സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള വിജ്ഞാപനം വന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അപേക്ഷാ സമര്‍പ്പണം അടക്കമുള്ള പ്രവേശന നടപടികളിലേക്ക് കടക്കുകയാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ (സി.ഇ.ഇ.) വഴി പ്രവേശനം നല്‍കുന്ന എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുമുള്ള അപേക്ഷയാണ് ഇപ്പോള്‍ വിളിച്ചിരിക്കുന്നത്. എഞ്ചിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ ആന്‍ഡ് അനുബന്ധ കോഴ്‌സുകള്‍, ആര്‍ക്കിടെക്ചര്‍ എന്നീ നാലു സ്ട്രീമുകളിലെ കോഴ്‌സുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍, എന്‍ജിനീയറിങിനും ഫാര്‍മസിയ്ക്കും മാത്രമാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ നേരിട്ട് പരീക്ഷ നടത്തുന്നത്.

എൻജിനീയറിങ് പ്രവേശന പരീക്ഷ

എൻജിനീയറിങ് പരീക്ഷയ്ക്ക് രണ്ട് പേപ്പറുകള്‍ ഉണ്ട്. ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ നിന്നും യഥാക്രമം 72 ഉം 48 ഉം ചോദ്യങ്ങളുള്ള പേപ്പര്‍ I (പരീക്ഷ: ഏപ്രില്‍ 23 ന്) പേപ്പര്‍ II - മാത്തമാറ്റിക്‌സില്‍ 120 ചോദ്യങ്ങള്‍ (പരീക്ഷ: ഏപ്രില്‍ 24). ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. ശരിയുത്തരത്തിന് നാല് മാര്‍ക്ക് വീതം കിട്ടും. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. യോഗ്യത നേടാന്‍ ഓരോ പേപ്പറിലും 10 മാര്‍ക്ക് വീതം കിട്ടണം. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല. പക്ഷേ, അവര്‍ ഓരോ പേപ്പറിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നല്‍കണം. ഇപ്രകാരം യോഗ്യത നേടുന്നവരെ മാത്രമേ എഞ്ചിനീയറിങ് റാങ്ക് പട്ടിക തയ്യാറാക്കാന്‍ പരിഗണിക്കുകയുള്ളൂ.

എന്‍ജിനീയറിങ്/ഫാര്‍മസി റാങ്ക് പട്ടിക 

പ്രവേശനപരീക്ഷയിലെ മാര്‍ക്കിനും യോഗ്യതാ പരീക്ഷയിലെ നിശ്ചിത വിഷയങ്ങളിലെ മൊത്തം മാര്‍ക്കിനും (പ്രോസ്പക്ടസില്‍ വിശദീകരിച്ചിട്ടുള്ള രീതിയില്‍ കണക്കാക്കിയത്) തുല്യപരിഗണന നല്‍കിയാണ് എന്‍ജിനീയറിങ് റാങ്ക് പട്ടിക തയ്യാറാക്കുക. ഫാര്‍മസി (ബി.ഫാം) പ്രവേശനത്തിനായി പ്രത്യേകം പ്രവേശന പരീക്ഷ നടത്തില്ല.  ബി.ഫാം പ്രവേശനം ആഗ്രഹിക്കുന്നവര്‍ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയുടെ പേപ്പര്‍ 1 എഴുതണം. ആ പേപ്പറില്‍ കെമിസ്ട്രി ഭാഗത്തിനു കിട്ടുന്ന മാര്‍ക്കിനെ 2.25 കൊണ്ട് ഗുണിച്ചും ഫിസിക്‌സിലെ മാര്‍ക്ക് അതേപടി കണക്കാക്കിയും മൊത്തം മാര്‍ക്ക് കണ്ടുപിടിക്കും.  

ഈ മാര്‍ക്കിനെ 3 ല്‍ 2, എന്ന മൂല്യം കൊണ്ട് ഗുണിച്ച് 480 ല്‍ ആക്കും (കെമിസ്ട്രിയില്‍ 48 ചോദ്യങ്ങളുണ്ട്. മൊത്തം ലഭിക്കാവുന്ന മാര്‍ക്ക് 192. ഇതിനെ 2.25 കൊണ്ട് ഗുണിക്കുമ്പോള്‍ പരമാവധി 432. ഫിസിക്‌സില്‍ പരമാവധി കിട്ടാവുന്ന മാര്‍ക്ക് 72x4=288. ഇതു രണ്ടും കൂടി കൂട്ടുമ്പോള്‍ പരമാവധി മാര്‍ക്ക് 720. ഇതിനെ 3 ല്‍ 2 എന്ന ഘടകം കൊണ്ട് ഗുണിച്ചാല്‍ പരമാവധി മാര്‍ക്ക് 480 ആകും). ഈ മാര്‍ക്കാണ് ഫാര്‍മസി റാങ്ക് പട്ടികയ്ക്കായി കണക്കാക്കുക. ഇതില്‍ 480 ല്‍ 10 മാര്‍ക്കെങ്കിലും കിട്ടിയാലേ യോഗ്യത ലഭിക്കൂ. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് യോഗ്യത നേടാന്‍ പരീക്ഷയില്‍ ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നല്‍കണമെന്നാണ് നിബന്ധന.  

സംസ്ഥാന മെഡിക്കല്‍ പ്രവേശനം

എം.ബി.ബി.എസ്./ബി.ഡിഎസ്., മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ (ഹോമിയോ, സിദ്ധ, ആയുര്‍വേദ, യുനാനി, വെറ്ററിനറി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്) പ്രവേശനം സി.ബി.എസ്.ഇ. നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ (നീറ്റ്) അടിസ്ഥാനത്തിലാണ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍, ഇപ്പോള്‍ സി.ഇ.ഇ.ക്ക് അപേക്ഷിക്കണം. ഒപ്പം സി.ബി.എസ്.ഇ, നീറ്റിനും അപേക്ഷിക്കണം. എം.ബി.ബി.എസ്/ബി.ഡി.എസ്. പ്രവേശനത്തിന് നീറ്റ് യോഗ്യതാ വ്യവസ്ഥ തന്നെയായിരിക്കും. 

ജനറല്‍ വിഭാഗക്കാര്‍ 50 -ാം പെര്‍സന്റൈല്‍ കട്ട് ഓഫ് സ്‌കോറും, എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗക്കാര്‍ 40 പെര്‍സന്റൈല്‍ കട്ട് ഓഫ് സ്‌കോറും, നേടണമെന്നാണ് നീറ്റ് യോഗ്യതാ വ്യവസ്ഥ. UR-PH വിഭാഗക്കാര്‍ക്ക് ഇത് 45 -ാം പെര്‍സന്റൈല്‍ സ്‌കോര്‍ ആയിരിക്കും. നീറ്റില്‍ 20 മാര്‍ക്ക് നേടുന്നവര്‍ക്ക് മാത്രമേ കേരളത്തില്‍ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടികയില്‍ സ്ഥാനം ലഭിക്കൂ. (720 ലാണ് 20 മാര്‍ക്ക് വാങ്ങേണ്ടത്). പട്ടികവിഭാഗക്കാര്‍ക്ക് മെഡിക്കല്‍ ഇതര കോഴ്‌സുകളിലെ പ്രവേശനത്തിന് നീറ്റ് മാര്‍ക്ക് വ്യവസ്ഥയൊന്നും ഇല്ല. (നീറ്റ് വിജ്ഞാപനം http://cbseneet.nic.in ല്‍ വരും). 

ആര്‍ക്കിടെക്ടച്ചര്‍ പ്രവേശനം

ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സ് പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അഭിരുചി പരീക്ഷ നടത്തുന്നില്ല. പക്ഷേ, കേരളത്തില്‍ സി.ഇ.ഇ വഴി നടത്തുന്ന പ്രവേശനത്തില്‍ താത്പര്യമുള്ളവര്‍ ഇപ്പോള്‍ സി.ഇ.ഇ.യ്ക്ക് അപേക്ഷ നല്‍കണം.  കൂടാതെ ആര്‍ക്കിടെക്ചര്‍ കൗണ്‍സില്‍ നടത്തുന്ന NATA എന്ന അഭിരുചി പരീക്ഷയില്‍ യോഗ്യത നേടണം. NATA യ്ക്ക് www.nata.in എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് 2 വരെ അപേക്ഷിക്കാം. ഇതില്‍ യോഗ്യത നേടാന്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുടെ വിഭാഗത്തിലും (120 ല്‍) ഡ്രോയിങ് വിഭാഗത്തിലും(80 ല്‍) 25 ശതമാനം മാര്‍ക്ക് വീതം നേടണം. 200 ല്‍ പരമാവധി നേടേണ്ട മാര്‍ക്ക് എത്രയെന്ന് പരീക്ഷയ്ക്കു ശേഷം ആര്‍ക്കിടെക്ചര്‍ കൗണ്‍സില്‍ തീരുമാനിക്കും. 

ഈ മൂന്നു വ്യവസ്ഥകളും തൃപ്തിപ്പെടുത്തുന്നവര്‍ മാത്രമേ NATA യോഗ്യത നേടുകയുള്ളൂ. പ്ലസ്ടു മാര്‍ക്ക് 200 ല്‍ ആക്കിയതും NATA യില്‍ 200 ല്‍ ലഭിച്ച മാര്‍ക്കും ചേര്‍ത്ത്, 400 ല്‍ കണക്കാക്കുന്ന മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുക. മുകളില്‍ സൂചിപ്പിച്ച രീതിയില്‍ എന്‍ജിനീയറിങ്, ബി.ഫാം, എം.ബി.ബി.എസ്/ബി.ഡി.എസ്, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍, ആര്‍ക്കിടെക്ചര്‍ എന്നിവയ്ക്കായി 5 റാങ്ക് പട്ടികകള്‍ തയ്യാറാക്കും. ഇവ കൂടാതെ BAMS പ്രവേശനത്തിന് മറ്റൊരു റാങ്ക് പട്ടികയും തയ്യാറാക്കും. പ്ലസ്ടു തലത്തില്‍ സംസ്‌കൃതം രണ്ടാം ഭാഷയായി പഠിച്ചവര്‍ക്ക് അവരുടെ NEET സ്‌കോറിനൊപ്പം 8 മാര്‍ക്ക് കൂടി ചേര്‍ത്തുകിട്ടുന്ന മാര്‍ക്കും സംസ്‌കൃതം പഠിക്കാത്തവരുടെ കാര്യത്തില്‍ അവരുടെ NEET മാര്‍ക്കും പരിഗണിച്ചാണ് ആയുര്‍വേദ കോഴ്‌സ് പ്രവേശനത്തിനുമുള്ള റാങ്ക് പട്ടിക തയ്യാറാക്കുക. ഇവയെല്ലാം പ്രവേശന പരീക്ഷ സംബന്ധിച്ച വ്യവസ്ഥകളാണ്. യോഗ്യതാ പരീക്ഷ സംബന്ധിച്ച വ്യവസ്ഥകളും അപേക്ഷകര്‍ തൃപ്തിപ്പെടുത്തേണ്ടതുണ്ട്.

അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1). എത്ര കോഴ്‌സുകളിലേക്ക് അപേക്ഷിച്ചാലും, ഒരൊറ്റ അപേക്ഷ മാത്രമേ നല്‍കേണ്ടതുള്ളൂ. താല്‍പര്യമുള്ള കോഴ്‌സുകള്‍ ഏതൊക്കെയെന്ന് അതില്‍ രേഖപ്പെടുത്തിയാല്‍ മതി.

2). പ്രവേശന പരീക്ഷാ കമ്മീഷണര്‍, പ്രത്യേകം പരീക്ഷ നടത്താത്ത മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍ക്കും, അപേക്ഷ ഇപ്പോള്‍ നല്‍കണം. ബാധകമായ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിച്ച് യോഗ്യത നേടേണ്ടത് വിദ്യാര്‍ത്ഥിയുടെ ഉത്തരവാദിത്തമാണ്.

3). അപേക്ഷിക്കുന്ന കോഴ്‌സുകള്‍ക്കനുസരിച്ചാണ് അപേക്ഷാഫീസ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍, പ്രവേശന പരീക്ഷ നടത്തുന്ന കോഴ്‌സുകള്‍ക്ക് (എഞ്ചിനീയറിങ്/ബി.ഫാം) മാത്രം അപേക്ഷിക്കാന്‍ ഒരു ഫീസ് (ജനറല്‍ - 700 രൂപ, എസ്.സി - 300 രൂപ), പരീക്ഷ നടത്താത്ത കോഴ്‌സുകള്‍ക്ക് മാത്രം അപേക്ഷിക്കാന്‍ മറ്റൊരു ഫീസ് (500, 200). രണ്ടു വിഭാഗങ്ങളിലെയും കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ മൂന്നാമതൊരു ഫീസാണ് (900, 400)

4). ദുബായില്‍ പരീക്ഷയെഴുതുന്നവര്‍ 12000 രൂപ കൂടി ഫീസായി അടയ്ക്കണം.

5). ഫിബ്രുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അതിനുശേഷം, അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും മാര്‍ച്ച് 31 നകം ലഭിക്കത്തക്കവിധം പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയച്ചുകൊടുക്കണം. ഒരു പകര്‍പ്പ് വിദ്യാര്‍ത്ഥി സൂക്ഷിച്ചുവെയ്ക്കണം.

അപേക്ഷാ സമര്‍പ്പണത്തിന് ആറ് ഘട്ടങ്ങള്‍

ആറ് ഘട്ടങ്ങളിലായി അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കണം. ആദ്യമായി വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) രജിസ്റ്റര്‍ ചെയ്യണം. പ്രോസ്‌പെക്ടസ് വായിച്ചു മനസ്സിലാക്കിയിട്ടുണ്ടെന്നും തനിക്ക് സാധുവായ ഇ - മെയില്‍ വിലാസവും, മൊബൈല്‍ നമ്പറും ഉണ്ടെന്നും, ഫോട്ടോ, ഒപ്പ്, ഇടതു പെരുവിരല്‍ അടയാളം എന്നിവയുടെ സ്‌കാന്‍ ചെയ്ത, നിശ്ചിത വലിപ്പത്തിലുള്ള ഇമേജുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നുമുള്ള പ്രസ്താവന അംഗീകരിച്ച്, അപേക്ഷകന്റെ പേര്, ജനന തീയതി, ഇ മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, തിരഞ്ഞെടുക്കുന്ന പാസ്‌വേര്‍ഡ്, സ്‌ക്രീനില്‍ കാണുന്ന അക്‌സസ് കോഡ് ടൈപ്പ് ചെയ്തത് എന്നിവ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

രണ്ടാം ഘട്ടത്തില്‍ അപേക്ഷകന്റെ ഫോട്ടോ, ഒപ്പ്, ഇടതുപെരുവിരലടയാളം എന്നിവയുടെ സ്‌കാന്‍ ചെയ്ത ഇമേജുകള്‍ അപ്‌ലോഡ് ചെയ്യണം. ഇമേജുകള്‍ JPG ഫോര്‍മാറ്റില്‍ ആയിരിക്കണം. ഇമേജിന്റെ ഉയരം, വീതി എന്നിവ നിശ്ചിത 'Pixel' ആയിരിക്കണം. ഫയല്‍സൈസ് നിശ്ചിത 'KB' കവിയരുത്. ഇതിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത് പാലിക്കണം. 

മൂന്നാം ഘട്ടത്തിലാണ് അപേക്ഷ പൂരിപ്പിക്കുന്നത്. ഇവിടെയാണ് താല്‍പര്യമുള്ള കോഴ്‌സുകള്‍ (സ്ട്രീം) തിരഞ്ഞെടുക്കേണ്ടത്. എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്‍ഡ് അലൈഡ്, ഫാര്‍മസി എന്നീ നാല് ഓപ്ഷനുകളില്‍ താല്പര്യമുള്ളവയൊക്കെ തിരഞ്ഞെടുക്കണം. തിരഞ്ഞെടുക്കുന്നവയിലേക്കു മാത്രമേ അപേക്ഷകനെ പരിഗണിക്കുകയുള്ളൂ. പിന്നീട് ഒരു കോഴ്‌സ് ഉള്‍പ്പെടുത്താന്‍ കഴിയില്ല. ആവശ്യപ്പെടുന്ന വിവരങ്ങള്‍ അപേക്ഷയില്‍ നല്‍കി, അത് 'സേവ്' ചെയ്തശേഷം, അപേക്ഷ സ്‌ക്രീനില്‍ കാണണം. (Preview). നിര്‍ബന്ധമായും പൂരിപ്പിക്കേണ്ട വിവരങ്ങള്‍ നല്‍കിയിട്ടില്ലെങ്കില്‍ 'preview' നടക്കില്ല. നല്‍കിയ വിവരങ്ങള്‍ ശരിയല്ലെങ്കില്‍ തിരുത്തുക. എല്ലാം പൂര്‍ണമാണെന്നു കരുതുന്നുവെങ്കില്‍ ഡിക്ലറേഷന്‍ അംഗീകരിച്ച് ഫൈനല്‍ സബ്മിഷന്‍ ക്ലിക്കു ചെയ്യുക. ഇതു പൂര്‍ത്തിയാക്കിയാല്‍ പിന്നെ അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ല. 

നാലാം ഘട്ടത്തിലാണ് അപേക്ഷാഫീസ് അടയ്‌ക്കേണ്ടത്. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ഫീസ് നല്‍കേണ്ട. പക്ഷേ അവര്‍ ദുബായ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്താല്‍ സെന്റര്‍ ഫീസായ 12000 രൂപ നല്‍കണം. തിരഞ്ഞെടുത്ത കോഴ്‌സുകള്‍ക്കനുസരിച്ചാണ് ഫീസ്. ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. എങ്കില്‍ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് വഴിയോ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ അതുചെയ്യാം. ചെല്ലാന്‍വഴി ഫീസടയ്ക്കുന്നവര്‍ക്ക്, ചെല്ലാന്റെ പ്രിന്റ്ഔട്ട് എടുക്കാന്‍ കഴിയും. ഈ ചെല്ലാന്‍ ഹാജരാക്കി കേരളത്തിലെയും ലക്ഷദ്വീപിലെയും ഏതെങ്കിലും ഹെഡ്/സബ്‌പോസ്റ്റാഫീസില്‍ പണമായി ഫീസടയ്ക്കാം. ചെല്ലാന്റെ 'Candidate Copy' തിരികെ കിട്ടും. അതില്‍ ട്രാന്‍സ്‌ക്ഷന്‍ ഐഡിയും ഓഫീസ് മുദ്ര, അധികാരിയുടെ ഒപ്പ് എന്നിവയുണ്ടെന്ന് ഉറപ്പാക്കണം.

അഞ്ചാം ഘട്ടത്തില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കണം പ്രിന്റ്ഔട്ട് എടുത്തശേഷം, നിര്‍ദ്ദേശിച്ചിട്ടുള്ള രീതിയില്‍ അതു പൂര്‍ത്തിയാക്കണം. അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ ഒരു പകര്‍പ്പ് അതില്‍ ഒട്ടിക്കണം. അത് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ടോ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയെക്കൊണ്ടോ സാക്ഷ്യപ്പെടുത്തി വാങ്ങണം. നേറ്റിവിറ്റി, വിവിധ സംവരണ അവകാശവാദങ്ങള്‍ തുടങ്ങിയവ (ബാധകമായവയ്ക്ക്) തെളിയിക്കുന്നതിനുള്ള രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം വയ്ക്കണം. 

വേണ്ട രേഖകളുടെ പൂര്‍ണമായ പട്ടിക വെബ്‌സൈറ്റ്/പ്രോസ്‌പെക്ടസ് നോക്കി മനസ്സിലാക്കണം. രേഖകള്‍ പൂര്‍ണമാണെന്ന് ഉറപ്പാക്കണം. അത് നല്‍കിയ ഉദ്യോഗസ്ഥന്‍ യഥാസ്ഥാനത്ത് ഒപ്പിട്ടിട്ടുണ്ടെന്നും ഓഫീസ് മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പിക്കണം. 

ആറാം ഘട്ടത്തില്‍ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്. പ്രിന്റ ്ഔട്ടിനൊപ്പം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് വിലാസം രേഖപ്പെടുത്തിയിട്ടുള്ള അഡ്രസ് സ്ലിപ്പ് കിട്ടും. അത് A4 വലിപ്പമുള്ള കവറിന് പുറത്ത് ഒട്ടിക്കണം. രജിസ്‌ട്രേഡ്/സ്്പീഡ് പോസ്റ്റ് വഴി അപേക്ഷാ പ്രിന്റ്ഔട്ട് അയയ്ക്കണം. തിരുവനന്തപുരത്തുള്ള ഓഫീസില്‍ അവധി ദിവസമുള്‍പ്പെടെയുള്ള ദിവസങ്ങളില്‍, ഫോം നേരിട്ടും വാങ്ങാം. പ്രിന്റ്ഔട്ട് ഓഫീസില്‍ ലഭിക്കുമ്പോഴേ അപേക്ഷാ സമര്‍പ്പണ പ്രക്രിയ പൂര്‍ത്തിയാവുകയുള്ളൂ.