പ്രവേശന പരീക്ഷകളിൽ മികച്ച സ്‌കോർ നേടണമെങ്കിൽ വിഷയം പഠിക്കുന്നതുപോലെ പ്രധാനമാണ് സിലബസ് പഠിക്കുക എന്നത്. പരമാവധി പരീക്ഷകൾ അഭിമുഖീകരിക്കാനും ശ്രമിക്കണം

 മൂന്നുതരം പരീക്ഷകൾ

പ്ലസ്ടു പാഠ്യവിഷയങ്ങൾമാത്രം അടിസ്ഥാനമാക്കി നടത്തുന്ന പ്രവേശന പരീക്ഷകളാണ് പലതും. പൊതുവേ സയൻസ് കോഴ്‌സുകളിലെ പ്രവേശനത്തിനാണ് വിഷയാധിഷ്ഠിത സിലബസ് ഉള്ളത്. അഭിരുചി അളക്കുന്ന/പൊതുസ്വഭാവമുള്ള വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ അടങ്ങുന്ന പരീക്ഷകളാണ് മറ്റൊരു വിഭാഗം. പ്ലസ്ടു സിലബസ്, അഭിരുചി വിഷയ ചോദ്യങ്ങൾ എന്നിവ അടങ്ങുന്ന പരീക്ഷകളും ഉണ്ട്. 
വിഷയം അധിഷ്ഠിതമാക്കിയുള്ള പരീക്ഷകൾക്ക് വിശദമായ സിലബസ് സാധാരണഗതിയിൽ നൽകാറുണ്ട്. അഭിരുചി അളക്കുന്ന പരീക്ഷകളിൽ സിലബസിന്റെ ഒരു രൂപരേഖ മാത്രമാണ് പൊതുവേ നൽകുക. സിലബസിലെ ഓരോ വാക്കും പ്രാധാന്യത്തോടെ മനസ്സിലാക്കണം. ഓരോ വാക്കിന്റെയും അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ചോദിക്കാം. യോഗ്യതാ പരീക്ഷയ്ക്ക് സിലബസിൽനിന്ന്‌ നിശ്ചിത ഭാഗങ്ങൾ തിരഞ്ഞെടുത്ത് പഠിച്ച് പരീക്ഷ അഭിമുഖീകരിക്കാൻ കഴിയും. പ്രവേശന പരീക്ഷ ഇതിൽനിന്നും വളരെ വ്യത്യസ്തമാണ്. 

 തിരഞ്ഞെടുത്തുള്ള  പഠനം വേണ്ട

പൊതുവേ എല്ലാ പ്രവേശന പരീക്ഷകൾക്കും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാകും. മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലും (ഒരു ഉത്തരം മാത്രം,  തിരഞ്ഞെടുക്കേണ്ടവ, ഉത്തരം തെറ്റിച്ചാൽ മാർക്ക് നഷ്ടപ്പെട്ടേക്കാം. ചില പരീക്ഷകൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല). മൾട്ടിപ്പിൾ സെലക്ട് (ഒന്നോ കൂടുതലോ ശരിയുത്തരങ്ങൾ വരുന്നവ, ഒരു തെറ്റുത്തരവും രേഖപ്പെടുത്താതെ എല്ലാ ശരിയുത്തരങ്ങളും രേഖപ്പെടുത്തിയാലേ മുഴുവൻ മാർക്ക് ലഭിക്കുകയുള്ളൂ. രേഖപ്പെടുത്തുന്ന തെറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി മാർക്ക് കുറയാം), ന്യൂമറിക്കൽ ആൻസർ ടൈപ്പ് (ഉത്തരം ഒരു സംഖ്യയായി വരുന്നത് ചോയ്‌സുകൾ ഉണ്ടായിരിക്കില്ല. ഉത്തരം തെറ്റിയാലും മാർക്ക് കുറയില്ല) ചോദ്യങ്ങൾ ചോദിക്കാം. മൊത്തം ചോദ്യങ്ങൾ കൂടുതലായതുകൊണ്ടും ഒരേ ചോദ്യത്തിൽ ഒട്ടേറെ തത്ത്വങ്ങൾ പരീക്ഷിക്കപ്പെടാമെന്നതിനാലും സിലബസിന്റെ ‘കവറേജ്’, പ്രവേശന പരീക്ഷകളിൽ വളരെ കൂടുതലായിരിക്കും. ചോദ്യങ്ങൾക്കുള്ളിൽ മാത്രമേ ചോയ്‌സ് ഉണ്ടാവുകയുള്ളൂ. ചോദ്യങ്ങൾ തമ്മിൽ ചോയ്‌സ് കാണില്ല. അതായത്, എല്ലാ ചോദ്യങ്ങളും നിർബന്ധമായിരിക്കും. പരമാവധി ചോദ്യങ്ങൾക്ക്, ഒരു പരീക്ഷയിലെന്നപോലെ, ഉത്തരം കണ്ടെത്താൻ പരിശീലിക്കേണ്ടതുണ്ട്. നല്ല ചോദ്യമെന്നോ മോശം ചോദ്യമെന്നോ ഒരു വേർതിരിവ് നൽകാതെ, ലഭിക്കാവുന്നത്രയും ചോദ്യങ്ങൾ, മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പർ എന്നിവയ്ക്ക് ഉത്തരം നൽകിത്തന്നെ പരിശീലിക്കണം. അതും പരീക്ഷയ്‌ക്കെന്നപോലെ സമയം പാലിച്ചും.

 ചോദ്യങ്ങൾ മുൻകൂട്ടി കാണുക

ശരിയുത്തരം കണ്ടെത്തുക എന്നതിനെക്കാൾ ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്താനാണ് പ്രവേശന പരീക്ഷകളിൽ ശ്രദ്ധിക്കേണ്ടത്. ഓരോ തത്ത്വത്തെയും വിവിധ കോണുകളിൽക്കൂടി വിശകലനംചെയ്ത് ഏതൊക്കെ രീതിയിലുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം എന്നത് മുൻകൂട്ടി കാണണം. മാത്രമല്ല ഓരോ വിഷയത്തിലെയും ഉയർന്ന തലത്തിലുള്ള ചില ചോദ്യങ്ങളും പരീക്ഷയ്ക്ക് പ്രതീക്ഷിക്കണം. 

ഭാഷാ പ്രാവീണ്യം (ലാംഗ്വേജ് സ്‌കിൽ), ആശയവിനിമയം (കമ്യൂണിക്കേഷൻ), അപഗ്രഥനപരമായ മികവ് (അനലറ്റിക്കൽ എബിലിറ്റി), ന്യായവാദം (റീസണിങ്), സംഖ്യാപരമായ മികവ് (ന്യൂമറിക്കൽ/ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി), ജനറൽ അവയർനസ് (കാര്യങ്ങളെക്കുറിച്ചുള്ള പൊതു ധാരണ പൊതുവിജ്ഞാനം ഉൾപ്പെടെ) തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ പൊതു സ്വഭാവമുള്ള പല പരീക്ഷകൾക്കും ഉണ്ട്. ഈ മേഖലകളിൽ നിന്നൊക്കെ, വൈവിധ്യമാർന്ന ചോദ്യങ്ങൾ പ്രതീക്ഷിക്കാം. 

 ലക്ഷ്യം പരമാവധി മാർക്ക്

മുൻ വർഷങ്ങളിലെ മാർക്ക്, റാങ്ക് പ്രവണത മനസ്സിലാക്കി, ഒരു നിശ്ചിത മാർക്ക് മനസ്സിൽ കണ്ടുകൊണ്ടുള്ള പഠനം പ്രവേശന പരീക്ഷകളിൽ പാടില്ല. ഒരു വർഷത്തെ മാർക്ക് രീതി, അടുത്ത വർഷം ആവർത്തിക്കുമെന്ന് ഒരുറപ്പുമില്ല. പരീക്ഷ എഴുതുന്നവർ മാറുന്നു. ചോദ്യങ്ങൾ വേറെയാണ്. അവയുടെ കാഠിന്യത്തിന്റെ തോതിൽ മാറ്റമുണ്ടാകാം. ചോദ്യങ്ങൾ പൊതുവേ ലളിതമാകുമ്പോൾ, മാർക്ക് തോത് കൂടും. അപ്പോൾ ഉയർന്ന മാർക്ക് മികച്ച റാങ്ക് നൽകണമെന്നില്ല. കാരണം സാധാരണയിൽ കൂടുതൽ പേർക്ക് ഉയർന്ന മാർക്കുണ്ടാകും. ചോദ്യങ്ങൾ കഠിനമാകുമ്പോൾ മാർക്ക് തോത് കുറയും. മാർക്ക് അല്പം താഴെ വന്നാലും മെച്ചപ്പെട്ട റാങ്ക് കിട്ടാം. രണ്ടായാലും ആപേക്ഷിക സ്ഥാനം മെച്ചമായിരുന്നാൽ മതി. അതിനാൽ പരമാവധി മാർക്ക് എത്രയാണോ അത് മാത്രം ലക്ഷ്യമാക്കി തയ്യാറെടുക്കുക.

വൈവിധ്യമാർന്ന ചോദ്യങ്ങൾ

സിലബസ് എന്തായാലും പരമാവധി പ്രവേശനപരീക്ഷകൾ അഭിമുഖീരിക്കാൻ താത്‌പര്യം കാട്ടണം. അതുവഴി ചോദ്യരീതിയുടെ വൈവിധ്യം മനസ്സിലാക്കാൻ ഒരു പരീക്ഷാർഥിക്കു കഴിയും. ഓരോ പരീക്ഷ കഴിയുംതോറും മികവുകാട്ടാവുന്ന മേഖലകളെക്കുറിച്ചും കൂടുതൽ ശ്രദ്ധിക്കേണ്ട മേഖലകളെക്കുറിച്ചുമുള്ള തിരിച്ചറിവ് ലഭിക്കും. ഇത് അടുത്ത പരീക്ഷ കൂടുതൽ മെച്ചപ്പെട്ടുത്താൻ സഹായിക്കും. ഒരു കോഴ്‌സിൽ താത്‌പര്യമില്ലെങ്കിലും അതിന്റെ പ്രവേശനപരീക്ഷ അഭിമുഖീകരിക്കുക വഴി നേട്ടമേ ഉണ്ടാവൂ. പ്രത്യേകിച്ച് പൊതു വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉള്ളവ. 

Content Highlights: Entrance Exam Preparation Strategy