chartered accountantപ്രൊഫഷണലാകാന്‍ വഴികളേറെ - 3

അക്കൗണ്ടിംഗ്, ഓഡിറ്റിങ് മേഖലകളില്‍ ഇടത്തരം ജോലികള്‍ നേടാന്‍ അനുയോജ്യമായ അക്കൗണ്ടിംഗ് ടെക്‌നീഷ്യന്‍ (ATC) കോഴ്‌സിലും  ICAI പഠന പരിശീലന സൗകര്യങ്ങള്‍ നല്കുന്നുണ്ട്. ഇത് ഓപ്ഷണലാണ്. CA യോഗ്യത നേടുന്നതിന് ATC പഠനം നിര്‍ബന്ധമില്ല.
CPT റൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ATC യില്‍ താല്പര്യമുള്ള പക്ഷം പ്രത്യേകം രജിസ്റ്റര്‍ ചെയ്ത് പഠിക്കാം. ഒരു വര്‍ഷത്തെ ആര്‍ട്ടിക്കിള്‍ഷിപ്പ്  പരിശീലനം വേണം. രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ.

ഇന്റര്‍മീഡിയറ്റ് / IPCC കോഴ്‌സിനോടൊപ്പവും ATC ചെയ്യാം. ഡയറക്ട് എന്‍ട്രി ബിരുദക്കാര്‍ക്ക് ഇന്റര്‍മീഡിയറ്റ് പഠനത്തോടൊപ്പം വേണമെങ്കില്‍ ATC യും പഠിക്കാം.ATC പ്രത്യേക കോഴ്‌സിന്റെ പഠനകാലാവധി 8 മാസമാണ്.അക്കൗണ്ടിംഗ് ടെക്‌നീഷ്യന്‍ പരീക്ഷ (ATE) വിജയിക്കുന്നവര്‍ക്ക് നല്കുന്ന ATC സര്‍ട്ടിഫിക്കറ്റിനെ ഇന്റര്‍മീഡിയറ്റ്/IPCC ഗ്രൂപ്പ് ഒന്നിന് തത്തുല്യമായി പരിഗണിക്കും.

ഫൈനല്‍ കോഴ്‌സ്

ഇന്റര്‍മീഡിയറ്റ് / IPCC കഴിഞ്ഞാല്‍ അടുത്ത ഘട്ടം ഫൈനല്‍ കോഴ്‌സാണ്. ഇതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് 10,000 രൂപയാണ്. ഫൈനലില്‍ രണ്ട് ഗ്രൂപ്പുകളിലായി 8 പേപ്പറുകള്‍ പഠിക്കാനുണ്ട്. ഫൈനല്‍ കോഴ്‌സ് പഠനത്തിനോടനുബന്ധിച്ച്  15 ദിവസത്തെ ജനറല്‍ മാനേജ്‌മെന്റ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് (GMCS) കോഴ്‌സും  അഡ്വാന്‍സ്ഡ് ഐടി ട്രെയിനിങ്ങും കൂടി പൂര്‍ത്തിയാക്കേണ്ടതാണ്. 

ഇതിന് ഓരോന്നിനും 5500 രൂപ വീതമാണ് ഫീസ്. 15 ദിവസം (90 മണിക്കൂര്‍)  നീളുന്ന മറ്റൊരു ഓറിയന്റേഷന്‍ പരിശീലനം കൂടിയുണ്ടാവും. ഇതിന് 7,000 രൂപ ഫീസ് നല്കണം.

പരിശ്രമശാലികള്‍ക്ക്  സാധാരണഗതിയില്‍ മൂന്നര നാലു വര്‍ഷം കൊണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പഠനം വിജയകരമായി പൂര്‍ത്തിയാക്കി മെമ്പര്‍ഷിപ്പ് നേടാം. ഡയറക്ട് എന്‍ട്രി ബിരുദധാരികള്‍ക്ക്  മൂന്നര വര്‍ഷത്തിനകം 'CA' പൂര്‍ത്തിയാക്കാനാകും. ICAI യുടെ ബ്രാഞ്ചുകളില്‍ CPT, IPCC എന്നിവയ്ക്ക് കോച്ചിങ് ക്ലാസ് സൗകര്യങ്ങള്‍ ലഭ്യമാണ്. CPT യ്ക്ക് 7500 രൂപയും IPCC യ്ക്ക് 22,000 രൂപയുമാണ് കോച്ചിങ് ഫീസ്. 

ഈ ഫീസ് നിരക്കില്‍ വ്യത്യസ്ത ബ്രാഞ്ചുകളില്‍ ചെറിയ വ്യത്യാസങ്ങളുണ്ടാവാം. സാധാരണ ഗതിയില്‍ മൂന്നര നാലുവര്‍ഷത്തെ  'CA' പഠനത്തിന് കോച്ചിങ് ഫീസ്, രജിസ്‌ട്രേഷന്‍ ഫീസ്, പരീക്ഷാഫീസ് ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപയേ ചെലവുള്ളു. ശരാശരി വിജയശതമാനം 10 ശതമാനത്തിനുതാഴെയാണ്.
 
രജിസ്‌ട്രേഷന്‍

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സുകള്‍ പഠിക്കുന്നതിന് പ്രായപരിധിയില്ല. കോഴ്‌സുകള്‍ക്കുള്ള  രജിസ്‌ട്രേഷന്‍ ICAI യുടെ ബ്രാഞ്ചുകള്‍ മുഖാന്തിരം നടത്താം. അപേക്ഷാഫോമും  വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും 100 രൂപയ്ക്ക് നേരിട്ട് ICAI യുടെ  ബ്രാഞ്ചുകളില്‍ നിന്നും ലഭിക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ICAI യുടെ ബ്രാഞ്ചുള്ളത്.

ICAI യുടെ തെക്കന്‍ മേഖലാ ഓഫീസ് ചെന്നൈയിലാണ്. ICAI യുടെ രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ ബ്രാഞ്ച് / ചാപ്റ്ററുകളുടെയും മേഖലാ ഓഫീസുകളുടെയും വിവരങ്ങള്‍ www.icai.org  എന്ന വെബ്‌സൈറ്റിലുണ്ട്. 

ഉപരിപഠനം

'ACA' മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് നിരവധി പോസ്റ്റ് ക്വാളിഫിക്കേഷന്‍ കോഴ്‌സുകളില്‍ തുടര്‍ പഠനം നടത്താം. മാനേജ്‌മെന്റ് അക്കൗണ്ടന്‍സി കോഴ്‌സ്, ഇന്‍ഷുറന്‍സ് & റിസ്‌ക് മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ട്രേഡ് ലോസ് & വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍, കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് & ഓഡിറ്റിംഗ് ടെക്‌നിക്‌സ്, ഫൊറന്‍സിക് അക്കൗണ്ടിംഗ് & ഫ്രോഡ് ഡിറ്റക്ഷന്‍, ഫോറക്‌സ് &  ട്രഷറി മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകളാണ് പഠിക്കാവുന്നത്.

'CA' യോഗ്യത കോമേഴ്‌സ് പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദത്തിന് തത്തുല്യമായി പരിഗണിച്ച് പിഎച്ച്ഡി പഠനാവസരം നല്കാറുണ്ട്. 99 ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളിലും 6IIMs/IITs എന്നിവിടങ്ങളിലുമാണ് പിഎച്ച്ഡി / FPM കോഴ്‌സുകളില്‍ പ്രവേശനമുള്ളത്.
 
തൊഴില്‍മേഖലകള്‍

വ്യവസായ വാണിജ്യമേഖലയില്‍ പൊതുവേയും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ കോര്‍പ്പറേറ്റ് കമ്പനികളിലും  മറ്റുമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ക്ക് തൊഴിലവസരങ്ങള്‍.  സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവൃത്തിപരിചയമുള്ള  ചാര്‍ട്ടേഡ്  അക്കൗണ്ടന്റുന്മാരെ  നിയമിക്കാറുണ്ട്.         

IAS/ IPS മുതലായ സര്‍വീസുകളിലേക്ക് നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷയില്‍ പങ്കെടുക്കാനും 'CA'  യോഗ്യതയുള്ളവര്‍ക്ക് അര്‍ഹതയുണ്ട്. സെന്‍ട്രല്‍ സര്‍വീസസില്‍ ഗ്രൂപ്പ് A,B  തസ്തികകളിലേക്കുള്ള പരീക്ഷകളിലും പങ്കെടുക്കാം.