സെപ്റ്റംബര്‍ 8, അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആഘോഷിക്കപ്പെടുന്നു. സാക്ഷരതാ നിരക്കുകളില്‍ വന്ന മാറ്റങ്ങള്‍  ഉയര്‍ത്തിക്കാട്ടുന്നതിനും ലോകത്തിലെ സാക്ഷരതാ വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്നതിനും സര്‍ക്കാരുകള്‍ക്കും, പൗരസമൂഹങ്ങള്‍ക്കുമുള്ള  ഒരു അവസരമാണ്. ഈ വര്‍ഷത്തെ ചിന്താവിഷയം 'സാക്ഷരതയും നൈപുണ്യ വികസനവും' ആണ്. സാക്ഷരതയില്‍ പുരോഗതി ഉണ്ടാകുന്നുണ്ടെങ്കിലും  വൈദഗ്ധ്യങ്ങളുടെ ആവശ്യകത വര്‍ധിക്കുകയാണ്. 

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനമാണ് കേരളം. വിദ്യാസമ്പന്നരെന്ന് സ്വയം അഭിമാനിക്കുമ്പോഴും ഈ നേട്ടത്തിന് പ്രാദേശികമായ തൊഴില്‍ - സാമ്പത്തിക പുരോഗതിയില്‍ കാര്യമായി മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. എഴുതാനും വായിക്കാനും അറിയാവുന്ന ഒരാളെ സാക്ഷരനായി കണക്കാക്കുകയാണ് നമ്മുടെ പതിവ്. എന്നാല്‍ ഇതാണോ സമ്പൂര്‍ണ്ണ സാക്ഷരതയുടെ ഉദ്ദേശം എന്ന് നമ്മള്‍ ചിന്തിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ നാം നേടുന്ന അറിവ് സാമൂഹിക പുരോഗതിക്ക് വേണ്ടി  ഉപയോഗപ്പെടുത്താന്‍ കഴിയണം. തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുകയും സാമ്പത്തിക പുരോഗതി ഉണ്ടാവുകയുമായിരിക്കമം സാക്ഷരതയിലൂടെ നാം ലക്ഷ്യമിടേണ്ടത്. 

കേരളത്തിന്റെ കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വന്‍ വ്യവസായങ്ങളുടെ സാധ്യതയെ തള്ളിക്കളയുന്നു. എന്നാല്‍ ശക്തമായ മാനഷ്യവിഭവ സ്രോതസാണ് നമുക്കുള്ളത്. അത് പ്രയോജനപ്പെടുത്തി പുതിയ ബിസിനസ് സംരംഭങ്ങളും നൂതന ആശയങ്ങളും പടുത്തുയര്‍ത്തണം. വിമര്‍ശനാത്മക ചിന്ത, യുക്തിപരമായ ചിന്ത, നൂതനമായ ചിന്ത (ക്രിറ്റിക്കല്‍ തിങ്കിങ്) എന്നിവയിലുള്ള കഴിവ് വര്‍ദ്ധിക്കണം. റിസ്‌ക് എടുക്കാന്‍ താത്പര്യപ്പെടാതെ ഒഴിഞ്ഞുമാറി സുരക്ഷിതരായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന അവസ്ഥ മാറണം. മറ്റു വികസിത രാജ്യങ്ങളിലെ പോലെ തൊഴില്‍ മേഖലയിലും സാമ്പത്തിക മേഖലയിലും പൊതുവായ പുരോഗതി വരുത്താന്‍ സാധിക്കുന്നെങ്കില്‍ മാത്രമേ സാക്ഷരതകൊണ്ട് പ്രയോജനം ഉണ്ടാകൂ. വായിക്കാനും എഴുതാനും അറിയുന്നത് കൊണ്ടു മാത്രം ജീവിതത്തില്‍ വിജയിക്കണമെന്നില്ല. പുസ്തകങ്ങളില്‍ നിന്ന് നേടുന്ന അറിവ് പ്രായോഗിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം.

നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍ പ്രായോഗിക അറിവിന്  പ്രാധാന്യം വര്‍ധിപ്പിക്കണം.  പരമ്പരാഗത വിദ്യാഭ്യാസ രീതിയില്‍ കുട്ടികളുടെ പഠന ശേഷിയിലെ വ്യത്യാസങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവ മനസിലാക്കാന്‍ അധ്യാപകര്‍ വേണ്ടത്ര പരിശ്രമിക്കാറില്ല. എല്ലാ കുട്ടികളേയും തുല്യമായി പരിഗണിക്കുകയും ഒരേ കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. മനഃപാഠം പഠിച്ച് റാങ്ക് നേടാന്‍ പ്രേരിപ്പിക്കുന്ന സംസ്‌കാരം മാറണം, മറിച്ച് ലഭിക്കുന്ന അറിവ് നിത്യജീവിതത്തില്‍ പ്രയോഗിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. വ്യവസായിക മാറ്റങ്ങളെയും അവ സൃഷ്ടിക്കുന്ന തൊഴില്‍സാധ്യതകളെയും അടിസ്ഥാനമാക്കി സിലബസ് നവീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

വിവര സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ ഡിജിറ്റല്‍ സാക്ഷരത പൂര്‍ണമായും നാം നേടിയോ എന്നത് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിന്റെ വിശാലമായ സാധ്യതകളുടെ ബോധവത്കരണം, തടസ്സമില്ലാത്ത ഇന്റര്‍നെറ്റ് കണക്ടിവിറ്റി, സ്മാര്‍ട്ട് ഫോണ്‍ - ലാപ്‌ടോപ്പ് കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ താങ്ങാവുന്ന വിലയിലുള്ള ലഭ്യത എന്നിവ സാധാരണക്കാരിലേക്ക് എത്തുമ്പോള്‍ ഒരു ഡിജിറ്റല്‍ സാക്ഷരതാ വിപ്ലവം തന്നെ നമുക്ക് നേടാന്‍ സാധിക്കും.   

കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരത നാട് എന്ന് പറയുന്നതിനോടൊപ്പം തൊഴിലധിഷ്ഠിത മേഖലയിലുണ്ടാകുന്ന പുരോഗതിയും നാം ഗൗരവമായെടുക്കേണ്ടതുണ്ട്. എല്ലാ യുവജനങ്ങളും സാക്ഷരത കൈവരിക്കുന്നതിനോടൊപ്പം നൂതനമായ പുരോഗമന ചിന്തയും ഉള്ളവരായി മാറണം. അങ്ങിനെയെങ്കില്‍ രാജ്യത്തിന്റെ ഉന്നമനത്തിനായി വലിയ പങ്ക് വഹിക്കാന്‍ കേരളത്തിനാകും.

 എന്തൊക്കെ ചെയ്യാം

  1. ലഭിക്കുന്ന വിദ്യാഭ്യാസത്തെ മനഃപാഠമാക്കി വെയ്ക്കാതെ ബിസിനസ്സ് - തൊഴില്‍ മേഖലയില്‍ എന്ത് സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് നോക്കാം. Learn, Unlearn & Relearn 
  2. ഡിജിറ്റല്‍ സാക്ഷരത പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക  
  3. സൃഷ്ടിപരമായ ചിന്തയ്ക്ക് വഴിയൊരുക്കുക. പ്രാഥമിക വിദ്യാഭ്യാസ കാലത്തു തന്നെ സ്വന്തമായി പ്രൊജക്റ്റ്, പരീക്ഷണങ്ങള്‍, എന്നിവ ചെയ്യാന്‍ കുട്ടികളെ സജ്ജമാക്കുക. ഇത് കുട്ടികളില്‍ ക്രിയാത്മകത ഉളവാക്കാന്‍ സാധിക്കും. പുതിയ ബിസിനസ് ആശയങ്ങള്‍ ഉടലെടുക്കും.
  4. റിസ്‌ക് ഏറ്റെടുക്കാന്‍ സജ്ജരാവുക. എന്നാല്‍ മാത്രമേ പുതിയ സംരംഭങ്ങളും തൊഴില്‍ മേഖലകളും സൃഷ്ടിക്കപ്പെടൂ.
  5. വിദേശ രാജ്യങ്ങളില്‍ പോയി നേടുന്ന വിദ്യാഭ്യാസ - തൊഴില്‍ പരിജ്ഞാനം രാജ്യ പുരോഗതിക്കായി ഉപയോഗിക്കാന്‍ പ്രേരണ നല്‍കുക.
  6. പുസ്തങ്ങളില്‍ നിന്ന് നേടുന്ന അറിവുകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുക.

(കോര്‍പ്പറേറ്റ് 360 എന്ന മാര്‍ക്കറ്റിങ് ഡാറ്റ സോഫ്റ്റ്വെയര്‍ കമ്പനിയുടെ മേധാവിയാണ് ലേഖകന്‍)