കോട്ടയം : ഒരു വിദ്യാര്‍ഥിനിക്കുവേണ്ടി മാത്രമായി ഒരു കോഴ്‌സ് നടത്തുക. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. പക്ഷേ സംഗതി സത്യമാണ്. മഹാത്മാഗാന്ധി സര്‍വകലാശാലയിലാണ് ഈ അപൂര്‍വ നടപടി. ഒരു പക്ഷേ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമായിട്ടായിരിക്കാം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരമൊരു അധ്യയനത്തിന് സര്‍വകലാശാല നിര്‍ബന്ധിതമായത്. 

ഹൈക്കോടതിയില്‍ നിയമയുദ്ധം ജയിച്ചെത്തിയ ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിക്കുവേണ്ടിയാണ് സര്‍വകലാശാല ചട്ടങ്ങള്‍ എല്ലാം മാറ്റി വെച്ച് ഈ നടപടിക്ക് തുനിഞ്ഞത്.
നിര്‍ത്താന്‍ തീരുമാനിച്ച ഒരു വര്‍ഷത്തെ എല്‍. എല്‍. എം. കോഴ്‌സാണ് സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടത്താന്‍ തീരുമാനിച്ചത്.

കോട്ടയം സ്വദേശിനിയായ ഭിന്നശേഷിക്കാരിയാണ് ഇക്കഥയിലെ നായിക. മാനസികവെല്ലുവിളി നേരിടുന്ന വിഭാഗത്തില്‍പെട്ടയാളാണ് വിദ്യാര്‍ഥിനി. ഈ വിദ്യാര്‍ഥിനി എല്‍. എല്‍. ബി. ക്ക്  പഠിച്ചതും മഹാത്മാഗാന്ധിസര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജില്‍ത്തന്നെയായിരുന്നു.

എന്നാല്‍ പെണ്‍കുട്ടിക്ക് ഭിന്നശേഷി വിഭാഗത്തിന്റെ ആനുകൂല്യം അനുവദിക്കാന്‍ സര്‍വകലാശാലയുടെ നിലവിലെ നിയമമനുസരിച്ച്  കഴിയാതെപോയതാണ് നിയമപോരാട്ടത്തിലേക്ക് വഴി തുറന്നത്. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് എല്‍. എല്‍. ബി.ക്ക്  പ്രവേശനമനുവദിച്ചത്. മൂന്നു സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പരീക്ഷയും എഴുതി.

മാനസിക വെല്ലുവിളിയുള്ളവര്‍ ഹാജരാക്കേണ്ട പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ വിദ്യാര്‍ഥിനിക്ക് കഴിഞ്ഞില്ല. ഭിന്നശേഷിയുണ്ടെങ്കിലും മെഡിക്കല്‍ ബോര്‍ഡിന്റെ നിബന്ധനകളാണ് തടസ്സമായത്. ഇതോടെ ഭിന്നശേഷി ക്വാട്ടയില്‍ രജിസ്‌ട്രേഷന്‍ നല്‍കാനാവില്ലെന്ന് സര്‍വകലാശാല അറിയിച്ചു.

കോടതിയുടെ കനിവ് തേടി  വിദ്യാര്‍ഥിനി ഹൈക്കൊടതിയെ സമീപിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് മാനുഷിക പരിഗണന വെച്ച് എല്‍. എല്‍. ബി. പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അനുവദിച്ചത്. ഇതിനു ശേഷമാണ്  ലീഗല്‍ തോട്ടില്‍ ഒരു വര്‍ഷത്തെ  എല്‍. എല്‍. എമ്മിന്  കുട്ടി അപേക്ഷിച്ചത്.  ഇവിടെയും അതേ പ്രശ്‌നം ആവര്‍ത്തിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ പ്രവേശനം നല്‍കാനാവില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഇതില്ലാതെ ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹതയുള്ള ഗ്രേസ്മാര്‍ക്ക് അനുവദിക്കാനാവില്ലെന്നായിരുന്നു സര്‍വകലാശാലയുടെ നിലപാട്. രണ്ട് സീറ്റുകളാണ് ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്.

ഗ്രേസ് മാര്‍ക്ക് അനുവദിച്ച് പ്രവേശനം അനുവദിക്കണമെന്ന ആവശ്യമുമായി വിദ്യാര്‍ഥിനി  ഹൈക്കോടതിയെ സമീപിച്ചു. ഒടുവില്‍ വിദ്യാര്‍ഥിനിക്ക് പ്രവേശനം നല്‍കാനായിരുന്നു  ഹൈക്കോടതി ഉത്തരവ്. അപ്പോഴേക്കേും രണ്ടു സെമസ്റ്ററുള്ള കോഴ്‌സില്‍ ഒരു സെമസ്റ്റര്‍ പൂര്‍ത്തിയായിരുന്നു. മാത്രമല്ല ഒരു വര്‍ഷത്തെ എല്‍.  എല്‍.  എം.  കോഴ്‌സ് അവസാനിപ്പിച്ച്   രണ്ടു വര്‍ഷത്തെ എല്‍. എല്‍. എം.  കോഴ്‌സാക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ബാര്‍ കൗണ്‍സിലിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ക്കുസരിച്ചാണ് രണ്ടു വര്‍ഷകോഴ്‌സാക്കാന്‍ തീരുമാനമെടുത്തത്.

കോഴ്‌സ് കാലാവധി തീരാറായെന്നും പുതുതായി തുടങ്ങുന്ന എല്‍. എല്‍. എം.  കോഴ്‌സില്‍ പ്രവേശനം നല്‍കാമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. അതേ കോഴ്‌സില്‍ത്തന്നെപ്രവേശനം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് ഗത്യന്തരമില്ലാതെ ഈ വിദ്യാര്‍ഥിനിക്ക പ്രത്യേകമായി ക്ലാസ് തുടങ്ങാന്‍ സര്‍വകലാശാലാ നിര്‍ബന്ധിതമായത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ഥിനിക്കായി തുടങ്ങിയെന്ന് സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ട് അധികൃതര്‍ അറിയിച്ചു.

content highlights: Court inetervenes, MG University starts course for a single student