മറ്റെല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ മാര്‍ക്ക് നേടിയാലും ഇംഗ്ലീഷ് ശ്രീലക്ഷ്മിയെ കുഴക്കിയിരുന്നു. മോഡല്‍ പരീക്ഷയ്ക്ക് ഉള്‍പ്പെടെ ഇംഗ്ലീഷിന് മാര്‍ക്ക് കുറവായിരുന്നു. എന്നാല്‍, ബോര്‍ഡ് എക്സാം വന്നപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത പ്രകടനമാണ് ഈ കൊച്ചുമിടുക്കി പുറത്തെടുത്തത്.
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ 499 മാര്‍ക്ക്. നഷ്ടമായത് ഒരേയൊരു മാര്‍ക്ക് മാത്രം. സിബിഎസ്ഇ ബോര്‍ഡ് എക്സാമില്‍ രാജ്യത്തെ നാല് ടോപ്പര്‍മാരില്‍ ഒരാളാണ് കൊച്ചി ഭവന്‍സ് വിദ്യാലയത്തിലെ ശ്രീലക്ഷ്മി.
മകള്‍ ഇത്രയും മികച്ച നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീലക്ഷ്മിയുടെ അമ്മ രമ ഗോപിനാഥ് പറയുന്നു. എഴുത്തിലെ മികവ് പ്രധാനമായതിനാല്‍ ഇംഗ്ലീഷില്‍ ഏതാനും മാര്‍ക്ക് നഷ്ടമാകാറുണ്ട്. അതിനാല്‍ തന്നെ രാജ്യത്തെ ടോപ്പര്‍ ആകുമെന്നൊന്നും കരുതിയിരുന്നില്ല. ഈ നേട്ടം തീര്‍ത്തും അപ്രതീക്ഷിതമാണ് -രമ ഗോപിനാഥ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ചിട്ടയായ പഠനം തന്നെയാണ് ശ്രീലക്ഷ്മിയെ മികച്ച മാര്‍ക്ക് നേടാന്‍ സഹായിച്ചത്. ഓരോ വിഷയത്തിലും കൃത്യമായ നോട്ടുകളുണ്ടാക്കി പഠിക്കുമായിരുന്നു. പഴയ ചോദ്യപേപ്പറുകള്‍ പരമാവധി കണ്ടെത്തി സമയം വെച്ച് ഉത്തരമെഴുതും. എത്രതന്നെ എഴുതാനും ശ്രീലക്ഷ്മിയ്ക്ക് മടിയുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം, പഠനത്തില്‍ മാത്രം ഒതുങ്ങുന്നില്ല ഈ മിടുക്കിയുടെ കഴിവുകള്‍. എട്ടാംക്ലാസ് വരെ നൃത്തമത്സരങ്ങളിലും മറ്റും സജീവമായിരുന്നു. സംസ്‌കൃതത്തിലും പത്യേക താത്പര്യണ്ട് ശ്രീലക്ഷ്മിയ്ക്ക്.
സംസ്‌കൃതം പ്രസംഗം, പദ്യംചൊല്ലല്‍ മത്സരങ്ങളില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. വാര്‍ത്താവായനയിലും ഒരു കൈ പയറ്റിയിട്ടുണ്ട് ശ്രീ. ന്യൂസ് റീഡിങില്‍ പരിശീലനം നേടിയിട്ടുള്ള ശ്രീലക്ഷ്മി ഒരു ചാനല്‍ പരിപാടിയില്‍ വാര്‍ത്താവതാരക ആയിട്ടുമുണ്ട്.
ഭാവിയില്‍ ഡോക്ടര്‍ ആവണമെന്നാണ് ആഗ്രഹം. കൊച്ചി വെണ്ണല സ്വദേശിനിയാണ് ശ്രീലക്ഷ്മി. അച്ഛന്‍ ഗോപിനാഥന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറാണ്. അമ്മ രമ മഹാരാജാസ് കോളേജിലെ സുവോളജി പ്രൊഫസറും. സഹോദരന്‍ ശ്രീഹരി തിരുച്ചിറപ്പിള്ളിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു.