നിരവധി പ്രയോജനങ്ങളുള്ള ഡിജിറ്റല്‍ ക്ലാസ്സ്‌റൂം പദ്ധതി ഇന്ന് പല സ്‌കൂളുകളിലും ഒരു പ്രഹസനമാകുന്നുമുണ്ട്. ഒരു സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ലാബ് ഉണ്ടെന്നു കരുതി അത് സ്മാര്‍ട്ട് ക്ലാസ്‌റൂം അല്ല. ഒരു ക്ലാസ് മുറിയില്‍ ഒരു പ്രൊജക്ടറും, സ്‌ക്രീനും, ഡി.വി.ഡി.യും വെച്ചാലും അത് സ്മാര്‍ട്ട് ക്ലാസ്‌റൂം ആകുന്നില്ല. രക്ഷിതാക്കളെയും കുട്ടികളെയും ആകര്‍ഷിക്കാനുള്ള വെറും പരസ്യവാചകമായി മാറരുത് 'ഡിജിറ്റല്‍ ക്ലാസ്റൂം'. ഡിജിറ്റല്‍ ക്ലാസ്‌റൂമെന്നത് സ്‌കൂളിന്റെ സ്റ്റാറ്റസ് ഉയര്‍ത്താനുള്ള ഒരു ഉപാധി ആയി മാറരുത്.

പാഠപുസ്തകങ്ങള്‍  അതേപടി പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിക്കുകയോ അല്ലെങ്കില്‍ സ്ലൈഡുകളാക്കി കാണിക്കുകയോ ചെയ്തുള്ള അധ്യാപന രീതിയാണ് പല സ്‌കൂളുകളും ചെയ്യുന്നത്. ഈ രീതിയിലുള്ള പഠനമല്ല ഡിജിറ്റല്‍ പഠനരീതിലൂടെ ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ ക്ലാസ്സ്‌റൂം എന്താണെന്ന് ആദ്യം മനസ്സിലാക്കേണ്ടത് അധ്യാപകരാണ്. അവര്‍ക്ക് വ്യക്തമായ പരിശീലനം നല്‍കണം. ഡിജിറ്റല്‍ ക്ലാസ്‌റൂമിന്റെ അനന്തസാധ്യതകള്‍ മനസിലാക്കി അത് കുട്ടികള്‍ക്കു പ്രയോജനമാകുംവിധം പ്രവര്‍ത്തികമാക്കണം. 

ഡിജിറ്റല്‍ ക്ലാസ്റൂം പ്രയോജനങ്ങളും സാധ്യതകളും
 
ഇന്നത്തെ മത്സരാത്മക ലോകത്ത് ഗുണനിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസം അനിവാര്യമാണ്. സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം എല്ലാ മേഖലയിലേക്കും വ്യാപിച്ചിരിക്കുന്നു. ആ പ്രഭാവം വിദ്യാഭ്യാസരംഗത്തും ഉണ്ടായിട്ടുണ്ട്. ഡിജിറ്റല്‍ ക്ലാസ്‌റൂമുകള്‍ അഥവാ സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക സ്‌കൂളുകളിലും പ്രാവര്‍ത്തികമാക്കി വരുന്നു. കുട്ടികളുടെ പഠനവും ആശയവിനിമയവും പൂര്‍ണ്ണമായി ആശയവിനിമയ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ നടത്തുന്ന 'സാങ്കേതികവിദ്യപ്രാപ്തമാക്കിയ' ക്ലാസ്‌റൂമാണ് ഡിജിറ്റല്‍ ക്ലാസ്സ്‌റൂം.

ഇതില്‍ സ്മാര്‍ട്ട് ഇന്‍ട്രാക്റ്റീവ് വൈറ്റ് ബോര്‍ഡ്, ഡി.വി.ഡി. തുടങ്ങിയവ ഉള്‍പ്പെടുന്നു. പാഠ ഭാഗങ്ങള്‍ ഡാറ്റാ പ്രൊജക്റ്ററിലൂടെ പ്രദര്‍ശിപ്പിക്കുന്നു. ഓഡിയോ വിഷ്വല്‍ മെറ്റീരിയലും മള്‍ട്ടിമീഡിയ ഉള്ളടക്കവും ക്ലാസ്സ്മുറികള്‍ കൂടുതല്‍ സജീവവും സംവേദനാത്മകവുമാക്കുന്നു. ഇത്തരത്തിലുള്ള പഠനരീതി കുട്ടികള്‍ക്ക് കൂടുതല്‍ ആസ്വാദകരമാകുന്നതുകൊണ്ട് അവരുടെ അക്കാദമിക് പ്രകടനം കൂടുതല്‍ മെച്ചപ്പെടുന്നു.

ഡിജിറ്റല്‍ ക്ലാസ്റൂം പ്രയോജനങ്ങള്‍

1. പഠനം ലളിതമാക്കുന്നു: കുട്ടികള്‍ക്ക് മടുപ്പുണ്ടാക്കുന്ന പ്രഭാഷണങ്ങളെക്കാള്‍ വിഡിയോയിലൂടെ കണ്ടും കേട്ടും പഠിക്കുന്നത് മനസില്‍ പതിയും. അവരുടെ ശ്രദ്ധ ആകര്‍ഷിക്കാനും കഴിയും. ഉള്ളടക്കത്തിന്റെ ഓഡിയോ വിഷ്വല്‍ സ്വഭാവം പാഠപുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നതിനേക്കാള്‍ വ്യക്തത നല്‍കുന്നു.

2. പഠനത്തിലെ സംവേദനം: വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ വളരെ യാഥാര്‍ഥ്യവും സംവേദനാത്മകവുമാണ്. ഒരു വിഷയത്തെപ്പറ്റിയുള്ള പൂര്‍ണ്ണമായ വിവരം നല്‍കുന്നതുകൊണ്ട് കുട്ടികള്‍ക്ക് മനസി ലാക്കിയെടുക്കാന്‍ എളുപ്പമാണ്. ഡിജിറ്റല്‍ ക്ലാസ്‌റൂം സൊല്യൂഷന്‍സ് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സംവേദനാത്മക അന്തരീക്ഷം, അല്ലെങ്കില്‍ ഇന്ററാക്ടിവ് ലേണിങ് എക്‌സ്പീരിയന്‍സ് നല്‍കുന്നതുമൂലം അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം സുതാര്യമാകുന്നു.

3. ഇന്റര്‍നെറ്റ് അഥവാ വേള്‍ഡ് വൈഡ് വെബ് ആക്‌സസ്: ഇന്റര്‍നെറ്റില്‍ ഉള്ള വിവരങ്ങള്‍ ലഭ്യമാക്കിയും പങ്കുവെച്ചും ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍ വലിയ ഒരു ദൗത്യമാണ് നിര്‍വഹിച്ചിരിക്കുന്നത്. എല്ലാ വിഷയങ്ങള്‍ക്കും, വിദ്യാര്‍ഥികള്‍ക്ക് വിശദമായ വിവരം ശേഖരിക്കുവാനും ദൃശ്യങ്ങളിലൂടെ മനസിലാക്കാനും കഴിയും. ഒരു വിഷയം സംബന്ധിച്ച് ആഴത്തിലുള്ള വിവരങ്ങള്‍ മനസിലാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ഏറ്റവും ഉപയോഗപ്രദമായ ഉപകരണമാണ്. വിക്കിപീഡിയ, വിദ്യാഭ്യാസ വെബ്‌സൈറ്റ്, എന്‍സൈക്ലോപ്പീഡിയ തുടങ്ങിയവ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അനന്തമായ സാധ്യതകളാണ് ഒരുക്കുന്നത്.

4. അധ്യാപനവും പഠനാനുഭവവും: വിപുലമായ സാങ്കേതികവിദ്യ, പഠനാനുഭവം ഉയര്‍ത്തുന്നത് കൂടാതെ അധ്യാപകര്‍ക്ക് രസകരമായ ഒരു വേദിയൊരുക്കുകയും ചെയ്യുന്നു. ഇന്റര്‍നെറ്റിലൂടെ വിഷ്വല്‍ ഇഫക്റ്റുകളും ഡൈനാമിക് വീക്ഷണവും അടങ്ങിയ പഠന വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും അധ്യാപനം മെച്ചപ്പെടുത്താനും സാധിക്കും. പഠന വിഷയങ്ങള്‍ ആനിമേഷന്‍ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് പഠിപ്പിക്കുന്നത് കൂടുതല്‍ ഫലവത്താണ്. അത്തരത്തിലുള്ള ധാരാളം വിദ്യാഭ്യാസ ചാനലുകള്‍ യൂട്യൂബില്‍ ലഭ്യമാണ്.

5. വ്യക്തിഗത പഠനം: ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ഗ്രഹണ ശേഷിയാണുള്ളത്. ചില വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ മനസിലാക്കാനും ഉള്‍കൊള്ളാനും കൂടുതല്‍ സമയം വേണ്ടിവരും. അതിനാല്‍, എന്‍ക്രിപ്റ്റ് ചെയ്ത റെക്കോര്‍ഡഡ് ഡാറ്റ ഉപയോഗിച്ച്, മനസിലാകുന്നതുവരെ ആവര്‍ത്തിക്കാവുന്നതുമാണ്. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം അവര്‍ക്ക് എത്രമാത്രം അറിയാമെന്നത് മാത്രമല്ല. ഓരോരുത്തരുടെയും പഠിക്കുന്ന രീതികളും ബുദ്ധിപരവും വൈകാരികവുമായ കഴിവുകളും അവരുടെ കുറവുകളും മനസിലാക്കിയുള്ള വ്യക്തിഗത പഠനം സാങ്കേതിക വിദ്യയിലൂടെ സാധിക്കും. ഒരു വ്യക്തിയില്‍ പഠനം എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സാങ്കേതികവിദ്യയുടെ യഥാര്‍ത്ഥ പ്രഭാവം മനസിലാക്കേണ്ടത്. 

ഡിജിറ്റല്‍ ക്ലാസ്‌റൂമിന്റെ സാധ്യതകള്‍

വിര്‍ച്വല്‍ റിയാലിറ്റിയും (സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിക്കുന്ന ഭാവനാ ലോകം) ഓഗ്മെന്റഡ്  റിയാലിറ്റിയും (പ്രതീതിയാഥാര്‍ഥ്യം) സാങ്കേതികവിദ്യയെ ഗവേഷണ പരീക്ഷണശാലകളില്‍ നിന്നും ക്ലാസ്‌റൂമുകളിലേയ്ക്ക് എത്തിച്ചു. ഇത്തരം ടെക്‌നോളോജികള്‍ അധ്യാപകര്‍ ക്ലാസ്മുറികളില്‍ എത്തിക്കുമ്പോള്‍ അത് പഠനത്തെ വ്യത്യസ്തമായ ഒരു നിലവാരത്തിലേക്കുയര്‍ത്തും.

പേപ്പര്‍ഫ്രീ പരീക്ഷകള്‍ 

സ്‌കൂളുകളിലെ പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയിനടത്തുന്നത് പേപ്പറിന്റെ ഉപയോഗം കുറയ്ക്കുകയും മൂല്യനിര്‍ണ്ണയം എളുപ്പത്തിലാക്കുകയും ചെയ്യും. കോപ്പിയടി മുതലായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കും. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഇന്‍ബില്‍റ്റ് അനലിറ്റിക്‌സ് വഴി വിദ്യാര്‍ഥികളുടെ പഠന പുരോഗതി യഥാസമയം നിരീക്ഷിക്കാന്‍ അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും സാധ്യമാകും. വിദ്യാര്‍ഥികളുടെ പ്രകടനം അളക്കുന്നതിനും വിലയിരുത്തുന്നതിനും ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താം അതിലൂടെ അവരുടെ പഠനം എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചുള്ള ഫീഡ്ബാക്ക് നല്കാന്‍ കഴിയും.

ഹാജരാകാത്തവര്‍ക്കുള്ള പ്രയോജനം / ടൈം മാനേജ്‌മെന്റ്

പഠിതാക്കള്‍ക്ക് അവരുടെ സൗകര്യപ്രദമായ സമയത്ത് പഠനം സാധ്യമാകും. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലികളും ചെയ്യുന്നവരെ സഹായിക്കാന്‍ കഴിയുന്ന ഒരു പ്രധാന ഘടകമാണ് ഇത്. ക്ലാസ്സില്‍ ഒരു ദിവസം പോകാതിരുന്നാല്‍ അന്നത്തെ മുഴുവന്‍ നോട്ടുകള്‍ എഴുതിയെടുക്കാനും അധ്യാപകര്‍ക്ക് വീണ്ടും പഠിപ്പിച്ചുകൊടുക്കാനും ബുദ്ധിമുട്ടാണ്. സ്മാര്‍ട്ട് ക്ലാസ്‌റൂമുകളില്‍ പഠിപ്പിക്കുന്നതെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടേണ്ടതാണ്. ഇത്തരത്തില്‍ എല്ലാ ക്ലാസിന്റെയും റെക്കോര്‍ഡുകള്‍ ഇന്റര്‍നെറ്റ് വഴി അപ്‌ലോഡ് ചെയ്യുകയാണെങ്കില്‍ ഒരു യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും കുട്ടികള്‍ക്ക് അത് ഉപയോഗപ്പെടുത്താന്‍ കഴിയും.

ഇന്റര്‍നെറ്റ് 

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തടസമില്ലാത്ത ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭിക്കണം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എളുപ്പത്തില്‍ പഠനത്തിനാവശ്യമായ എല്ലാവിധ വിവരങ്ങളും തത്സമയം ലഭ്യമാക്കാന്‍ ഇത് സഹായകമാവും. 

ആനിമേഷന്‍ 

പാഠഭാഗങ്ങള്‍ ആനിമേറ്റഡ് വിഡിയോകളായി മാറ്റുന്നത് പഠനത്തെ രസകരവും ലളിതവുമാക്കും.

പുസ്തകച്ചുമട് ഒഴിവാക്കാം 

പുസ്തകങ്ങള്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ (മൊബൈല്‍, ലാപ്‌ടോപ്പ്, ടാബ്‌ലറ്റ്) സേവ് ചെയ്തുകൊണ്ട് പുസ്തകച്ചുമട് ഒഴിവാക്കാം. ഓണ്‍ലൈനിലൂടെ വിദ്യാര്‍ഥികള്‍ക്ക് വിദൂര/വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകളില്‍ പങ്കെടുക്കാം. വിദേശത്ത് പോയി പഠിക്കാനുള്ള സാമ്പത്തികം ഇല്ലാത്തവര്‍ക്ക് ഇത് വളരെ പ്രയോജനം ചെയ്യും.

(കോര്‍പ്പറേറ്റ് 360 എന്ന മാര്‍ക്കറ്റിങ് ഡാറ്റ സോഫ്റ്റ്വെയര്‍ കമ്പനിയുടെ മേധാവിയാണ് ലേഖകന്‍)