2024-ല്‍ ചന്ദ്രനില്‍ ആദ്യവനിതയെയും അടുത്ത പുരുഷനെയും എത്തിക്കാനുള്ള നാസയുടെ ആര്‍ടമിസ് പ്രോജക്ടിന്റെ ഭാഗമായാണ് പുതിയ ഒതുക്കമുള്ള ഒരു ടോയ്ലറ്റിനുള്ള ഡിസൈന്‍ ആശയങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്. ഭൂമിയില്‍ ഉപയോഗിക്കുന്ന ടോയ്ലറ്റിനുള്ള സൗകര്യങ്ങളോടെയുള്ള ഒന്നാണ് ബഹിരാകാശയാത്രക്കാര്‍ക്കായി രൂപകല്പന ചെയ്യേണ്ടത്.

ആര്‍ടമിസ് ലൂണാര്‍ ലാന്‍ഡറുകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള ഈ ടോയ്ലറ്റ് നിലവില്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ഉപയോഗിക്കുന്നതുള്‍പ്പടെയുള്ള സ്‌പേസ് ടോയ്ലറ്റുകളുടെ പരിമിതികള്‍ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. ഹ്യൂമണ്‍ വേസ്റ്റ് ക്യാപ്ചര്‍ കണ്ടെയ്ന്‍മെന്റ് എന്ന വെല്ലുവിളിക്ക് പരിഹാരം കണ്ടെത്താനും ഈ മത്സരം ലക്ഷ്യമിടുന്നു.

അടുത്ത തലമുറയിലെ സ്‌പേസ് എക്‌സ്‌പ്ലോറര്‍മാര്‍, എന്‍ജിനിയര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ പങ്കാളിത്തം മത്സരത്തില്‍ പ്രതീക്ഷിക്കുന്നു. മത്സരാര്‍ഥിക്ക് കുറഞ്ഞത് 18 വയസ്സ് പ്രായം ഉണ്ടായിരിക്കണം. മുഖ്യമത്സരം  ടെക്‌നിക്കല്‍ കാറ്റഗറിയിലാണ്. വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കായി ജൂനിയര്‍ കാറ്റഗറിയിലും മത്സരം നടത്തും.

ഇരു വിഭാഗങ്ങളിലെയും എന്‍ട്രികള്‍ ഓഗസ്റ്റ് 17-ന് അഞ്ചിനകം www.herox.com/LunarLoo ല്‍ കൂടി നടത്തണം. ടെക്‌നിക്കല്‍ കാറ്റഗറി വിജയികളെ സെപ്റ്റംബര്‍ 30-നും ജൂനിയര്‍ കാറ്റഗറി ഫലം ഒക്ടോബര്‍ 20-നും പ്രഖ്യാപിക്കും.

ലൂണാര്‍ ടോയ്ലറ്റ് ചലഞ്ചില്‍ ആദ്യ സമ്മാനം 20,000 യു.എസ്. ഡോളറാണ്. 10,000, 5000 ഡോളര്‍ വീതമാണ് രണ്ടും മൂന്നും സമ്മാനങ്ങള്‍. ജേതാക്കള്‍ക്ക് ടോയ്ലറ്റ് രൂപകല്പന സംബന്ധിച്ച് നാസാ എന്‍ജിനിയര്‍മാരുമായും ശാസ്ത്രജ്ഞരുമായും സംവദിക്കാന്‍ അവസരം ലഭിക്കും. ജോണ്‍സണ്‍ സ്‌പേസ് സെന്ററിലേക്ക് ഒരു യാത്രയ്ക്കും സാധ്യതയുണ്ട്. ജൂനിയര്‍ വിഭാഗം ജേതാക്കളെയും അംഗീകരിക്കും.

Content Highlight: Entries are Invited for NASA's Lunar Loo Challenge