സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.) 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പരീക്ഷാഫലം എങ്ങനെ തയ്യാറാക്കുമെന്ന കാര്യത്തിലുള്ള ബോർഡിന്റെ നിർദേശങ്ങൾ https://www.cbse.gov.in ൽ പ്രസിദ്ധീകരിച്ചു. 12-ലെ തിയറി മാർക്ക്, പ്രാക്ടിക്കൽ മാർക്ക് എന്നിവ എങ്ങനെ നിർണയിക്കും, അന്തിമഫലത്തിൽ 10, 11 ക്ലാസുകളിലെ മാർക്ക് എന്തുകൊണ്ടു പരിഗണിക്കും എന്നിവയെല്ലാം രേഖയിൽ വിശദീകരിക്കുന്നു. 11, 12 ക്ലാസുകളിലെ മാർക്കുകൾക്ക് ബാധകമാക്കുന്ന മോഡറേഷൻ രീതിയും ഉദാഹരണസഹിതം രേഖയിൽ വ്യക്തമാക്കുന്നു.

സമഗ്ര മൂല്യനിർണയ രീതി

തിയറി പരീക്ഷ നടക്കാത്തതുമൂലമുള്ള പരിമിതികൾ പരിഗണിച്ചുകൊണ്ടുള്ള നിർദേശങ്ങളാണ് ബോർഡ് ഇക്കാര്യത്തിൽ വെച്ചിരിക്കുന്നത്. 2020-'21 വർഷത്തിൽ 12-ൽ പഠിക്കുന്ന കുട്ടികൾക്കായി സ്കൂളുകൾ വ്യത്യസ്തമായ രീതികളിലും എണ്ണത്തിലും തിയറി പരീക്ഷകൾ നടത്തിയിട്ടുണ്ട്. ഓൺലൈൻ രീതിയിലാണ് മിക്കപരീക്ഷകളും നടത്തിയത്. ചില സ്കൂളുകൾ, പ്രീ ബോർഡ് പരീക്ഷയും നടത്തി. പരിമിതമായ സൗകര്യങ്ങൾ, കണക്ടിവിറ്റി പ്രശ്നങ്ങൾ ചില വിദ്യാർഥികളുടെ പഠനത്തെ ബാധിച്ചിട്ടുമുണ്ട്.

ഈ സാഹചര്യത്തിലാണ് ക്ലാസ് 12 ബോർഡ് പരീക്ഷ നടക്കാത്തതിനാൽ ആ പരീക്ഷയുടെ ഫലം 2020-'21 (ക്ലാസ് 12), 2019-2020 (ക്ലാസ് -11), 2018-2019 (ക്ലാസ് 10) വർഷങ്ങളിൽ വിദ്യാർഥിക്കുലഭിച്ച മാർക്കുകൾകൂടി പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു മൂല്യനിർണയരീതിയിലാകണമെന്ന് സി.ബി.എസ്.ഇ. നിർദേശിച്ചത്.

എന്തുകൊണ്ട് മൂന്നുവർഷത്തെ മാർക്കുകൾ പരിഗണിക്കുന്നു

ക്ലാസ് 12-ലെ മാർക്ക് ഘടകം കണക്കാക്കുമ്പോൾ, യൂണിറ്റ് ടെസ്റ്റുകൾ/മിഡ്ടേം പരീക്ഷകൾ/പ്രീ ബോർഡ് പരീക്ഷ എന്നിവയിൽ ലഭിച്ച സ്കോറുകളാകും അടിസ്ഥാനം. എല്ലാവിദ്യാർഥികളും ഒരേ പശ്ചാത്തലത്തിൽ പരീക്ഷ അഭിമുഖീകരിച്ചില്ല എന്നതും മൂല്യനിർണയം ഏകീകൃതമാർഗത്തിൽക്കൂടി അല്ലായിരുന്നു എന്നതും പരിമിതികളാണ്. അതിനുപരിഹാരമെന്നരീതിയിൽ, കോവിഡിനുമുമ്പ് പൊതുവായ ഒരുസംവിധാനത്തിൽക്കൂടി ഏവരും പരീക്ഷയെഴുതി നേടിയ സ്കോറിനുകൂടി പരിഗണന നൽകി ഫലം നിർണയിക്കണം എന്നതാണ് സി.ബി.എസ്.ഇ.യുടെ കാഴ്ചപ്പാട്. അതിലേക്കാണ് 10, 11, ക്ലാസുകളിൽ ലഭിച്ച മാർക്കുകൾ പരിഗണിക്കുന്നത്.

2018-2019 വർഷത്തെ മികവുപരിഗണിക്കുമ്പോൾ 2020-'21-ൽ 12-ൽ പഠിക്കുന്ന വിദ്യാർഥിയുടെ ക്ലാസ് 10 ബോർഡ് പരീക്ഷാമാർക്കാണ് പരിഗണിക്കുന്നത്. ക്ലാസ് 10-ലെ ചില വിഷയങ്ങളോടുള്ള താത്‌പര്യക്കുറവു പരിഗണിച്ചും ക്ലാസ് 10-ലെ മാർക്ക്, 12-ലെ ഫലത്തിന് പരിഗണിക്കപ്പെടുമെന്ന അറിവ് അന്ന് ഇല്ലാതിരുന്നതിനാലും ക്ലാസ് 10-ലെ അഞ്ച് വിഷയങ്ങളിൽ ഏറ്റവുംകൂടുതൽ മാർക്കുനേടിയ മൂന്ന് വിഷയങ്ങളുടെ തിയറി ഭാഗത്തെ ശരാശരി മാർക്കാകും ഈ ഘടകത്തിൽ പരിഗണിക്കുക.

ഇങ്ങനെ കണക്കാക്കുന്നതിലെ പരിമിതികൾ രണ്ടാണ് -ഈ മൂന്നു വിഷയങ്ങളിലെ കഴിവ് ഒരുപക്ഷേ ക്ലാസ് 10-നുശേഷം മെച്ചപ്പെട്ടിരിക്കാം. അതുപോലെ 10-ലെ മൂന്ന് മികച്ച വിഷയങ്ങൾ, പ്ലസ് ടു തലത്തിൽ പഠിക്കുന്ന വിഷയങ്ങളിൽനിന്ന് വിഭിന്നമാകാനും സാധ്യതയുണ്ട്.

ഈ രണ്ടുപോരായ്മകളും ഒരുപരിധിവരെ പരിഹരിക്കുന്നതിലേക്കാണ് ക്ലാസ് 11-ലെ മാർക്കുകൂടി പരിഗണിക്കുന്നത്. 2019-'20-ലെ സ്കൂൾതല പരീക്ഷ (ക്ലാസ് 11), കോവിഡ് ലോക്ഡൗണിനുമുമ്പ്, റഗുലർ രീതിയിൽ ബോർഡ് മുൻകൂട്ടി നിശ്ചയിച്ച സ്കീം അനുസരിച്ചാണ് നടത്തിയത്. അതുകൊണ്ടുതന്നെ വിദ്യാർഥി പ്ലസ് ടു തലത്തിൽ തിരഞ്ഞെടുത്ത ഇഷ്ടവിഷയങ്ങളിലെ മികവ് ക്ലാസ് 11-ലെ ഫലത്തിൽ പ്രതിഫലിക്കപ്പെട്ടിരിക്കുമെന്ന് അനുമാനിക്കുന്നു. കർശനമായ മൂല്യനിർണയം, ക്ലാസ് 11 മാർക്കിനെ ബാധിച്ചിരിക്കും എന്ന കാഴ്ചപ്പാടുണ്ട്. എങ്കിലും ഈ മാർക്കിനു ബാധകമാക്കുന്ന മോഡറേഷൻ തത്ത്വം ആ പ്രശ്നവും പരിഹരിക്കും എന്ന് ബോർഡ് വിലയിരുത്തുന്നു.

ഒരുവിഷയത്തിലെ ക്ളാസ് 12-ലെ തിയറി മാർക്ക് നിർണയിക്കുന്നത്

യൂണിറ്റ് ടെസ്റ്റ്/മിഡ് ടേം പരീക്ഷ/പ്രീ ബോർഡ് പരീക്ഷ എന്നിവയുടെ എണ്ണം പരിഗണിച്ച്, അവയിലെ മാർക്കുകൾക്ക് ഓരോന്നിനും എന്ത് വെയ്റ്റേജ് നൽകിയാണ് ക്ലാസ് 12-ലെ ഒരു വിഷയത്തിലെ അന്തിമമായ തിയറി മാർക്ക് നിർണയിക്കേണ്ടതെന്ന് സ്കൂൾതല റിസൽട്ട് കമ്മിറ്റി തീരുമാനിക്കും.

നടത്തിയ ടെസ്റ്റുകളുടെ വിശ്വാസ്യതയും അവലംബനാർഹതയും ഇതിലേക്ക് പരിഗണിക്കണം. കമ്മിറ്റിയുടെ ഘടന എന്തായിരിക്കണമെന്ന് സി.ബി.എസ്.ഇ. വ്യക്തമാക്കിയിട്ടുണ്ട്. ഈ പരീക്ഷകളൊന്നും എഴുതാത്തവർ, ചിലതുമാത്രം എഴുതിയവർ എന്നിവരെയൊക്കെ എങ്ങനെ വിലയിരുത്തണമെന്ന് കമ്മിറ്റിക്ക് തീരുമാനിക്കാം. തീരുമാനങ്ങൾ, സാഹചര്യങ്ങൾ വിലയിരുത്തിയും മൂല്യനിർണയലക്ഷ്യങ്ങൾ പരിഗണിച്ചും ആകണം. തീരുമാനങ്ങൾക്കുപിന്നിലെ യുക്തി കാര്യകാരണസഹിതം രേഖപ്പെടുത്തിവെക്കണം.

പ്രാക്ടിക്കൽ മാർക്കുകൾ എങ്ങനെ പരിഗണിക്കും

ബോർഡിന്റെ മൂല്യനിർണയ സ്കീം പ്രകാരം, സ്കൂളുകൾ പ്രാക്ടിക്കൽ/ ഇന്റേണൽ അസസ്മെന്റ് പരീക്ഷകൾ ഇതിനകം പൂർത്തീകരിക്കുകയോ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയോ ആണ്. ഇതിലെ മാർക്കുകൾ ഓരോ വിഷയത്തിന്റെയും അന്തിമ മാർക്ക് നിർണയിക്കുമ്പോൾ അതേപടി പരിഗണിക്കുന്നതാണ്. ഓരോ വിഷയത്തിന്റെയും അന്തിമ മാർക്ക് നിർണയത്തിൽ ഈ ഘടകത്തിന്റെ വെയ്റ്റേജ്, വിഷയത്തിനനുസരിച്ച് 20 മാർക്കുമുതൽ 70 മാർക്കുവരെയാകാം.

അതിൻപ്രകാരം തിയറി മാർക്കുകൾ യഥാക്രമം 80 മുതൽ 30 മാർക്കു വരെയും. ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ 2021 ജൂൺ 28-നകം സി.ബി.എസ്.ഇ. വെബ് സൈറ്റിലേക്ക് സ്കൂളുകൾ അപ്ലോഡ് ചെയ്യണം.

തിയറിഭാഗത്തെ അന്തിമമാർക്ക് കണക്കാക്കൽ

ഒരു വിഷയത്തിൽ ക്ലാസ് 12-ൽ യൂണിറ്റ് ടെസ്റ്റ്/മിഡ് ടേം പരീക്ഷ/പ്രീ ബോർഡ് പരീക്ഷ എന്നിവ അടിസ്ഥാനമാക്കിയുള്ള മാർക്കിന് 40 ശതമാനം വെയ്റ്റേജ് നൽകും. ക്ലാസ് 11-ലെ ഫൈനൽ തിയറി പരീക്ഷയുടെ മാർക്കിന് 30 ശതമാനം വെയ്റ്റേജും ക്ലാസ് 10 പരീക്ഷയുടെ അഞ്ച് മുഖ്യവിഷയങ്ങളിൽ ഏറ്റവുംമികച്ച സ്കോർ നേടിയ മൂന്ന് വിഷയങ്ങളുടെ തിയറി ഭാഗത്തിന്റെ ശരാശരി മാർക്കിന് 30 ശതമാനം വെയ്റ്റേജും നൽകി 12-ലെ ഒരു വിഷയത്തിന്റെ തിയറി ഭാഗത്തെ മാർക്ക് നിർണയിക്കും. പ്രാക്ടിക്കൽ മാർക്കായി ക്ലാസ് 12-ൽ കിട്ടിയ യഥാർഥ മാർക്കുതന്നെ പരിഗണിക്കും.

ഇപ്രകാരം ഒരു വിഷയത്തിന്റെ അന്തിമ മാർക്ക് നിർണയിക്കുമ്പോൾ തിയറിക്ക് 80-ഉം പ്രാക്ടിക്കലിന് 20-ഉം മാർക്കുള്ള ഒരു വിഷയത്തിന് 12, 11, 10 ക്ലാസ് പരീക്ഷകളുടെ അടിസ്ഥാനത്തിൽ ലഭിക്കാവുന്ന പരമാവധി മാർക്ക് തിയറിക്ക്; യഥാക്രമം 32 (80-ന്റെ 40 ശതമാനം), 24 (80-ന്റെ 30 ശതമാനം), 24 (80-ന്റെ 30 ശതമാനം) ആയിരിക്കും. പ്രാക്ടിക്കലിന്റെ പരമാവധിയായ 20 മാർക്കുകൂടി ക്ലാസ് 12 മാർക്കിനൊപ്പം ചേർക്കുമ്പോൾ, ക്ലാസ് 12-ലെ പരമാവധി മാർക്ക് 52 ആകും (32+20). 70:30 അനുപാതത്തിൽ തിയറി, പ്രാക്ടിക്കൽ മാർക്ക് വിഭജനമുള്ള വിഷയത്തിന്, 12-ലെ മാർക്ക് ഘടകത്തിന് പരമാവധി മാർക്ക് 58 (28+30) ഉം 11, 10 ക്ലാസുകളിലെ പരമാവധി മാർക്കുകൾ 21, 21 എന്ന രീതിയിലും ആയിരിക്കും.

11, 12 ക്ലാസുകളിലെ മോഡറേഷൻ മാർക്ക് എങ്ങനെ നിർണയിക്കും

11, 12 ക്ലാസ് പരീക്ഷകൾ സ്ഥാപനതലത്തിൽ നടത്തുന്നതിനാൽ പരീക്ഷ നടത്തിപ്പുരീതി, ചോദ്യപ്പേപ്പർ നിലവാരം, മൂല്യനിർണയപ്രക്രിയ, രീതി എന്നിവയൊക്കെ സ്കൂളിനനുസരിച്ച് വ്യത്യസ്തരീതികളിലാകും. അതിനാൽ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കു ലഭിക്കുന്ന മാർക്കുകൾ താരതമ്യം ചെയ്യാവുന്ന തലത്തിലേക്കാക്കാനാണ് മോഡറേഷൻ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 10, 11, 12 ക്ലാസുകളിലെ മാർക്കുകൾ, സൂചിപ്പിച്ചരീതിയിൽ പരിഗണിച്ച് ഒരു വിഷയത്തിലെ മൊത്തം തിയറി മാർക്ക് കണ്ടെത്തിയശേഷമാണ് മോഡറേഷൻ നൽകുന്നത്. തുടർന്നാണ് മൊത്തം മാർക്ക് പരിഗണിച്ച് 11, 12 ക്ലാസുകളിലെ മാർക്കുകളിന്മേൽ മോഡറേഷൻ നടത്തുന്നത്.

കഴിഞ്ഞ മൂന്നുവർഷങ്ങളിലെ സ്കൂൾ പെർഫോമൻസ് ഇതിനായി പരിഗണിക്കും. ഈ കാലയളവിൽ ഒരു വിഷയത്തിൽ ഏറ്റവുംമികച്ച ശരാശരി മാർക്ക് ഏതുവർഷത്തിലാണോ വന്നത്, ആ വർഷം സൂചനാ വർഷമായി നിശ്ചയിച്ചാണ് മോഡറേഷൻ കണക്കാക്കുന്നത്.

2020-'21-ലേക്ക് സ്കൂൾ നിർണയിക്കുന്ന വിഷയ അധിഷ്ഠിത മാർക്കുകൾ, സൂചനാവർഷത്തെ ആ വിഷയത്തിന്റെ മാർക്കിന്റെ + 5 / - 5 പരിധിക്കുള്ളിൽ ആയിരിക്കണം. എല്ലാ വിഷയങ്ങളും പരിഗണിക്കുമ്പോൾ 2020-'21-ലെ മൊത്തത്തിലുള്ള ശരാശരി മാർക്ക് സൂചനാവർഷത്തിലെ മൊത്തത്തിലുള്ള ശരാശരി മാർക്കിന്റെ +2 /-2 പരിധിയിൽ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സി.ബി.എസ്.ഇ. നൽകുന്നതാണ്. ഇതിന്റെ വിശദാംശങ്ങൾ ഉദാഹരണസഹിതം സി.ബി.എസ്.ഇ. വെബ്സൈറ്റിലെ രേഖയിലുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ മാർക്ക് നിർണയം എങ്ങനെ നടത്തണമെന്നും രേഖയിൽ വിശദീകരിച്ചിട്ടുണ്ട്.

Content Highlights: CBSE evaluation details, doubts regarding CBSE Evaluation