പ്രവേശനപ്പരീക്ഷകള്‍ ഒട്ടേറെ / നേരിടാം ആത്മവിശ്വാസത്തോടെ ....3 

ൻജിനീയറിങ്ങിന് ഈ വർഷവും ഒന്നിൽകൂടുതൽ പരീക്ഷകൾ അഭിമുഖീകരിക്കണം. കേരളത്തിലെ എൻജിനീയറിങ് കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയാണ് അഭിമുഖീകരിക്കേണ്ടത്.

കോഴിക്കോട്ടുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) ഉൾപ്പെടെ വിവിധ NIT കളിൽ എൻജിനീയറിങ് /ആർക്കിടെക്ചർ/പ്ലാനിങ്/സയൻസ് കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ) ആണ് അഭിമുഖീകരിക്കേണ്ടത്.

പാലക്കാട്ടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഉൾപ്പെടെ IIT കളിലെ എൻജിനീയറിങ്്/ആർക്കിടെക്ചർ/സയൻസ്/ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനും ആദ്യം JEE (മെയിൻ) യുടെ ഒന്നാംപേപ്പർ എഴുതണം. അതിൽ മുന്നിലെത്തുന്ന 2 ലക്ഷം പേർക്കേ JEE (Advanced) അഭിമുഖീകരിച്ച് IIT പ്രവേശന സാധ്യത നിലനിർത്താനാകൂ. അതിനാൽ കേരളത്തിലും NIT കളിലും IIT കളിലും പ്രവേശനം ആഗ്രഹിക്കുന്നവർ കുറഞ്ഞത് 3 പരീക്ഷകളെങ്കിലും അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. 

കേരളത്തിലെ എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് രണ്ടര മണിക്കൂർ വീതമുള്ള രണ്ടു പേപ്പറുകളാണുള്ളത്. OMR ഷീറ്റുപയോഗിച്ചുള്ള പരീക്ഷയാണിവിടെ. ഒബ്ജക്ടീവ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ്. ഓരോ പേപ്പറിലും 120 ചോദ്യങ്ങളുണ്ടായിരിക്കും. ഒന്നാം പേപ്പറിൽ (ഫിസിക്സ്, കെമിസ്ട്രി) ഫിസിക്സിൽ നിന്നു 72 ഉം കെമിസ്ട്രിയിൽ നിന്നു 48 ഉം ചോദ്യങ്ങളുണ്ടാകും.

ഫിസിക്സ്, കെമിസ്ട്രി എന്ന രീതിയിലാകും ചോദ്യങ്ങൾ വരിക. ഇതിൽ  ഓരോ വിഷയത്തിനും പ്രത്യേകം സമയമൊന്നും നിശ്ചയിച്ചിട്ടില്ല. രണ്ടാം പേപ്പറിൽ (മാത്തമാറ്റിക്സ്)  120 ചോദ്യങ്ങൾ.  5 ഉത്തരത്തിൽനിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കണം.  നീല അല്ലെങ്കിൽ കറുത്തമഷിയുള്ള ബോൾ പോയിന്റ് പേന ഉപയോഗിക്കാം. ശരിയുത്തരത്തിന് 4 മാർക്ക്. തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. 

എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ മാർക്ക് മാത്രം പരിഗണിച്ചല്ല  റാങ്ക് പട്ടിക തയ്യാറാക്കുക.  യോഗ്യത പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലെ സമീകരിച്ച മാർക്കും പരിഗണിക്കും. പ്രവേശന പരീക്ഷയിലെ മാർക്കിനും യോഗ്യതാ പരീക്ഷയിലെ മൂന്നുവിഷയങ്ങളിലെ സമീകരിച്ച മാർക്കിനും തുല്യപരിഗണന (50:50) നൽകിയാണ് കേരളത്തിലെ എൻജിനീയറിങ് റാങ്ക് പട്ടിക തയ്യാറാക്കുക. 

റാങ്ക് പട്ടികയിൽ ഇടം നേടാൻ പ്രവേശന പരീക്ഷയിൽ ഓരോ പേപ്പറിലും കുറഞ്ഞത് 10 മാർക്കെങ്കിലും ലഭിക്കണം. ഉത്തരങ്ങളിൽ ഒന്നും തെറ്റാതിരിക്കുകയും മൂന്നെണ്ണത്തിനെങ്കിലും ശരിയുത്തരം നൽകുകയും ചെയ്യുന്നവർക്ക് ഈ മാർക്ക് കിട്ടും.   കെമിസ്ട്രി 10 +2 തലത്തിൽ പഠിക്കാത്തവർക്കും എൻജിനീയറിങ് പ്രവേശന പരീക്ഷ അഭിമുഖീകരിക്കാം.

പകരം കംപ്യൂട്ടർ സയൻസോ, ബയോടെക്നോളജിയോ, ബയോളജിയോ പഠിച്ചാൽ മതി. പക്ഷേ ഇവരും കെമിസ്ട്രിയിൽനിന്നു 48 ചോദ്യങ്ങൾ പ്രവേശന പരീക്ഷയിൽ അഭിമുഖീകരിക്കേണ്ടതുണ്ട്. (ഉത്തരം നൽകിയിരിക്കണമെന്ന നിബന്ധനയൊന്നും ഇതു സംബന്ധിച്ച് ഇല്ല). കംപ്യൂട്ടർ  സയൻസ്/ബയോ ടെക്നോളജി/ബയോളജി എന്ന ക്രമത്തിലാണ് ഇവരുടെ യോഗ്യത പരീക്ഷ മാർക്ക് പരിഗണിക്കുക. 

കേരളത്തിലെ ഹയർ സെക്കൻഡറി കോഴ്സ് പഠിക്കുന്നയാൾക്ക് രണ്ടാംവർഷ പരീക്ഷയിൽ വിവിധവിഷയങ്ങളിൽ ലഭിച്ച മാർക്കായിരിക്കും എൻജിനീയറിങ് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ പരിഗണിക്കുക. എന്നാൽ പ്രവേശനത്തിനുള്ള യോഗ്യത പരിശോധിക്കുമ്പോൾ, രണ്ടുവർഷത്തെ പരീക്ഷകൾക്ക് മൊത്തത്തിൽ ലഭിച്ച മാർക്കാണ് നോക്കുക.

ഒരാൾക്ക് രണ്ടാംവർഷം കണക്കിന് 40 ശതമാനം മാർക്കുകിട്ടിയെന്നിരിക്കട്ടെ 100- ൽ ലഭിച്ച 40 മാർക്കായിരിക്കും കുട്ടിയുടെ എൻജിനീയറിങ് റാങ്ക് നിർണയിക്കുമ്പോൾ പരിഗണിക്കുക. ഇതേ കുട്ടിക്ക് ആദ്യവർഷ പരീക്ഷയിൽ 50 ശതമാനം മാർക്ക് കിട്ടിയെന്നു കരുതുക. അങ്ങനെയെങ്കിൽ രണ്ടുവർഷങ്ങളിലുമായി 200-ൽ 90 മാർക്കാണ് കുട്ടിക്ക് ലഭിച്ചിരിക്കുന്നത്. അതായത് 45 ശതമാനം.

ഈ വിദ്യാർഥി, ജനറൽ വിഭാഗത്തിലാണെങ്കിൽ, പ്രവേശനത്തിനുവേണ്ട മാത്തമാറ്റിക്സ് മാർക്ക് 50 ശതമാനമായിരിക്കും. ഇതു ലഭിക്കാത്തതിനാൽ കുട്ടിക്ക് പൊതുവേ എൻജിനീയറിങ് പ്രവേശനത്തിന് അർഹതയുണ്ടാകില്ല. അപ്പോൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടാലും പ്രവേശനത്തിന് അർഹത ലഭിക്കണമെന്നില്ല.

JEE റാങ്ക് നിർണയം, പ്രവേശനപരീക്ഷ മാർക്ക് വഴി മാത്രം - അത് അടുത്തയാഴ്ച.