കേരളത്തിലെ വിദ്യാർഥികൾ മാറിച്ചിന്തിച്ചുതുടങ്ങിയോ? എൻജിനീയറിങ്/മെഡിക്കൽ പഠനത്തിനുമപ്പുറം മറ്റുമേഖലകൾ തങ്ങളെ തേടുന്നുണ്ടെന്ന് അവർ തിരിച്ചറിഞ്ഞുതുടങ്ങിയോ? ഏതാനും വർഷംമുമ്പ് എൻജിനീയറിങ് കോഴ്‌സുകളോട് വിദ്യാർഥികൾ കാട്ടിയ പ്രത്യേക താത്‌പര്യം ഇന്ന് പഴങ്കഥയായിരിക്കുന്നു.

സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്ന ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾക്കാകട്ടെ പുതുജീവൻ കൈവന്നിരിക്കുന്നു. സയൻസ്, സാമൂഹികശാസ്ത്രം, കൊമേഴ്‌സ് എന്നീ മേഖലകളിലൊക്കെ ഒരുപാട്‌ സാധ്യതകളുണ്ടെന്ന തിരിച്ചറിവ് വിദ്യാർഥികളെ ഈ കോളേജുകളിലേക്ക് ആകർഷിക്കുന്നു. ഈ കോളേജുകളിൽ ഇന്ന് പ്രവേശനം ലഭിക്കണമെങ്കിൽ വളരെ ഉയർന്ന മാർക്കുവേണമെന്ന സ്ഥിതിയാണ്.

സർക്കാർ/എയ്ഡഡ് എൻജിനീയറിങ് കോളേജുകളോട് പണ്ടുണ്ടായിരുന്നതുപോലെ ഇന്നും വിദ്യാർഥികൾ താത്‌പര്യം കാട്ടുന്നുണ്ടെന്നത് യാഥാർഥ്യംതന്നെ. എന്നാൽ, ആർട്‌സ് ആൻഡ് സയൻസ് വിഭാഗത്തിൽ സർക്കാർ/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലെല്ലാം പ്രവേശനത്തിന് വിദ്യാർഥികളെത്തുന്നുണ്ട്.

സയൻസിനും കൊമേഴ്‌സിനും ആളേറെ
ഇവിടെയാണ് എൻജിനീയറിങ് കോളേജ് പ്രവേശനരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന ചോദ്യമുയരുന്നത്. ഈ മേഖലയിലെ പഠനത്തിന് താത്പര്യമുള്ളവരാണോ ഇവിടെ പ്രവേശനം നേടുന്നതെന്ന ചോദ്യം വർഷങ്ങളായി ഉയരുന്നുണ്ട്. സാങ്കേതികപഠനമേഖലയിൽ ആർക്കിടെക്ചറിനുമാത്രമാണ് അഭിരുചിപരീക്ഷ നിലവിലുള്ളത്. 

അതുപോലെ, എൻജിനീയറിങ് പഠനരംഗത്തേക്ക് കടന്നുവരുന്നവരും അഭിരുചിപരീക്ഷ അഭിമുഖീകരിക്കുന്നപക്ഷം ഈ മേഖലയിൽ ശോഭിക്കാൻ കഴിവുള്ളവർ എത്തുമെന്ന വാദത്തിന് ശക്തിയേറുകയാണ്. എന്തായാലും ഒരു കാര്യം വ്യക്തമാണ്. ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകളിലേക്കുള്ള ഒഴുക്ക് ഓരോ വർഷവും വർധിക്കുകയാണ്. എൻജിനീയറിങ് മേഖലയിലെന്നപോലെ  ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകൾ വഴിയും ഒരു മികച്ച ഭാവി രൂപപ്പെടുത്താൻ കഴിയുമെന്ന ചിന്ത വിദ്യാർഥികളിലേക്ക്‌ കടന്നുവന്നിരിക്കുന്നു.

ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകളിലെ ബഹുഭൂരിപക്ഷം സീറ്റും നികത്തപ്പെട്ടിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. സയൻസ്, സാമൂഹികശാസ്ത്രം, കൊമേഴ്‌സ് മേഖലകളിലെല്ലാം ലഭ്യമായ സീറ്റുകളേക്കാൾ കൂടുതൽ ആവശ്യക്കാരുണ്ട്‌. എൻജിനീയറിങ് മേഖലയിൽ പ്രവർത്തിക്കാൻ ചില സാങ്കേതികപരിജ്ഞാനം അനിവാര്യമാണ്. അതിനോടൊരു അഭിരുചിയുണ്ടാകണം. പക്ഷേ, വിഷയത്തോടുള്ള താത്പര്യവും അതു പഠിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഒരു കോഴ്‌സ് ഒരു സുരക്ഷിതസ്ഥാനത്തേക്ക്‌ തങ്ങളെ എത്തിക്കുമെന്ന ചിന്ത വിദ്യാർഥികളിൽ കടന്നുകൂടിയിട്ടുണ്ട്.

ഗ്രേഡിലല്ല, മികവിലാണ് നോട്ടം
താത്കാലിക പ്രതിഭാസങ്ങൾക്കുപിന്നാലെ പോകുന്ന പ്രവണത എക്കാലവും കേരളസമൂഹം കണ്ടിട്ടുണ്ട്. വിവരസാങ്കേതികവിദ്യാരംഗത്തുണ്ടായ കുതിച്ചുചാട്ടവും ആ മേഖലയിൽ അപ്രതീക്ഷിതമായുണ്ടായ ജോലിസാധ്യതകളുമാണ് ഒരു ഘട്ടത്തിൽ വിദ്യാർഥികളെ എൻജിനീയറിങ് പഠനമേഖലയിലേക്ക് ആകർഷിച്ചത്.

പക്ഷേ, കോഴ്‌സിലെ മികച്ച മാർക്കോ ഗ്രേഡോ ആയിരുന്നില്ല തൊഴിൽദാതാക്കൾ ഈ വിദ്യാർഥികളിൽനിന്ന് പ്രതീക്ഷിച്ചത്. വിവിധ മേഖലകളിൽ മികവ് പലർക്കും ഇല്ലാതെപോയി. ചുരുക്കത്തിൽ ബി.ടെക്. പൂർത്തിയാക്കിയതുകൊണ്ടുമാത്രം ജോലി ലഭിക്കണമെന്നില്ല എന്ന സ്ഥിതിവന്നു. ഈയൊരു പരിമിതി തൊഴിൽമേഖലയുടെ പരിമിതിയായി വ്യാഖ്യാനിക്കപ്പെട്ടു. അത് വിദ്യാർഥികളെ ഈ മേഖലയിൽനിന്ന്‌ ക്രമേണ അകറ്റി എന്നതാണ് യാഥാർഥ്യം.

അളക്കേണ്ടത് അഭിരുചി
ഹൈസ്കൂൾതലത്തിലും ഹയർസെക്കൻഡറി തലത്തിലുമുള്ള ഉയർന്ന വിജയശതമാനമാണ് വിദ്യാർഥികൾ, താത്പര്യങ്ങൾക്കും അഭിരുചികൾക്കും വിരുദ്ധമായി ഉന്നത വിദ്യാഭ്യാസരംഗത്തേക്ക്‌ തിരിയുന്നതെന്നവാദവും ശക്തമാണ്. അഭിരുചി, ഹൈസ്കൂൾതലത്തിൽത്തന്നെ കണ്ടെത്തേണ്ട ആവശ്യകതയിലേക്കാണ് ഇവയെല്ലാം വിരൽചൂണ്ടുന്നത്.

എസ്.എസ്.എൽ.സി.ക്കുശേഷം ഒരുമേഖല തിരഞ്ഞെടുക്കുമ്പോൾ തനിക്കനുയോജ്യമായ മേഖലയാണോ അത് എന്നറിയാനുള്ള  സംവിധാനം ഇവിടെ രൂപപ്പെടേണ്ടിയിരിക്കുന്നു. എൻജിനീയറിങ് അല്ലെങ്കിൽ മെഡിസിൻ ആണ് ഏറ്റവും സാധ്യതയുള്ള മേഖല എന്ന ചിന്താഗതിമാറേണ്ടിയിരിക്കുന്നു. പത്താം ക്ലാസിനുശേഷം എല്ലാവരും ഹയർ സെക്കൻഡറി പഠനത്തിനുപോകണമെന്ന ചിന്താഗതിയിലും മാറ്റംവരണം.


വിദ്യാർഥികളുടെ അഭിരുചിക്കിണങ്ങുന്ന കോഴ്‌സുകൾ ഇന്ന്‌ രാജ്യത്തും വിദേശത്തും ലഭ്യമാണ്. ശാസ്ത്രപഠനം, ഡിസൈൻ, ഫാഷൻ ടെക്‌നോളജി, അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, നിയമം, ലെതർ ടെക്‌നോളജി, മർച്ചന്റ് നേവി, ഹോസ്പിറ്റാലിറ്റി, എയ്‌റോസ്പേസ്, എയ്‌റോനോട്ടിക്കൽ, സായുധസേന തുടങ്ങി എണ്ണിയാൽ തീരാത്ത മേഖലകളിലെ ധാരാളം കോഴ്‌സുകളും ആയിരക്കണക്കിന്‌ തൊഴിലവസരങ്ങളുമാണ് മികച്ച വിദ്യാർഥികളെ കാത്തിരിക്കുന്നത് (ഇതിൽ ചിലതെങ്കിലും അഭിരുചി പരീക്ഷവഴിയേ പ്രവേശനം നേടാനാകൂ). അതിനാൽ കാലേക്കൂട്ടി തങ്ങളുടെ അഭിരുചി മനസ്സിലാക്കാൻ വിദ്യാർഥിയും അത് കണ്ടെത്തി അവരെ ആ വഴിയിലേക്ക്‌ തിരിച്ചുവിടാൻ രക്ഷിതാക്കളും താത്പര്യം കാട്ടേണ്ടതുണ്ട്. ട്രെൻഡുകൾക്കുപിന്നാലെ പോകുന്ന രീതി ഒഴിവാക്കുക.

സാങ്കേതിക സർവകലാശാല ചെയ്തതെന്ത്
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി വിദ്യാർഥികളുടെ താത്‌പര്യമാറ്റം പ്രകടമായിരുന്നു. 2017-‘18 എത്തിയപ്പോഴേക്കും എൻജിനീയറിങ് മേഖലയിൽ സ്വാശ്രയ കോളേജുകളോടുള്ള താത്‌പര്യം ഗണ്യമായി കുറഞ്ഞു എന്നുകാണാം. ഇതിനുകാരണം സാങ്കേതിക സർവകലാശാലയുടെ തലതിരിഞ്ഞ നടപടികളാണെന്ന വാദത്തിൽ കഴമ്പുണ്ടോ? സാങ്കേതിക സർവകലാശാല, വിദ്യാർഥിനന്മ മുന്നിൽക്കണ്ട് ഒട്ടേറെ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചു എന്നത് വസ്തുതയാണ്.

ആദ്യവർഷം പ്രവേശനനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി; രണ്ടുസെമസ്റ്ററിലായി ആദ്യവർഷവും പരീക്ഷനടത്തി. ഓരോ സെമസ്റ്ററിലും നിശ്ചിത ക്രെഡിറ്റുള്ളവർമാത്രം അടുത്ത സെമസ്റ്ററിലേക്കുപോയാൽമതിയെന്ന്‌ തീരുമാനിച്ചു (പ്രതിഷേധത്തെത്തുടർന്ന് അതിൽ ഇളവുകൾ നൽകി). സമയബന്ധിതമായി പരീക്ഷാഫലം പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിച്ചു. സിലബസ് പരിഷ്കരിച്ചു. ഇവയെല്ലാം സാധാരണക്കാരായ കുട്ടികൾക്ക് താങ്ങാനാവില്ലെന്ന വാദം, വിദ്യാർഥി താത്പര്യംകൊണ്ട് ഉന്നയിക്കുന്നതാണെന്ന്‌ കരുതാനാവില്ല.

 

(എൻട്രൻസ് പരീക്ഷാ മുൻ ജോയിന്റ് കമ്മിഷണറാണ് ലേഖകൻ)