CAപ്രൊഫഷണലാകാൻ വഴികളേറെ -2

വ്യവസായ- വാണിജ്യ മേഖലയിൽ വെല്ലുവിളി ഉയര്‍ത്തുന്നതും നല്ല പ്രതിഫലം ലഭിക്കുന്നതുമായ ധനകാര്യ മാനേജ്‌മെന്റ് കരിയറിലേക്കുള്ള വഴി തുറക്കുന്ന ഒന്നാണ് ചാർട്ടേഡ്‌ അക്കൗണ്ടൻസി പ്രൊഫഷണൽ വിദ്യാഭ്യാസം.

ഹൈടെക് പഠന സൗകര്യങ്ങൾ: പഠന പരിശീലനങ്ങൾക്ക് ആധുനിക ഹൈടെക് സൗകര്യങ്ങളേറെയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ്‌  അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ICAI) ക്ലൗഡ് കാമ്പസ്സുകളിൽ ഇ-ലക്‌ച്ചേഴ്‌സ്, ഓഡിയോ ലക്‌ച്ചേഴ്‌സ് അടക്കമുള്ള സ്റ്റുഡന്റ്‌സ് ലേണിംഗ് മാനേജ്‌മെന്റ്  സിസ്റ്റംസ് നിലവിലുണ്ട്.

വിദ്യാർത്ഥികൾക്ക് ഏത് സമയത്തും  എവിടെയിരുന്നും പഠിക്കാവുന്ന ഹൈടെക് പഠനസൗകര്യങ്ങൾ ഇപ്പോൾ സർവസാധാരണമാണ്. എല്ലാ പേപ്പറുകൾക്കും ചാപ്റ്റർ അടിസ്ഥാനത്തിലുള്ള  ഇലക്‌ട്രോണിക് ലക്‌ച്ചേഴ്‌സ് സഞ്ചരിക്കുമ്പോൾ പോലും സ്മാർട്ട് ഫോണിലൂടെയും,  ടാബ്‌ലെറ്റ്‌സ് വഴിയും വിദ്യാർത്ഥികൾക്ക് ശ്രവിച്ച് പഠിക്കാം. ക്ലാസ്‌റൂം പഠനരീതികളുമുണ്ട്.

ബോർഡ് ഓഫ് സ്റ്റഡീസും നിയന്ത്രണങ്ങളും

ICAI യുടെ ബോർഡ് ഓഫ് സ്റ്റഡീസിനാണ് ചാർട്ടേഡ്‌  അക്കൗണ്ടൻസി വിദ്യാഭ്യാസ - പരിശീലനങ്ങളുടെ മേൽനോട്ടവും നിയന്ത്രണവും. ഇന്ത്യയൊട്ടാകെ 5 മേഖലാ കൗൺസിലുകളും 152 ബ്രാഞ്ചുകളും ICAI യുടെ കീഴിലുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് വിവധ രാജ്യങ്ങളിലായി 26 ചാപ്റ്ററുകൾ വേറെയും. സിലബസ് പ്രകാരം സ്റ്റഡി മെറ്റീരിയലുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നതിനും ബ്രാഞ്ചുകളിലും മറ്റും കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും അധികാര നിയന്ത്രണ ചുമതലകൾ ബോർഡ് ഓഫ് സ്റ്റഡീസിൽ നിക്ഷിപ്തമാണ്.

വിവിധ ഘട്ടങ്ങളായുള്ള സി.എ. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെമ്പർഷിപ്പ് നല്കും.  സി.എ. യോഗ്യത നേടുന്നവർക്ക് അസോസിയേറ്റ് ചാർട്ടേഡ്‌  അക്കൗണ്ടന്റ് (ACA) മെമ്പർഷിപ്പും തുടർച്ചയായി 5 വർഷത്തിൽ കുറയാതെ പ്രാക്ടീസ് ചെയ്തിട്ടുള്ളവർക്ക് ഫെലോ ചാർട്ടേർഡ് അക്കൗണ്ടന്റ് (FCA) മെമ്പർഷിപ്പുമാണ് നല്കുന്നത്. പരിഷ്കരിച്ച സ്കോളർഷിപ്പ് പദ്ധതിയാണ് 2016 ഒക്‌ടോബർ മുതൽ നടപ്പിലാക്കുന്നത്. അടുത്തവർഷം ചാർട്ടേഡ്‌  അക്കൗണ്ടൻസി വിദ്യാഭ്യാസ- പരിശീലന മേഖലയിൽ വീണ്ടും പരിഷ്കാരമുണ്ടാകുമെന്നാണ് സൂചന. 

പഠനത്തിന് രണ്ട് വഴികൾ, മൂന്ന് ഘട്ടങ്ങൾ: ചാർട്ടേഡ്‌  അക്കൗണ്ടൻസി കോഴ്‌സിൽ CPT റൂട്ട്, ഡയറക്ട് എൻട്രി റൂട്ട് എന്നിങ്ങനെ രണ്ട് വഴികളിലായി മൂന്ന് ഘട്ടങ്ങളുണ്ട്. കോമൺ പ്രൊഫിഷ്യൻസി കോഴ്‌സ് (CPC), ഇന്റർമീഡിയറ്റ് (ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ കോംപിറ്റൻസ് കോഴ്‌സ് - IPCC),  ഫൈനൽ കോഴ്‌സ് എന്നിങ്ങനെയാണ് മൂന്ന് ഘട്ടങ്ങൾ.

കോമൺ പ്രൊഫിഷ്യൻസി ടെസ്റ്റ്:  പത്താം ക്ലാസ് കഴിഞ്ഞവർക്ക് കോമൺ പ്രൊഫിഷ്യൻസി ടെസ്റ്റിന്  (CPT) രജിസ്റ്റർ ചെയ്ത് പഠിക്കാം. CPT  രജിസ്‌ട്രേഷൻ ഫീസ് 6000 രൂപയാണ്. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാകുമ്പോൾ CPT എഴുതാം. എന്നാൽ CPC കോഴ്‌സിൽ ചേരുന്നതിന് പ്ലസ്ടു / തുല്യപരീക്ഷ വിജയിച്ചിരിക്കണം. പ്ലസ്ടുവിന് മാർക്ക് നിബന്ധനയില്ല. ഏത് സബ്ജക്ട് കോമ്പിനേഷനിൽ പ്ലസ്ടു വിജയിച്ചവർക്കും പ്രവേശനമുണ്ട്. പ്രായപരിധിയില്ല.

CPC ചാർട്ടേഡ്‌  അക്കൗണ്ടൻസി കോഴ്‌സിലേക്കുള്ള എൻട്രി ലെവൽ കോഴ്‌സാണ്. ഇതിലേക്കുള്ള എൻട്രി ലെവൽ ടെസ്റ്റായ CPT  വർഷത്തിൽ രണ്ട് തവണ ജൂൺ, ഡിസംബർ മാസങ്ങളിലായി നടക്കും. ഇതിന്റെ നോട്ടിഫിക്കേഷൻ ഫിബ്രവരി, ആഗസ്ത് മാസങ്ങളിലുണ്ടാവും.

ഒബ്ജക്ടീവ് മാതൃകയിലുള്ള CPT പരീക്ഷ 200 മാർക്കിനാണ്. അക്കൗണ്ടിംഗ്, മെർക്കന്റൈയിൽ ലോസ്, ജനറൽ ഇക്കണോമിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്‌ എന്നിവയിലുള്ള അടിസ്ഥാന അറിവ് പരിശോധിക്കുന്ന വിധത്തിലാണ് ടെസ്റ്റ്. CPT യിൽ യോഗ്യത നേടുന്നതിന് രണ്ട് സെഷനുകളിലായി  നടത്തുന്ന പരീക്ഷയിൽ ഓരോ സെഷനും മിനിമം 30 ശതമാനത്തിലും മൊത്തത്തിൽ 50 ശതമാനത്തിലും കുറയാതെ നേടണം.

ഇന്റർമീഡിയറ്റ് / IPCC: CPC യിൽ യോഗ്യത നേടുന്നവർക്കും 55 ശതമാനം മാർക്കിൽ കുറയാത്ത കോമേഴ്‌സ് ബിരുദ/ബിരുദാനന്തര ബിരുദക്കാർക്കും 60 ശതമാനം മാർക്കിൽ കുറയാത്ത മറ്റ് ബിരുദ/ പി.ജി. കാർക്കും ഇന്റർമീഡിയറ്റ് (ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ കോംപിറ്റൻസ് കോഴ്‌സിന്  (IPCC) രജിസ്റ്റർ ചെയ്ത് പഠിക്കാം.

ഇത്തരം ബിരുദക്കാർക്ക് CPT ആവശ്യമില്ല. ഇന്റർമീഡിയറ്റിന് നേരിട്ട് രജിസ്റ്റർ ചെയ്യാം. CPC  കഴിഞ്ഞവർക്കാണ് IPCC യ്ക്ക് ചേരാവുന്നത്. പ്രവേശനം  രണ്ട് റൂട്ടുകളിലായാണ്.  CPT റൂട്ടും ഡയറക്ട് എൻട്രി റൂട്ടും.  ഡയറക്ട്  എൻട്രി ബിരുദക്കാർക്കാണ് ഇന്റർമീഡിയറ്റ് കോഴ്‌സിൽ പഠനാവസരം.
       
ഇന്റർമീഡിയറ്റ്/ IPCC യ്ക്ക് രണ്ട് ഗ്രൂപ്പുകളിലായി ഏഴ് പേപ്പറുകളാണ് പഠിക്കാനുള്ളത്. ഗ്രൂപ്പ് ഒന്നിൽ അക്കൗണ്ടിംഗ്, ബിസിനസ് ലോസ് എത്തിക്‌സ് & കമ്മ്യൂണിക്കേഷൻ, കോസ്റ്റ് അക്കൗണ്ടിംഗ് & ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ടാക്‌സേഷൻ എന്നിങ്ങനെ നാലുപേപ്പറുകളും ഗ്രൂപ്പ് രണ്ടിൽ അഡ്വാൻസ്ഡ് അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് & അഷ്വറൻസ്, ഇൻഫർമേഷൻ ടെക്‌നോളജി & സ്ട്രാറ്റിജിക് മാനേജ്‌മെന്റ് എന്നിങ്ങനെ മൂന്ന് പേപ്പറുകളുമാണുള്ളത്. രജിസ്‌ട്രേഷൻ ഫീസ് 9000 രൂപ.
       
ഇന്റർമീഡിയറ്റ് / IPCC രണ്ട് ഗ്രൂപ്പുകളിലും വിജയിക്കുന്നവർക്കും ഒറ്റ ഗ്രൂപ്പ് വിജയിക്കുന്നവർക്കും കരിക്കുലത്തിന്റെ  ഭാഗമായ മൂന്ന് വർഷത്തെ ആർട്ടിക്കിൾഡ് ക്ലാർക്ക് പ്രായോഗിക പരിശീലനം ചാർട്ടേഡ്‌  അക്കൗണ്ടന്റിന് കീഴിൽ നേടണം. ആർട്ടക്കിൾഡ് ട്രെയിനിംഗ് രജിസ്‌ട്രേഷൻ ഫീസ് 2000 രൂപയാണ്.

പരിശീലനകാലം പ്രതിമാസം 2000 മുതൽ 3000 രൂപവരെ സ്റ്റൈപ്പെൻഡ്‌ ലഭിക്കും. പ്രയോഗികപരിശീലനം തുടങ്ങുംമുമ്പ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (ഐടി) 100 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനത്തിന് വിധേയമാവണം. ഇതിന് 4000 രൂപയാണ് ഫീസ്.