌സി., എം.എസ്‌സി. കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നോയിഡ, കൊൽക്കത്ത, ചെന്നൈ, രോഹ്തക്, ഗുണ, പട്‌ന, ജോധ്‌പുർ, ചിന്ത്വാര, ഫർസത്ഗഞ്ജ്‌, ചണ്ഡീഗഢ്‌, അങ്കലേശ്വർ, ഹൈദരാബാദ് എന്നീ കാമ്പസുകളിലാണ് പ്രവേശനം. 

​ട്രെൻഡ് മനസ്സിലാക്കാം
മാറുന്ന ലോകവും ട്രെൻഡും മനസ്സിലാക്കി പാദരക്ഷകൾ രൂപകല്പന ചെയ്യുകയാണ് ഫുട്ട് വെയർ ഡിസൈനറുടെ ജോലി. നവീനവും കലാപരമായ കഴിവുമുള്ളവർക്ക് മുന്നോട്ടുപോകാം. ആളുകൾ ഇഷ്ടപ്പെടുന്ന, അവരുടെ സൗന്ദര്യത്തിന്റെ ഭാഗമാകുന്ന പാദരക്ഷകൾ രൂപകല്പന ചെയ്യാം. വസ്ത്രങ്ങൾക്കൊപ്പം ഇണങ്ങുന്നത്, കാലാവസ്ഥയ്ക്ക് യോജിച്ചത് എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ ഒരു ഡിസൈനർ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിയെടുക്കാൻ ശ്രദ്ധിക്കണം. സാങ്കേതികവിദ്യ പഠിച്ചെടുക്കാൻ താത്‌പര്യമുള്ളവർക്ക് മികച്ച ജോലിസാധ്യതകൾ തുറന്നുതരുന്ന കോഴ്‌സുകളാണ് ഫുട്ട്‌വെയർ ഡിസൈൻ ആൻഡ്‌ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നത്. 

വുഡ്‌ലാൻഡ്, റീബോക്ക്, പ്യൂമ

പഠിച്ചിറങ്ങിയാൽ ഫുട്ട്‌വെയർ നിർമാണ, വിപണനകമ്പനികളിൽ നല്ല ശമ്പളത്തിൽ ജോലി ഇൻസ്റ്റിറ്റ്യൂട്ട് ഉറപ്പുനൽകുന്നു. അഡിഡാസ്, ബാറ്റ ഇന്ത്യ, വാൾ മാർട്ട് ഗ്രൂപ്പ്, ഐ.ടി.സി., ജബോങ്, കിവി ഷൂസ്, ലാൻഡ് മാർക്ക്, ലൈഫ് സ്റ്റൈൽ, വുഡ്‌ലാൻഡ്, ടൈറ്റാൻ, ടോമി ഹിൽഫിഗർ, സ്നാപ്‌ഡീൽ, റിലയൻസ്, റീബോക്ക്, പ്യൂമ അടക്കമുള്ള രാജ്യാന്തര കമ്പനികൾ ഇവിടെനിന്ന് വിദ്യാർഥികളെ കൊത്തിക്കൊണ്ടുപോകുന്നു. ലോകോത്തര നിലവാരത്തിലുള്ള സാങ്കേതികസംവിധാനങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിലുള്ളത്. ഗവേഷണാവസരങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നുണ്ട്. 

പ്രവേശനപരീക്ഷ
2017 ജൂൺ 9, 10, 11 തീയതികളിൽ കൊച്ചി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത കേന്ദ്രങ്ങളിലായി നടക്കും. ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രണ്ടര മണിക്കൂർ സമയം അനുവദിക്കും. ബിരുദ കോഴ്‌സുകൾ: മാത്തമാറ്റിക്സ്, ജനറൽ സയൻസ്, ഇംഗ്ലീഷ്, പൊതുവിജ്ഞാന വിഷയങ്ങളിലാണ് ചോദ്യങ്ങൾ. 150 ചോദ്യങ്ങളുണ്ടാവും. പി.ജി. കോഴ്‌സുകൾ: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ആൻഡ്‌ റീസണിങ്, ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ബിസിനസ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിൽ 150 ചോദ്യങ്ങളുണ്ടാവും. നെഗറ്റീവ് മാർക്കുണ്ടാവില്ല. വിവരങ്ങൾക്ക്: http://www.fddiindia.com/

കോഴ്‌സുകൾ 

  • ബി.എസ്‌സി. ഫുട്ട്‌വെയർ ഡിസൈൻ ആൻഡ്‌ പ്രൊഡക്ഷൻ 
  • ബി.എസ്‌സി. ഫാഷൻ മെർക്കൻഡൈസ്
  • ബി.എസ്‌സി. ഫാഷൻ ലെതർ ആക്സസറീസ് ഡിസൈൻ 

യോഗ്യത: ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനിൽ പ്ലസ്ടു

  • എം.എസ്‌സി. ഫുട്ട്‌വെയർ ഡിസൈൻ ആൻഡ്‌ പ്രൊഡക്ഷൻ 
  • എം.എസ്‌സി. റീട്ടെയിൽ ഫാഷൻ മെർക്കൻഡൈസ് 
  • എം.എസ്‌സി. ക്രിയേറ്റീവ് ഡിസൈൻ CAD/CAM 

യോഗ്യത: ബിരുദം. അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം

അവസാന തീയതി: മേയ് 22