ഉന്നതപഠനം എന്താണെന്നുപോലും അറിയാത്ത, ലോകമെന്നത് കേരളമെന്ന ചെറിയൊരു ചുറ്റുവട്ടത്തിൽമാത്രം ഒതുങ്ങിയ നാളുകൾ ഷെസിനും സൗമ്യക്കും അബിനും ഇനി കഴിഞ്ഞകാലം മാത്രമാണ്. നാളെ അവർ പഠിക്കുക മധ്യപ്രദേശിലും ഡൽഹിയിലുമെല്ലാമുള്ള സർവകലാശാലകളിലാണ്. അവിടെ അവരെ കാത്തിരിക്കുന്നതാകട്ടെ ശാസ്ത്രതത്ത്വങ്ങളും കലയും സംസ്കാരവുമെല്ലാം കൂടിക്കലർന്ന പുതിയലോകവും. 

സമൂഹത്തിന്റെ പിന്നാക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പഠിച്ചിരുന്ന 16 പേർ. അവർ ക്രെസ്റ്റിന്റെ ചിട്ടയായ പരിശീലനത്തിലൂടെ സ്വപ്രയത്നത്താൽ കേന്ദ്രസർവകലാശാലകളിലേക്കുള്ള ആദ്യപടികൾ കയറി. വിവിധ ബിരുദകോഴ്‌സുകൾ പഠിക്കാനുള്ള എൻട്രൻസ് പരീക്ഷയിൽ മെറിറ്റടിസ്ഥാനത്തിൽ തന്നെ യോഗ്യതനേടി. ഒന്നും മൂന്നും റാങ്കും അവർക്കൊപ്പം കൂടെവന്നു.

മിടുക്കർ, മിടുമിടുക്കർ പട്ടികജാതി-വർഗ, പിന്നാക്കമേഖലയിൽനിന്നുള്ള സാധാരണക്കാരാണ് ആഗ്രഹങ്ങളെ കൈയെത്തിപ്പിടിച്ച ഈ മിടുക്കർ. മധ്യപ്രദേശ് അമർകാണ്ഡക് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റിയിലും ഡൽഹി സർവകലാശാലയിലുമാണ് കുട്ടികൾ പ്രവേശനം നേടിയിരിക്കുന്നത്. അതോടൊപ്പം ഹൈദരാബാദ്, പോണ്ടിച്ചേരി സർവകലാശാലകളുടെ ഫലം കാത്തിരിക്കുന്നു. 

എ.എസ്. സ്നേഹ, ആർ. സംഗീത, ഷെസിൻ അജിത്കുമാർ, എ.സൂര്യ, എസ്. സൗമ്യ, പി. അനീഷ (തൃത്താല ജി.എം.ആർ.എസ്.), എസ്. അഭിനവ്, എം. ഹിരൺ, സി. സനിൽ, അബിൻ ശശി (ആലുവ ജി.എം.ആർ.എസ്.), ജി. പ്രീതി, ജിത ജയൻ, ജെ. ലാവണ്യ, എസ്. പൂവതി (പീരുമേട് ജി.എം.ആർ.എസ്.), ആര്യ സന്തോഷ് (ആലപ്പുഴ ജി.എം.ആർ.എസ്.) എന്നിവർ അമർകാണ്ഡകിലാണ് പ്രവേശനം നേടിയത്. 

ഷെസിനും സൂര്യയ്ക്കും അനീഷയ്ക്കും ഡൽഹി സർവകലാശാലയിലും പ്രവേശനം ലഭിച്ചിട്ടുണ്ട്. മലപ്പുറത്തു നിന്നുള്ള കെ. ആൻസിയും ഡൽഹിയിൽ പ്രവേശനം നേടിയിട്ടുണ്ട്. ഇവർക്കൊപ്പമുള്ള ആതിരയും ആകാശുമെല്ലാം വിവിധ സർവകലാശാലകളിൽ പ്രവേശനം കാത്തിരിക്കുന്നു. പട്ടികജാതി വകുപ്പിനുകീഴിൽ ക്രെസ്റ്റാണ് ഇവർക്ക് പരിശീലനം നൽകിയത്. കഴിഞ്ഞവർഷവും ഏതാനും കുട്ടികൾ ഈ രീതിയിൽ പഠനംനടത്തിയിരുന്നു.

പാഠപുസ്തകത്തിനപ്പുറമൊരു ലോകമുണ്ട്.. 'തലയ്ക്കകത്ത് എന്തൊക്കെയോ ഉണ്ടെന്ന് തോന്നിയത് ക്രെസ്റ്റിന്റെ കീഴിലുള്ള പരിശീലനം തുടങ്ങിയപ്പോഴാണ്. അതുവരെ പഠനമെന്നത്ത് പരീക്ഷയ്ക്കുവേണ്ടി മാത്രമുള്ളതായിരുന്നു. ഞങ്ങൾക്കും ഉന്നതപഠനം സാധ്യമാകുമെന്ന തോന്നലുണ്ടായതാണ് അതിൽ പ്രധാനം,-പറയുന്നത് അമർകാണ്ഡക് സർവകലാശാലയിൽ പ്രവേശനംനേടിയ പാലക്കാട്ടുകാരി എസ്. സൗമ്യയാണ്. ചുരുങ്ങിയ നാളുകളാണ് ഈ കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്. ഏപ്രിൽ ആദ്യവാരം പരിശീലനംതുടങ്ങി. ഏതാനും ദിവസം കൊണ്ടുതന്നെ പരീക്ഷയെഴുതി, യോഗ്യതയും നേടി. 

വയനാടും കോഴിക്കോട്ടുംനടന്ന പരിശീലനത്തിൽനിന്നാണ് ശാസ്ത്രമെന്നത് ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളാണെന്ന് ഇവർ മനസ്സിലാക്കിയത്. സ്കൂൾ ക്ലാസുകളിൽ പഠിക്കുമ്പോൾ കേവലം ഓരോവിഷയവും പഠിക്കുക എന്നതിലപ്പുറം മറ്റൊരു ചിന്തയും ഉണ്ടായിരുന്നില്ല. ഏറിവന്നാൽ എന്തെങ്കിലും തൊഴിൽ പഠിക്കുക മാത്രമായിരുന്നു ലക്ഷ്യം. അതിനിടെയാണ് ഇങ്ങനെയൊരുകാര്യത്തെക്കുറിച്ച് അധ്യാപകർ പറഞ്ഞതും കുട്ടികൾ പരിശീലനത്തിനെത്തിയതും.

‘ഇങ്ങനെയൊക്കെ പഠിക്കാൻ അവസരം ഉണ്ടെന്നറിഞ്ഞപ്പോൾ തന്നെ സന്തോഷമായി. സാധാരണ ക്ലാസിൽ ബോറടിയാണ്. ഇവിടെ വന്നപ്പോൾ രസകരമായിരുന്നു. ഓരോവിഷയവും അറിയാതെതന്നെ നമ്മുടെ ഉള്ളിലേക്കെത്തും. നമ്മളെ ഒന്നും അടിച്ചേൽപ്പിച്ചിരുന്നില്ല’-പ്രവേശന പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഷെസിൻ അജിത് കുമാർ പറഞ്ഞു. 

നോ ടെൻഷൻ.. കേരളത്തിനപ്പുറം മറ്റൊരുനാടും ഇതിൽ ബഹുഭൂരിപക്ഷം കുട്ടികളും കണ്ടിട്ടില്ല. ചിലർ തമിഴ്‌നാട്ടിലും കർണാടകയിലുമൊക്കെ ടൂർ പോയിട്ടുണ്ട്. പുതിയ നാടും ഭാഷയുമൊക്കെ തീർത്തും അപരിചിതമായിരിക്കുമെന്ന് കുട്ടികൾക്കറിയാം. എന്നാൽ അക്കാര്യത്തെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കാനൊന്നും ഇവരെ കിട്ടില്ല.‘ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. കിട്ടുന്ന അവസരത്തെ ഉപയോഗപ്പെടുത്തണമെന്ന സ്വപ്നം മാത്രമാണിപ്പോഴുള്ളത്. അതോർത്ത് പേടിയൊന്നുമില്ല.’ -സിനിമയും നാടകവും ഇഷ്ടപ്പെടുന്ന അബിൻ ശശി പറഞ്ഞു.

അബിന് ഫിലിം പ്രൊഡക്ഷൻ പഠിക്കാനുള്ള അവസരവാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. സംവിധാനം, അഭിനയം എന്നിവയെല്ലാം അബിന്റെ വലിയ സ്വപ്നങ്ങളാണ്. വീട്ടിൽനിന്ന് ഒരുപാടകലെപ്പോയി പഠിക്കുന്നതിന്റെ ആശങ്ക വീട്ടുകാർക്കുണ്ട്. പക്ഷേ അതൊക്കെ മാറുമെന്ന് ഇവർക്കുറപ്പുണ്ട്. ‘വീട്ടുകാരെല്ലാം സാധാരണക്കാരാണ്. കൃഷിപ്പണിയും കൂലിപ്പണിയുമായി കഴിയുന്നു. ഇതുവരെ വീട്ടിൽ നിന്നാരും പുറമേക്കുപോയി പഠിച്ചിട്ടില്ല. എങ്കിലും ഞങ്ങൾക്ക് ഇത്തരത്തിലുള്ള അവസരംലഭിക്കുമ്പോൾ വീട്ടുകാർ ആരും എതിരുനിൽക്കില്ലെന്ന ഉറപ്പുണ്ട്.- പാലക്കാട്ടുകാരൻ ഹിരൺ പറഞ്ഞു.

ഐ.എ.എസുകാരനാകണം, സൗണ്ട് എൻജിനീയറാകണം ഇവരിൽപലർക്കും ആഗ്രഹങ്ങൾ പലതാണ്. ചിലർക്ക് ഐ.എ. എസുകാരനാകണം, ഐ.പി. എസുകാരാകണം, മറ്റു ചിലർക്ക് കോളേജ് അധ്യാപകരാകണം, സൗണ്ട് എൻജിനീയറാകണം, പട്ടാളത്തിൽ ചേരണം...അങ്ങനെ ഓരോ മേഖലകളിലെത്തുമെന്നാണ് കുട്ടികൾ പറയുന്നത്. സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിച്ചാൽ അത് യാഥാർഥ്യമാകുമെന്ന് ഇവരെ അധ്യാപകർ പഠിപ്പിച്ചിട്ടുണ്ട്.

ക്യാമ്പിൽ പഠിപ്പിച്ച വിജയ് കൃഷ്ണൻ, റെയ്‌നോൾഡ് പ്രണോയ്, മുഹമ്മദ് ഉനൈസ് എന്നിവരെല്ലാം അതിനുള്ള വിത്ത് കുട്ടികളുടെ ഉള്ളിൽ വിതച്ചിട്ടുണ്ട്. കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അതിനുള്ള പരിശീലനം ഉറപ്പാക്കുകയായിരുന്നെന്നും പ്രോജക്ട് അസോസിയേറ്റായ വി. ജയ് ശ്രീകുമാറും പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. സൂസമ്മ ഐസകും പറഞ്ഞു.

കുട്ടികളുടെ പഠനനിലവാരം ഉയർത്താനായി മൂന്നുവർഷത്തെ പദ്ധതിയും നടപ്പാക്കുന്നുണ്ട് ക്രെസ്റ്റ്.‘അനുഭവങ്ങളാണ് അവരെല്ലാം പങ്കുവെച്ചത്. കഷ്ടപ്പാടുകളെ, കണ്ണീരിനെ എങ്ങനെ ഊർജമാക്കി മാറ്റാമെന്നാണ് കാണിച്ചു തന്നത്. അത് ഇനിയുള്ള ജീവിതത്തിൽ കരുത്താവുകതന്നെ ചെയ്യും. മനസ്സുറച്ച് തീരുമാനമെടുത്താൽ പറ്റാത്തതായിട്ടെന്താണുള്ളത്..’-ആത്മവിശ്വാസത്തോടെയാണ് സി. സനിൽ പറഞ്ഞുനിർത്തിയത്.