ന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷണശാലകളും അവയിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങളും ഉപയോഗിക്കപ്പെടാതെ കിടക്കാന്‍ തുടങ്ങിയിട്ട് ഒന്നര കൊല്ലത്തോളമായി. ക്യാമ്പസുകള്‍ തുറക്കാന്‍ പറ്റാത്തത് കൊണ്ട് അവയുടെ പരിപാലനം പോലും ശ്രമകരമായിരിക്കുകയാണ്. കുറേക്കാലം ഉപയോഗിക്കാതെ ഇരുന്നാല്‍ കംപ്യൂട്ടറുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കേടുവരുന്നതും അധികൃതര്‍ക്ക് മുന്നിലെ വെല്ലുവിളിയാണ്. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരും അധ്യാപകരും പ്രതികരിച്ചപ്പോള്‍...

'ഞങ്ങളുടെ കമ്പ്യൂട്ടറുകള്‍ എല്ലാം ഉപയോഗത്തിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ വിദൂര ആക്‌സസ് നല്‍കുന്നതിനാല്‍ അക്കാര്യത്തില്‍ പ്രശ്‌നമില്ല. യന്ത്രസാമഗ്രികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ക്യാമ്പസുകള്‍ തുറക്കാതെ തരമില്ലെന്നാണ്' കണ്ണൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ പ്രൊഫസര്‍ ആര്‍.എസ്. ജയദീപിന്റെ പക്ഷം.

'ലാബുകളുടെ പ്രയോജനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ ഈ ലോക്ക്ഡൗണുകള്‍ ഉപയോഗിച്ചത്. സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ നവീകരിച്ചു, കംപ്യൂട്ടറുകളുടെ കേടുപാടുകള്‍ തീര്‍ത്തു. ഇവകൂടാതെ ഡിസൈനിലെ പരിശീലന പരിപാടികള്‍ക്കായി കുടുംബശ്രീ, അസാപ് എന്നിവരുമായി ഒത്തുചേര്‍ന്നു. ഈ സമയത്ത് തന്നെയാണ് ഞങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് പോര്‍ട്ടബിള്‍ ഐസൊലേഷന്‍ യൂണിറ്റ് രൂപകല്‍പ്പനയ്ക്ക് അവാര്‍ഡ് ലഭിച്ചതും. അതിനാല്‍ത്തന്നെ ഞങ്ങളുടെ സ്ഥാപനത്തെ സംബന്ധിച്ച് കോവിഡ് മഹാമാരിക്കാലം വളരെ പോസിറ്റീവായിരുന്നു. ഇനിയും അങ്ങനെത്തന്നെയായിരിക്കും' കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പ്രിന്‍സിപ്പല്‍ ഡോ. മനോജ് കുമാര്‍. കെ അഭിപ്രായപ്പെട്ടു. 

ktu vc
ഡോ. രാജശ്രീ എം.എസ് 

'ഞങ്ങളുടെത് ഒരു സാങ്കേതിക സര്‍വകലാശാല ആയതിനാല്‍ മിക്കവാറും പരീക്ഷണശാലകള്‍ ഈ കോവിഡ് മഹാമാരികാലത്തും പ്രവര്‍ത്തനനിരതമായിരുന്നു. അതുകൊണ്ടു തന്നെ കംപ്യൂട്ടറുകളും യന്ത്രങ്ങളും വലിയ കേടുപാടുകള്‍ കൂടാതെ ഇരിക്കുന്നുണ്ട്. കൂടാതെ സുറത്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജി ഓണ്‍ലൈന്‍ പാഠ്യപദ്ധതി തയ്യാറാക്കുന്നതില്‍  ഞങ്ങളുമായി സഹകരിച്ചിട്ടുണ്ട്. നമ്മുടെ കുട്ടികള്‍ ആഗോളതലത്തില്‍ കഴിവുള്ളവരും പ്രാദേശികമായി പ്രസക്തിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരായവരുമായി വളര്‍ന്നു വരണം. അതിനാണ് ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത്.' എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസ് പറഞ്ഞു.

വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വി.പി.എന്‍) ഉപയോഗിച്ചാണ് പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ കമ്പ്യൂട്ടര്‍ ലാബുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിക്കൊടുത്തതിട്ടുള്ളത്. പൊതു നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരു സംരക്ഷിത നെറ്റ്‌വര്‍ക്ക് കണക്ഷന്‍ സ്ഥാപിക്കാനുള്ള കഴിവ് ഇതിനുണ്ട്.. വി.പി.എന്നുകള്‍ ഇന്റര്‍നെറ്റ് ട്രാഫിക് എന്‍ക്രിപ്റ്റ് ചെയ്യുകയും ഓണ്‍ലൈന്‍ ഐഡന്റിറ്റി മറയ്ക്കുകയും ചെയ്യുന്നു. പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനില്‍ ട്രാക്കുചെയ്യാനും ഡാറ്റ മോഷ്ടിക്കാനും മൂന്നാം കക്ഷികള്‍ അല്‍പം ബുദ്ധിമുട്ടുമെന്ന് സാരം. തത്സമയം എന്‍ക്രിപ്ഷന്‍ നടക്കുന്നതിനാല്‍ വീട്ടിലിരുന്നും വിദ്യാര്‍ത്ഥികള്‍ക്ക്  തങ്ങളുടെ ക്യാമ്പസിലെ പ്രവര്‍ത്തനങ്ങള്‍ നടത്താം. പക്ഷേ ഇന്റര്‍നെറ്റ് കണക്ഷന്‍ ശക്തമാകാത്ത പ്രദേശങ്ങളില്‍ ഇതിനും പോരായ്മകളുണ്ടെന്നതാണ് വാസ്തവം.

SAJI GOPINATH
ഡോ.സജി ഗോപിനാഥ് 

'മിക്കവാറും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷണശാലകള്‍ പരിപാലിക്കപെടുന്നുണ്ടെന്നാണ് തോന്നുന്നത്. അവയുടെ പൂര്‍ണ ഉപയോഗം നടക്കുന്നില്ല എന്നത് വാസ്തവം തന്നെ ആണ്. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ എന്‍95 മാസ്‌കുകള്‍ നിര്‍മ്മിച്ച് ടെസ്റ്റ് ചെയ്യുന്നതില്‍ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷണശാലകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമുണ്ടാകണം. പല ലാബുകളും അത്രയധികം സൗകര്യങ്ങള്‍ ഉള്ളവയാകാം. 

അതുപോലെ തന്നെ ഫാക്കല്‍റ്റി ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പിനെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട കാലമാണിന്ന്. വിദ്യാര്‍ഥികളെ ഇന്‍ഡസ്ട്രിയിലേക്ക് തയ്യാറാക്കണമെങ്കില്‍ അധ്യാപകരും അതിന് പര്യാപ്തരായിരിക്കണം. അവര്‍ക്ക് അറിവും കഴിവും മാത്രം പോരാ, പ്രായോഗികതലത്തില്‍ അത് എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന വിവേചനശക്തിയും വേണം', ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.സജി ഗോപിനാഥ് വ്യക്തമാക്കി.

'കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ഉണ്ടായ അടച്ചുപൂട്ടലില്‍ ഉപകരണങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്ന പ്രശ്‌നം ഉണ്ടായിരുന്നു. പിന്നീട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഇടയ്‌ക്കെത്തി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷണശാലകള്‍  വ്യാവസായിക രംഗത്തെ വികസനത്തിന് വേണ്ടി ഉപയോഗിക്കാന്‍ പറ്റും. കോവിഡ് കാലത്തു ആരോഗ്യ രംഗത്ത് ഇത്തരത്തില്‍ ഒരു നീക്കം ഞങ്ങള്‍ നടത്തിയിട്ടുമുണ്ട്. കൂടാതെ ഇപ്പോള്‍ കണ്ടുവരുന്ന ഫാക്കല്‍റ്റി ഇന്റേണ്‍ഷിപ് നല്ലൊരു പ്രവണതയാണ്. അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്' കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.കെ.ജയരാജ് വിശദീകരിച്ചു.

'പരീക്ഷണ സ്ഥാപനങ്ങളിലെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സോഫ്‌റ്റ്വെയര്‍ ലൈസന്‍സുകള്‍ കൈമാറുന്നത് വഴി വിദൂരമായിരുന്ന് പോലും അവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നടത്താം. കൂടാതെ സാങ്കേതിക ജീവനക്കാരുടെ പിന്തുണയോടെ സര്‍വകലാശാലയിലെ ഐടി വകുപ്പിന് ഹാര്‍ഡ്‌വെയര്‍ പരിപാലിക്കാന്‍ കഴിയും. സര്‍വകലാശാല അധികം രോഗബാധയില്ലാത്ത സുരക്ഷിത മേഖലയിലാണെങ്കില്‍, പ്രത്യേക വാരാന്ത്യത്തില്‍ അല്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍, കോവിഡ് പ്രോട്ടോക്കോളുകള്‍ പിന്തുടര്‍ന്ന് സര്‍വകലാശാലയില്‍ എത്താന്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാം. സര്‍വകലാശാലാ ഉപകരണങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യുന്നത് വഴി കേടുപാടുകള്‍ സംഭവിച്ചാല്‍ നഷ്ടപരിഹാരവും കിട്ടും', ഗ്രെയ്റ്റര്‍ നോയിഡ ബെന്നെറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. നിതിന്‍ കലോര്‍ത്ത് പറഞ്ഞു.

SABU THOMAS
ഡോ. സാബു തോമസ്

'കോവിഡ് പ്രോട്ടോകോളുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് എല്ലാ മെഷീനുകളും കമ്പ്യൂട്ടറുകളും പരിപാലിക്കാന്‍ സ്‌കൂള്‍ ഡയറക്ടറെയും തിരഞ്ഞെടുത്ത ഗവേഷണ പണ്ഡിതന്മാരെയും നിയോഗിച്ചിട്ടുണ്ടെന്ന്' മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് അറിയിച്ചു. അദ്ദേഹവും മാക്രോമോളിക്കുലാര്‍ സയന്‍സ്, ഗ്രീന്‍ കോമ്പോസിറ്റുകള്‍ എന്നീ മേഖലകളില്‍ വിപുലമായ സാങ്കേതിക ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്.

'ഗവേഷണ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ഉള്ളതുതുകൊണ്ട് കുസാറ്റിലെ പരീക്ഷണശാലകള്‍ ഈ മഹാമാരികാലത്തും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

cusat
ഡോ. കെ. എന്‍ മധുസൂദനന്‍

അതിന് പുറമേ എല്ലാ യന്ത്രങ്ങള്‍ക്കും വാര്‍ഷിക പരിപാലന കരാര്‍ ഉള്ളതുകൊണ്ട്  യന്ത്രങ്ങളുടെ പരിപാലനം സംബന്ധിച്ച പ്രശ്‌നങ്ങളില്ലെന്ന്' കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. കെ. എന്‍ മധുസൂദനനും വ്യക്തമാക്കി. 

'കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷണശാലകള്‍ പലതും സജീവമായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളില്‍ പലരും അവ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇനിയുള്ള കാലത്ത് ആകെ ചിലവില്‍ മുപ്പത് ശതമാനമെങ്കിലും സാങ്കേതിക വിദ്യ വികസനത്തിന് ചിലവഴിച്ചില്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ രംഗം തകരാറിലാകും. പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും നമുക്ക് ഒരുങ്ങേണ്ടിയിരിക്കുന്നു.', കോഴിക്കോട് സര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്ററിന്റെ ഡയറക്ടറും ഇ ലേണിംഗിന്റെ തലവനുമായ ഡോ. ലിജീഷ് വി.എല്‍ പറയുന്നു.

അടച്ചുപൂട്ടലുകള്‍ ഒരു ജനതയുടെ മുഴുവന്‍ ആത്മവിശ്വാസത്തെ ആണ് ബാധിക്കുന്നത്. അതുകൊണ്ടു തന്നെ ഭരണാധികാരികള്‍ മാറിചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇനിയുള്ള കാലം നമുക്ക് കോവിഡിന്റെ കൂടെ ജീവിക്കേണ്ടി വരും. എല്ലാ മുന്‍കരുതലുകളും എടുത്തുകൊണ്ടുതന്നെ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സമയമായിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷണശാലകള്‍ വ്യാവസായിക രംഗത്തെ വികസനത്തിനായി ഉപയോഗിക്കാന്‍ കഴിയുമെന്ന  കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. ഇനി വരാനിരിക്കുന്ന കാലം പരസ്പര സഹകരണത്തിന്റേതായിരിക്കണം. അങ്ങനെ പുതിയ തലമുറയില്‍ നിന്ന് ധാരാളം ആശയങ്ങള്‍ നമുക്ക് പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ വിജയകരമായി നടത്തികൊണ്ടുപോകാനും ഇത് പ്രേരകമാകുമെന്നുറപ്പ്. 

Content Highlights: Covid-19 disease and Laboratories in Higher Education institutes