രാവിലെ ജോലിക്കായി ഓഫീസില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ സീറ്റില്‍ റോബോട്ട് ഇരിക്കുകയാണെങ്കില്‍ എന്തു ചെയ്യും? ഇതെന്താ 'യന്തിരന്‍' സിനിമയോ എന്ന് ചോദിക്കാന്‍ വരട്ടെ, സംഗതി സീരിയസാണ്. ഇന്ന് മനുഷ്യന്‍ ചെയ്യുന്ന ഒട്ടുമിക്ക ജോലികളും പത്തുവര്‍ഷത്തിനുള്ളില്‍ റോബോട്ടുകളാകും ചെയ്യുന്നത്. വാര്‍ത്ത വായിക്കാന്‍, ചികിത്സിക്കാന്‍, പഠിപ്പിക്കാന്‍ തുടങ്ങി എല്ലാ രംഗത്തും ഈ 'കൈയേറ്റം' ദൃശ്യമാകുന്നുണ്ട്. മനുഷ്യനെപ്പോലെ ചിന്തിക്കാനും പെരുമാറാനും യന്ത്രങ്ങളെ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതികവിദ്യയാണ് ഇതെല്ലാം സാധ്യമാക്കുന്നത്. 

ചുരുക്കിപ്പറഞ്ഞാല്‍ നമ്മളിപ്പോള്‍ പാട്ടും പാടി ചെയ്യുന്ന പല ജോലികളും നാളെ നമുക്ക് നഷ്ടമാകും. ''മിസ്റ്റര്‍ ഭാസ്‌കരന്‍, നിങ്ങള്‍ ഇനി ജോലിക്ക് വരേണ്ടതില്ല, അതും കൂടി ഞാന്‍ ചെയ്യാം'' എന്നു പറയുന്ന 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്മാ'രുടെ കാലമാണ് വരാനിരിക്കുന്നത്. അതിനെ മറികടക്കണമെങ്കില്‍ പുത്തന്‍ നൈപുണി വികസിപ്പിച്ചെടുക്കണം. ഓരോ മേഖലയിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ നേരിട്ട് മനസ്സിലാക്കണം. അതിനുതകുന്ന ഒരു സ്റ്റാര്‍ട്ടപ്പാണ് എഡാപ്റ്റ്. 

എന്താണ് എഡാപ്റ്റ് ?

പത്തുവര്‍ഷം മുന്‍പ് നമുക്ക് ചിന്തിക്കാന്‍പോലുമാകാത്ത കാര്യങ്ങളാണ് തൊഴില്‍, വിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ നടക്കുന്നത്. 
ആ മാറ്റങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അപ്പോള്‍ സാങ്കേതികവിദ്യയുടെ ഈ നൂറ്റാണ്ടില്‍ നിലനില്‍ക്കാന്‍ സ്വന്തം തൊഴില്‍മേഖലയില്‍ ഉണ്ടാകുന്ന വലിയ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതിനുതകുന്ന സ്റ്റാര്‍ട്ടപ്പാണ് എഡാപ്റ്റ്. മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ, തൊഴില്‍ സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഏതെങ്കിലുമൊന്ന് ചെയ്യണമെന്ന ഉമര്‍ അബ്ദു സലാമിന്റെ ചിന്തയാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ പിറവിക്ക് പിന്നില്‍. 

വിദ്യാഭ്യാസം കാലാനുസൃതമാക്കുകയെന്ന അര്‍ഥത്തില്‍ സ്റ്റാര്‍ട്ടപ്പിന് എഡാപ്റ്റെന്ന് പേരും കൊടുത്തു. 'ഒരു ചെയ്ഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത്'' എന്ന് പരക്കെ പറയുമെങ്കിലും നമ്മുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്നതരം മാറ്റങ്ങളെ അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്. ആ മടിയകറ്റി, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഡേറ്റാ അനലിറ്റിക്സ് തുടങ്ങി, 21-ാം നൂറ്റാണ്ടിലെ നൈപുണികളെക്കുറിച്ച് ധാരണയുണ്ടാക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം. മൊബൈല്‍ ആപ്പായതിനാല്‍ എവിടെവെച്ചു വേണമെങ്കിലും ഉപയോഗിക്കുകയും ചെയ്യാം. 

'ഓ ഇതൊക്കെ ഞാന്‍ ഇനി എന്തിനാ പഠിക്കുന്നേ? എനിക്ക് ഇപ്പോള്‍ ജോലിയുണ്ടല്ലോ?' എന്നൊക്കെ ചിന്തിക്കുന്നവര്‍ ഒന്നോര്‍ത്തോ, ടെക്നോളജി പണി തുടങ്ങിയാല്‍ നിങ്ങളുടെ പണി പോകും. അത് വേണ്ടെങ്കില്‍ പുത്തന്‍ സ്‌കില്ലുകള്‍ പഠിക്കണം. അങ്ങനെയല്ലാത്തപക്ഷം ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളില്‍ ഒന്നിനും കഴിവില്ലാത്ത ഒരു 'യൂസ്ലെസ് ക്ലാസ്' രൂപപ്പെടുമെന്നാണ് യുവാല്‍ നോവ ഹരാരിയെപ്പോലെയുള്ള എഴുത്തുകാര്‍ പറയുന്നത്. 

സ്റ്റാര്‍ട്ടപ്പിന്റെ പ്രത്യേകത

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യത പ്രയോജനപ്പെടുത്തി, പൂര്‍ണമായും പേഴ്സണലൈസ് ചെയ്യാവുന്ന ആപ്ലിക്കേഷനാണിത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലുടന്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന മെനുവിലൂടെ ആപ്റ്റിറ്റിയൂഡ്, ഐ.ക്യു., കരിയര്‍ കംപാറ്റിബിലിറ്റി, പേഴ്സണാലിറ്റി തുടങ്ങിയ ടെസ്റ്റുകള്‍ നടത്തി നോക്കാം. അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് യോജിക്കുന്ന കരിയര്‍ ഏതെന്ന് മനസ്സിലാക്കാം. 50-ലധികം പുത്തന്‍ കരിയറുകളെക്കുറിച്ച് ആപ്പില്‍ പ്രതിപാദിക്കുന്നുണ്ട്. 

edapt logo
എഡാപ്റ്റിന്റെ ലോഗോ

കോഴ്സുകളെക്കുറിച്ചുള്ള നെടുനീളന്‍ ലേഖനങ്ങള്‍ നല്‍കുക മാത്രമല്ല ഈ ആപ്പ് ചെയ്യുന്നത്. നിങ്ങള്‍ക്ക് യോജിക്കുന്ന കരിയറുകള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ കിട്ടും. ഇതുകൂടാതെ അവസരങ്ങള്‍, കണ്ടുപിടിത്തങ്ങള്‍, പുത്തന്‍ വാര്‍ത്തകള്‍ തുടങ്ങി ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് മുന്നറിയിപ്പും ഈ ആപ്ലിക്കേഷനിലൂടെ അറിയാം. ആകെമൊത്തത്തില്‍ ലോകം വിരല്‍ത്തുമ്പിലെത്തിക്കാനുള്ള ഒരു കുഞ്ഞുശ്രമം. 

ഈ വിവരങ്ങളൊന്നും അറിയാന്‍ വലിയ താത്പര്യമില്ല, കാശുകിട്ടുന്ന വല്ല വഴിയുമുണ്ടോ എന്ന് ചിന്തിക്കുന്നവരാണ് നിങ്ങളെങ്കില്‍ വിഷമിക്കേണ്ട. അതിനും വഴിയുണ്ടിവിടെ. നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഒരു പ്രശ്നത്തിന് സിംപിള്‍ ആന്‍ഡ് പവര്‍ഫുള്‍ പരിഹാരം നിര്‍ദേശിക്കുക. അത് മികച്ചതാണെങ്കില്‍ പണം നിങ്ങളുടെ അക്കൗണ്ടിലെത്തും.

ലക്ഷ്യം വയ്ക്കുന്നതാരെ?

ജോലിക്കാരായ മുതിര്‍ന്നവരെ മാത്രമല്ല, ഏഴാംക്ലാസ് മുതലുള്ള കുട്ടികളെയും ലക്ഷ്യംവെച്ചാണ് എഡാപ്റ്റിന്റെ പ്രവര്‍ത്തനം. എല്ലാ കുട്ടികളെയും ഒരേ കഴിവുള്ളവരായി കണ്ട് പഠിപ്പിക്കുന്ന നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ കാതലായ മാറ്റം വേണമെന്ന ചിന്തയാണ് ഈ സ്റ്റാര്‍ട്ടപ് മുന്നോട്ടുവയ്ക്കുന്നത്. 

ചിലര്‍ പഠനത്തില്‍ മിടുക്ക് കാണിക്കുമ്പോള്‍, ചിലര്‍ക്ക് താത്പര്യം ഗെയിമിങ്ങിലാകും, ചിലര്‍ക്ക് സ്പോര്‍ട്സാകും ഇഷ്ടമേഖല. അങ്ങനെ വിവിധ മേഖലകളില്‍ താത്പര്യമുള്ളവരെ അത് ബോധ്യപ്പെടുത്തി വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് എഡാപ്റ്റിന്റെത്. ഡോക്ടര്‍, എന്‍ജിനീയര്‍, അധ്യാപകര്‍ തുടങ്ങി പരമ്പരാഗത തൊഴിലുകളില്‍ മാത്രം തളച്ചിടപ്പെടാതെ സാങ്കേതികമായി അപ്ഗ്രഡേഷന്‍ ആവശ്യമുള്ള കോഴ്സുകളാണിവിടെ പരിചയപ്പെടുത്തുക. ക്ലാസ്‌റൂം സെക്ഷനുകള്‍ ഒഴിച്ച് ബാക്കിയെല്ലാ ഉള്ളടക്കങ്ങളും ആപ്പില്‍ സൗജന്യമാണ്. 

സ്റ്റാര്‍ട്ടപ് എന്ന സ്വപ്നം

Umer Abdul Salam
ഉമര്‍ അബ്ദു സലാം

ഒരു സ്റ്റാര്‍ട്ടപ് തുടങ്ങണം എന്ന ലക്ഷ്യം മനസ്സിലുണ്ടായിരുന്നില്ലെന്ന് ഉമര്‍ പറയുന്നു. ഐ.ടി. ബിരുദത്തിനുശേഷം സിവില്‍ സര്‍വീസ് എന്ന വലിയ ലക്ഷ്യത്തിനായുള്ള പരിശ്രമത്തിനിടെയാണ് കരിയര്‍രംഗത്ത് നടക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കിയത്. അത് മനസ്സിലൊതുക്കി സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവരെയെത്തിയെങ്കിലും വഴിമാറി ചിന്തിക്കാന്‍ മനസ്സ് പ്രേരിപ്പിച്ചു. പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി 'സാമന്തയുടെ കാമുകന്മാര്‍-നാലാം വ്യവസായവിപ്ലവത്തിനൊരാമുഖം' എന്ന പുസ്തകം പുറത്തിറക്കി. ആ നിമിഷമാണ് നാലാം വ്യവസായവിപ്ലവത്തിന്റെ ചുവടുപിടിച്ച് സ്റ്റാര്‍ട്ടപ് സ്വപ്നങ്ങള്‍ക്ക് നിറംകൊടുത്താലെന്താണെന്ന ചിന്തയുണ്ടായത്. 

ഉമറിനുപുറമേ എന്‍ജിനീയറിങ്, എം.സി.എ., ജേണലിസം, മള്‍ട്ടിമീഡിയ തുടങ്ങി, വ്യത്യസ്ത പശ്ചാത്തലത്തില്‍നിന്നുള്ള 22-ഓളംപേര്‍ ഈ സ്റ്റാര്‍ട്ടപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉള്ളടക്കം, വീഡിയോ, തുടങ്ങി എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത് അവരാണ്. കൂടാതെ ഉള്ളടക്കത്തിനായി അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും സഹകരിക്കുന്നുണ്ട്. സബ്സ്‌ക്രിപ്ഷന്‍ മാതൃകയിലാണ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. അതിനാല്‍ സാമ്പത്തികമായും സ്റ്റാര്‍ട്ടപ് നേട്ടമാണ്.

സ്റ്റാര്‍ട്ടപ്  ശ്രദ്ധയോടെ

  • ഏതൊരു സ്റ്റാര്‍ട്ടപ്പിനും അത്യാവശ്യം നിക്ഷേപമാണ്. അല്പം പണം മുടക്കി, മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കാനായാല്‍ സ്റ്റാര്‍ട്ടപ് വിജയക്കുതിപ്പ് തുടങ്ങും. ലഭിച്ച നിക്ഷേപത്തിന്റെ സഹായത്തോടെ സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനം ആരംഭിച്ചെങ്കില്‍ ഇനി ശ്രദ്ധിക്കേണ്ടത്, മികച്ച മെന്ററിന്റെ സാന്നിധ്യമാണ്. പുറമേനിന്ന് നമ്മള്‍ നിരീക്ഷിക്കുന്നതുപോലെയല്ല വിപണിയിലെ സാഹചര്യങ്ങള്‍. അതുകൊണ്ടുതന്നെ വിപണിയുടെ സ്വഭാവം കൃത്യമായി മനസ്സിലാക്കാന്‍കഴിയുന്ന, പരിചയസമ്പന്നരായ ആള്‍ക്കാരെ ആവശ്യമായിവരുമെന്നാണ് ഉമറിന്റെ പക്ഷം. 
  • ഒരു ജോലിയില്ലാത്തതുകൊണ്ടോ പെട്ടെന്നുള്ള ആവേശത്തിന്റെ പുറത്തോ ചെയ്യേണ്ട ഒന്നല്ല സ്റ്റാര്‍ട്ടപ്. ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഉത്പന്നത്തിന്/ സേവനത്തിന് ഒരു മൂല്യമുണ്ടാകണം. ഒരു വലിയ വിഭാഗത്തിന്റെ പ്രശ്‌നങ്ങളെയോ ആവശ്യങ്ങളെയോ അഭിസംബോധനചെയ്യാന്‍ കഴിയുന്നതാകണം അത്. കുടാതെ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉത്പന്നത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകണം.
  • സ്റ്റാര്‍ട്ടപ് ആശയങ്ങള്‍ക്ക് ഈ ലോകത്ത് ഒരു പഞ്ഞവുമില്ല. ആ ആശയം എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്നതിലാണ് കാര്യം. ആരും ആശയങ്ങളുടെപേരില്‍ നിങ്ങളെ വിലയിരുത്തില്ല. മറിച്ച് അതെങ്ങനെ നടപ്പാക്കിയെന്നതാണ് പ്രധാനം. ആശയം മറ്റൊരാളോട് പറഞ്ഞാല്‍ നഷ്ടമാകുമോ എന്ന ഭയവും വേണ്ട. 

thozhil

Content Highlights: Edapt, A New Education-Career App