ബാങ്കിങ് രംഗത്തിനപ്പുറം വിശാലമായി പരന്നുകിടക്കുന്ന ധനകാര്യമേഖല. അതില്‍ ഉള്‍പ്പെടുന്നതാണ് കാപിറ്റല്‍ മാര്‍ക്കറ്റ് എന്ന മൂലധനവിപണി. രാജ്യത്തിന്റെ ആഭ്യന്തരവളര്‍ച്ചയില്‍ മൂലധനവിപണി വഹിക്കുന്ന പങ്ക് വളരെ വലുതാണ്

ഓഹരികള്‍, കടപ്പത്രങ്ങള്‍ മുതലായ സാമ്പത്തിക ഉത്പന്നങ്ങള്‍ രൂപവത്കരിക്കപ്പെടുന്നയിടങ്ങളെന്ന് കാപിറ്റല്‍ മാര്‍ക്കറ്റിനെ ലളിതമായി പറയാം. ഇതിനെ പ്രൈമറി മാര്‍ക്കറ്റെന്നും സെക്കന്‍ഡറി മാര്‍ക്കറ്റെന്നും തിരിച്ചിരിക്കുന്നു. പുതുതായി ഇഷ്യൂചെയ്യുന്ന ഓഹരികളും ബോണ്ടുകളുമുള്‍പ്പെടെയുള്ളവ വിറ്റഴിക്കുന്ന വിപണിയാണ് പ്രൈമറി മാര്‍ക്കറ്റ്. നിലവിലുള്ള ഓഹരികളെ വീണ്ടും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നയിടമാണ് സെക്കന്‍ഡറി മാര്‍ക്കറ്റുകള്‍. ഒട്ടേറെ കരിയര്‍സാധ്യത തുറന്നുതരുന്ന മേഖലയാണിത്. അഭിരുചിയും താത്പര്യവും അല്‍പ്പം മിടുക്കും കൈമുതലായുണ്ടെങ്കില്‍ ഈ മേഖലയില്‍ നിങ്ങള്‍ക്കും തിളങ്ങാനാകും.

മാസ്റ്റേഴ്‌സ് ഇന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍  (ഫിനാന്‍സ്)

 

എം.ബി.എ. കോഴ്‌സുകള്‍ ഇന്ന് സര്‍വസാധാരണമാണെങ്കിലും ഫിനാന്‍സ് സ്‌പെഷ്യലൈസ് ചെയ്തുള്ള കോഴ്‌സിന് ജോലിസാധ്യത കൂടുതലാണെന്ന് പറയാം. 

രണ്ടുവര്‍ഷമാണ് കോഴ്‌സ് കാലാവധി. കേരളത്തിലെ വിവിധ സര്‍വകലാശാലകളും കോഴിക്കോട് എന്‍.ഐ.ടി.യും ഒട്ടേറെ സ്വകാര്യ കോളേജുകളും സര്‍വകലാശാലകളും ഫിനാന്‍സില്‍ എം.ബി.എ. കോഴ്‌സുകള്‍ പഠിപ്പിക്കുന്നു. മാസ്റ്റേഴ്‌സ് ഇന്‍ മാനേജ്‌മെന്റ് സ്റ്റഡീസ് (എം.എം.എസ്.) എന്ന പേരിലുള്ള കോഴ്‌സും ഇതിന് സമാനമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ അഹമ്മദാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ലഖ്‌നൗ, ഷില്ലോങ്, റോഹ്തക്, കാഷിപുര്‍, തിരുച്ചിറപ്പള്ളി തുടങ്ങിയ സെന്ററുകള്‍ മാനേജ്‌മെന്റില്‍ രണ്ടുവര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്.

കോമണ്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (CAT), മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (MAT), എയിംസ് ടെസ്റ്റ് ഫോര്‍ മാനേജ്‌മെന്റ് അഡ്മിഷന്‍സ് (അഠങഅ) എന്നീ പരീക്ഷകളിലൂടെയാണ് മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുക.

കൊമേഴ്‌സില്‍ ബിരുദമായിരുന്നു ഈ മേഖലയില്‍ മുമ്പ് അടിസ്ഥാനയോഗ്യതയായി കണ്ടിരുന്നത്. ബി.കോം, എം.കോം പഠനശേഷം അക്കൗണ്ടന്റ് നിലയില്‍ നിന്ന് തുടങ്ങിയിരുന്ന കരിയര്‍ രീതി ഇന്ന് പ്‌ളസ്ടുവിനും ബിരുദത്തിനുശേഷം ഫിനാന്‍സ് സ്‌പെഷ്യലൈസ് ചെയ്തുള്ള ഒട്ടേറെ മാനേജ്‌മെന്റ് കോഴ്‌സുകള്‍ പുതുതായി എത്തി. ധനകാര്യമേഖലയുടെ വളര്‍ച്ചയാണ് ഈ രംഗത്ത് ഒട്ടേറേ പുതുമനല്‍കുന്ന കോഴ്‌സുകള്‍ക്കും തൊഴില്‍ സാഹചര്യത്തിനും വഴിയൊരുക്കിയത്.

കാപിറ്റല്‍ മാര്‍ക്കറ്റ് രംഗത്ത് നേരിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മറ്റ് സര്‍വകലാശാലകളുമായി ചേര്‍ന്ന് നടത്തുന്ന പ്രത്യേക കോഴ്‌സുകളാണ് ഇപ്പോഴത്തെ ഹൈലൈറ്റ്. 

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, സെബിക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്, ക്രിസില്‍ എന്നിവ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമായി ഒട്ടേറെ ബിരുദ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും നടത്തുന്നുണ്ട്. 

ബി.എസ്.ഇ

ബോംബെ സ്റ്റോക്ക് എക്‌സ്ചേഞ്ചുമായി ചേര്‍ന്ന് മുംബൈ സര്‍വകലാശാല ഗ്ലോബല്‍ ഫിനാന്‍സ് മാര്‍ക്കറ്റ്‌സിലും ഫിനാന്‍ഷ്യല്‍ ടെക്‌നോളജിയിലും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ നടത്തുന്നു. കൂടാതെ ഒട്ടേറെ ഹ്രസ്വകാല കോഴ്‌സുകളും ബി.എസ്.ഇ. നടത്തുന്നു.  

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  സെക്യൂരിറ്റീസ് മാര്‍ക്കറ്റ്

സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ഐ. എസ്.എം., മാനേജ്‌മെന്റ് ഇന്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ്, ക്വാണ്ടിറ്റേറ്റീവ് ഫിനാന്‍സ് എന്നിവയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളും സെക്യൂരിറ്റീസ് ലോസ ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിങ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ് എന്നിവയിലുള്‍പ്പെടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും നടത്തുന്നു. മുംബൈയിലാണ് എന്‍. ഐ.എസ്.എമ്മിന്റെ കാമ്പസുള്ളത്.

ക്രിസില്‍ (ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഫ് ഇന്ത്യ ലിമിറ്റഡ്)

ഫിനാന്‍സ് പ്രൊഫഷണലുകള്‍ക്കായി ക്രിസില്‍ സര്‍ട്ടിഫൈഡ് അനലിസ്റ്റ് പ്രോഗ്രാമെന്ന പേരില്‍ രണ്ടുവര്‍ഷത്തെ വര്‍ക്ക്-കം സ്റ്റഡി കോഴ്‌സ് ഉണ്ട്.

 

തൊഴില്‍ സാധ്യത

മ്യൂച്വല്‍ ഫണ്ട്‌സ്, ഇക്വിറ്റി മാര്‍ക്കറ്റ്‌സ്, വെല്‍ത്ത് മാനേജ്‌മെന്റ്, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ്, മെര്‍ച്ചന്റ് ബാങ്കിങ്, ടാക്‌സേഷന്‍, കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍, അധ്യാപനം, മീഡിയ എന്നീ രംഗങ്ങള്‍ വലിയ സാധ്യതകളാണ് ഫിനാന്‍സ് പ്രൊഫഷണലുകള്‍ക്ക് തുറന്നുതരുന്നത്. 

ബി.എസ്.ഇ. നല്‍കുന്ന കോഴ്‌സുകള്‍

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്

10 മാസമാണ് കോഴ്‌സ് കാലാവധി. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ഫിനാന്‍സ്, ബാങ്ക് ക്രെഡിറ്റ്, ലീഗല്‍ എന്‍വയോണ്‍മെന്റ് ബാങ്കിങ്, ഐ.ടി. സിസ്റ്റംസ് ഇന്‍ ബാങ്കിങ് എന്നിവ സിലബസില്‍ ഉള്‍പ്പെടുന്നു. രണ്ട് സെമസ്റ്ററുകളും ഒരു പ്രോജക്ടുമായാണ് കോഴ്‌സ്. ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസോടെ ബിരുദം പാസായവര്‍ക്ക് അപേക്ഷിക്കാം.

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ബിസിനസ് ജേണലിസം

ബിസിനസ് ജേണലിസം ബിരുദാനന്തര കോഴ്‌സ്. ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. ബിരുദം യോഗ്യത.

മാസ്റ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ കാപിറ്റല്‍ മാര്‍ക്കറ്റ്സ്. കാപിറ്റല്‍ മാര്‍ക്കറ്റിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ തുടക്കക്കാര്‍ക്കുവേണ്ടി നടത്തുന്ന കോഴ്‌സ്. കാലാവധി 10 ആഴ്ച. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ ടെക്‌നിക്കല്‍ അനാലിസിസ് കാപിറ്റല്‍ മാര്‍ക്കറ്റ് വ്യാപാരത്തില്‍ സൈക്കോളജിക്കല്‍ വശങ്ങള്‍ പരിശോധിച്ച് ലാഭ-നഷ്ട സാധ്യതകള്‍ കണക്കാക്കി, യുക്തിപൂര്‍വം നിക്ഷേപം നടത്താന്‍ പരിഗണിക്കേണ്ട വസ്തുതകളെ പരിചയപ്പെടുത്തുന്നു. ഒരാഴ്ചത്തെ കോഴ്‌സാണിത്. 

ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ്  പ്രൊഫഷണല്‍സ് പ്രോഗ്രാം

കോഴ്‌സ് കാലാവധി: രണ്ടുവര്‍ഷം. യോഗ്യത: പ്ലസ്ടു

മാസ്റ്റേഴ്‌സ് ഇന്‍ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ്

രണ്ടുവര്‍ഷ കോഴ്‌സ്. ബിരുദം യോഗ്യത.

സെക്യൂരിറ്റി ലോ

കാപിറ്റല്‍ മാര്‍ക്കറ്റിലെ വ്യാപാരത്തിന്റെ ഘട്ടങ്ങളെയും അതിന്റെ നിയമവശങ്ങളെയും പരിചയപ്പെടുത്തുന്നു. ഉദാഹരണത്തിന് പബ്ലിക് ഇഷ്യൂ, റൈറ്റ് ഇഷ്യൂ, പ്രിഫറന്‍ഷ്യല്‍ ഷെയര്‍ ഇഷ്യൂ തുടങ്ങിയവയുടെ നടപടി ക്രമങ്ങള്‍, പ്രൈമറി മാര്‍ക്കറ്റിലെ സെബിയുടെ ഇടപെടല്‍ തുടങ്ങിയവ. എട്ടുദിവസത്തെ കോഴ്‌സ്. ഇവ കൂടാതെ ഒട്ടേറെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും പ്രൊഫഷണല്‍ കോഴ്‌സുകളും ബി. എസ്.ഇ. നല്‍കുന്നു. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.bsebti.com

Content highlights: Banking and Capital Market, New trends in Career, New Courses in Capital market, Banking&Finance